TopTop
Begin typing your search above and press return to search.

അന്താരാഷ്ട്ര പ്രതിഷേധങ്ങള്‍ വകവെച്ചില്ല, ഇറാന്‍ ദേശീയ ഗുസ്തി താരം നവീദ് അഫ്കാരിയുടെ വധശിക്ഷ നടപ്പാക്കി

അന്താരാഷ്ട്ര പ്രതിഷേധങ്ങള്‍ വകവെച്ചില്ല, ഇറാന്‍ ദേശീയ ഗുസ്തി താരം നവീദ് അഫ്കാരിയുടെ വധശിക്ഷ നടപ്പാക്കി

സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭത്തില്‍ പങ്കെടുത്തതിന്റെ പേരില്‍ ശിക്ഷിക്കപ്പെട്ട ഇറാനിയന്‍ ഗുസ്തി താരം നവീദ് അഫ്കാരിയുടെ വധ ശിക്ഷ നടപ്പാക്കി. 2018 ല്‍ രാജ്യത്ത് അരങ്ങേറിയ സര്‍ക്കാര്‍ വിരുദ്ധ പ്രേക്ഷോഭത്തിന്റെ ഭാഗമായെന്നും സുരക്ഷാ ഉദ്യോഗസ്ഥനെ കുത്തികൊലപ്പെടുത്തിയെന്നുമുള്ള കേസിലാണ് നടപടി. ഇറാന്റെ തെക്കന്‍ നഗരമായ ഷിറാസില്‍ വച്ച് ശനിയാഴ്ചയാണ് 27 കാരനായ നവീദ് അഫ്കാരിയുടെ ശിക്ഷ നടപ്പാക്കിയതെന്ന് ഇറാനിയന്‍ മാധ്യമങ്ങളെ ഉദ്ധരിച്ച് ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നു.

'കൊല്ലപ്പെട്ടയാളുടെ കുടുംബത്തിന്റെ ആവശ്യപ്രകാരം നിയമനടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം ഇന്ന് രാവിലെ അഫ്കാരിയെ വധിച്ചു' എന്നാണ് തെക്കന്‍ ഫാര്‍സ് പ്രവിശ്യ നീതിന്യായ വകുപ്പ് മേധാവിയെ ഉദ്ധരിച്ചുകൊണ്ട് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. അന്താരാഷ്ട്ര തലത്തില്‍ അഫ്കാരിക്ക് വധശിക്ഷയ്‌ക്കെതിരെ വ്യാപക പ്രതിഷേധങ്ങള്‍ ഉയരുന്നതിനിടെ ആണ് ശിക്ഷ നടപ്പാക്കിയതായ വാര്‍ത്ത പുറത്ത് വരുന്നത്. നീതിയെ അപഹസിച്ചു എന്നായിരുന്നു വാര്‍ത്തയോട് അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനയായ ആംനസ്റ്റി ഇന്റര്‍ നാഷണലിന്റെ പ്രതികരണം.

അഫ്കാരിയെ വധിച്ചാല്‍ ലോക കായിക രംഗത്തു നിന്ന് ഇറാനെപുറത്താക്കണമെന്ന് 85,000 അത്ലറ്റുകളെ പ്രതിനിധീകരിക്കുന്ന ഒരു ആഗോള യൂണിയന്‍ ആവശ്യപ്പെട്ടിരുന്നു. യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുള്‍പ്പെടെ വിവിധ ലോക നേതാക്കളും അഫ്കാരിയെ വധിക്കരുതെന്ന ആവശ്യവുമായി രംഗത്തെത്തിയിരുന്നു.

അതേസമയം, തന്നെ പീഡിപ്പിച്ച് കുറ്റസമ്മതം നടത്തിപ്പിച്ചതാണെന്ന് അഫ്കാരി പറഞ്ഞിരുന്നതായി അദ്ദേഹത്തിന്റെ കുടുംബം ആരോപിച്ചിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടുന്ന അഫ്കാരിയുടേതായ ഒരു ശബ്ദ ശകലവും പുറത്ത് വന്നിരുന്നു. 'എന്റെ വധ ശിഷ നടപ്പാക്കിയാല്‍, നിരപരാധിയായ ഒരു വ്യക്തിയാണ് ശിക്ഷിക്കപ്പെടുന്നത് എന്ന് നിങ്ങള്‍ അറിയണമെന്ന് ആഗ്രഹിക്കുന്നു. ഇക്കാര്യം ബോധ്യപ്പെടുത്താന്‍ കഴിയുന്ന എല്ലാ കേന്ദ്രങ്ങളെയും സമീപിച്ചിരുന്നു'. എന്നാണ് സന്ദേശം.

മരണത്തിന് മുമ്പ് കുടുംബത്തെ കാണുന്നത് ഇറാനിയന്‍ നിയമം നല്‍കുന്ന അവകാശം പോലും നവീദ് അഫ്കാരിക്ക് നിഷേധിച്ചതായി അദ്ദേഹത്തിന്റെ അഭിഭാഷകന്‍ പ്രതികരിച്ചു. 'ശിക്ഷ നടപ്പാക്കാന്‍ നിങ്ങള്‍ക്ക് തിരക്കായിരുന്നു. അവസാന സന്ദര്‍ശനം പോലും വിലക്കിയതെന്തിനായിരുന്നു' എന്ന് അഭിഭാഷകനായ ഹസ്സന്‍ യൂനസി ട്വിറ്ററില്‍ കുറിച്ചു.

ഇറാന്‍ ദേശീയ ഗുസ്തി ചാമ്പ്യനു ദേശീയ ഹീറോ ആയും കരുതപ്പെടുന്ന നവിദ് അഫ്കാരിക്ക് ആറര വര്‍ഷം തടവും 74 ചാട്ടവാറടിയും ഒപ്പം വധശിക്ഷയുമാണ് ഇറാനിയന്‍ സുപ്രീം കോടതി വിധിച്ചത്. അഫ്കാരിയുടെ സഹോദരന്മാരായ വാഹിദിനെയും ഹബീബിനെയും വധശിക്ഷയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ടെങ്കിലും ഇവര്‍ക്ക് യഥാക്രമം 54 വര്‍ഷവും 27 വര്‍ഷവും വീതം തടവും 74 ചാട്ടവാറടിയും ശിക്ഷ വിധിച്ചിരുന്നു.

രാജ്യത്തെ സാമ്പത്തിക സ്ഥിതി മോശമായതിനെ തുടര്‍ന്ന് 2018ല്‍ അരങ്ങേറിയ പ്രക്ഷോഭത്തില്‍ ഇവര്‍ പങ്കെടുത്തിരുന്നു. ഈ പ്രക്ഷോഭം പിന്നീട് സര്‍ക്കാരിനെതിരായി തിരിയുകയും ചെയ്തിരുന്നു. നിയമവിരുദ്ധമായ ഒത്തുചേരലുകള്‍, ദേശീയ സുരക്ഷയ്ക്കെതിരായ കുറ്റകൃത്യങ്ങള്‍ ചെയ്യാനുള്ള ഗൂഡാലോചന, പരമോന്നത നേതാവിനെ അപമാനിക്കല്‍ എന്നിവ ഉള്‍പ്പെടെ 20 വ്യത്യസ്ത കുറ്റങ്ങളാണ് ജുഡീഷ്യറി ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.


Next Story

Related Stories