TopTop
Begin typing your search above and press return to search.

ഇറാഖിലെ അമേരിക്കന്‍ കേന്ദ്രങ്ങള്‍ക്ക് നേരെ ഇറാന്റെ റോക്കറ്റ് ആക്രമണം, പശ്ചിമേഷ്യയില്‍ സംഘര്‍ഷാവസ്ഥ രൂക്ഷം, പുടിന്‍ സിറിയയില്‍

ഇറാഖിലെ അമേരിക്കന്‍ കേന്ദ്രങ്ങള്‍ക്ക് നേരെ ഇറാന്റെ റോക്കറ്റ് ആക്രമണം, പശ്ചിമേഷ്യയില്‍ സംഘര്‍ഷാവസ്ഥ രൂക്ഷം, പുടിന്‍ സിറിയയില്‍

സൈനിക ജനറല്‍ കാസെം സുലൈമാനിയുടെ കൊലപാതകത്തെ തുടര്‍ന്ന് പശ്ചിമേഷ്യയില്‍ ഉണ്ടായ സംഘര്‍ഷാവസ്ഥ രൂക്ഷമാകുന്നു. സംഭവത്തിന് ശേഷം രണ്ടാം തവണ ഇറാന്‍ ഇറാഖിലെ അമേരിക്കന്‍ താവളങ്ങള്‍ക്ക് നേരെ ആക്രമണം നടത്തി. ആളപായമുണ്ടോ എന്ന കാര്യം വ്യക്തമല്ല. സ്ഥിതിഗതികള്‍ നിരീക്ഷിച്ചുവരികയാണെന്ന് വൈറ്റ് ഹൗസ് പറഞ്ഞു ഇന്ന് പുലർച്ചെയായിരുന്നു സംഭവം ഇറാഖിലെ അല്‍ അസദിലെ രണ്ട് താവളങ്ങൾക്ക് നേരെയാണ് ആക്രമണമുണ്ടായത്. അമേരിക്കയുടെയും സഖ്യ കക്ഷികളുടെയും സൈന്യം ഇവിടെയുണ്ടായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ ദിവസം ഇറാഖിലെ അമേരിക്കന്‍ സൈനിക താവളത്തിന് നേരെ ആക്രമണം ഉണ്ടായിരുന്നു. ' ഇറാഖിലെ അമേരിക്കന്‍ താവളങ്ങള്‍ക്ക് നേരെ ആക്രമണമുണ്ടായ റിപ്പോര്‍ട്ടുകള്‍ പരിശോധിക്കുകയാണ്. പ്രസിഡന്റിനെ ഇക്കാര്യം അറിയിച്ചിട്ടുണ്ട്. അദ്ദേഹം ദേശീയ സുരക്ഷ സംഘവുമായി കൂടിക്കാഴ്ച നടത്തി. ' വൈറ്റ് ഹൗസ് വക്താവ് സ്റ്റെഫാന്‍ ഗ്രിഷം പ്രസ്താവനയില്‍ പറഞ്ഞു. ഇറാനില്‍നിന്നാണ് റോ്ക്കറ്റ് ആക്രമണങ്ങള്‍ ഉണ്ടായതെന്ന് പെന്റഗണ്‍ സ്ഥിരികരിച്ചു. സംഭവത്തെ തുടര്‍ന്ന് അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി മൈക്ക് പോംപിയോ വൈറ്റ് ഹൗസിലെത്തി. റോക്കറ്റ് ആക്രമണത്തെ തുടര്‍ന്ന് അമേരിക്കന്‍ പ്രതിരോധ സെക്രട്ടറി മാര്‍ക്ക് എസ്പര്‍ ഇറാഖ് പ്രധാനമന്ത്രിയുമായി ഫോണില്‍ സംസാരിച്ചുവെന്ന് സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്തു. ഒരു ഡസനിലേറെ റോക്കറ്റുകള്‍ അമേരിക്കന്‍ സൈനിക ക്യാമ്പില്‍ പതിച്ചതായി ഇറാഖിലെ ഔദ്യോഗിക വക്താക്കളെ ഉദ്ധരിച്ച് അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്തു. ഇറാഖിലെ മറ്റ് യു എസ് താവളങ്ങള്‍ക്കു നേരെയും ആക്രമണം നടന്നിട്ടുണ്ടാകാനുള്ള സാധ്യതയും ഉണ്ടെന്നും വിവിധ വാര്‍ത്ത ഏജന്‍സികളുടെ റിപ്പോര്‍ട്ടുകളില്‍ സൂചിപ്പിക്കുന്നു. ഇറാനെതിരെ പ്രവര്‍ത്തിക്കുന്ന അമേരിക്കന്‍ സൈന്യത്തിന് സൗകര്യമൊരുക്കി കൊടുക്കുന്നവര്‍ക്കെതിരെ ആക്രമണം ഉണ്ടാകുമെന്ന് ഇറാന്‍ വാര്‍ത്താ ഏജന്‍സി ഇർന മുന്നറിയിപ്പ് നല്‍കി. സുലൈമാനിയുടെ കൊലപാതകത്തിന് ശക്തമായി തിരിച്ചടിക്കുമെന്ന് ഇറാനിലെ റവല്യൂഷണറി ഗാര്‍ഡ് മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇറാനും അമേരിക്കയും തമ്മിലുള്ള സംഘര്‍ഷം ശക്തമാകുന്നതിനിടെ, റഷ്യന്‍ പ്രസിഡന്റ വ്‌ലാഡിമിര്‍ പുടിന്‍ സിറിയയിലെത്തി പ്രസിഡന്റ് ബാഷര്‍ അല്‍ അസദുമായി ചര്‍ച്ച നടത്തി. ഇറാന്റെ അടുത്ത സഖ്യ രാജ്യമാണ് സിറിയ. സിറിയയിലെ ആഭ്യന്തര കലാപത്തില്‍ ബാഷര്‍ അല്‍ അസദിന് വേണ്ടി നിലയുറപ്പിച്ച രാജ്യമാണ് റഷ്യ. ഇറാനും ഇതേ സമീപനമാണ് സ്വീകരിച്ചത്. അവിടുത്തെ ഐഎസ് ആക്രമണം നേരിടുന്നതില്‍ അസാദിനെ ഇറാനിലെ റവല്യൂഷണറി ഗാര്‍ഡ് സഹായിച്ചിരുന്നു. ഇതാദ്യമായാണ് അസദ് സിറിയ സന്ദര്‍ശിക്കുന്നത്. പുടിന്‍ ഇന്ന് തുര്‍ക്കി സന്ദര്‍ശിക്കുമെന്നാണ് കരുതുന്നത്. കഴിഞ്ഞ ദിവസം ഇറാന്‍ അമേരിക്കന്‍ കേന്ദ്രങ്ങള്‍ക്ക് നേരെ ആക്രമണം നടത്തിയിരുന്നു. അന്ന് ആളപയാമുണ്ടായിരുന്നില്ല. ആക്രമണം തുടര്‍ന്നാല്‍ ഇറാനിലെ 52 കേന്ദ്രങ്ങള്‍ക്ക് നേരെ ആക്രമണം ഉണ്ടാകുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇറാനിലെ സാംസ്‌ക്കാരിക കേന്ദ്രങ്ങള്‍ക്ക് നേരെ ആക്രമണം നടത്തുമെന്ന ട്രംപിന്റെ പ്രസതാവനയക്കെതിരെ വ്യാപകമായ പ്രതിഷേധമാണ് ഉയർന്നത്. അത്തരം ആക്രമണങ്ങളെ പിന്തുണയ്ക്കില്ലെന്ന് ബ്രിട്ടൻ ഉൾപ്പെടെയുള്ള രാജ്യങ്ങൾ വ്യക്തമാക്കുകയും ചെയ്തിരുന്നു.


Next Story

Related Stories