TopTop
Begin typing your search above and press return to search.

രണ്ട് യുഎസ് യുദ്ധവിമാനങ്ങൾ നേരെ വന്നു, കൂട്ടിയിടി ഒഴിവാക്കി ഇറാന്റെ യാത്രാവിമാനം വഴിമാറി

രണ്ട് യുഎസ് യുദ്ധവിമാനങ്ങൾ നേരെ വന്നു, കൂട്ടിയിടി ഒഴിവാക്കി ഇറാന്റെ യാത്രാവിമാനം വഴിമാറി

സിറിയൻ വ്യോമാതിർത്തിക്ക് മുകളിലൂടെ പറക്കുമ്പോള്‍ രണ്ട് യുഎസ് യുദ്ധവിമാനങ്ങൾ ഇറാനിയൻ യാത്രാ വിമാനത്തിന് സമീപം എത്തിയെന്ന് ഇറാന്‍. കൂട്ടിയിടി ഒഴിവാക്കി യാത്രക്കാരുടെ ജീവന്‍ രക്ഷിക്കാന്‍ ഉടന്‍തന്നെ പൈലറ്റ്‌ വിമാനത്തിന്റെ ഗതി മാറ്റുകയായിരുന്നുവെന്നും ഇറാന്റെ ഔദ്യോഗിക വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. എന്നാല്‍ അൽ-ടാൻഫിലെ സൈനിക താവളത്തിലെ സഖ്യസേനാംഗങ്ങളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനായി 'അന്താരാഷ്ട്ര മാനദണ്ഡങ്ങൾക്കനുസൃതമായാണ്' തങ്ങള്‍ വിമാനത്തിന്റെ ദൃശ്യ പരിശോധന നടത്തിയാതെന്നും, അതിന് ഒരൊറ്റ എഫ് -15 വിമാനമാണ് ഉപയോഗിച്ചതെന്നും യുഎസ് സെൻട്രൽ കമാൻഡ് മറുപടി നല്‍കി.

പാസഞ്ചർ വിമാനത്തിന്റെ പൈലറ്റ് ജെറ്റ് പൈലറ്റുമാരുമായി ബന്ധപ്പെട്ട് സുരക്ഷിതമായ അകലം പാലിക്കാൻ മുന്നറിയിപ്പ് നൽകിയതായും, അതിനിടെയാണ് അത് അമേരികന്‍ വിമാനമാണെന്ന് തിരിച്ചറിഞ്ഞത് എന്നും വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു. ഏജൻസി പോസ്റ്റ് ചെയ്ത വീഡിയോയിൽ വിമാനത്തിന്റെ വിൻഡോയിലൂടെ ഒരു ജറ്റ് വിമാനം തൊട്ടരികിലൂടെ പറക്കുന്നതായും, ജനങ്ങള്‍ പരിഭ്രാന്തരായി ഇരിക്കുന്നതായും കാണാം.

യുഎസ് എഫ് -15 സിറിയയിൽ പതിവു ദൗത്യത്തിന് ഇറങ്ങിയതാണെന്നും, ഏകദേശം 1,000 മീറ്റർ സുരക്ഷിതമായ അകലം പാലിച്ചുകൊണ്ടാണ് ഇറാന്‍റെ 'മഹാൻ എയർ' പാസഞ്ചർ വിമാനത്തിന്റെ വിഷ്വൽ പരിശോധന നടത്തിയെന്നും യുഎസ് സെൻട്രൽ കമാൻഡ് പറഞ്ഞു. എഫ് -15 പൈലറ്റ് വിമാനം ഒരു മഹാൻ എയർ പാസഞ്ചർ വിമാനമാണെന്ന് തിരിച്ചറിഞ്ഞതോടെ വ്യക്തമായ അകലം പാലിച്ചുകൊണ്ട് നിരീക്ഷണം അവസാനിപ്പിച്ചുവെന്നും അവര്‍ പറയുന്നു. ടെഹ്‌റാനിൽ നിന്ന് ബെയ്‌റൂട്ടിലേക്ക് പോകുകയായിരുന്നു മഹാൻ എയർ. സംഭവത്തെ കുറിച്ച് അന്വേഷിച്ചുവരികയാണെന്നും ആവശ്യമായ നിയമ-രാഷ്ട്രീയ നടപടികൾ സ്വീകരിക്കുമെന്നും ഇറാൻ വിദേശകാര്യ മന്ത്രാലയം വക്താവ് അബ്ബാസ് മൌസവി പറഞ്ഞു. സിറിയയിലും മറ്റിടങ്ങളിലും ഇറാനുമായി ബന്ധമുള്ള ഗറില്ലകൾക്കായി ആയുധങ്ങൾ എത്തിച്ചു നല്‍കുന്നത് മഹാൻ എയർ ആണെന്ന് ഇസ്രായേലും യുഎസും പണ്ടേ ആരോപിക്കുന്ന കാര്യമാണ്.


Next Story

Related Stories