TopTop
Begin typing your search above and press return to search.

സംഘര്‍ഷ ഭൂമിയായി വീണ്ടും ഗാസ, 32 പലസ്തീനുകാര്‍ കൊല്ലപ്പെട്ടതായി റിപ്പോർട്ട്, മധ്യസ്ഥ നീക്കവുമായി യുഎൻ

സംഘര്‍ഷ ഭൂമിയായി വീണ്ടും ഗാസ, 32 പലസ്തീനുകാര്‍ കൊല്ലപ്പെട്ടതായി റിപ്പോർട്ട്,   മധ്യസ്ഥ നീക്കവുമായി യുഎൻ

ഗാസ സിറ്റിയിലെ നടത്തിയ വ്യോമാക്രമണത്തിൽ പലസ്തീൻ സംഘടനയായ ഇസ്‌ലാമിക് ജിഹാദിന്റെ തലവന്‍ ബാഹ അബു അൽ അത-യെ ഇസ്രയേല്‍ സൈന്യം വധിച്ചതോടെ മേഖലയില്‍ അശാന്തി പടരുന്നു. ചൊവ്വാഴ്ച രാവിലെ നടന്ന ആക്രമണത്തിന് തൊട്ടുപിന്നാലെ ഇസ്രായേലിലേക്ക് ഗാസ മുനമ്പിൽനിന്നും പലസ്തീൻ ഗ്രൂപ്പുകള്‍ റോക്കറ്റുകള്‍ വിക്ഷേപിച്ചു. മറുപടിയായി ഇസ്രയേല്‍ നിരവധിതവണ വ്യോമാക്രമണം നടത്തി.

വിവിധ അക്രമണങ്ങളിലായി ഇതുവരെ 32 പലസ്തീനുകാര്‍ കൊല്ലപ്പെട്ടുവെന്നാണ് റിപ്പോര്‍ട്ടുകള്‍. നൂറോളം പേര്‍ക്ക് പരിക്കേറ്റിട്ടുമുണ്ട്. ഇന്ന് പുലര്‍ച്ചെ ഗാസ മുനമ്പിൽ ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ ഒരു പലസ്തീൻ കുടുംബത്തിലെ ആറ് പേരാണ് കൊല്ലപ്പെട്ടത്.

അതേസമയം, സംഘർഷങ്ങൾക്ക് വിരാമമിടാൻ യുഎന്നും ശ്രമങ്ങൾ ആരംഭിച്ചു. ഇതിനായി ഐക്യരാഷ്ട്രസഭയുടെ മിഡിൽ ഈസ്റ്റ് സ്ഥാനപതിയായ നിക്കോളായ് മ്ലഡെനോയ് കെയ്‌റോയിലെത്തി. ടെൽ അവീവിൽ നിന്നെത്തിയ മ്ലഡെനോയ് ഈജിപ്ഷ്യൻ പ്രസിഡന്റ് അബ്ദുൽ-ഫത്താഹ് എൽ സിസിയെ കാണുമെന്നും വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നു.

ഇസ്രയേലില്‍ നിരവധി ആക്രമണങ്ങള്‍ ആസൂത്രണം ചെയ്ത് നടപ്പാക്കിയ ഭീകരനെയാണ് വധിച്ചതെന്ന് പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പറഞ്ഞിരുന്നു. ഗാസയിലെ ഷെജയ്യ ജില്ലയിലുള്ള വീടിനകത്ത് ഉറങ്ങി കിടക്കുമ്പോഴായിരുന്നു അൽ അത-യെയും ഭാര്യയേയും ഇസ്രായേല്‍ സൈന്യം വ്യോമാക്രമണത്തിലൂടെ കൊല്ലുന്നത്. പ്രദേശവാസികളായ രണ്ടുപേര്‍ക്കും പരിക്കേറ്റിരുന്നു. അതോടെ തുടർ സംഘർഷങ്ങളുണ്ടായാൽ പൂർണ്ണ ഉത്തരവാദിത്വം ഇസ്രായേലിനായിരിക്കുമെന്ന് ഗാസയുടെ അധികാരം കയ്യാളുന്ന ഹമാസ് മുന്നറിയിപ്പ് നൽകുകയും ചെയ്തതാണ്. ഇസ്രായേലിനെതിരെ അടുത്തിടെ നടന്ന റോക്കറ്റ്, ഡ്രോൺ, സ്‌നൈപ്പർ ആക്രമണങ്ങൾക്കു പിന്നിൽ അബു അൽ അത-യാണെന്നും, അതിനു മറുപടിയായി പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ നിർദേശപ്രകാരമാണ് ഓപ്പറേഷൻ നടത്തിയതെന്നും ഇസ്രയേല്‍ സൈന്യം വ്യക്തമാക്കി.

അതേസമയം, സിറിയയിലെ ദമാസ്കസില്‍ നടന്ന മിസൈൽ ആക്രമണത്തില്‍ ഇസ്ലാമിക് ജിഹാദ് ഉദ്യോഗസ്ഥൻ അക്രം അൽ അജൂരിയുടെ വീട് തകര്‍ന്നു. അദ്ദേഹത്തിന്റെ ഒരു മകൻ ഉൾപ്പെടെ രണ്ട് പേർ കൊല്ലപ്പെട്ടതായും സിറിയൻ സ്റ്റേറ്റ് മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇസ്രായേലാണ് ഡമാസ്കസില്‍ ആക്രമണം നടത്തിയതെന്ന് സിറിയ പറയുന്നു. എന്നാല്‍ ഇസ്രയേല്‍ ഇതുവരെ അതിനോട് പ്രതികരിച്ചിട്ടില്ല.

ഇസ്രയേലിൽ ഭരണപ്രതിസന്ധിയുണ്ടാകുമ്പോൾ യുദ്ധത്തിന്‌ തുടക്കമിടാൻ പലസ്‌തീൻ പ്രദേശത്ത്‌ ഇത്തരം ആക്രമണങ്ങൾ നടത്താറുണ്ട്‌. ഈ വർഷം രണ്ടുതവണ പാർലമെന്റ്‌ തെരഞ്ഞെടുപ്പ്‌ നടത്തിയിട്ടും ആർക്കും ഭൂരിപക്ഷം ലഭിച്ചിട്ടില്ല. നെതന്യാഹുവിന്‌ അധികാരം നഷ്‌ടപ്പെടുന്നത്‌ ഒഴിവാക്കാനാണ്‌ ആക്രമണം നടത്തിയത്‌ എന്ന ആരോപണവും ഇതിനകം ഉയർന്നിട്ടുണ്ട്.


Next Story

Related Stories