TopTop
Begin typing your search above and press return to search.

ആൾക്കൂട്ടക്കൊല ദേശീയ കുറ്റകൃത്യം - ബിൽ പാസാക്കി യുഎസ് ജനപ്രതിനിധിസഭ

ആൾക്കൂട്ടക്കൊല ദേശീയ കുറ്റകൃത്യം - ബിൽ പാസാക്കി യുഎസ് ജനപ്രതിനിധിസഭ

ആള്‍കൂട്ട കൊലയെ ഫെഡറൽ കുറ്റകൃത്യമാക്കാനുള്ള ചരിത്രപരമായ ബില്ലിന് യു.എസ് ജനപ്രതിനിധിസഭ ബുധനാഴ്ച അംഗീകാരം നൽകി. അമേരിക്കന്‍ ചരിത്രത്തില്‍ ആദ്യമായാണ്‌ ഇത്തരമൊരു നിയമം പാസ്സാക്കുന്നത്. 4-നെതിരെ 410 വോട്ടുകള്‍ക്കാണ് ബില്‍ അംഗീകരിച്ചത്. മൂന്ന് റിപ്പബ്ലിക്കൻമാരും ഒരു സ്വതന്ത്ര പ്രതിനിധിയും മാത്രമാണ് എതിര്‍ത്ത് വോട്ടു ചെയ്തത്. ഇങ്ങനെയൊരു നിയമം പാസാക്കാന്‍ ജനപ്രതിനിധിസഭയില്‍ 200 ലധികം ശ്രമങ്ങൾ നടന്നിട്ടുണ്ടെന്നും, രണ്ടു വര്‍ഷത്തെ കഠിന ശ്രമങ്ങള്‍ക്കൊടുവിലാണ് ഇപ്പോള്‍ ബില്‍ പാസാക്കിയതെന്നും അഭിഭാഷകർ പറയുന്നു.

ഡെമോക്രാറ്റിക് കോൺഗ്രസുകാരനായ ബോബി റഷാണ് ‘എമ്മെറ്റ് ടിൽ ആന്റി-ലിഞ്ചിംഗ് ആക്റ്റ്’ സഭയില്‍ അവതരിപ്പിച്ചത്. 1955 ൽ വംശീയ ആക്രമണത്തിൽ ക്രൂരമായി കൊല ചെയ്യപ്പെട്ട 14 വയസുള്ള ആഫ്രിക്കൻ അമേരിക്കന്‍ കൌമാരക്കാരനായ ‘എമ്മെറ്റ് ടില്ലിന്‍റെ’ പേരാണ് നിയമത്തിന് ഇട്ടത്. ഇരുപതാം നൂറ്റാണ്ടില്‍ വംശീയ ആക്രമണങ്ങളിൽ കൊല്ലപ്പെട്ട ആയിരക്കണക്കിന് ആഫ്രിക്കൻ അമേരിക്കക്കാരുടെ പ്രതീകമാണ് ടില്‍. അവന്‍റെ കൊലപാതകത്തോടെയാണ്‌ പൗരാവകാശ പ്രസ്ഥാനങ്ങള്‍ യു.എസില്‍ തഴച്ചു വേരുറപ്പിക്കാന്‍ തുടങ്ങിയത്.

‘ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ അമേരിക്കന്‍ ചരിത്രത്തിലെ ഒരിക്കലും മായാത്ത കളങ്കമാണ്. അതിനേക്കാള്‍ വലിയ അപരാധമാണ് നാം ഇത്രകാലവും അനുവര്‍ത്തിച്ച മൌനം’ എന്ന് മെജോറിറ്റി ലീഡർ സ്റ്റെനി ഹോയർ വോട്ടെടുപ്പിന് മുന്നോടിയായി നടത്തിയ പത്രസമ്മേളനത്തിൽ പറഞ്ഞു. എത്രയോ മുന്‍പ് നടപ്പാക്കേണ്ട നിയമമായിരുന്നു ഇതെന്ന് ഫ്ലോറിൽ സംസാരിച്ച സ്പീക്കർ നാൻസി പെലോസിയും പറഞ്ഞു. ‘അമേരിക്കയിലെ ആള്‍കൂട്ട കൊലകളെയും ഭീകരതകളെയും നേരിടുന്നതില്‍ ചരിത്രപരമായി പരാജയപ്പെട്ടതിന്റെ ഉത്തരവാദിത്തം അംഗീകരിക്കാനുള്ള അവസരംകൂടിയാണ് ഇപ്പോള്‍ കൈവന്നിരിക്കുന്നത് എന്ന്’ പെലോസി അഭിപ്രായപ്പെട്ടു.


Next Story

Related Stories