ലോകത്തിലെ സകല മാഗസിനുകളിലും കവര്‍ചിത്രമായി നിറഞ്ഞുനിന്നിരുന്നു ന്യൂസിലന്‍ഡ് പ്രധാനമന്ത്രി ജസീന്ത ആര്ഡേന്. അവരുടെ നേതൃശൈലി ഹാര്‍വാര്‍ഡ് സര്‍വകലാശാലയിലെ ഗവേഷകര്‍ക്ക് പഠനവിഷയമായി. 2019 മാര്‍ച്ചില്‍ 51 പേരുടെ മരണത്തിന് ഇടയാക്കിയ ക്രൈസ്റ്റ് ചര്‍ച്ച് ഭീകരാക്രമണവേളയിലും 2020ല്‍ കോവിഡെന്ന മഹാമാരിക്കു നടുവിലും ന്യൂസിലന്‍ഡിനെ ചുമലേറ്റിയതോടെ ജസീന്തയുടെ ഭരണമികവ് ലോകം ചര്‍ച്ച ചെയ്തു. ജസീന്തയുടെ നേതൃത്വത്തെ നെഞ്ചോടുചേര്‍ത്ത ന്യൂസിലന്‍ഡ് ജനത വീണ്ടും അവരെ തങ്ങളുടെ നേതാവായി അവരോധിക്കുകയാണ്. പൊതുതെരഞ്ഞെടുപ്പില്‍ വന്‍ ഭൂരിപക്ഷത്തോടെ അധികാരത്തിലേക്കുള്ള രണ്ടാം വരവ് 40കാരി ഉറപ്പിച്ചിരിക്കുന്നു. 1996ല്‍ പ്രാതിനിധ്യ വോട്ടിംഗ് സമ്പ്രദായം നടപ്പാക്കിയശേഷം രാജ്യത്ത് ഒരു പാര്‍ട്ടി ഒറ്റയ്ക്കു ഭരിക്കാനുള്ള ഭൂരിപക്ഷം നേടുന്നതും ആദ്യമാണ്. 24 വര്‍ഷങ്ങള്‍ക്കിപ്പുറം ന്യൂസിലന്‍ഡിന്റെ പുതിയ രാഷ്ട്രീയ ചരിത്രം ജസീന്തയിലുടെ എഴുതപ്പെടുകയാണ്.
1980ല്‍ ഹാമില്‍ട്ടണിലായിരുന്നു ജസീന്തയുടെ ജനനം. 2001ല്‍ ബിരുദം പൂര്‍ത്തിയാക്കിയശേഷം പ്രധാനമന്ത്രി ഹെലെന് ക്ലാര്‍ക്കിന്റെ ഓഫിസില്‍ ഗവേഷകയായിട്ടായിരുന്നു ജസീന്ത കരിയര്‍ ആരംഭിച്ചത്. ഭരണ നിര്‍വഹണ പ്രക്രിയകളെല്ലാം അക്കാദമിക് താല്പര്യത്തോടെ ജസീന്തയുടെ മനസിലുറച്ചു. ഏഴു വര്‍ഷങ്ങള്‍ക്കിപ്പുറം തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക്. 2008ല്‍ എം.പിയായി തെരഞ്ഞെടുക്കപ്പെട്ടു. ഒമ്പത് വര്‍ഷത്തിനുശേഷം ലേബര്‍ പാര്‍ട്ടിക്ക് അധികാരം നഷ്ടപ്പെട്ട തിരഞ്ഞെടുപ്പിലായിരുന്നു ജസീന്തയുടെ ജയം. 2017ല്‍ മൗണ്ട് ആല്ബെര്ട്ടില്നിന്ന് ഉപതെരഞ്ഞെടുപ്പില്‍ വിജയിച്ചു. അതേവര്‍ഷം മാര്‍ച്ചില്‍ ലേബര്‍ പാര്‍ട്ടിയുടെ ഉപനേതാവായി തെരഞ്ഞെടുക്കപ്പെട്ടു. പിന്നാലെ, അഭിപ്രായ വോട്ടെടുപ്പില്‍ ഉള്‍പ്പെടെ പാര്‍ട്ടിക്ക് തിരിച്ചടി നേരിട്ടതിനെത്തുടര്‍ന്ന് ആന്‍ഡ്രു ലിറ്റില്‍ പാര്‍ട്ടി നേതൃസ്ഥാനം ഒഴിഞ്ഞു. അതോടെ ജസീന്ത എതിര്‍പ്പില്ലാതെ നേതൃസ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ടു. 2017ല്‍ 14 സീറ്റുകള്‍ വീണ്ടെടുത്ത ലേബര്‍ പാര്‍ട്ടിക്ക് ആകെ ലഭിച്ചത് 46 സീറ്റുകള്‍. നാഷണല്‍ പാര്‍ട്ടിയുടെ നേട്ടം 56ല്‍ ഒതുങ്ങി. ഇതോടെ, ന്യൂസിലന്‍ഡ് ഫസ്റ്റ്, ഗ്രീന്‍ പാര്‍ട്ടിയുടെ സഹകരണത്തോടെ ലേബര്‍ പാര്‍ട്ടിക്കൊപ്പം സര്‍ക്കാര്‍ രൂപീകരിച്ചു. പ്രധാനമന്ത്രി പദത്തിലേക്ക് ജസീന്ത. 37ാം വയസില്‍ ലോകത്തിലെ ഏറ്റവും പ്രായംകുറഞ്ഞ ആദ്യ വനിത പ്രധാനമന്ത്രിയെന്ന പദവി സ്വന്തമാക്കി. ബേനസീര്‍ ഭൂട്ടോയ്ക്കുശേഷം പ്രധാനമന്ത്രി പദത്തിലിരിക്കെ അമ്മയാകുന്ന രണ്ടാമത്തെയാളും ജസീന്തയായിരുന്നു. സോഷ്യല്‍ ഡെമോക്രാറ്റ്, പ്രോഗ്രസീവ് എന്നിങ്ങനെ രണ്ട് വാക്കുകളിലാണ് ജസീന്ത തന്നെയും തന്റെ സര്‍ക്കാരിനെയും വിവരിക്കുന്നത്. വരുമാനത്തേക്കാള്‍ കുതിച്ചുയരുന്ന ഗാര്‍ഹിക ചെലവുകള്‍, കുട്ടികളിലെ ദാരിദ്ര്യം, സാമുഹിക അസമത്വം തുടങ്ങിയ പ്രശ്ങ്ങളില്‍ ശ്രദ്ധ ചെലുത്തിക്കൊണ്ടാണ് ജസീന്ത ഭരണം തുടങ്ങുന്നത്.
കോവിഡ് കാലത്തെ ജസീന്തയുടെ നേതൃത്വം തന്നെയാണ് രാജ്യത്തെ ജനതയ്ക്ക് അവരോടുള്ള സ്നേഹം വര്‍ധിപ്പിച്ചത്. കഠിന പ്രതിരോധത്തിലൂടെ മഹാമാരിയെ അകറ്റിനിര്‍ത്തുകയെന്ന ലക്ഷ്യത്തോടെയായിരുന്നു അവരുടെ പ്രവര്‍ത്തനം. കോവിഡ് വ്യാപനത്തില്‍നിന്ന് രാജ്യത്തെയാകെ പ്രതിരോധിച്ചു നിര്‍ത്താന്‍ ജസീന്തയുടെ നടപടികള്‍ നിര്‍ണായകമായിരുന്നു. സമ്പൂര്‍ണ കോവിഡ് വിമുക്തമായശേഷവും പിന്നീടും കോവിഡ് ബാധ റിപ്പോര്‍ട്ട് ചെയ്തെങ്കിലും ചെറുത്തുനില്ക്കാമെന്നൊരു തോന്നല്‍ ജനങ്ങള്‍ക്കിടയില്‍ വന്നിട്ടുണ്ട്. 50 ലക്ഷത്തോളം ജനങ്ങള്‍ അധിവസിക്കുന്ന രാജ്യത്ത് ഇതുവരെ 25 പേര് മാത്രമാണ് കോവിഡ് ബാധിച്ച് മരിച്ചത്. അടുത്തിടെ 30,000 പേര് പങ്കെടുത്ത ആസ്ട്രേലിയ-ന്യൂസിലന്‍ഡ് റഗ്ബി മത്സരം വെല്ലിങ്ടണില്‍ നടക്കുകയും ചെയ്തു. മറ്റു രാജ്യങ്ങളില്‍ കോവിഡ് വ്യാപനം അനുദിനം രൂക്ഷമാകുമ്പോഴാണ് ജസീന്ത മുന്നോട്ടുപോകാം എന്ന മുദ്രാവാക്യവുമായി കോവിഡിനെ പ്രതിരോധിച്ചത്. ഒരുപക്ഷേ, പുതിയ തലമുറയില്‍ അല്ലെങ്കില്‍ ഇതുവരെയുള്ള പ്രധാനമന്ത്രിമാരേക്കാള്‍ ജനപ്രിയത ആര്‍ജിച്ചെടുക്കാന്‍ ജസീന്തയെ സഹായിച്ചതും ഇത്തരം ഇടപെടലുകളായിരുന്നിരിക്കണം. വലിയൊരു രാഷ്ട്രീയ താര പരിവേഷത്തിലേക്കാണ് ജസീന്ത സഞ്ചരിച്ചെത്തുന്നത്.
മൂന്നുവര്‍ഷംമുമ്പ് ലേബര്‍ പാര്‍ട്ടിയുടെ അവസാന ചോയിസ് മാത്രമായിരുന്നു ജസീന്ത. ഗാര്‍ഹിക ചെലവുകള്‍ വര്‍ധിക്കുന്നത് കുറയ്ക്കാനും കുട്ടികളിലെ ദാരിദ്ര്യം ലഘൂകരിക്കാനും കഠിന പ്രയത്നമാണ് അവര്‍ നടത്തിക്കൊണ്ടിരിക്കുന്നത്. അതിനിടെ, ക്രൈസ്റ്റ് ചര്‍ച്ച് ഭീകരാക്രമണ വേളയിലും വൈറ്റ് ഐലന്‍ഡ് അഗ്നിപര്‍വതം പൊട്ടിതകര്ന്നപ്പോഴും കോവിഡ് കാലത്തുമൊക്കെ ജസീന്തയുടെ നേതൃപാടവം ലോകമാകെ ശ്രദ്ധിച്ചു. പുരോഗമന രാഷ്ട്രീയത്തിന്റെ പുതിയൊരു അവതാരപ്പിറവിയെന്നായിരുന്നു ലോകം ജസീന്തയ്ക്കു നല്കിയ പരിവേഷം. വോഗ് മാഗസിന് ട്രംപില്‍നിന്ന് ജസീന്തയിലേക്കുള്ള ദൂരം വരച്ചുകാണിച്ചു. വിശുദ്ധ ജസീന്ത എന്നായിരുന്നു ഫിനാന്‍ഷ്യല്‍ ടൈംസിന്റെ വിശേഷണം. അതേസമയം, ജസീന്ത ആര്ഡേനെപ്പോലെ മികച്ചൊരു നേതാവിനെ അമേരിക്ക അര്‍ഹിക്കുന്നു എന്നായിരുന്നു ന്യൂയോര്‍ക്ക് ടൈംസിലെ എഡിറ്റോറിയലിന്റെ തലക്കെട്ട്. ലണ്ടനിലെ ഡവലപ്മെന്റ് അക്കാദമി നടത്തിയ പഠനത്തില്‍ ലോകത്തിലെ ഏറ്റവും മികച്ച ഭരണാധിപയായി തെരഞ്ഞെടുക്കപ്പെട്ടതും ജസീന്തയായിരുന്നു. ലോകം മുഴുവന്‍ അംഗീകരിക്കപ്പെട്ട ജസീന്തയെ യാഥാസ്ഥിതികര്‍ ഏറെയുള്ള ന്യൂസിലന്‍ഡും ഒടുവില്‍ പൂര്‍ണമനസോടെ അംഗീകരിക്കുകയാണ്. ലേബര്‍ പാര്‍ട്ടിക്ക് പുതിയ ദിശാബോധം നല്‍കുന്നതായിരിക്കും ഇത്തവണത്തെ തിരഞ്ഞെടുപ്പ് വിജയം.