TopTop
Begin typing your search above and press return to search.

സൗത്ത് കരോലിനയില്‍ ശക്തമായ തിരിച്ചുവരവ് നടത്തി ജോ ബൈഡന്‍, ബേണി സാന്‍ഡേഴ്‌സിനെ ബഹുദൂരം പിന്നിലാക്കി

സൗത്ത് കരോലിനയില്‍ ശക്തമായ തിരിച്ചുവരവ് നടത്തി ജോ ബൈഡന്‍, ബേണി സാന്‍ഡേഴ്‌സിനെ ബഹുദൂരം പിന്നിലാക്കി

ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ യുഎസ് പ്രസിഡന്റ് സ്ഥാനത്തേയ്ക്കുള്ള മത്സരം വാശിയേറിയ പോരാട്ടത്തിലേയ്ക്ക്. നെവാദ കോക്കസസ് ജയിച്ച്, മറ്റുള്ളവരെ പിന്നിലാക്കി മുന്നേറുന്ന ബേണി സാന്‍ഡേഴ്‌സിനെ ബഹുദൂരം പിന്നിലാക്കിയാണ് കരോലിന പ്രൈമറിയില്‍ ബൈഡന്റെ വിജയം. ഞങ്ങള്‍ ജീവനോടെയുണ്ട്. ശക്തമായിത്തന്നെ - കൊളംബിയയിലെ വിജയാഹ്‌ളാദ റാലിയില്‍ ജോ ബൈഡന്‍ പ്രസംഗിച്ചു. എഴുതിത്തള്ളപ്പെട്ടവര്‍ക്കും പുറത്തായവര്‍ക്കും പിന്നില്‍പോയവര്‍ക്കും വേണ്ടിയുള്ളതാണ് ഈ കാംപെയിന്‍. മാധ്യമങ്ങളും പണ്ഡിതരും ഈ സ്ഥാനാര്‍ത്ഥിത്വത്തെ എഴുതിത്തള്ളിയിരുന്നു - ജോ ബൈഡന്‍ പറഞ്ഞു.

ആഫ്രിക്കന്‍ അമേരിക്കന്‍ വോട്ടര്‍മാരുടെ പിന്തുണ കൂടിയതാണ് ജോ ബൈഡനെ സഹായിച്ചത്. സംസ്ഥാനത്തെ ഡെമോക്രാറ്റ് പിന്തുണയില്‍ 60 ശതമാനവും ആഫ്രിക്കന്‍ അമേരിക്കക്കാരുടേതാണ്. ബൈഡന്‍ 49 ശതമാനം വോട്ട് നേടിയപ്പോള്‍ സാന്‍ഡേഴ്സ് 20 ശതമാനത്തിലൊതുങ്ങി.

ബേണി സാന്‍ഡേഴ്‌സിനെ കടന്നാക്രമിച്ചുകൊണ്ടാണ് ജോ ബൈഡന്റെ പ്രസംഗങ്ങള്‍. എക്കാലവും ഡെമോക്രാറ്റായിരുന്ന, ഡെമോക്രാറ്റ് ആയതില്‍ അഭിമാനിക്കുന്നസ ഒബാമ-ബൈഡന്‍ ഡെമോക്രാറ്റ് ആയ എനിക്ക് വോട്ട് ചെയ്യൂ എന്നാണ് വോട്ടര്‍മാരോട് ബൈഡന്‍ പറയുന്നത്. നവംബറിലെ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ട്രംപിനെ തോല്‍പ്പിക്കാന്‍ ഏറ്റവും കരുത്തുള്ള ഡെമോക്രാറ്റ് ആയാണ് ബൈഡന്‍ സ്വയം അവതരിപ്പിക്കുന്നത്. അതേസമയം ഇനിയും ഈ രാജ്യത്ത് സംസ്ഥാനങ്ങള്‍ ബാക്കിയുണ്ടെന്നും അത് മുഴുവനായി ആരും ജയിക്കാന്‍ പോകുന്നില്ലെന്നും സാന്‍ഡേഴ്‌സ് പറഞ്ഞു. വിര്‍ജിനിയയിലെ യോഗത്തിലാണ് ഉറച്ച ആത്മവിശ്വാസത്തോടെ സാന്‍ഡേഴ്‌സ് പ്രതികരിച്ചത്.

14 സംസ്ഥാനങ്ങള്‍ വോട്ട് ചെയ്യുന്ന സൂപ്പര്‍ ഘട്ടത്തിന് രണ്ട് ദിവസം മാത്രം ശേഷിക്കെയാണിത്. ഡെമോക്രാറ്റിക്ക് പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥി ആരെന്നത് സംബന്ധിച്ച് ഇതില്‍ തീരുമാനമാകും. കാലിഫോര്‍ണിയ, ടെക്‌സാസ്, വിര്‍ജിനിയ, എന്നിവയാണ് ഇനി വരാനുള്ളത്. ജോ ബൈഡന്‍ ഇതാദ്യമായാണ് പ്രസിഡന്‍ഷ്യല്‍ പ്രൈമറിയില്‍ വിജയിക്കുന്നത്. 1988ലും 2008ലും ജോ ബൈഡന്‍ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിത്വത്തിന് മത്സരിച്ച് പരാജയപ്പെട്ടിരുന്നു. 2009ല്‍ ബറാക്ക് ഒബാമ പ്രസിഡന്റ് ആയപ്പോള്‍ ജോ ബൈഡന്‍ വൈസ് പ്രസിഡന്റ് ആയിരുന്നു.


Next Story

Related Stories