അനിശ്ചിതത്വവും വിവാദവും നിറഞ്ഞ പ്രസിഡന്റ് തിരഞ്ഞെടുപ്പിന് ശേഷം അമേരിക്ക സാധാരണ നിലയിലേക്ക്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ പരാജയപ്പെടുത്തി ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥി ജോ ബൈഡന് യുഎസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെ ഇരുവരും തങ്ങളുടെ പതിവുകള്‍ തുടര്‍ന്നു.
ഞായറാഴ്ച പ്രാര്‍ത്ഥകള്‍ക്കായി ചര്‍ച്ചിലെത്തിയ ജോ ബൈഡനായിരുന്നു ഇന്നലെത്തെ താരം. എന്നാല്‍ തോല്‍വി സമ്മതിക്കാതെയും ആരോപണങ്ങളുയര്‍ത്തിയും വിവാദങ്ങള്‍ സൃഷ്ടിച്ച ട്രംപ് പിറ്റേന്ന് തന്റെ ഗോള്‍ഫ് മൈതാനത്തേക്ക് മടങ്ങുകയാണ് ചെയ്തത്.
ഡെലവെയറിലെ ന്യൂ കാസില്‍ കൗണ്ടിയിലെ ചരിത്ര പ്രാധാന്യമുള്ള റോമന്‍ കത്തോലിക്കാ പള്ളിയായ സെന്റ് ജോസഫ് ചര്‍ച്ചിലായിരുന്നു ബൈഡന് ഇന്നലെ പ്രാര്‍ത്ഥനയില്‍ പങ്കെടുത്തത്. മകള്‍ ആഷ്ലി ബൈഡന്, കൊച്ചുമകന് ഹണ്ടര്‍ എന്നിവരും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.
വാഷിംഗ്ടണ്‍ ഡിസി നഗരപ്രാന്തത്തിലുള്ള വിര്‍ജീനിയയിലെ ഗോള്‍ഫ് മൈതാനത്തായിരുന്നു ട്രംപിന്റെ ഞായറാഴ്ച ആരംഭിച്ചത്. ട്രംപിന്റെ വരവിന് മുന്നോടിയായി ഗോള്‍ഫ് മൈതാനത്തിന് സമീപം അദ്ദേഹത്തെ പിന്തുണച്ചും വിമര്‍ശിച്ചും പ്ലക്കാര്‍ഡുകള്‍ ഉള്‍പ്പെടെ നിരത്തി നിരവധി പേര് അണിനിരന്നിരുന്നു. 'ഓറഞ്ച് തകര്‍ന്നടിഞ്ഞു, ട്രംപ് വലിയ വീഴ്ചവരുത്തി' തുടങ്ങിയ വാചകങ്ങള്‍ എഴുതിയ പ്ലക്കാര്‍ഡുകളായിരുന്നു ഇതില്‍ മിക്കതും. ശനിയാഴ്ച പുറത്ത് വന്ന തിരഞ്ഞെടുപ്പ് ഫലത്തില്‍ ട്രംപ് തോറ്റെന്ന റിപ്പോര്‍ട്ടുകള്‍ വരുമ്പോഴും അദ്ദേഹം ഗോള്‍ഫ് കളിക്കുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ട്.
വൈസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട കമല ഹാരിസ് വിജയത്തിന് പിന്നാലെ രാജ്യത്തെ അഭിസംബോധന ചെയ്യുന്ന ഒരു വീഡിയോ പങ്കുവയ്ക്കുക മാത്രമാണ് ചെയ്തത്. തന്റെ മാതാവിനെ കുറിച്ച് പ്രസംഗത്തില്‍ പരാമര്‍ശിച്ച ഭാഗമായിരുന്നു കമല പങ്കുവച്ചത്.