TopTop
Begin typing your search above and press return to search.

ട്രംപിനേക്കാള്‍ ബൈഡന് മുന്‍തൂക്കമെന്ന് ന്യൂയോര്‍ക്ക് ടൈംസ് സര്‍വ്വെ, കോവിഡും വംശീയ പ്രക്ഷോഭങ്ങളും തിരിച്ചടിയായി

ട്രംപിനേക്കാള്‍ ബൈഡന് മുന്‍തൂക്കമെന്ന് ന്യൂയോര്‍ക്ക് ടൈംസ് സര്‍വ്വെ, കോവിഡും വംശീയ പ്രക്ഷോഭങ്ങളും തിരിച്ചടിയായി

ഈ വർഷം നവംബറില്‍ അമേരിക്കയിൽ നടക്കാൻ പോകുന്ന പ്രസിഡന്റ് തെരെഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക് സ്ഥാനാർഥി ജോ ബൈഡന് മുൻതൂക്കമെന്ന്‌ വിവിധ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. സ്ത്രീകൾക്കും നോൺ‌വൈറ്റ് വോട്ടർമാർക്കും ഇടയിൽ വലിയ സ്വാധീനം ചെലുത്തുന്ന അദ്ദേഹം റിപ്പബ്ലിക്കൻ ചായ്‌വുള്ള ചില ഗ്രൂപ്പുകൾകിടയിൽ പോലും വ്യക്തമായ സ്വാധീനം ചെലുത്തുന്നുണ്ട്. കോവിഡ് മഹാമാരിയെ പ്രതിരോധിക്കുന്നതിൽ ട്രംപ് ഭരണകൂടം വൻ പരാജയമാണെന്ന് റിപ്പബ്ലിക്കൻമാർ പോലും വിശ്വസിക്കുന്നു എന്നാണ് ന്യൂയോർക്ക് ടൈംസും സിയീന കോളേജും സംയുക്തമായി നടത്തിയ അഭിപ്രായ സർവ്വേ പറയുന്നത്.ട്രംപിനെക്കാൾ 14 ശതമാനം പോയിന്റ് മുൻതൂക്കമാണ് ഇപ്പോൾ ബൈഡനുള്ളത്. 50 ശതമാനം വോട്ടർമാരുടെ പിന്തുണയോടെ അദ്ദേഹം മുന്നേറുമ്പോൾ 36 ശതമാനം പേരുടെ പിന്തുണ മാത്രമാണ് ട്രംപിനുള്ളത്. പ്രസിഡന്റ് എന്ന നിലയിൽ ട്രംപിന്റെ ഏറ്റവും മോശമായ പ്രകടനങ്ങളിലൊന്നാണിത്. ഇനിയൊരിക്കൽകൂടെ പ്രസിഡന്റ് ആകാമെന്ന ട്രംപിന്റെ മോഹങ്ങൾക്ക് കനത്ത തിരിച്ചടിയേൽക്കുമെന്ന് സര്‍വെ വ്യക്തമാക്കുന്നു. അധികാരത്തിലിരുന്ന ഇക്കാലമത്രയും ഒട്ടും ജനപ്രീതിയില്ലാത്ത പ്രസിഡന്റായിരുന്നു ട്രംപ്. വലതുപക്ഷ അടിത്തറയ്‌ക്കപ്പുറത്ത് പിന്തുണ വിപുലീകരിക്കാൻ 2016 ലെ തിരഞ്ഞെടുപ്പിന് ശേഷം അദ്ദേഹം കുറച്ച് ശ്രമങ്ങൾ നടത്തിയിട്ടുണ്ട്. അന്ന് 46 ശതമാനം ജനകീയ വോട്ടുകളും ഇലക്ടറൽ കോളേജിലെ മിതമായ വിജയവുമാണ് അദ്ദേഹത്തെ അധികാരത്തിലെത്തിച്ചത്. എന്നാൽ, സമ്പദ്‌വ്യവസ്ഥയെ തകർതത്തെറിഞ്ഞ മഹാമാരിയെ പ്രതിരോധിക്കുന്നതിൽ അദ്ദേഹത്തിന്റെ ഭരണകൂടം പരാജയപ്പെട്ടതിനാലും, വംശീയ-നീതി പ്രതിഷേധ തരംഗത്തെ ക്രൂരമായി അഭിസംബോധന ചെയ്തതിനാലും ട്രംപിനോടുള്ള അകൽച്ച രൂക്ഷമായി. രാജ്യം നേരിടുന്ന കടുത്ത പരീക്ഷണത്തെ അഭിമുഖീകരിക്കുന്നതിൽ പരായജയപ്പെട്ട പ്രസിഡന്റിനെ വീണ്ടും അധികാരത്തിലെത്തിക്കേണ്ടന്ന നിലപാടിലാണ് അമേരിക്കൻ ജനത എന്നാണ് സര്‍വ്വെ നല്‍കുന്ന സൂചന.കറുത്ത വംശജർ അടക്കമുള്ള ന്യൂനപക്ഷങ്ങൾകിടയിലും, യുവാക്കൾക്കും സ്ത്രീ സമൂഹത്തിനുമിടയിലുമെല്ലാം ബൈഡനാണ് താരം. 2016-ലെ തെരഞ്ഞെടുപ്പിൽ ഡെമോക്രാറ്റ് സ്ഥാനാർഥി ഹിലാരി ക്ലിന്റണ് ലഭിച്ചതിനെക്കാൾ പിന്തുണയാണ് ഇപ്പോൾ ബൈഡന് ലഭിക്കുന്നത്. റിപ്പബ്ലിക്കൻ തെരഞ്ഞെടുപ്പ് വിജയത്തിന്റെ നട്ടെല്ലായ മുതിർന്നവരും വെളുത്ത വർഗ്ഗക്കാരും ഉൾപ്പടെയുള്ള സാധാരണ വോട്ടർമാർ ട്രംപിനെ കൈവിടുകയാണെന്ന സൂചനയാണ് ഇപ്പോൾ പുറത്തു വരുന്ന പ്രീ പോൾ സർവ്വേകൾ നൽകുന്നത്. 45 വയസ്സിന് താഴെയുള്ള വെള്ളക്കാരിൽ അമ്പത്തിരണ്ട് ശതമാനം പേർ ബൈഡനെ പിന്തുണയ്ക്കുമ്പോൾ 30 ശതമാനം പേർ മാത്രമാണ് ട്രംപിനെ പിന്തുണയ്ക്കുന്നത്. യുവാക്കളെക്കാൾ കൂടുതൽ മുതിർന്നവരാണ് ബൈഡനെ പിന്തുണയ്ക്കുന്നത്. പക്ഷെ, അപ്പോഴും ട്രംപിന് തിച്ചുവരാനുള്ള സാധ്യതകൾ തുറന്നുതന്നെ കിടപ്പുണ്ട്. നാലര മാസത്തെ പ്രചാരണത്തിൽ അദ്ദേഹം എത്രത്തോളം പ്രകടനം കാഴ്ചവയ്ക്കുന്നു എന്നതിനെ ആശ്രയിച്ചാകും അത്. 2016-ലും ട്രംപ് സമാനമായ സാഹചര്യത്തെ അതിജീവിച്ചതാണ്. അന്ന് പല സ്ഥലങ്ങളിലും ഹിലാരി ക്ലിന്റൺ വ്യക്തമായ ലീഡ് നേടിയിരുന്നെങ്കിലും ആത്യന്തികമായി പ്രധാന സ്വിംഗ് സ്റ്റേറ്റുകളിൽ വലതുപക്ഷ വോട്ടുകൾ വാരിക്കൂട്ടി ട്രംപ് അന്തിമ വിജയം കരസ്ഥമാക്കി. ഇപ്പോഴും വിദ്യാസമ്പന്നരല്ലാത്ത വിഭാഗങ്ങൾക്കിടയിൽ ട്രംപിനാണ് മുൻതൂക്കം. എന്നാലും ഈ നിമിഷത്തെ ഏറ്റവും അടിയന്തര വിഷയങ്ങളിൽ അദ്ദേഹത്തിന് വ്യക്തമായ രാഷ്ട്രീയ ശക്തിയില്ല എന്നതും, കൊറോണയും സാമ്പത്തിക പ്രതിസന്ധിയും, വംശീയ വിദ്വേഷങ്ങൾക്കെതിരായ പ്രതിഷേധവും അടുത്തൊന്നും തീരില്ലെന്നതും അതിനോട് ചേർത്ത് വായിക്കണം.


Next Story

Related Stories