TopTop
Begin typing your search above and press return to search.

'പട്ടാളം ആഭ്യന്തര രാഷ്ട്രീയത്തില്‍ ഇടപെടുന്നെന്ന തോന്നലുണ്ടാക്കി': ട്രംപിന്റെ 'ചര്‍ച്ച് നടത്ത'ത്തില്‍ ഒപ്പം കൂടിയതില്‍ ഖേദിച്ച് ആര്‍മി ജനറല്‍

പട്ടാളം ആഭ്യന്തര രാഷ്ട്രീയത്തില്‍ ഇടപെടുന്നെന്ന തോന്നലുണ്ടാക്കി: ട്രംപിന്റെ ചര്‍ച്ച് നടത്തത്തില്‍ ഒപ്പം കൂടിയതില്‍ ഖേദിച്ച് ആര്‍മി ജനറല്‍

പ്രസിഡണ്ട് ഡോണാള്‍ഡ് ട്രംപിനൊപ്പം ലഫായെറ്റ് സ്ക്വയറിലൂടെ ചര്‍ച്ചിലേക്ക് ഒപ്പം നടന്നു പോയതില്‍ ഖേദം പ്രകടിപ്പിച്ച് യുഎസ്സിന്റെ പരമോന്നത പട്ടാള ഉദ്യോഗസ്ഥന്‍ ആര്‍മി ജനറല്‍ മാര്‍ക്ക് മില്ലേ. മിലിട്ടറി യൂണിഫോമില്‍ ട്രംപിനൊപ്പം ഇദ്ദേഹം നടന്നു പോകുന്നതിന്റെ ചിത്രങ്ങള്‍ മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ജൂണ്‍ ഒന്നിനാണ് ഈ സംഭവമുണ്ടായത്. അന്ന് ട്രംപിന് നടക്കാനായി സ്ഥലത്ത് ജോര്‍ജ് ഫ്ലോയ്ഡ് സംഭവവുമായി ബന്ധപ്പെട്ട് സമാധാനപരമായി സംഘടിച്ച് പ്രതിഷേധിക്കുന്നവരെ പൊലീസ് മുളക് സ്പ്രേയും മറ്റും ഉപയോഗിച്ച് ആക്രമിച്ച് നീക്കം ചെയ്തിരുന്നു.

പട്ടാളം രാഷ്ട്രീയത്തില്‍ നിന്നും വേറിട്ടു നില്‍ക്കണമെന്ന പ്രതിബദ്ധതയില്‍ താന്‍ വിട്ടുവീഴ്ച വരുത്തിയതായി അദ്ദേഹം പറഞ്ഞു. താന്‍ അവിടെ ഉണ്ടാകാന്‍ പാടില്ലായിരുന്നെന്ന് അദ്ദേഹം പറഞ്ഞു. പ്രതിഷേധങ്ങള്‍ക്കെതിരായ സര്‍ക്കാരിന്റെ നീക്കത്തില്‍ പട്ടാളത്തിനും പങ്കുണ്ടെന്ന് ജനങ്ങള്‍ ധരിക്കാന്‍ ഇടയായിരിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ജോര്‍ജ് ഫ്ലോയ്ഡ് പ്രശ്നവുമായി ബന്ധപ്പെട്ട് യുഎസ്സില്‍ നടക്കുന്ന ആഭ്യന്തരക്കുഴപ്പത്തെ നേരിടാന്‍ പട്ടാളത്തെ ഉപയോഗിക്കുമെന്ന് കഴിഞ്ഞയാഴ്ച ട്രംപ് ഭീഷണി മുഴക്കിയിരുന്നു. ഇതിനോട് പെന്റഗണ്‍ അതിശക്തമായി വിയോജിച്ചെന്ന് വാര്‍ത്തകളുണ്ടായിരുന്നു. വൈറ്റ് ഹൗസിനും പെന്റഗണിനുമിടയില്‍ ഇക്കാര്യം കടുത്ത വിയോജിപ്പുകള്‍ വളര്‍ന്നു കഴിഞ്ഞിട്ടുണ്ട്.

"ആ സമയത്തും സാഹചര്യത്തിലും എന്റെ സാന്നിധ്യം ജനങ്ങള്‍ക്കിടയില്‍ ഒരു കാഴ്ചപ്പാടുണ്ടാക്കി. ആഭ്യന്തര രാഷ്ട്രീയത്തില്‍ പട്ടാളം ഇടപെടുന്നുവെന്ന തോന്നലുണ്ടായി. യൂണിഫോമിലുള്ള ഒരുദ്യോഗസ്ഥന്‍ എന്ന നിലയില്‍ അതൊരു അബദ്ധമായിരുന്നു. അതില്‍ നിന്നും നിശ്ചയമായും ഞങ്ങളെല്ലാവരും പാഠമുള്‍ക്കൊള്ളുകയും ചെയ്യും," അദ്ദേഹം വിശദീകരിച്ചു.

അന്ന് ട്രംപിനൊപ്പം വൈറ്റ് ഹൗസ് വിട്ടിറങ്ങുമ്പോള്‍ താന്‍ കരുതിയത് സ്ക്വയറില്‍ സംഭവിച്ച നാശനഷ്ടങ്ങള്‍ വിലയിരുത്താന്‍ പോകുകയാണെന്നാണ്. ഒരു ബൈബിള്‍ കൈയില്‍ കരുതിക്കൊണ്ടായിരുന്നു ട്രംപിന്റെ അന്നത്തെ നീക്കം.


Next Story

Related Stories