Top

തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ചാരിറ്റി ഫണ്ട് ദുരുപയോഗം ചെയ്തു - ട്രംപിന് രണ്ട് മില്യൺ ഡോളർ പിഴ

തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ചാരിറ്റി ഫണ്ട് ദുരുപയോഗം ചെയ്തു - ട്രംപിന് രണ്ട് മില്യൺ ഡോളർ പിഴ

2016-ലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തന്‍റെ ചാരിറ്റി ഫണ്ട് ദുരുപയോഗം ചെയ്തതിന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപില്‍ നിന്നും 2 മില്യൺ ഡോളർ (14,26,70,000 ഇന്ത്യൻ രൂപ) പിഴ ഈടാക്കാന്‍ ന്യൂയോർക്ക് കോടതി ഉത്തരവിട്ടു. 'ഡൊണാൾഡ് ജെ ട്രംപ് ഫൌണ്ടേഷന്‍', ട്രംപിന്റെ സ്വകാര്യ താൽപര്യങ്ങൾക്കായി പ്രവര്‍ത്തിക്കുന്നു എന്ന ആരോപണം ഉയര്‍ന്നതോടെ അത് 2018ൽ തന്നെ അടച്ചുപൂട്ടിയിരുന്നു.

ട്രംപും അദ്ദേഹത്തിന്‍റെ മൂന്ന് മക്കളും നേതൃത്വം നൽകുന്ന ചാരിറ്റി സംഘടനയെ രാഷ്ട്രീയ ലാഭത്തിനായി ഉപയോഗിക്കാന്‍ പാടില്ലായിരുന്നുവെന്ന് ജഡ്ജി പറഞ്ഞു. പിഴ മുഴുവന്‍ ട്രംപില്‍ നിന്നും ഈടാക്കാനാണ് വിധി. 'ട്രംപില്‍ നിന്നും 2 മില്യൺ ഡോളർ പിഴ ട്രംപ് തന്നെ നല്‍കണം. ഫൌണ്ടേഷന്‍ നിലവില്‍ ഉണ്ടായിരുന്നുവെങ്കില്‍ ഈ തുക അവിടേക്ക് പോകുമായിരുന്നു'- ജഡ്ജി സാലിയൻ സ്കാർപുള്ള എഴുതി. ട്രംപിന് യാതൊരു ബന്ധവുമില്ലാത്ത എട്ട് ചാരിറ്റികളിലേക്ക് പണം വീതിച്ചു നല്‍കണമെന്നും ജഡ്ജി വിധിച്ചു. സര്‍വീസില്‍ നിന്നും വിരമിച്ച യുഎസ് സൈനികർക്ക് വേണ്ടി സ്വരൂപിച്ച ഫണ്ടാണ് ട്രംപ് തന്‍റെ ഇലക്ഷന്‍ പ്രചാരണത്തിനായി ഉപയോഗിച്ചത്.

ട്രംപ് ഫൌണ്ടേഷന്‍ ഡയറക്ടർമാരായ ഡൊണാൾഡ് ട്രംപ് ജൂനിയർ, എറിക് ട്രംപ്, ഇവാങ്ക ട്രംപ് എന്നിവര്‍ക്ക് 'ഉദ്യോഗസ്ഥരുടെയും ചാരിറ്റികളുടെയും ഡയറക്ടർമാരുടെയും ചുമതലകളെക്കുറിച്ച്' നിര്‍ബന്ധമായും പരിശീലനം നൽകേണ്ടതുണ്ടെന്ന് ന്യൂയോർക്ക് അറ്റോർണി ജനറൽ ലെറ്റിറ്റിയ ജെയിംസ് പറഞ്ഞു. സ്റ്റേറ്റ് പ്രോസിക്യൂട്ടർമാർ കൊണ്ടുവന്ന കേസിന്റെ അന്തിമ വിധിയാണ് പിഴയടക്കുകയെന്നത്. അതേസമയം, ഈ കേസ് രാഷ്ട്രീയ പ്രേരിതമാണെന്നും 'ന്യൂയോർക്കിലെ ഡെമോക്രാറ്റുകൾ' തന്നെ കുറ്റപ്പെടുത്താൻ തങ്ങളാലാവുന്നതെല്ലാം ചെയ്യുന്നുവെന്നും ട്രംപും അദ്ദേഹത്തിന്റെ അഭിഭാഷകരും വാദിച്ചിരുന്നു.


Next Story

Related Stories