TopTop
Begin typing your search above and press return to search.

കാബൂളില്‍ പ്രമുഖ രാഷ്ട്രീയ നേതാക്കൾ പങ്കെടുത്ത ചടങ്ങിൽ ഭീകരാക്രമണം, 32 പേർ കൊല്ലപ്പെട്ടു, ബന്ധമില്ലെന്ന് താലിബാൻ

കാബൂളില്‍ പ്രമുഖ രാഷ്ട്രീയ നേതാക്കൾ പങ്കെടുത്ത ചടങ്ങിൽ ഭീകരാക്രമണം, 32 പേർ കൊല്ലപ്പെട്ടു, ബന്ധമില്ലെന്ന് താലിബാൻ

അഫ്ഗാനിസ്ഥാന്‍റെ തലസ്ഥാനമായ കാബൂളില്‍ പ്രമുഖ രാഷ്ട്രീയ നേതാക്കൾ പങ്കെടുത്ത ചടങ്ങിൽ ഭീകരാക്രമണം. 32 പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. രണ്ട് അക്രമികളെ സുരക്ഷാ സേന വധിച്ചു. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇസ്ലാമിക് സ്റ്റേറ്റ് ഏറ്റെടുത്തു. സൈനിക വേഷത്തില്‍ എത്തിയ തീവ്രവാദികളാണ് ആക്രമണം നടത്തിയത്. ഐസിസ് അഫ്ഗാനിസ്ഥാനിലെ ഷിയകൾക്കെതിരെ യുദ്ധം പ്രഖ്യാപിച്ചിരുന്നു. ചടങ്ങിൽ പങ്കെടുത്തവരിൽ പലരും ന്യൂനപക്ഷ വിഭാഗം കൂടിയായ ഷിയകളാണ്. 1995-ൽ കൊല്ലപ്പെട്ട പ്രമുഖ അഫ്ഗാനിസ്ഥാന്‍ നേതാവ് അബ്ദുൽ അലി മസാരിയുടെ ഓര്‍മ്മ ദിനവുമായി ബന്ധപ്പെട്ടാണ് ഒത്തുകൂടല്‍ ചടങ്ങ് സംഘടിപ്പിക്കപ്പെട്ടത്. ആക്രമണത്തിൽ തങ്ങൾ പങ്കാളികളല്ലെന്ന് താലിബാൻ പറഞ്ഞു. കാബൂളിലെ ഡാഷ്-ഇ-ബാർച്ചി പ്രദേശത്ത് നടന്ന ആക്രമണത്തിൽ 32 പേർ കൊല്ലപ്പെടുകയും 81 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ആഭ്യന്തര മന്ത്രാലയ വക്താവ് നസ്രത്ത് റഹിമി വ്യക്തമാക്കി. എന്നാല്‍, ആരോഗ്യമന്ത്രാലയം പുറത്തിറക്കിയ പ്രസ്ഥാവനയില്‍ 58 പേർക്കാണ് പരിക്കേറ്റതെന്നും പറയുന്നു. അപകടത്തിൽപ്പെട്ടവരെല്ലാം സാധാരണക്കാരാണ്. രാജ്യത്തെ ചീഫ് എക്സിക്യൂട്ടീവും കഴിഞ്ഞ വർഷത്തെ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയുമായ പ്രതിപക്ഷ നേതാവ് അബ്ദുല്ല അബ്ദുല്ല ചടങ്ങിൽ പങ്കെടുത്തിരുന്നു. പ്രമുഖ നേതാക്കളില്‍ പലരും ചടങ്ങ് തീരുന്നതിനു മുന്‍പ് ഇറങ്ങുകയും ചെയ്തു. താലിബാനും യു.എസും തമ്മില്‍ കഴിഞ്ഞ ശനിയാഴ്ചയാണ് സമാധാന കരാര്‍ ഒപ്പുവച്ചത്. അഫ്ഗാന്‍ സര്‍ക്കാറുമായി രാജ്യത്തിന്‍റെ ഭാവിയെകുറിച്ച് ചര്‍ച്ച ചെയ്യാന്‍ താലിബാന്‍ തയ്യാറാവുകയാണെങ്കില്‍ യു എസ് സൈന്യം 14 മാസത്തിനുള്ളിൽ അഫ്ഗാനിസ്ഥാനിൽ നിന്ന് പുറത്തുപോകുമെന്നായിരുന്നു കരാര്‍. എന്നാല്‍ കരാർ ഒപ്പിട്ട് രണ്ട് ദിവസത്തിനുള്ളില്‍തന്നെ താലിബാന്‍ പിന്മാറുകയാണെന്ന് പ്രഖ്യാപിച്ചു. തടവുകാരെ കൈമാറുന്നതുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളായിരുന്നു കാരണം. തുടര്‍ന്ന്, കിഴക്കൻ അഫ്ഗാനിസ്ഥാനിൽ നടന്ന ഒരു ഫുട്ബോൾ മത്സരത്തിനിടെ താലിബാന്‍ ആക്രമണം നടത്തുകയും ചെയ്തിരുന്നു.


Next Story

Related Stories