TopTop
Begin typing your search above and press return to search.

'നഷ്ടപ്പെട്ട സ്വര്‍ണ നഗരം'; ഈജിപ്തിലെ 3000 വർഷം പഴക്കമുള്ള ​ന​ഗരം കണ്ടെത്തി

നഷ്ടപ്പെട്ട സ്വര്‍ണ നഗരം; ഈജിപ്തിലെ 3000 വർഷം പഴക്കമുള്ള ​ന​ഗരം കണ്ടെത്തി

ആയിരക്കണക്കിന് വര്‍ഷങ്ങളായി മണ്ണിനടിയിലായിരുന്ന ഈജിപ്തിലെ അരിപുരാതനമായ നഗരം കണ്ടെത്തിയതിനെ കുറിച്ചുള്ള ചര്‍ച്ചകളിലാണ് പുരാവസ്തു ഗവേഷകര്‍. ടുട്ടന്‍ഖാമുന്റെ ശവകുടീരം കണ്ടെത്തിയതിനുശേഷം കണ്ടെത്തിയ ഏറ്റവും പ്രധാനപ്പെട്ട കണ്ടെത്തലുകളിലൊന്നാണിതെന്നാണ് വിദഗ്ധര്‍ പറയുന്നത്. പ്രശസ്ത ഈജിപ്‌റ്റോളജിസ്റ്റ് സാഹി ഹവാസ് 'നഷ്ടപ്പെട്ടു എന്ന് കരുതുന്ന സ്വര്‍ണനഗരം' കണ്ടെത്തിയെന്നാണ് ഇതേക്കുറിച്ച് പറഞ്ഞത്. രാജാക്കന്മാരുടെ താഴ്വരയുടെ ആസ്ഥാനമെന്ന് പറയപ്പെടുന്ന ലക്‌സറിനടുത്താണ് ഈ സ്ഥലം കണ്ടെത്തിയത്.

ഡോ. സാഹി ഹവാസിന്റെ നേതൃത്വത്തിലുള്ള ഈജിപ്ഷ്യന്‍ സംഘം മണലിനടിയില്‍ നിന്ന് കണ്ടെത്തിയ ഈ നഗരം 3,000 വര്‍ഷം പഴക്കമുള്ള ഈ നഗരം ആമെന്‍ഹോടെപ് മൂന്നാമന്റെ ഭരണകാലത്തേതാണ്, ടുട്ടന്‍ഖാമുനും ഐയും തുടര്‍ന്നും ഇവിടം ഭരിച്ചു'' എന്നും സംഘം പറയുന്നു. ആറ്റന്‍ എന്ന് അറിയപ്പെടുന്ന ഈ നഗരം ഈജിപ്തില്‍ ഇതുവരെ കണ്ടെത്തിയതില്‍ വച്ച് ഏറ്റവും വലിയ പുരാതന നഗരമാണ് എന്നാണ് കരുതുന്നത്.

ജോണ്‍സ് ഹോപ്കിന്‍സ് സര്‍വകലാശാലയിലെ ഈജിപ്ഷ്യന്‍ ആര്‍ട്ട് ആന്‍ഡ് ആര്‍ക്കിയോളജി പ്രൊഫസറായ ബെറ്റ്‌സി ബ്രയാന്‍ പറയുന്നത് 'ടുട്ടന്‍ഖാമുന്റെ ശവകുടീരം കണ്ടെത്തിയതിന് ശേഷമുള്ള ഏറ്റവും വലിയ കണ്ടെത്തലാണ് ഇത്' എന്നാണ്. ആ കാലത്തേത് എന്ന് കരുതുന്ന മോതിരം പോലെയുള്ള ആഭരണങ്ങള്‍, വിവിധ നിറങ്ങളിലുള്ള കളിമണ്‍ പാത്രങ്ങള്‍, ആമെന്‍ഹോടെപ് മൂന്നാമന്റെ മുദ്രകള്‍ ഉള്ള ഇഷ്ടികകള്‍ എന്നിവയെല്ലാം ഇവിടെ നിന്നും കണ്ടെത്തി. മുന്‍ ആന്റിക്വിറ്റീസ് മന്ത്രിയായിരുന്ന ഹവാസ് പറഞ്ഞത് ഇങ്ങനെ: 'പല വിദേശ ദൗത്യങ്ങളും ഈ നഗരത്തിനായി തിരഞ്ഞിരുന്നു. പക്ഷേ, അത് ഇതുവരെ കണ്ടെത്തിയിരുന്നില്ല.'

തലസ്ഥാനമായ കെയ്റോയ്ക്ക് 500 കിലോമീറ്റര്‍ (300 മൈല്‍) തെക്ക് ലക്‌സറിനടുത്തുള്ള റാംസെസ് മൂന്നാമന്റെയും അമെന്‍ഹോടെപ് മൂന്നാമന്റെയും ക്ഷേത്രങ്ങള്‍ക്കിടയില്‍ 2020 സെപ്റ്റംബറിലാണ് സംഘം ഖനനം ആരംഭിച്ചത്. ആഴ്ചകള്‍ക്കുള്ളില്‍ തന്നെ സംഘത്തെ അത്ഭുതപ്പെടുത്തിക്കൊണ്ട് വലിയ തകരാറുകളൊന്നും സംഭവിക്കാത്ത തരത്തില്‍ ഇഷ്ടികകളും മറ്റും കണ്ടെത്തി. പിന്നാലെ വേര്‍തിരിച്ചിരിക്കുന്ന ചുമരുകളും മുറികളും കണ്ടെത്തി. ദൈനംദിനാവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്ന ഉപകരണങ്ങളും കണ്ടെത്തുകയുണ്ടായി. ഏഴ് മാസത്തെ ഖനനം കഴിഞ്ഞപ്പോഴേക്കും ഓവനടക്കമുള്ള ബേക്കറികളും ആളുകള്‍ താമസിച്ചിരുന്ന സ്ഥലങ്ങളുമെല്ലാം കണ്ടെത്തുകയുണ്ടായി. ആമന്‍ഹോടെപ് മൂന്നാമന്‍ യൂഫ്രട്ടീസ് മുതല്‍ സുഡാന്‍ വരെ നീളുന്ന ഒരു സാമ്രാജ്യം ഭരിച്ചുവെന്ന് പുരാവസ്തു ഗവേഷകര്‍ പറയുന്നു. ബിസി 1354 -ല്‍ അദ്ദേഹം മരിച്ചു.

നാലു പതിറ്റാണ്ടോളം അദ്ദേഹം അവിടം ഭരിച്ചു. ആഡംബരത്തിനും സമൃദ്ധിക്കും പേരുകേട്ട കാലമായിരുന്നു അദ്ദേഹം ഭരിച്ചിരുന്ന കാലം. അദ്ദേഹത്തെയും ഭാര്യയെയും പ്രതിനിധീകരിക്കുന്ന വലിയ രണ്ട് ശിലപ്രതിമകളും ഇവിടെ സ്ഥാപിക്കപ്പെട്ടിട്ടുണ്ട്. ആയിരക്കണക്കിന് വര്‍ഷങ്ങളായിട്ടും ഇന്നലത്തേത് എന്നപോലെയാണ് അവിടെയെല്ലാം ഇപ്പോഴും ഉള്ളത് എന്ന് പുരാവസ്തുഗവേഷകരുടെ സംഘം പറയുന്നു. ജനങ്ങള്‍ ഏറ്റവും ധനികരായി ജീവിച്ച കാലം അതാണ് എന്നാണ് ഈ കണ്ടെത്തലുകള്‍ കാണിക്കുന്നത് എന്നും സംഘം പറഞ്ഞു.

ഇനിയും നിരവധി പ്രധാനപ്പെട്ട കണ്ടെത്തലുകള്‍ ഇവിടെ നടക്കും എന്നാണ് ഗവേഷകര്‍ വിശ്വസിക്കുന്നത്. എത്രയോ ശവകുടീരങ്ങള്‍ കണ്ടെത്താതെ കിടക്കുന്നുണ്ട്. അവയെല്ലാം പുരാവസ്തുഗവേഷകരെ സംബന്ധിച്ച് നിധി ഒളിച്ചിരിക്കുന്നവയാകും എന്നും അവര്‍ പറയുന്നു. കഴിഞ്ഞയാഴ്ച, ഈജിപ്ഷ്യന്‍ മ്യൂസിയത്തില്‍ നിന്ന് 18 പുരാതന രാജാക്കന്മാരുടെയും നാല് രാജ്ഞികളുടെയും മമ്മിഫൈ ചെയ്ത അവശിഷ്ടങ്ങള്‍ പുതിയ 'നാഷണല്‍ മ്യൂസിയം ഓഫ് ഈജിപ്ഷ്യന്‍ സിവിലൈസേഷനി'ലേക്ക് കൊണ്ടുപോയിരുന്നു. 22 മൃതദേഹങ്ങളില്‍ ആമെന്‍ഹോടെപ് മൂന്നാമന്റെയും ഭാര്യ ടിയേയുടെയും മൃതദേഹങ്ങള്‍ ഉള്‍പ്പെടുന്നു.


Next Story

Related Stories