TopTop
Begin typing your search above and press return to search.

ശ്രീലങ്കൻ രാഷ്ട്രീയം ഇനി രാജപക്സ കുടുംബത്തിന്റെ സമഗ്രാധിപത്യത്തില്‍

ശ്രീലങ്കൻ രാഷ്ട്രീയം ഇനി രാജപക്സ കുടുംബത്തിന്റെ സമഗ്രാധിപത്യത്തില്‍

ശ്രീലങ്കയിൽ മുൻ പ്രസിഡന്റ് മഹീന്ദ രാജപക്സ ഇന്നലെ വീണ്ടും പ്രധാനമന്ത്രിയായി അധികാരമേറ്റത്, ഓഗസ്റ്റ് 5ന് നടന്ന പാർലമെന്റ് തിരഞ്ഞെടുപ്പിൽ തന്റെ പാർട്ടിയെ മൂന്നിൽ രണ്ട് ഭൂരിപക്ഷത്തിലേയ്ക്ക് നയിച്ചാണ്. 50 വർഷം മുമ്പ് ആദ്യമായി ശ്രീലങ്കൻ പാർലമെന്റിലെത്തിയ മഹീന്ദ രാജപക്സ, 74ാം വയസ്സിൽ വീണ്ടും പാർലമെന്റിലെത്തിയത് അഞ്ച് ലക്ഷത്തിലധികം വോട്ട് നേടിയാണ്. ശ്രീലങ്കയിലെ ഭൂരിപക്ഷ വിഭാഗമായ സിംഹളരുടെ ഇടയിൽ മഹീന്ദ രാജപക്സയ്ക്കുള്ള വലിയ പിന്തുണയാണ് തിരഞ്ഞെടുപ്പ് ഫലം കാണിക്കുന്നത്. ന്യൂനപക്ഷ വിഭാഗങ്ങളെ അധികാരത്തിൽ നിന്നും മുഖ്യധാരയിൽ നിന്നും നിഷ്കാസനം ചെയ്യുന്ന ഭൂരിപക്ഷാധിപത്യ രാഷ്ട്രീയത്തിന്റെ വിജയവും, ചോദ്യം ചെയ്യപ്പെടാത്ത ആധിപത്യവും ഇതോടൊപ്പം കുറിക്കപ്പെട്ടു. സത്യപ്രതിജ്ഞ നടന്നത് കൊളംബോയ്ക്ക് സമീപമുള്ള കേളാനീയ രാജ മഹാ വിഹാര എന്ന ബുദ്ധക്ഷേത്രത്തിലാണ്. മഹീന്ദയുടെ അനുഗ്രഹം വാങ്ങി കഴിഞ്ഞ വർഷം അനുജൻ ഗൊതബായ രാജപക്സ പ്രസിഡന്റ് ആയി സത്യപ്രതിജ്ഞ ചെയ്തതും ഇവിടെത്തന്നെ.

ഭരണഘടനാ പദവികളുമായി ബന്ധപ്പെട്ട ഏതെങ്കിലും സ്ഥലമോ, മതവുമായി ബന്ധമില്ലാത്ത ഏതെങ്കിലും പൊതുസ്ഥലമോ അല്ല സത്യപ്രതിജ്ഞക്കായി രാജപക്സ കുടുംബം തിരഞ്ഞെടുത്തത്. ഔദ്യോഗിക മതമുള്ള രാജ്യങ്ങളിൽ മിക്കതും സ്വീകരിക്കാത്ത ഒരു സമീപനമാണ് ശ്രീലങ്കയിലെ ഏറ്റവും പ്രമുഖമായ അധികാരരാഷ്ട്രീയ കുടുംബത്തിന്റേത്. ശ്രീലങ്കൻ തീവ്രദേശീയ വലതുപക്ഷ രാഷ്ട്രീയത്തിന്റെ ഏറ്റവും ശക്തരായ പ്രയോക്താക്കളായി കടുത്ത വംശീയ ധ്രുവീകരണം നടത്തിയും സിംഹള ഭൂരിപക്ഷത്തെ പ്രീണിപ്പിച്ചുമാണ് രാജപക്സ സഹോദരന്മാർ വൻ വിജയം നേടിയത്. പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ മുൻ പ്രസിഡന്റ് പ്രേമദാസയുടെ മകൻ സജിത്ത് പ്രേമദാസ, ഗൊതബായയ്ക്ക് കാര്യമായ വെല്ലുവിളി ഉയർത്തിയതേയില്ല. 2015ലെ പാർലമെന്റ് തിരഞ്ഞെടുപ്പിൽ രാജപക്സ വിജയിച്ചിരുന്നെങ്കിലും അദ്ദേഹത്തിന്റെ യുണൈറ്റഡ് പീപ്പിൾസ് അലയൻസ് ദയനീയമായി പരാജയപ്പെട്ടിരുന്നു. മൈത്രിപാല സിരിസേനയുടെ പാർട്ടിയും റനിൽ വിക്രമസിംഗെയുടെ യുഎൻപിയും ചേർന്നുള്ള സഖ്യമാണ് വിജയിച്ചത്. റനിൽ വിക്രമസിംഗെ ഇന്ത്യയുമായി അടുപ്പമുള്ള നേതാവായി അറിയപ്പെടുമ്പോൾ ചൈന അനുകൂലിയായാണ് മഹീന്ദ രാജപക്സ അറിയപ്പെടുന്നത്. രാജപക്സ പ്രസിഡന്റായിരുന്ന പത്ത് വർഷക്കാലം ശ്രീലങ്കയിലെ അടിസ്ഥാന സൗകര്യ പദ്ധതികളിലും ഹമ്പൻടോട്ട തുറമുഖ നിർമ്മാണത്തിലും ചൈനീസ് പങ്കാളിത്തമുണ്ടായി. ചൈന വൻ തോതിൽ നിക്ഷേപം ശ്രീലങ്കയിൽ നടത്താൻ തുടങ്ങി.

മറ്റൊരു സഹോദരൻ ബേസിൽ രാജപക്സ 2007 മുതൽ 2015 വരെ പാർലമെന്റ് അംഗമായിരുന്നു. 2007ൽ ബേസിൽ രാജപക്സ പാർലമെന്റിലെത്തിയത് ജനങ്ങൾ തിരഞ്ഞെടുത്തിട്ട് ആയിരുന്നില്ല. പ്രസിഡന്റ് മഹീന്ദ രാജപക്സ അധികാരം ഉപയോഗിച്ച് നാഷണൽ ലിസ്റ്റിൽ നിന്ന് അനുജനെ പാർലമെന്റ് അംഗമായി നിയമിക്കുകയായിരുന്നു. 2005 മുതൽ 2010 വര പ്രസിഡന്റിന്റെ ഉപദഷ്ടാവായും 2010 മുതൽ 2015 വരെ സാമ്പത്തികവികസന മന്ത്രിയായും ബേസിൽ രാജപക്സ പ്രവർത്തിച്ചു. കീഴടങ്ങിയ എൽടിടിഇക്കാരേയും തമിഴ് വംശജരേയും കൂട്ടക്കൊല ചെയ്യാൻ നിർദ്ദേശങ്ങൾ നൽകിയെന്ന് ബേസിൽ രാജപക്സയ്ക്കെതിരെ ആരോപണമുയർന്നിരുന്നു. അഴിമതിയുടേയും അധികാര ദുർവിനിയോഗങ്ങളുടേയും പേരിൽ ബേസിൽ അന്വേഷണം നേരിട്ടിരുന്നു. 2015 ഏപ്രിലിൽ അഴിമതിക്കേസിൽ അറസ്റ്റ് ചെയ്യപ്പെടുകയും ചെയ്തു.

മഹിന്ദ്ര രാജപക്സയുടെ പിതാവ് ഡി എ രാജപക്സയിൽ നിന്നാണ് രാജപക്സ കുടുംബത്തിന്റെ അധികാരരാഷ്ട്രീയ ചരിത്രം തുടരുന്നത്. സോളമൻ ഭണ്ഡാരനായകെ സ്ഥാപിച്ച ശ്രീലങ്ക ഫ്രീഡം പാർട്ടി നേതാവും മുൻ മന്ത്രിയുമായിരുന്നു ഡോൺ ആൽവിൻ രാജപക്സ. ബ്രിട്ടീഷുകാർക്കെതിരെ ഇന്ത്യയിൽ നടന്ന പോലെ ശക്തമായ സ്വാതന്ത്ര്യപ്രക്ഷോഭമൊന്നും നടന്നിട്ടില്ലാത്ത ശ്രീലങ്കയിലെ സ്വാതന്ത്ര്യസമര പ്രവർത്തകനുമായിരുന്നു അദ്ദേഹം. യുണൈറ്റഡ് നാഷണൽ പാർട്ടി (യുഎൻപി) വിട്ടാണ് ഡി എ രാജപക്സ ശ്രീലങ്ക ഫ്രീഡം പാർട്ടിയിലെത്തിയത്. ശ്രീലങ്ക സ്വാതന്ത്ര്യം നേടിയ ശേഷമാണ് എസ് എൽ എഫ് പി സ്ഥാപിക്കപ്പെട്ടത്. 1951ൽ. യുഎൻപി സ്ഥാപിക്കപ്പെട്ടത് സിലോൺ ബ്രിട്ടീഷ് കോളനിയായിരിക്കെ 1946ലാണ്. ശ്രീലങ്ക പ്രസിഡൻഷ്യൽ സംവിധാനത്തിലേയ്ക്ക് വരുന്നത് പിന്നീടാണ്. പ്രധാനമന്ത്രിക്ക് തന്നെയായിരുന്നു പഴയ ബ്രിട്ടീഷ് കോളനിയായ സിലോണിൽ പ്രാമുഖ്യം. വിജയേന്ദ്ര ദഹനായകെയുടെ മന്ത്രിസഭയിൽ അംഗമായിരുന്നു ഡി എ രാജപക്സ. പിന്നീട് സ്പീക്കറായും പ്രവർത്തിച്ചു.

1965ലെ പാർലമെന്റ് തിരഞ്ഞെടുപ്പിൽ ഡി എ രാജപക്സയും എസ് എൽ എഫ് പിയും പരാജയപ്പെട്ടു. ഇക്കാലത്ത് ഡി എ രാജപക്സ സാമ്പത്തികമായും തകർന്നു. കാറും സ്ഥലങ്ങളുമെല്ലാം വിറ്റു. മക്കളായ ചമലും മഹീന്ദയും ഗൊതബായയും ബേസിലും ഇക്കാലത്ത് കൊളംബോയിൽ വിദ്യാർത്ഥികളായിരുന്നു. കുടുംബത്തിന്റെ ചിലവുകൾ നടത്താൻ ഡി രാജപക്സ അവസാനകാലത്ത് നന്നായി ബുദ്ധിമുട്ടി. ആശുപത്രിയിലെത്തിക്കാൻ വാഹനം പോലും കിട്ടാതെ ബുദ്ധിമുട്ടി. അസുഖബാധിതനായി 1967ൽ മരിക്കുകയും ചെയ്തു. ഡി എം രാജപക്സയുടെ സഹോദരനായിരുന്ന ഡി എം രാജപക്സ (ഡോൺ മാത്യു രാജപക്സ) ബ്രിട്ടീഷ് ഭരണകാലത്ത് സിലോൺ സ്റ്റേറ്റ് കൗൺസിൽ അംഗമായിരുന്നു. സിലോണിലെ കമ്മ്യൂണിസ്റ്റ് പാർട്ടിയുമായി സഹകരിച്ചാണ് ഡി എം രാജപക്സ പാർലമെന്ററി രാഷ്ട്രീയത്തിലെത്തിയത്. ഹംബൻടോട്ടയാണ് രാജപക്സ കുടുംബത്തിന്റെ ആസ്ഥാനം. ഇവരുടെ പിതാവ് ഡോൺ ഡേവിഡ് രാജപക്സ മുതലാണ് ഈ സിംഹ കുടുംബം ക്രിസ്ത്യൻ പേരുകൾ സ്വീകരിച്ച് തുടങ്ങിയത്. എന്നാൽ ഡി എ രാജപക്സയുടെ മക്കളൊന്നും ക്രിസ്ത്യൻ പേരുകൾ സ്വീകരിച്ചില്ല. ഡിഎം രാജപക്സയുടെ മരണത്തെ തുടർന്നാണ് സ്റ്റേറ്റ് കൗൺസിൽ അംഗമായി സഹോദരൻ ഡി എ രാജപക്സ രാഷ്ട്രീയത്തിൽ സജീവമായത്.

പിതാവിന്റെ മരണത്തെ തുടർന്ന് 21ാം വയസ്സിലാണ് രാജപക്സ രാഷ്ട്രീയത്തിൽ സജീവമായത്. യൂണിവേഴ്സിറ്റിയിലെ ലൈബ്രറി അസിസ്റ്റന്റായി പ്രവർത്തിച്ചിട്ടുള്ള മഹീന്ദ രാജപക്സ പിന്നീട് ശ്രീലങ്ക ലോ കോളേജിൽ നിന്ന് നിയമബിരുദം നേടി. അഭിഭാഷകനായിരുന്ന മഹീന്ദ രാജപക്സ 1970ലാണ് ആദ്യമായി പാർലമെന്റിലെത്തിയത്. 24 വയസ്സിൽ ശ്രീലങ്കൻ പാർലമെന്റിലെ ഏറ്റവും പ്രായം കുറഞ്ഞ അംഗമായി മാറി. 1994ലാണ് ആദ്യമായി മന്ത്രിയായത്. ചന്ദ്രിക കുമാരതുംഗയുടെ മന്ത്രിസഭയിൽ അംഗമായി. മഹീന്ദ രാജപക്സ ശ്രീലങ്കയുടെ പ്രധാനമന്ത്രിയാകുന്നത് ഇത് നാലാം തവണയാണ്. ചന്ദ്രിക കുമാരതുംഗ പ്രസിഡന്റ് ആയിരുന്ന 2004-2005 കാലത്താണ് ആദ്യമായി രാജപക്സ പ്രധാനമന്ത്രിയായത്. 2002 മുതൽ 2004 വരെ പ്രതിപക്ഷ നേതാവായിരുന്നു. 2005ലെ തിരഞ്ഞെടുപ്പിൽ വിജയിച്ച് ആദ്യമായി പ്രസിഡന്റായി. പ്രതിരോധ വകുപ്പ് രാജപക്സ തന്നെ ഏറ്റെടുത്തു. അതേസമയം മുൻ സൈനികനായ അനുജൻ ഗൊതബായയെ പ്രതിരോധ സെക്രട്ടറിയാക്കി. ഫലത്തിൽ പ്രതിരോധ മന്ത്രി തന്നെ. വിരമിക്കാൻ മുപ്പത് ദിവസം മാത്രമുണ്ടായിരുന്ന സൈനികമേധാവി ശരദ് ഫൊൻസേകയുടെ കാലാവധി നീട്ടിക്കൊടുത്തു. പിന്നെ സൈന്യത്തെ നിയന്ത്രിച്ചത് ഈ മൂന്നംഗ സംഘമാണ്. 2005ലെ തിരഞ്ഞെടുപ്പിൽ വടക്കൻ തമിഴ് മേഖലയിലെ വോട്ടിംഗ് മരവിപ്പിക്കാൻ മഹീന്ദ രാജപക്സ എൽടിടിഇയ്ക്ക് കൈക്കൂലി നൽകിയതായി എതിരാളികൾ ആരോപിച്ചിരുന്നു.

അതേസമയം 2010ൽ രാജപക്സ വിജയം ആവർത്തിച്ചു. 2010ലെ തിരഞ്ഞെടുപ്പിലും സമാനമായ ആരോപണമുയർന്നു. തമിഴ് ഭൂരിപക്ഷ മേഖലകളിലെ വോട്ടിംഗ് തടസപ്പെടുത്തിയതായും തമിഴർക്ക് കൃത്യമായി വോട്ട് ചെയ്യാൻ കഴിഞ്ഞിരുന്നെങ്കിൽ യുഎൻപി സ്ഥാനാർത്ഥിയായ റനിൽ വിക്രമസിംഗെ വിജയിക്കുമായിരുന്നു എന്ന വിലയിരുത്തലുണ്ടായിരുന്നു. ഈ ആരോപണം യുഎൻപി ഉന്നയിക്കുകയും ചെയ്തിരുന്നു. തിരഞ്ഞെടുപ്പ് തിരിമറി നടത്തിയതായും യുഎൻപി ആരോപിച്ചു. മൂന്ന് പതിറ്റാണ്ടോളം നീണ്ട ആഭ്യന്തര യുദ്ധം അവസാനിപ്പിച്ച് തമിഴ് തീവ്രവാദി സംഘടനയായ എൽടിടിഇയെ തുരത്തിയ സിംഹളരുടെ 'വീരനായക'നായി 2009ൽ രാജപക്സ മാറി. 2010ലെ തിരഞ്ഞെടുപ്പിൽ ഭരണത്തുടർച്ച ലഭിച്ചതിൽ ഇത് നിർണായകമായിരുന്നു. എന്നാൽ കുട്ടികളടക്കമുള്ള തമിഴ് വിഭാഗക്കാരെ കൂട്ടക്കൊല ചെയ്ത ശ്രീലങ്കൻ സൈന്യത്തിന്റെ ഭീകരമായ മനുഷ്യാവകാശ ലംഘനങ്ങൾ പുറത്തുവന്നു. തമിഴ് വംശജരായ നാൽപ്പതിനായിരത്തോളം പേർ ആഭ്യന്തര യുദ്ധത്തിലും സൈനികനടപടിയിലും കൊലപ്പെട്ടു. എൽടിടിഇ തലവൻ വേലുപ്പിള്ള പ്രഭാകരൻ അടക്കമുള്ളവർ കൊല്ലപ്പെട്ടു. പ്രഭാകരന്റ മകൻ, പത്ത് വയസ്സുണ്ടായിരുന്ന ബാലചന്ദ്രനെ ശ്രീലങ്കൻ സൈന്യം പിടികൂടി വെടിവച്ചതാണെന്ന റിപ്പോർട്ടുകൾ വന്നു. എൽടിടിഇ പ്രവർത്തകർ അടക്കമുള്ള സ്ത്രീകൾ ബലാത്സംഗത്തിന് ഇരകളാക്കപ്പെട്ട ശേഷം കൊല ചെയ്യപ്പെട്ടതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

രാജപക്സയാണ് കൂട്ടക്കൊലയ്ക്ക് ഉത്തരവാദി എന്ന് യുഎസ് നയതന്ത്രജ്ഞരായ പട്രീഷ്യ ബട്നിസ് അടക്കമുള്ളവർ കരുതിയിരുന്നതായി വ്യക്തമാക്കുന്ന വിക്കിലീക്ക്സ് കേബിളുകൾ പുറത്തുവന്നു. ഗൊതബായയും ശരത് ഫൊൻസേകയും കൂട്ടക്കൊലയ്ക്ക് ഉത്തരവാദികളാണെന്ന് യുഎസ് ഉദ്യോഗസ്ഥർ പറഞ്ഞത് സംബന്ധിച്ച വിവരങ്ങൾ പുറത്തുവന്നു. 2011 ഏപ്രിലിൽ അന്നത്തെ യുഎൻ സെക്രട്ടറി ജനറൽ ബാൻ കി മൂൺ വിദഗ്ധ സമിതി റിപ്പോർട്ട് പുറത്തുവിട്ടു. ശ്രീലങ്കൻ സൈന്യത്തിന്റെ ക്രൂരതകൾ തെളിവുകളും വസ്തുതകളും സഹിതം വിവരിക്കുന്നതായിരുന്നു റിപ്പോർട്ട്. എന്നാൽ എല്ലാ ആരോപണങ്ങളും രാജപക്സയും ഗവൺമെന്റും തള്ളിക്കളഞ്ഞു. അതേസമയം സൺഡ ലീഡറിന് നൽകിയ അഭിമുഖത്തിൽ ശരത് ഫൊൻസേക നടത്തിയ പരാമർശം വിവാദമായി. കീഴടങ്ങിയ എൽടിടിഇക്കാരെ വധിക്കാൻ പ്രതിരോധ സെക്രട്ടറിയായിരുന്ന ഗൊതബായ രാജപക്സ ഉത്തരവിട്ടു എന്ന പ്രചാരണത്തെക്കുറിച്ച് തനിക്ക് അറിയാമായിരുന്നു എന്നായിരുന്നു അത്. ശരത് ഫൊൻസേകയ്ക്കെതിരെ ഈ അഭിമുഖത്തിന്റെ പേരില് നിയമ നടപടി വന്നു. അന്താരാഷ്ട്ര സമൂഹത്തിൽ ശ്രീലങ്ക ഒറ്റപ്പെട്ടു. 2015ലെ തിരഞ്ഞെടുപ്പിൽ പരാജയമേറ്റുവാങ്ങിയ രാജപക്സ, 2019ൽ ശ്രീലങ്ക ഫ്രീഡം പാർട്ടി പിളർത്തി, ശ്രീലങ്ക പൊതുജന പെരുമന എന്ന പാർട്ടി രൂപീകരിച്ചു.

2018 ഒക്ടോബറിൽ പ്രധാനമന്ത്രിയായിരുന്ന, യുണൈറ്റഡ് നാഷണലിസ്റ്റ് പാർട്ടിയുടെ റനിൽ വിക്രമസിംഗെയെ പുറത്താക്കി, രാജപ്കസയെ പ്രധാനമന്ത്രിയാക്കിയത് അന്നത്തെ പ്രസിഡന്റ് മൈത്രിപാല സിരിസേനയാണ്. വിക്രമസിംഗെയുമായുള്ള സഖ്യം പിരിഞ്ഞതിനെ തുടർന്നാണ്. എന്നാൽ ശ്രീലങ്കൻ സുപ്രീം കോടതി ഇത് തടഞ്ഞതോടെ രാജപക്സയ്ക്ക് രാജി വയ്ക്കേണ്ടിവന്നു. ഒരിടവേളയ്ക്ക് ശേഷമുള്ള അധികാരത്തിലേയ്ക്കുള്ള തിരിച്ചുവരവ് ദിവസങ്ങൾക്കുള്ളിൽ ഇല്ലാതായി. 2018 ഒക്ടോബർ 26ന് വിക്രമസിംഗെയെ മാറ്റി, മഹീന്ദ രാജപക്സയെ, പ്രസിഡന്റ് സിരിസേന പ്രധാനമന്ത്രിയാക്കിയത്. എന്നാൽ പ്രധാനമന്ത്രിയായിരുന്ന വിക്രമസിംഗെ ഇത് അംഗീകരിക്കാതെ കോടതിയെ സമീപിച്ചു. പാർലമെന്റിൽ ഭൂരിപക്ഷമുണ്ടായിരുന്ന വിക്രമസിംഗെയുടെ യുഎൻപി, രണ്ട് തവണ രാജപക്സയ്ക്കെതിരെ അവിശ്വാസപ്രമേയം കൊണ്ടുവന്ന് പാസാക്കിയെങ്കിലും പ്രസിഡന്റ് സിരിസേന ഇത് തള്ളിക്കളഞ്ഞിരുന്നു. ഒടുവിൽ ശ്രീലങ്കൻ സുപ്രീം കോടതി രാജപക്സയെ പ്രധാനമന്ത്രിയാക്കിയ തീരുമാനം റദ്ദാക്കിയതോടെയാണ് രാജപക്സ രാജി വച്ചത്. 2018 ഡിസംബറിൽ വിക്രമസിംഗെ വീണ്ടും പ്രധാനമന്ത്രിയാവുകയും ചെയ്തു. തന്നെ വധിക്കാൻ വിക്രമസിംഗെയുടെ അറിവോടെ ഇന്ത്യ ഗൂഢാലോചന നടത്തിയതായി സിരിസേന ആരോപിച്ചിരുന്നു.

പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ വൻ വിജയം നേടിയാണ് കഴിഞ്ഞ വർഷം രാജപക്സയുടെ അനുജനും മുൻ പ്രതിരോധ സെക്രട്ടറിയും മുൻ സൈനികനുമായ ഗൊതബായ രാജപക്സ അധികാരത്തിലെത്തിയത്. ജേഷ്ഠനായ മഹീന്ദയെ പ്രധാനമന്ത്രിയായി അനുജൻ നിയമിച്ചു. 2019 നവംബർ 18ന് പ്രസിഡന്റായി അധികാരമേറ്റ ഗൊതബായ രാജപക്സ, നവംബർ 21ന് മഹീന്ദയെ പ്രധാനമന്ത്രിയായി നിയമിച്ചു. ഇതോടെ ശ്രീലങ്കയിൽ രാജപക്സ കുടുംബത്തിന്റെ ആധിപത്യം ഉറപ്പിക്കപ്പെട്ടിരുന്നു. ഇപ്പോൾ പാർലമെന്റ് തിരഞ്ഞെടുപ്പിൽ വൻ വിജയം നേടി അധികാരത്തിലെത്തിയതോടെ 2015ലെ തിരഞ്ഞെടുപ്പിൽ അധികാരത്തിൽ നിന്ന് പുറത്തായെങ്കിലും തന്റെ ജനപ്രീതി ഒട്ടും ഇടിഞ്ഞിട്ടില്ല എന്ന് മഹീന്ദ രാജപക്സ തെളിയിച്ചു.

ആഭ്യന്തര യുദ്ധം തകർത്ത മേഖലയിലെ വികസനത്തിന്റെ ആവശ്യകതയെപ്പറ്റി, പ്രസിഡന്റായ അനുജനും പ്രധാനമന്ത്രിയായ ജ്യേഷ്ഠനും ആവർത്തിച്ചുപറയുന്നുണ്ട്. എന്നാൽ തമിഴ് ന്യൂനപക്ഷങ്ങളോട് അനുഭാവപൂർവമായ സമീപനം സ്വീകരിക്കാത്ത രാജപക്സ സഹോദരന്മാർ കൂടുതൽ രാഷ്ട്രീയാവകാശങ്ങൾ വേണമെന്ന തമിഴരുടെ ആവശ്യങ്ങളോട് എന്ത് സമീപനം സ്വീകരിക്കുമെന്നത് പ്രസക്തമാണ്. പാർലമെന്റ് തിരഞ്ഞെടുപ്പിൽ തമിഴ് നാഷണൽ അലയൻസിന് (ടിഎൻഎ) തിരിച്ചടിയാണുണ്ടായത്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ കിട്ടിയ 16 സീറ്റ് ഇത്തവണ 10 ആയി കുറഞ്ഞു. ഈ സാഹചര്യത്തിൽ വടക്കൻ ശ്രീലങ്കയിലെ തമിഴ് ഭൂരിപക്ഷ മേഖലകൾക്ക് സ്വയംഭരണാധികാരം വേണമെന്ന തമിഴരുടെ ആവശ്യത്തെ രാജപക്സ സഹോദരന്മാർ പരിഗണിക്കുമോ എന്ന ചോദ്യമുണ്ട്. ദേശീയതാൽപര്യം സംരക്ഷിക്കാനും രാജ്യത്തിന്റെ പ്രശ്നങ്ങൾ പരിഹരിക്കാനും സർക്കാരുമായി എല്ലാ തരത്തിലും സഹകരിക്കാൻ തയ്യാറാണെന്ന് ടിഎൻഎ പറയുന്നു. 1987ലെ ഇന്ത്യ-ശ്രീലങ്ക ഉടമ്പടിയും ഇതിനെ തുടർന്ന് വന്ന ഭരണഘടനയുടെ 13ാമത് ഭേദഗതിയും തമിഴ് ഭൂരിപക്ഷ മേഖലകളിൽ അധികാരം തമിഴർക്ക് നൽകാൻ നിർദ്ദേശിക്കുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടി. ആർ പ്രേമദാസ, ചന്ദ്രിക കുമാരതുംഗ, മഹീന്ദ രാജപക്സ, മൈത്രിപാല സിരിസേന എന്നിവർ പ്രസിഡന്റായിരിക്കെ ഈ ചർച്ച പുരോഗമിച്ചിട്ടുണ്ട് എന്ന് ടിഎൻ നേതാവ് ആർ സമ്പന്തൻ ദ ഹിന്ദുവിനോട് പറഞ്ഞു.

എൽടിടിഇയെ തുരത്തിയ 2009ലെ ആഭ്യന്തര യുദ്ധത്തിന്റെ അവസാനഘട്ടത്തിൽ സൈന്യം നടത്തിയ കൂട്ടക്കൊലകൾ ശ്രീലങ്കയ്ക്ക് അന്താരാഷ്ട്രസമൂഹത്തിൽ കുപ്രസിദ്ധി നേടിക്കൊടുത്തിരുന്നു. യുഎൻ മനുഷ്യാവകാശ കൗൺസിൽ പല തവണ ശ്രീലങ്കയ്ക്കെതിരെ രൂക്ഷവിമർശനവുമായി രംഗത്തെത്തിയിരുന്നു. എന്നാൽ യുഎൻ പരിശോധനകൾ അനുവദിക്കില്ലെന്നും സൈനികരെ വിചാരണ ചെയ്യില്ലെന്നുമുള്ള നിലപാടാണ് ഗൊതബായ രാജപക്സ സ്വീകരിച്ചത്. 20 വർഷം ശ്രീലങ്കൻ ആർമിയുടെ ഭാഗമായിരുന്ന ഗൊതബായ രാജപക്സ, ആഭ്യന്തര യുദ്ധകാലത്ത് പ്രതിരോധ സെക്രട്ടറിയായിരുന്നു. പ്രതിരോധ മന്ത്രിയെപ്പോലെ തന്നെയാണ് അക്കാലത്ത് ഗൊതബായ പ്രവർത്തിച്ചത്. മഹീന്ദ രാജപക്സ കഴിഞ്ഞാൽ സർക്കാരിൽ രണ്ടാമനായി അറിയപ്പെട്ടിരുന്നത് ഗൊതബായ ആയിരുന്നു. പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ഗൊതബായ അഴിച്ചുവിട്ട തീവ്ര വലതുപക്ഷ സിംഹള ദേശീയതാ പ്രചാരണത്തെ ചെറുക്കാൻ മുഖ്യ എതിരാളി ആയിരുന്ന സജിത്ത് പ്രേമദാസയ്ക്ക് കഴിഞ്ഞില്ല. തീവ്ര വലതുപക്ഷ രാഷ്ട്രീയ കക്ഷിയുടെ ധ്രുവീകരണ പ്രചാരണത്തെ ചെറുക്കുന്നതിൽ പരാജയപ്പെടുന്ന മധ്യവർത്തി ജനാധിപത്യ കക്ഷിയുടെ ദുർബലമായ അവസ്ഥയാണ് ഇന്ത്യയിലെ പോലെ ശ്രീലങ്കയിലും കാണുന്നത്.

പാർലമെന്റിൽ മൂന്നിൽ രണ്ട് ഭൂരിപക്ഷം നേടിയതോടെ ഭരണഘടന ഭേദഗതി ചെയ്യാനുള്ള അനുമതിയാണ് രാജപക്സ സഹോദരന്മാർക്ക് ലഭിച്ചിരിക്കുന്നത്. ജനാധിപത്യരീതിയിലുള്ള തിരഞ്ഞെടുപ്പ് വഴിയാണ് അധികാരത്തിലെത്തിയതെങ്കിലും ജനാധിപത്യത്തോട് തങ്ങൾക്ക് ഒരു മമതയുമില്ലെന്നും അധികാര കേന്ദ്രീകരണത്തിലും സ്വേച്ഛാധിപത്യത്തിലുമാണ് താൽപര്യമെന്നും രാജപക്സ സഹോദരന്മാർ തെളിയിച്ചുകൊണ്ടിരിക്കുന്നു. ഒരാൾക്ക് രണ്ട് തവണയേ പ്രസിഡന്റാകാൻ പാടൂ എന്നൊരു നിയമം 2015ൽ കൊണ്ടുവന്നിരുന്നു. ഇത്തവണ പാർലമെന്റ് തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ രാജപക്സ സഹോദരന്മാർ ആവർത്തിച്ച് പറഞ്ഞത് ഈ നിയമം പിൻവലിക്കുമെന്നാണ്. പ്രസിഡന്റിനുള്ള എക്സിക്യൂട്ടീവ് അധികാരം വെട്ടിച്ചുരുക്കാനും 2015ലെ നിയമം വ്യവസ്ഥ ചെയ്തിരുന്നു. രാജപക്സ സഹോദരങ്ങളിൽ മൂത്തയാളും മുൻ സ്പിക്കറുമായ ചമൽ രാജപക്സ 1989 മുതൽ പാർലമെന്റ് അംഗമാണ്. ചമലിന്റെ മകൻ ശശീന്ദ്ര രാജപക്സ, ദക്ഷിണ ഹംബൻതോട്ട മേഖലയിൽ നിന്നുള്ള എംപിയായ, മഹീന്ദയുടെ മകൻ നമൽ രാജപക്സ എന്നിവർ കുടുംബത്തിന്റെ പ്രതിനിധികളായി പാർലമെന്റിലുണ്ട്. നമൽ 2010 മുതൽ പാർലമെന്റ് അംഗമാണ്. യുഎസ്സിലേയും റഷ്യയിലേയും ശ്രീലങ്കൻ അംബാസഡർമാർ മഹീന്ദ രാജപക്സയുടെ കസിൻ സഹോദരന്മാരാണ്. ശ്രിലങ്കൻ എയർലൈൻസിന്റെ തലപ്പത്തും രാജപക്സ കുടുംബാംഗങ്ങളുണ്ട്. പൊതുവേ ഇന്ത്യയേക്കാൾ ചൈനയുമായി അടുപ്പം പുലർത്തുന്നതായി കരുതപ്പെടുന്ന രാജപക്സ കുടുംബത്തിന്റെ ശ്രീലങ്കൻ രാഷ്ട്രീയത്തിലെ സമഗ്രാധിപത്യം മേഖലയിലെ ഇന്ത്യൻ താൽപര്യങ്ങളെ എത്തരത്തിൽ ബാധിക്കുമെന്ന് കണ്ടറിയണം.


Next Story

Related Stories