TopTop
Begin typing your search above and press return to search.

മറിയ അന്റോണിറ്റ ആല്‍വ, ഗവേഷണത്തിന് തെരഞ്ഞെടുത്തത് ഇന്ത്യ; പെറുവിന്റെ 35-കാരിയായ ഈ ധനമന്ത്രിയാണ് ഇന്ന് രാജ്യത്തെ താരം

മറിയ അന്റോണിറ്റ ആല്‍വ, ഗവേഷണത്തിന് തെരഞ്ഞെടുത്തത് ഇന്ത്യ; പെറുവിന്റെ 35-കാരിയായ ഈ ധനമന്ത്രിയാണ് ഇന്ന് രാജ്യത്തെ താരം

വിനാശകരമായ ഒരു പകര്‍ച്ചവ്യാധിക്കാലത്ത് ഒരു രാജ്യത്തെ വീണ്ടെടുക്കാന്‍ ശ്രമിക്കുന്ന ധനകാര്യ മന്ത്രി എന്ന നിലയില്‍ മാത്രമല്ല, പെറുവിലെ ചെറുകിട ബിസിനസുകാര്‍ക്കും സാധാരണക്കാര്‍ക്കും ഒപ്പം നില്‍ക്കുന്ന മന്ത്രി എന്ന നിലയില്‍ കൂടിയാണ് മറിയ അന്റോണിറ്റ ആല്‍വ അറിയപ്പെടുന്നത്. ഗവേഷണത്തിന്റെ ഭാഗമായി ഇന്ത്യയില്‍ ഫീല്‍ഡ് റിസര്‍ച്ച് നടത്തിയ ആല്‍വ ഇപ്പോള്‍ പെറു ജനതയുടെ ഏറ്റവും പ്രിയപ്പെട്ട മന്ത്രിയാണ്.

കേരളത്തിന്റെ ആരോഗ്യമന്ത്രി കെ.കെ ശൈലജ, ജര്‍മന്‍ ചാന്‍സലര്‍ ഏയ്‌ഞ്ചല മെര്‍ക്കല്‍ തുടങ്ങിയവരെ ചൂണ്ടിക്കാട്ടി, കോവിഡ് കാലത്തെ സ്ത്രീകളുടെ പ്രവര്‍ത്തനം കൂടുതല്‍ വിജയം കാണുന്നു എന്ന വാര്‍ത്തകള്‍ മുന്‍പ് തന്നെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. അക്കൂട്ടത്തില്‍ ചേര്‍ത്തു വായിക്കാവുന്ന ഒന്നാണ് മറിയ അന്റോണിറ്റയുടെ വിജയവും. ലോക വ്യാപകമായ പ്രതിസന്ധിഘട്ടത്തില്‍ ഒരു ധനകാര്യമന്ത്രിക്ക് എത്തരത്തില്‍ ഒരു രാജ്യത്തെ ഉയര്‍ത്തികൊണ്ടുവരാന്‍ കഴിയും എന്ന ചോദ്യത്തിനുള്ള ഉത്തരമാണ് ആല്‍വ.

കഴിഞ്ഞ ഒക്ടോബറിലാണ് ഈ 35-കാരി പെറുവിന്റെ ധനകാര്യമന്ത്രിയായി ചുമതലയേല്‍ക്കുന്നത്. കോവിഡ് വ്യാപനം കൊണ്ട് പരിഭ്രാന്തരായ ജനതയ്ക്കു മുന്നില്‍ സര്‍ക്കാരിന്റെ നയം വ്യക്തമാക്കി കൊടുക്കാന്‍ സമയം കണ്ടെത്തുന്ന ആല്‍വ അവര്‍ക്കൊപ്പം നിന്നു പ്രവര്‍ത്തിക്കുന്നു. ആരോഗ്യം, വിദ്യാഭ്യാസം, അടിസ്ഥാന സൗകര്യങ്ങള്‍ എന്നിവയിലെ പോരായ്മകള്‍ കുറയ്ക്കാനും, ജിഡിപി 2.2 ശതമാനത്തില്‍ നിന്നും പെറുവിനെ വളര്‍ച്ചയിലേക്ക് തിരികെ കൊണ്ടുവരാനും അവര്‍ ശ്രമിച്ചു.

ടോണി എന്നാണ് മറിയയെ ആളുകള്‍ വിളിക്കുന്നത്. "ഈ സമയത്ത് ടോണി ഇല്ലായിരുന്നെങ്കില്‍ നിങ്ങള്‍ക്ക് മറ്റൊരു ഫലം സങ്കല്‍പ്പിക്കേണ്ടി വന്നേനെ", ഹാര്‍വാഡ് എക്കണോമിസ്റ്റും കൊറോണ പ്രത്യാഘാതങ്ങള്‍ ലഘൂകരിക്കുന്നതിന് പെറുവിനും മറ്റു 10 രാജ്യങ്ങള്‍ക്കും ഉപദേശങ്ങള്‍ നല്‍കുന്ന വിദഗ്ധ സമിതിയുടെ തലവനുമായ റിച്ചേഡോ ഹൗസ്മാന്‍ പറയുന്നു. ടോണിയുടെ അധ്യാപകന്‍ കൂടിയാണ് ഇദ്ദേഹം.

സ്കോളര്‍ഷിപ്പോടെ ഹാര്‍വാഡിലെ പഠനത്തിനു ശേഷം ആല്‍വ ഫീല്‍ഡ് റിസര്‍ച്ച് ചെയ്തത് ഇന്ത്യയിലായിരുന്നു. 2013 ലായിരുന്നു അത്. പെണ്‍കുട്ടികളുടെ വിദ്യാഭ്യാസ അവസരങ്ങളെക്കുറിച്ചു പഠിക്കാന്‍ ഇന്ത്യയില്‍ രണ്ടു മാസമാണ് അവര്‍ ചിലവഴിച്ചത്. രാജസ്ഥാന്‍ പോലുള്ള സംസ്ഥാനങ്ങളില്‍ 15-16 വയസിനിടയില്‍ പ്രായമുള്ള മൂന്നില്‍ ഒരു പെണ്‍കുട്ടിക്ക് വിദ്യാഭ്യാസത്തിനുള്ള അവകാശം നിഷേധിക്കപ്പെടുന്നു എന്നതായിരുന്നു അവരുടെ കണ്ടെത്തല്‍. ഇന്ത്യയില്‍ വിദ്യാഭ്യാസ രംഗത്ത് നിലനില്‍ക്കുന്ന ലിംഗഭേദം സംബന്ധിച്ച് പുതിയ കണക്കായിരുന്നു അത്. പിന്നീട് വിദ്യാഭ്യാസ മന്ത്രാലയത്തില്‍ ജോലി ചെയ്യുന്നതിനായി ഇന്ത്യയില്‍ നിന്നു തിരിച്ച് പെറുവിലെത്തിയ ആല്‍വ ആസൂത്രണത്തിന്റെയും ബജറ്റിന്റെയും മേധാവിയായി.

"ആശയവിനിമയം നടത്തുന്ന കാര്യത്തില്‍ മികവു തെളിയിച്ച ആളാണ് ആല്‍വ. നിലവിലെ സാഹചര്യത്തില്‍ ആശയവിനിമയം നടത്തുക എന്നത് വളരെ പ്രധാനപ്പെട്ട കാര്യമാണ്", പെറുവിലെ മുന്‍ ധനകാര്യമന്ത്രിയായിരുന്ന കാര്‍ലോസ് ഒലിവ പറയുന്നു.

കോവിഡ് പ്രതിസന്ധി ലോക സാമ്പത്തിക മേഖലയെ വലിയ രീതിയിലാണ് ബാധിച്ചിരിക്കുന്നത്. ചില സാമ്പത്തിക വിദഗ്ധര്‍ ഈ വര്‍ഷം ജിഡിപിയില്‍ 10 ശതമാനത്തിലധികം ഇടിവുണ്ടാകുമെന്ന് പ്രവചിക്കുന്നു, ദശകങ്ങളിലെ ഏറ്റവും മോശം കാലമായിരിക്കും ഇത്. അതുപോലെ തന്നെ വന്‍തോതിലുള്ള തൊഴിലില്ലായ്മയും. ഇത്തരം പ്രതിസന്ധികളെ ആല്‍വ എങ്ങനെ അതിജീവിക്കും എന്നത് കണ്ടറിയേണ്ടിയിരിക്കുന്നു എന്നും ആശങ്കപ്പെടുന്നവരുണ്ട്.

ഇന്ന് പെറുവിലെ സാധാരണക്കാര്‍ക്കിടയിലെ ഒരു പേരാണ് മറിയ അന്റോണിറ്റ ആല്‍വ. അമ്മമാര്‍ അവരുടെ മക്കള്‍ക്കൊപ്പം ആല്‍വായുമൊത്ത് സെല്‍ഫിയെടുക്കുന്നു, വഴിയോര കച്ചവടക്കാര്‍ അവര്‍ക്ക് ബ്രേസ്ലെറ്റുകള്‍ സമ്മാനിക്കുന്നു, ചിലര്‍ ആല്‍വയുടെ ചിത്രം വരച്ച് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുന്നു.. അങ്ങനെ പെറുവിലെ താരമാണ് ഇപ്പോള്‍ ആല്‍വയെന്നാണ് ബ്ലൂംബര്‍ഗ് റിപ്പോര്‍ട്ട് പറയുന്നത്.


Next Story

Related Stories