TopTop
Begin typing your search above and press return to search.

'തത്കാലം മരുന്നൊന്നും പ്രതീക്ഷിക്കണ്ട, കൊറോണയുമായി പൊരുത്തപ്പെട്ടു ജീവിക്കാന്‍ ശീലിക്കണം'; വാക്സിന്‍ കണ്ടെത്തിയെന്ന വാര്‍ത്തകള്‍ തള്ളി ലോകാരോഗ്യ സംഘടന

തത്കാലം മരുന്നൊന്നും പ്രതീക്ഷിക്കണ്ട, കൊറോണയുമായി പൊരുത്തപ്പെട്ടു ജീവിക്കാന്‍ ശീലിക്കണം; വാക്സിന്‍ കണ്ടെത്തിയെന്ന വാര്‍ത്തകള്‍ തള്ളി ലോകാരോഗ്യ സംഘടന

കൊറോണ വൈറസിന് വാക്സിന്‍ കണ്ടെത്തി, അവസാന ഘട്ടത്തിലാണ് തുടങ്ങിയ വാര്‍ത്തകള്‍ നിഷേധിച്ച് ലോകാരോഗ്യ സംഘടന.

'കൊറോണ വൈറസിന് വാക്സിന്‍ കണ്ടു പിടിച്ചു, ഒന്നോ രണ്ടോ മാസത്തില്‍ ഇത് ലഭ്യമാകും, രോഗഭീഷണി ഒഴിയും എന്നൊക്കെ ചിലര്‍ വിശ്വസിക്കുന്നു എന്നറിയാം. ഇത് ശരിയല്ല. വൈറസ് ഒരു സ്ഥിരം ഭീഷണിയായി നിലനില്‍ക്കാന്‍ പോകുന്നു'; ലോകാരോഗ്യ സംഘടനയുടെ പ്രത്യേക പ്രതിനിധി ഡോ. ഡേവിഡ് നബാരോ വ്യക്തമാക്കി.

ഇതിനു മുമ്പ് ലോകം പ്രതിസന്ധി അഭിമുഖീകരിച്ച മറ്റു രോഗങ്ങളായ എച്ച്ഐവി പോലുള്ളവയുമായി ജീവിക്കാന്‍ നാം പഠിച്ചു കഴിഞ്ഞു. ഇത് മനുഷ്യരുടെ ജീവിത ശൈലിയില്‍ മാറ്റം വരുത്തും. അതുകൊണ്ട് തന്നെ കൊറോണ വൈറസുമായി പൊരുത്തപ്പെട്ട് മുന്നോട്ട് ജീവിക്കുക മാത്രമേ വഴിയുള്ളൂ എന്നും അദ്ദേഹം വ്യക്തമാക്കി. സാമൂഹിക അകലം പാലിക്കുക തുടങ്ങിയവ ഇനി മനുഷ്യരുടെ ജീവിതശൈലിയുടെ ഭാഗമായി മാറുമെന്നും അദ്ദേഹം പറയുന്നു.

കൊറോണ വൈറസിന് വാക്സിന്‍ കണ്ടെത്തിയെന്നും അതിന്റെ അവസാന ഘട്ടത്തിലാണ് എന്നുമൊക്കെയുള്ള വാര്‍ത്തകള്‍ വരുന്നതിനിടയിലാണ് ലോകാരോഗ്യ സംഘടന തന്നെ ഇക്കാര്യം നിഷേധിച്ചിരിക്കുന്നത്.

കൊറോണ വൈറസ്സിനെ പിടിച്ചുകെട്ടാന്‍ സാധിക്കുന്ന മരുന്ന് വികസിപ്പിച്ചെടുത്തുവെന്ന അവകാശവാദവുമായി ഒരു ചൈനീസ് ലബോറട്ടറി രംഗത്ത് വന്നിരുന്നു. ചൈനയിലെ വിഖ്യാതമായ പെകിങ് സര്‍വ്വകലാശാലയില്‍ ഈ മരുന്ന് ശാസ്ത്രീയ പരിശോധനകള്‍ക്ക് വിധേയമാക്കിയെന്നും അവ വിജയകരമായിരുന്നെന്നും ഇവര്‍ പറയുന്നു. രോഗം ബാധിച്ചവര്‍ക്ക് ഇത് വേഗം ഭേദമാക്കാനും രോഗത്തിനെതിരെ ഹ്രസ്വകാല പ്രതിരോധം ശരീരത്തില്‍ വളര്‍ത്താനും ഈ മരുന്നിനാകുമെന്നുമാണ് അവര്‍ അവകാശപ്പെട്ടിരുന്നത്.

മൃഗങ്ങളില്‍ ഈ മരുന്ന് ഇതിനകം പരീക്ഷിച്ചു കഴിഞ്ഞുവെന്നും ഇത് വിജയകരമായിരുന്നെന്നും പെകിങ് സര്‍വ്വകലാശാലയിലെ 'ബീജിങ് അഡ്വാന്‍സ്ഡ് സെന്റര്‍ ഫോര്‍ ജീനോമിക്സ്' ഡയറക്ടറായ സണ്ണി സീ പറഞ്ഞു. എലികളിലാണ് പരീക്ഷണം നടത്തിയത്. മരുന്ന് കുത്തിവെച്ചതിനു ശേഷം വൈറസ്സിന്റെ അളവ് വലിയ തോതില്‍ താഴ്ന്നു. മനുഷ്യരുടെ പ്രതിരോധവ്യവസ്ഥയിലെ ന്യൂട്രലൈസിങ് ആന്റബോഡികളാണ് ഈ മരുന്നില്‍ ഉപയോഗിക്കുന്നത്. ഈ മരുന്നിനാവശ്യമായ ആന്റിബോഡി എടുത്തത് രോഗം ഭേദമായ അറുപതോളം പേരില്‍ നിന്നാണ്. ക്ലിനിക്കല്‍ ട്രയലിനുള്ള നീക്കങ്ങള്‍ തങ്ങള്‍ തുടങ്ങിക്കഴിഞ്ഞതായും സീ പറഞ്ഞിരുന്നു.

അതുപോലെ യുഎസിലെ മരുന്നുത്പാദക കമ്പനിയായ മോഡേണയുടെ ആദ്യഘട്ട പരീക്ഷണത്തില്‍ കോവിഡ് വാക്‌സിന്‍ വിജയമായെന്നും വാര്‍ത്തകളുണ്ടായിരുന്നു. ഇതിനു പിന്നാലെ ഇവരുടെ ഓഹരിയില്‍ 240 ശതമാനം വര്‍ദ്ധനയുണ്ടായതായി. കൊറോണ വൈറസിനെ നശിപ്പിക്കാന്‍ ശേഷിയുള്ള ആന്റിബോഡികളെ ഉല്‍പ്പാദിപ്പിക്കാന്‍ മോഡേണ ഐഎന്‍സി വാക്‌സിന് കഴിയുന്നതായാണ് റിപ്പോര്‍ട്ട്. യുഎസ് ഹെല്‍ത്ത് ഏജന്‍സിയുടെ ഫാസ്റ്റ് ട്രാക്ക് ലേബല്‍ കഴിഞ്ഞയാഴ്ച മോഡേണയ്ക്ക് ലഭിച്ചിരുന്നു. അവസാനഘട്ട പരീക്ഷണം ജൂലായില്‍ തുടങ്ങാനാകുമെന്നാണ് മോഡേണയുടെ പ്രതീക്ഷ. എംആര്‍എന്‍എ 1273 എന്ന വാക്‌സിനാണ് വികസിപ്പിച്ചത്.

നിലവില്‍ കോവിഡ് 19ന് അംഗീകൃത ചികിത്സയോ മരുന്നോ ഇല്ല. ഫലപ്രദമായ വാക്‌സിന്‍ വികസിപ്പിക്കാന്‍ ഒരു വര്‍ഷം മുതല്‍ ഒന്നര വര്‍ഷം വരെ എടുക്കുമെന്നാണ് വിദഗ്ധര്‍ പറയുന്നത്. കോവിഡ് മുക്തി നേടിയവരിലുള്ളതിന് സമാനമായി, ഈ വാക്‌സിന്‍ നല്‍കിയ എട്ട് രോഗികളിലും ആന്റിബോഡികള്‍ രൂപപ്പെടുന്നതായി ആദ്യഘട്ട പരിശോധനയില്‍ വ്യക്തമായതായാണ് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെല്‍ത്ത് നടത്തിയ പഠനം പറയുന്നത്. പരീക്ഷണാടിസ്ഥാനത്തില്‍ ആരോഗ്യമുള്ള വളണ്ടിയര്‍മാര്‍ക്ക് ആദ്യ ഇന്‍ജക്ഷന്‍ നല്‍കി.

അതേസമയം, ഈ കാര്യങ്ങളൊക്കെ നടക്കുണ്ടെങ്കിലും ഉടനടി പരിഹാരം ഒന്നും പ്രതീക്ഷിക്കേണ്ടെന്നും രോഗവുമായി പൊരുത്തപ്പെട്ടുപോകാവുന്ന ജീവിത ശൈലി സ്വീകരിക്കുകയായിരിക്കും നല്ലത് എന്നുമാണ് ലോകാരോഗ്യ സംഘടന പറയുന്നത്.


Next Story

Related Stories