TopTop
Begin typing your search above and press return to search.

മലേഷ്യന്‍ വിമാനം തകര്‍ത്തത് റഷ്യന്‍ പിന്തുണയോടെ ഉക്രൈന്‍ വിഘടനവാദികളെന്ന് ഫോണ്‍ രേഖകള്‍

മലേഷ്യന്‍ വിമാനം തകര്‍ത്തത് റഷ്യന്‍ പിന്തുണയോടെ ഉക്രൈന്‍ വിഘടനവാദികളെന്ന് ഫോണ്‍ രേഖകള്‍

മലേഷ്യന്‍ വിമാനം എം.എച്ച് 17 വിമാനം തകര്‍ത്തത് ഉന്നതതല റഷ്യൻ ഉദ്യോഗസ്ഥരുടെ അറിവോടെ ആയിരുന്നുവെന്ന് അന്താരാഷ്ട്ര അന്വേഷണ സംഘം. ഉക്രൈനിനു മുകളിലൂടെ പറക്കുന്നതിനിടെ 2014 ജൂലൈ 17-നാണ് 298 യാത്രക്കാരുമായി വിമാനം തകർന്നത്. ആംസ്റ്റർഡാമിൽ നിന്നും മലേഷ്യയിലെ ക്വാലലംപുരിലേക്കായിരുന്നു യാത്ര. കിഴക്കൻ ഉക്രൈനിലെ വിഘടനവാദികളുമായി റഷ്യന്‍ ഉദ്യോഗസ്ഥര്‍ നിരന്തരം ഫോണില്‍ ബന്ധപ്പെട്ടിരുന്നതായി അന്വേഷണ സംഘം കണ്ടെത്തി. റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിർ പുടിന്റെ ഒരു ഉന്നത സഹായി വിമത നേതാക്കളുമായി നിരന്തരം ബന്ധപ്പെട്ടിരുന്നുവെന്നും അന്വേഷണ ഉദ്യോഗസ്ഥർ ആരോപിക്കുന്നു.

റഷ്യയുടെ വിദേശകാര്യ മന്ത്രാലയം എല്ലാ ആരോപണങ്ങളും നിഷേധിച്ചുകൊണ്ട് രംഗത്തെത്തി. മുൻ‌കൂട്ടി നിശ്ചയിച്ച നിഗമനങ്ങളുടെ അടിസ്ഥാനത്തിലാണ് അന്താരാഷ്ട്ര അന്വേഷകർ വിഷയം കൈകാര്യം ചെയ്തതെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് മരിയ സഖാരോവ പറഞ്ഞു. വിഘടനവാദികളുടെ പ്രതിരോധ മേധാവി ഉൾപ്പെടെ നാല് പേർക്കെതിരെ അന്വേഷണ ഉദ്യോഗസ്ഥർ കേസെടുത്തു. 2020 ഏപ്രിലോടെ അവര്‍ വിചാരണ നേരിടേണ്ടി വരും.

അതേസമയം, റഷ്യക്ക് സംഭവുമായി നേരിട്ടു ബന്ധമുണ്ടെന്ന് അന്വേഷണ സംഘം പറയുന്നില്ല. എന്നാല്‍ കേസിൽ ഇതിനകം ആരോപണവിധേയരായ നാല് പ്രതികളിൽ രണ്ടുപേരുമായി ചില റഷ്യന്‍ ഉദ്യോഗസ്ഥര്‍ നിരന്തരം ബന്ധപ്പെട്ടിരുന്നതായി അവര്‍ പറയുകയും ചെയ്യുന്നു. അവര്‍ തമ്മിലുള്ള സംഭാഷണങ്ങളില്‍ എവിടെയും MH17 പരാമര്‍ശിക്കപ്പെടുന്നുമില്ല. ഓസ്‌ട്രേലിയ, ബെല്‍ജിയം, മലേഷ്യ, നെതര്‍ലന്‍ഡ്‌സ്, യുക്രൈയ്ന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള പ്രോസിക്യൂട്ടര്‍മാരുടെ സംഘമാണ് അന്വേഷണം നടത്തിയത്.

റഷ്യയുടെ 53-ാം ആന്റി–എയർക്രാഫ്റ്റ് ബ്രിഗേഡിൽ നിന്നാണു മിസൈൽ വിക്ഷേപിച്ചതെന്നാണു വിവരം. BUK-TELAR മിസൈലാണു വിമാനത്തിനു നേരെ പ്രയോഗിച്ചത്. ഈ മിസൈൽ വിക്ഷേപിക്കുന്നതിനു വേണ്ടി ഉപയോഗിച്ച എല്ലാ വാഹനങ്ങളും റഷ്യൻ സേനയുടെ ഭാഗമായിട്ടുള്ളവയാണ് എന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. ഉക്രൈന്‍ വിമതരുടെ അധീനതയിലുള്ള പെർവോമയസ്ക് എന്ന ഗ്രാമത്തിൽ നിന്നാണു മിസൈൽ തൊടുത്തതെന്ന് സംഘം നേരത്തെ വ്യക്തമാക്കിയിരുന്നു.


Next Story

Related Stories