TopTop
Begin typing your search above and press return to search.

പശ്ചിമേഷ്യയിലേക്ക് കൂടുതല്‍ അമേരിക്കന്‍ സൈന്യം, യുദ്ധം ഇല്ലാതാക്കാനാണ് സുലൈമാനിയെ കൊലപ്പെടുത്തിയതെന്ന് ട്രംപ്

പശ്ചിമേഷ്യയിലേക്ക് കൂടുതല്‍ അമേരിക്കന്‍ സൈന്യം, യുദ്ധം ഇല്ലാതാക്കാനാണ് സുലൈമാനിയെ കൊലപ്പെടുത്തിയതെന്ന് ട്രംപ്

ഇറാന്‍ കമാന്റര്‍ കാസ്സെം സുലൈമാനിയെ അമേരിക്ക കൊലപെടുത്തിയതിനെ തുടര്‍ന്ന് പശ്ചിമേഷ്യയിൽ സംഘര്‍ഷാവസ്ഥ മുറുകുന്നു. കൊലപാതകത്തിന് തിരിച്ചടി നല്‍കുമെന്ന ഇറാന്റെ പ്രഖ്യാപനത്തിന് തൊട്ടുപിന്നാലെ അമേരിക്ക പശ്ചിമേഷ്യയിലേക്ക് കൂടുതല്‍ സൈന്യത്തെ അയച്ചു. സംഘര്‍ഷാവസ്ഥയുടെ പാശ്ചത്തലത്തില്‍ ആഗോള എണ്ണ വില വര്‍ധിച്ചു. കാസ്സെം സുലൈമാനി അമേരിക്കന്‍ നയതന്ത്ര പ്രതിനിധികള്‍ക്കെതിരെ ആക്രമണത്തിന് ഒരുക്കം കൂട്ടുകയായിരുന്നുവെന്നാണ് അമേരിക്ക ആരോപിക്കുന്നത്. യുദ്ധം ആരംഭിക്കാനല്ല, ഒഴിവാക്കാനാണ് സുലൈമാനിയെ വധിച്ചതെന്നും വൈറ്റ് ഹൗസ് അവകാശപ്പെട്ടു. സുലൈമാനിയെ കൊലപെടുത്തിയതിന് തിരിച്ചടിച്ചാല്‍ അത് തെറ്റായതും അപകടം പിടിച്ചതുമായ നടപടിയായിരിക്കുമെന്നും വൈറ്റ് ഹൗസ് പ്രതികരിച്ചു. അമേരിക്കന്‍ നയതന്ത്ര ഉദ്യോഗസ്ഥര്‍ക്കെതിരെ ആക്രമണം ആസുത്രണം ചെയ്യാന്‍ പശ്ചിമേഷ്യയിലെ വിവിധ പ്രദേശങ്ങള്‍ സന്ദര്‍ശിക്കുന്നതിനിടെയാണ് സുലൈമാനിയെ ആക്രമണത്തില്‍ കൊലപ്പെടുത്തിയതെന്ന് അമേരിക്കയിലെ ദേശീയ സുരക്ഷ ഉപദേഷ്ടാവ് റോബര്‍ട് ഒബ്‌റിയന്‍ പറഞ്ഞു. സിറിയ, ലബനണ്‍, ഇറാഖ് എന്നിവിടങ്ങളിലായിരുന്നു സുലൈമാനി ആക്രമണം നടത്താന്‍ പദ്ധതിയിട്ടിരുന്നതെന്നും അമേരിക്ക ആരോപിച്ചു. അതിനിടെ പശ്ചിമേഷ്യയിലേക്ക് അമേരിക്ക സൈനിക വിന്യാസം ശക്തമാക്കി. 3000 ത്തിലധികം സൈനികരെ കൂടുതലായി പശ്ചിമേഷ്യയിലേക്ക് അമേരിക്ക വിന്യസിച്ചതായാണ് റിപ്പോര്‍ട്ട്. ഈയാഴ്ച ആദ്യം 700 ഓളം സൈനികരെ അമേരിക്ക ഈ മേഖലയില്‍ കൂടതായി വിന്യസിച്ചിരുന്നു. ഇറാനെതിരായ നീക്കങ്ങള്‍ ആക്രമണത്തിന് ശേഷവും അമേരിക്ക തുടരുകയാണെന്നാണ് സൂചന. ഇറാഖിലെ ഇറാന്‍ അനുകൂല സൈനിക ഗ്രൂപ്പായ പോപ്പുലര്‍ മൊബിലൈസേഷന്‍ ഫോഴ്‌സിന് നേരെ വിവിധ സ്ഥലങ്ങളില്‍ വ്യോമാക്രമണം ഉണ്ടായി. ആറ് പേര്‍ കൊല്ലപ്പെട്ടതായാണ് റോയ്‌ട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇനിയും ഒരു ഗള്‍ഫ് യുദ്ധം താങ്ങാനുള്ള ശേഷി ലോകത്തിനില്ലെന്നും ബന്ധപ്പെട്ടവര്‍ പരമാവധി നിയന്ത്രണം പാലിക്കണമെന്നും ഐക്യ രാഷ്ട്രസഭ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടറെസ് പറഞ്ഞു. സ്ഥിതിഗതികള്‍ ശാന്തമാക്കാനാണ് അമേരിക്ക ആഗ്രഹിക്കുന്നതെന്ന് വ്യക്തമാക്കി വിദേശകാര്യ സെക്രട്ടറി മൈക്ക് പോംപിയോ ലോകത്തെ വിവിധ രാജ്യങ്ങളിലെ പ്രതിനിധികളുമായി സംസാരിച്ചെന്നും റിപ്പോര്‍ട്ടുണ്ട്. സുലൈമാനിയുടെ കൊലപാതകത്തിന് ശേഷം ഖ്വാദ് സേനയുടെ തലവനായി ഇസ്ലാമിയില്‍ ഘാനിയെ നിയമിച്ചു. ' എല്ലാവരും ശാന്തരായി കാത്തിരിക്കണം. പശ്ചിമേഷ്യയില്‍ അമേരിക്കക്കാരുടെ ശവശരീരങ്ങള്‍ നിങ്ങള്‍ കാണാന്‍ പോകുന്നതെയുള്ളൂ.' സ്ഥാനമേറ്റെടുത്ത ശേഷം ഇസ്മായില്‍ ഘാനി പറഞ്ഞതായി അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്തു. ഇന്നലെയാണ് ഇറാഖ് തലസ്ഥാനമായ ബാഗ്ദാദില്‍വെച്ച് സുലൈമാനി കൊല്ലപ്പെട്ടത്. അദ്ദേഹത്തിന്റെ മൃതദേഹം പിന്നീട് ഇറാനിലെത്തിച്ചു.

കൊലപാതകത്തെ തുടര്‍ന്ന് ഇറാനില്‍ പതിനായിരങ്ങള്‍ പങ്കെടുത്ത അമേരിക്കന്‍ വിരുദ്ധ റാലി നടന്നു. അതിനിടെ ഇറാഖിലുള്ള അമേരിക്കകാരോട് ഉടനടി നാടുവിടാന്‍ ട്രംപ് ഭരണ കൂടം നിര്‍ദ്ദേശിച്ചു. ആക്രമണം ഉണ്ടായേക്കുമെന്ന മുന്നറിയിപ്പിനെ തുടര്‍ന്നാണിത്. എംബസിക്ക് നേരെ ആക്രമണമുണ്ടായതിനെ തുടര്‍ന്ന് അമേരിക്കന്‍ നയതന്ത്ര കാര്യാലയത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ബാഗ്ദാദില്‍ അവസാനിപ്പിച്ചിരിക്കുകയാണ്. അതിനിടെ പശ്ചിമേഷ്യയില്‍ സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്നത് ആഗോള എണ്ണവിപണിയേയും ബാധിച്ചു. മൂന്ന് ശതമാനമാണ് ക്രൂഡിന്റെ വില ഉയര്‍ന്നത്. എണ്ണ കമ്പനികളുടെ ഓഹരി വിലയും ഇടിഞ്ഞു.


Next Story

Related Stories