TopTop
Begin typing your search above and press return to search.

സല്‍മാന്‍ രാജകുമാരനെയും അടുത്ത കൂട്ടാളികളെയും രക്ഷപ്പെടുത്തിയതോ? ഖഷോഗി വധക്കേസില്‍ 'പരിഹാസ്യമായി' വിധി

സല്‍മാന്‍ രാജകുമാരനെയും അടുത്ത കൂട്ടാളികളെയും രക്ഷപ്പെടുത്തിയതോ? ഖഷോഗി വധക്കേസില്‍ പരിഹാസ്യമായി വിധി

മാധ്യമപ്രവർത്തകൻ ജമാൽ ഖഷോഗി വധിക്കപ്പെട്ട കേസിൽ അഞ്ചു പ്രതികൾക്ക് സൗദി അറേബ്യന്‍ കോടതി വധശിക്ഷ വിധിച്ചു. സൗദിയുടെ നവോഥാന നായകനെന്ന പരിവേഷത്തില്‍ രാജ്യാന്തരതലത്തില്‍ ശ്രദ്ധനേടിയ കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന് കൊലപാതകത്തില്‍ വ്യക്തമായ പങ്കുണ്ടെന്ന വാര്‍ത്ത നേരത്തേ പുറത്തുവന്നതാണ്. എന്നാല്‍ കിരീടാവകാശിയെ സംരക്ഷിച്ചുകൊണ്ടുള്ള നടപടിയാണ് കോടതി സ്വീകരിച്ചത് എന്നത് ശ്രദ്ധേയമാണ്. സംഭവത്തിൽ 11 പേർ അറസ്റ്റിലായിരുന്നു. അതില്‍ രണ്ട് പേരെ വെറുതെവിട്ടു. മൂന്ന് പേര്‍ക്ക് 24 വര്‍ഷം തടവ് ശിക്ഷയും സൗദി കോടതി വിധിച്ചിട്ടുണ്ട്. കിരീടാവകാശിയുടെ ഏറ്റവും വിശ്വസ്ത ഉപദേശകരിലൊരാളായ സൗദ് അൽ ഖഹ്താനിക്ക് സംഭവുമായി എന്തെങ്കിലും ബന്ധമുണ്ടോയെന്നു അന്വേഷിച്ചതായും, യാതൊരു പങ്കുമില്ലെന്ന നിഗമനത്തിലാണ് എത്താന്‍ സാധിച്ചതെന്നും ഡെപ്യൂട്ടി പബ്ലിക് പ്രോസിക്യൂട്ടർ ഷലാൻ ബിൻ രാജി ഷാലാൻ മാധ്യമപ്രവർത്തകരോട് പറഞ്ഞു. ഖഷോഗിയെ വധിക്കാൻ സല്‍മാന്‍ രാജകുമാരൻ നേരിട്ട് ഉത്തരവിട്ട സിഐഎയുടെയും മറ്റ് പാശ്ചാത്യ രഹസ്യാന്വേഷണ ഏജൻസികളുടെയും കണ്ടെത്തലുകള്‍ക്ക് നേര്‍വിപരീതമാണ് സൌദിയുടെ കണ്ടെത്തലുകള്‍. തന്റെ അധികാരപരിധിയിലാണ് കൊലപാതകം ന‍ടന്നതെന്നും അതിനാൽ ഉത്തരവാദിത്തം ഏറ്റെടുക്കുന്നുവെന്നും മുഹമ്മദ് ബിന്‍ സല്‍മാന്‍ ഒരു അമേരിക്കൻ മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ തുറന്നു പറഞ്ഞതാണ്. എന്നാല്‍ ഖഷോഗിയെ തിരികെ സൗദിയിലെത്തിക്കാനുള്ള ചർച്ചകൾക്കായി ഇസ്താംബൂളിലെ കോൺസുലേറ്റിലേക്ക് അയച്ച സംഘം മുകളിൽനിന്നുള്ള നിർദ്ദേശമില്ലാതെ അദ്ദേഹത്തെ കൊല്ലുകയായിരുന്നുവെന്നാണ് ഷലാൻ പറയുന്നത്. ഖഷോഗി കൊല്ലപ്പെട്ടതോടെ സല്‍മാന്‍ രാജാവ് ഉന്നത സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് സ്ഥാനചലനം നിര്‍ദേശിച്ചിരുന്നു. എന്നാൽ തുടർന്നു നടത്തിയ അന്വേഷണം കിരീടാവകാശിയേയും മറ്റു വേണ്ടപ്പെട്ടവരെയും രക്ഷിക്കുന്നതിനായി രൂപകൽപ്പന ചെയ്ത ഒരു മൂടിവയ്ക്കൽ തന്ത്രമായിരുന്നുവെന്ന് പരക്കെ വിമർശിക്കപ്പെട്ടു. സൗദി കോടതിവിധി ‘പ്രതീക്ഷിച്ച നീതി’ ഉറപ്പാക്കിയില്ലെന്നാണ് തുർക്കിയുടെ വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചത്. കഴിഞ്ഞ വർഷം ഓക്ടോബർ രണ്ടിന് ഇസ്താംബൂളിലെ സൗദി കോൺസുലേറ്റിൽ താൻ വിവാഹമോചിതനാണെന്ന് തെളിയിക്കുന്ന രേഖകള്‍ കൈപ്പറ്റുന്നതിനായി എത്തിയ ഖഷോഗിയെ പിന്നീടാരും കണ്ടിട്ടില്ല. തുടക്കത്തിൽ ഖഷോഗി കോൺസുലേറ്റിൽനിന്ന് മടങ്ങിയെന്ന് പറഞ്ഞ സൗദിക്ക് ഒടുവിൽ കോൺസുലേറ്റിനുള്ളൽവച്ചുതന്നെ കൊല്ലപ്പെട്ടുവെന്ന് സമ്മതിക്കേണ്ടിവന്നു. വാഷിംഗ്ടണ്‍ പോസ്റ്റിലെ മാധ്യമപ്രവര്‍ത്തകനും, സൗദി സർക്കാരിന്റെ കടുത്ത വിമർശകനുമായിരുന്നു ഖഷോഗി. മൃതദേഹം എന്തു ചെയ്തെന്നു വ്യക്തമല്ല. വിഷം കുത്തിവച്ച് കൊലപ്പെടുത്തിയെന്നും ശരീരം കഷണങ്ങളായി മുറിച്ച് കോൺസുലേറ്റ് കെട്ടിടത്തിനു പുറത്തെത്തിക്കുകയായിരുന്നെന്നും സൗദി ഔദ്യോഗികമായി സ്ഥിരീകരിച്ചിരുന്നു. സൗദിയിലെ ‘അൽ വതൻ’ ദിനപത്രത്തിന്റെ മുൻ എഡിറ്ററായിരുന്നു അദ്ദേഹം. ഭരണകൂടത്തിന്റെ വിശ്വസ്തനെന്നു നേരത്തെ അറിയപ്പെട്ടിരുന്നു. എന്നാൽ, പിന്നീട് രാജകുടുംബവുമായി തെറ്റി. യെമൻ യുദ്ധം, രാജകുടുംബാംഗങ്ങൾ ഉൾപ്പെടെയുള്ളവരുടെ അറസ്റ്റ്, വിമർശകരെ അടിച്ചമർത്തുന്ന രീതി, വനിതാ പ്രവർത്തകരെ ജയിലിൽ അടച്ചതിനെതിരെ പ്രതികരിച്ച കാനഡയോടു സ്വീകരിച്ച സമീപനം, ഖത്തർ ഉപരോധം തുടങ്ങിയ വിഷയങ്ങളിൽ സൗദിക്കെതിരെ ഖഷോഗി നിരന്തരം വിമർശനം ഉന്നയിച്ചിരുന്നു.


Next Story

Related Stories