TopTop
Begin typing your search above and press return to search.

ഖത്തറിലെ യുഎസ്-താലിബാന്‍ ചര്‍ച്ചയ്ക്ക് മുമ്പായി കാബൂളില്‍ സ്‌ഫോടന പരമ്പര

ഖത്തറിലെ യുഎസ്-താലിബാന്‍ ചര്‍ച്ചയ്ക്ക് മുമ്പായി കാബൂളില്‍ സ്‌ഫോടന പരമ്പര

ഖത്തറില്‍ യുഎസ് വിദേശകാര്യ സെക്രട്ടറി മൈക്ക് പോംപിയോ താലിബാന്‍ ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്താനിരിക്കെ, അഫ്ഗാനിസ്താന്‍ തലസ്ഥാനമായ കാബൂളില്‍ സ്‌ഫോടന പരമ്പര. ആരെങ്കിലും കൊല്ലപ്പെട്ടത് സംബന്ധിച്ച് ഇതുവരെ സ്ഥിരീകരണമില്ലെങ്കിലും മരങ്ങളുണ്ടായതായി സൂചനയുള്ളതായി വാര്‍ത്താ ഏജന്‍സിയായ എ എഫ് പി റിപ്പോര്‍ട്ട് ചെയ്തു. റോക്കറ്റ് ആക്രമണം നടന്നതായും റിപ്പോർട്ടുകളുണ്ട്.

കാബൂള്‍ നഗരത്തിന്റെ ഗ്രീന്‍ സോണ്‍ എന്നറിയപ്പെടുന്ന മധ്യഭാഗത്താണ് സ്‌ഫോടന പരമ്പരയുണ്ടായത്. ജനങ്ങൾ തിങ്ങിപ്പാർക്കുന്ന ഭാഗങ്ങളാണ് ഇവിടെയുള്ളത്. എംബസികളും അന്താരാഷ്ട്ര കമ്പനികളുടെ ഓഫീസുകളും അടക്കമുള്ളവ ഈ മേഖലയിലും സമീപത്തുമായി പ്രവർത്തിക്കുന്നുണ്ട്. ഇന്ന് രാവിലെ രണ്ട് ചെറിയ ബോംബ് സ്‌ഫോടനങ്ങളുണ്ടായെന്നും ഒരു പൊലീസുകാരന്‍ കൊല്ലപ്പെട്ടതായും മൂന്ന് പേര്‍ക്ക് പരിക്കേറ്റതായും ഒരു പൊലീസ് കാര്‍ തകര്‍ന്നതായും അഫ്ഗാന്‍ ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല.

യുഎസ് സേന അഫ്ഗാനിസ്താനില്‍ നിന്ന് പിന്മാറാന്‍ ധാരണയിലെത്തിയിട്ടുണ്ട്. നഗരമേഖലകളില്‍ ആക്രമണം നടത്തില്ലെന്ന് താലിബാന്‍ വ്യക്തമാക്കിയിട്ടുള്ളപ്പോളാണ് കാബൂളിലെ ആക്രമണം. യുഎസ്സിന്റെ മധ്യസ്ഥതയില്‍ താലിബാനും അഫ്ഗാനിസ്താന്‍ ഗവണ്‍മെന്റും തമ്മില്‍ സെപ്റ്റംബറില്‍ തുടങ്ങിയ ചര്‍ച്ച മന്ദഗതിയിലാണ് നീങ്ങുന്നത്. വരുംദിവസങ്ങളില്‍ നിര്‍ണായക തീരുമാനങ്ങളുണ്ടാകുമെന്നാണ് അഫ്ഗാന്‍ ഉദ്യോഗസ്ഥര്‍ എ എഫ് പിയോട് പറഞ്ഞത്. കഴിഞ്ഞ ആറ് മാസത്തിനിടെ താലിബാന്‍ അഫ്ഗാനിസ്താനില്‍ 53 ചാവേര്‍ ആക്രമണങ്ങളാണ് നടത്തിയത്. 1250 സ്‌ഫോടനങ്ങളിലായി 1210 സിവിലിയന്മാര്‍ കൊല്ലപ്പെട്ടതായും 2500ഓളം പേര്‍ക്ക് പരിക്കേറ്റതായും ആഭ്യന്തര മന്ത്രാലയ വക്താവ് താരിഖ് ഏരിയന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.


Next Story

Related Stories