TopTop
Begin typing your search above and press return to search.

സിറിയയിലെ യുഎസ് പിന്മാറ്റം: നാറ്റോ സഖ്യത്തിന് മസ്തിഷ്കമരണം സംഭവിച്ചെന്ന് മാക്രോൺ

സിറിയയിലെ യുഎസ് പിന്മാറ്റം: നാറ്റോ സഖ്യത്തിന് മസ്തിഷ്കമരണം സംഭവിച്ചെന്ന് മാക്രോൺ

നാറ്റോയ്ക്ക് ‘മസ്തിഷ്ക മരണം’ സംഭവിച്ചുച്ചെന്നും, സഖ്യകക്ഷികളെ പ്രതിരോധിക്കാൻ ഇനിയും അമേരിക്കയെ ആശ്രയിക്കാനാവില്ലെന്നും ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ യൂറോപ്യൻ രാജ്യങ്ങൾക്ക് മുന്നറിയിപ്പ് നൽകി. ‘യൂറോപ്പ് ഇപ്പോള്‍ ഒരു മഹാഗര്‍ത്തത്തിന്‍റെ വക്കിലാണ് നില്‍ക്കുന്നത്. തന്ത്രപരമായി ഒരു ഭൗമരാഷ്ട്രീയ ശക്തിയായി നാം സ്വയം ചിന്തിച്ചു തുടങ്ങേണ്ടിയിരിക്കുന്നു. അല്ലാത്തപക്ഷം മേലില്‍ നമ്മുടെ വിധിപോലും നമുക്ക് നിയന്ത്രിക്കാനാകില്ല’- ‘ദി ഇക്കോണമിസ്റ്റിന് നല്‍കിയ അഭിമുഖത്തില്‍ പങ്കെടുത്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കൂട്ടായ പ്രതിരോധത്തിന് നാറ്റോ ഇപ്പോഴും പ്രതിജ്ഞാബദ്ധമാണോ എന്നും അദ്ദേഹം ചോദിക്കുന്നു.

എന്നാല്‍ മാക്രോണിന്റെ കടുത്ത പരാമര്‍ശങ്ങളോട് വിയോജിപ്പ്‌ രേഖപ്പെടുത്തിക്കൊണ്ട് പ്രധാന സഖ്യകക്ഷിയായ ജർമ്മൻ ചാൻസലർ ആഞ്ചെല മെർക്കൽ രംഗത്തെത്തി. നാറ്റോയെ തങ്ങളുടെ സുരക്ഷയ്ക്ക് ഭീഷണിയായി കാണുന്ന റഷ്യ ഫ്രഞ്ച് പ്രസിഡന്റിന്റെ അഭിപ്രായത്തെ സ്വാഗതം ചെയ്യുകയും ‘സത്യസന്ധമായ വാക്കുകൾ’ എന്ന് പ്രശംസിക്കുകയും ചെയ്തു. അടുത്ത മാസം 70 വർഷം ആഘോഷിക്കുന്ന നാറ്റോ ‘സഖ്യം ശക്തമായിതന്നെയാണ് തുടരുന്നതെന്ന്’ പ്രതികരിച്ചു.

ഒരുമിച്ചുള്ള പോരാട്ടമാണ് നാറ്റോയുടെ രൂപീകരണ ലക്ഷ്യം എന്ന് മാക്രോണ്‍ ഓര്‍മ്മിപ്പിക്കുന്നു. ‘എന്നാല്‍ യു.എസ് പിന്‍മാറുന്ന സൂചനകളാണ് കാണുന്നത്. ഇതിന്റെ ഭാഗമായാണ് സിറിയയില്‍ നിന്ന് സൈന്യത്തെ പിന്‍വലിക്കാന്‍ യു.എസ് കഴിഞ്ഞ മാസം തീരുമാനിച്ചത്. ഇത് സഖ്യകക്ഷികളെ ബോധ്യപ്പെടുത്താതെയുള്ള തീരുമാനമായിരുന്നു’ അദ്ദേഹം പറഞ്ഞു. ഏതെങ്കിലും ഒരു അംഗത്തിനെതിരേ ആക്രമണം ഉണ്ടായാല്‍ സഖ്യം കൂട്ടമായി പ്രതികരിക്കുമെന്ന് നാറ്റോയുടെ സ്ഥാപക ചാർട്ടറിലെ ആർട്ടിക്കിൾ അഞ്ച് അനുശാസിക്കുന്നു. എന്നാല്‍ അതിനിയും നടക്കുമോ എന്ന കാര്യത്തില്‍ മാക്രോണ്‍ ആശങ്ക പ്രകടിപ്പിച്ചു. അമേരിക്കയുടെ പ്രതിബദ്ധതയുടെ വെളിച്ചത്തിൽ നാറ്റോ എന്താണെന്നതിന്റെ യാഥാർത്ഥ്യം വീണ്ടും വിലയിരുത്തണമെന്ന് അദ്ദേഹം ആവശ്യപ്പെടുകയും ചെയ്തു.

1949 ഏപ്രിൽ 4-ന് നിലവിൽവന്ന വടക്കൻ അറ്റ്ലാന്റിക് ഉടമ്പടി പ്രകാരം പ്രവർത്തിക്കുന്ന അന്താരാഷ്ട്ര സൈനിക സഖ്യമാണ് നോർത്ത് അറ്റ്ലാന്റിക് ട്രീറ്റി ഓർഗനൈസേഷൻ എന്ന നാറ്റോ. ബെൽജിയത്തിലെ ബ്രസൽസിലാണ് ഇതിന്റെ ആസ്ഥാനം. ബാഹ്യ ശക്തികളിൽ നിന്നുള്ള ആക്രമണമുണ്ടായാൽ അംഗരാഷ്ട്രങ്ങൾ ഒരുമിച്ച് നിന്ന് അതിനെ പ്രതിരോധിക്കുക എന്നതാണ് ഇതിന്റെ പ്രധാന ലക്ഷ്യം. 12 രാഷ്ട്രങ്ങൾ ചേർന്ന ആരംഭിച്ച ഈ സഖ്യത്തിൽ ഇപ്പോൾ 28 അംഗരാഷ്ട്രങ്ങളുണ്ട്.


Next Story

Related Stories