TopTop
Begin typing your search above and press return to search.

'ശാസ്ത്രം വംശീയതയ്ക്ക് കൂട്ടുനിന്നു, ആ സമീപനം മാറ്റണം' 'ബ്ലാക്ക് ലൈവ്‌സ് മാറ്ററിനെ' പിന്തുണച്ച് നാച്വർ മാസികയും അമേരിക്കന്‍ ശാസ്ത്ര സമൂഹവും

ശാസ്ത്രം വംശീയതയ്ക്ക് കൂട്ടുനിന്നു, ആ സമീപനം മാറ്റണം ബ്ലാക്ക് ലൈവ്‌സ് മാറ്ററിനെ പിന്തുണച്ച് നാച്വർ മാസികയും അമേരിക്കന്‍ ശാസ്ത്ര സമൂഹവും

ജോര്‍ജ്ജ് ഫ്‌ളോയിഡിന്റെ കൊലപാതകത്തെ തുടര്‍ന്ന വംശീയ വിവേചനങ്ങള്‍ക്കെതിരായ പോരാട്ടം ലോകത്തെ പല രാജ്യങ്ങളിലേക്ക് വ്യാപിക്കുകയാണ്. ബ്രിട്ടന്‍, ഓസ്‌ത്രേലിയ, ഫ്രാന്‍സ് തുടങ്ങിയ രാജ്യങ്ങളില്‍ വലിയ തോതിലുള്ള ജനമുന്നേറ്റമാണ് വംശീയ വിവേചനങ്ങള്‍ക്കെതിരെ ഉണ്ടാകുന്നത്. എന്നാല്‍ ബ്ലാക്ക് ലൈവ്‌സ് മാറ്റര്‍ എന്നതു പോലുള്ള രാഷ്ട്രീയ സംഘടനകള്‍ മാത്രമല്ല, സാമൂഹ്യ വിഷയങ്ങളില്‍നിന്ന് വിട്ടുനില്‍ക്കുന്നുവെന്ന് കരുതുന്ന ശാസ്ത്ര സമൂഹമാണ് വലിയ പിന്തുണയുമായി രംഗത്തെത്തിയിട്ടുള്ളത്. ഇതിന്റെ ഭാഗമായി കഴിഞ്ഞ ദിവസം അമേരിക്കയിലെയും മറ്റ് ലോക രാജ്യങ്ങളിലേയും 5000 ത്തോളം ശാസ്ത്രകാരന്മാര്‍ ബ്ലാക്ക് ലൈവ്‌സ് മാറ്ററിന് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച് ജോലികളില്‍നിന്ന് വിട്ടുനിന്നു. ലോക പ്രശസ്തമായ നേച്ചര്‍ മാസികയും പ്രതിഷേധത്തിന് ഐക്യദാര്‍ഡ്യം പ്രകടിപ്പിച്ചു.

ആയിരകണക്കിന് ശാസ്ത്ര ഗവേഷകരും പ്രധാനപ്പെട്ട ഗവേഷണ സ്ഥാപനങ്ങളുമാണ് കഴിഞ്ഞ ദിവസം പ്രതിഷേധത്തില്‍ പങ്കെടുത്തത്. സ്‌ട്രൈക്ക് ഫോര്‍ ബ്ലാക്ക് ലൈവ്‌സ് എന്ന മുദ്രാവാക്യം ഉയര്‍ത്തിയാണ് ശാസ്ത്ര സമൂഹം നീതിക്കുവേണ്ടിയുള്ള പ്രക്ഷോഭത്തിന് കൂട്ടായത്. സാധാരണ ജോലികളില്‍നിന്ന് വിട്ടുനിന്ന് വംശീയതയെക്കുറിച്ച് മനസ്സിലാക്കി അതിനെതിരായ പ്രവര്‍ത്തനത്തിന് വേണ്ടിയാണ് ശാസ്ത്ര സമൂഹം കഴിഞ്ഞ ദിവസം വിനിയോഗിച്ചത്.

' കറുത്തവരുടെ ജീവിതത്തിന് വേണ്ടി വ്യക്തികളും അക്കാദമിക സമൂഹങ്ങളും ശാസ്ത്രകാരന്മാരും രംഗത്തുവരും' ചിക്കാഗോ സര്‍വകലാശാലയിലെ ആസ്‌ട്രോ ഫിസിക്‌സ് പ്രൊഫസര്‍ ബ്രിയാന്‍ നോര്‍ഡ് പറഞ്ഞു.

ശാസ്ത്ര സമൂഹം ഇതുവരെ കറുത്ത വിഭാഗക്കാരെ കൈയൊഴിയുകയാണ് ചെയ്തതെന്ന് പാര്‍ട്ടിക്കിള്‍സ് ഫോര്‍ ജസ്റ്റീസ് എന്ന ശാസ്ത്ര സംഘടന പ്രസ്താവനയില്‍ പറഞ്ഞു. വൈവിധ്യത്തെക്കുറിച്ചും എല്ലാറ്റിനെയും ഉള്‍ക്കൊള്ളുന്നതിനെക്കുറിച്ചുമെല്ലാമുള്ള വലിയ അവകാശവാദങ്ങള്‍ക്കപ്പുറം ശാസ്ത്ര സമൂഹം കറുത്തവരെ യഥാര്‍ത്ഥത്തില്‍ പരിഗണിച്ചിട്ടില്ലെന്ന് പ്രസ്താവന സമ്മതിച്ചു.

സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് അമേരിക്കന്‍ അസോസിയേഷന്‍ ഫോര്‍ ദി അഡ്വാന്‍സ്‌മെന്റ് ഓഫ് സയന്‍സ് അവരുടെ പ്രസിദ്ധീകരണം നിര്‍ത്തിവെച്ചാണ് സമരത്തില്‍ പങ്കാളികളായത്. അമേരിക്കന്‍ ഫിസിക്കല്‍ സൊസൈറ്റിയും യുകെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്‌സും സമരത്തില്‍ അസോസിയേഷനുകളെന്ന നിലയില്‍ പങ്കാളികളായി.

ലോക പ്രശസ്ത ശാസ്ത്ര മാസികയായ നേച്ചര്‍ സിസ്റ്റമിക് റേസിസം, സയന്‍സ് മസ്റ്റ് ലിസണ്‍ ഏന്റ് ചേഞ്ച് എന്ന പത്രാധിപ കുറപ്പിലൂടെ ശാസ്ത്രം എങ്ങനെയാണ് വംശീയതയെ പ്രോല്‍സാഹിപ്പിച്ചതെന്ന് വിശദീകരിച്ചു. സമരത്തിന്റെ ഭാഗമായി ഇന്നലെ നേച്ചര്‍ മാസികയുടെ പ്രവര്‍ത്തനം നിര്‍ത്തിവെച്ചു.

ബ്ലാക്ക് ലൈവ്‌സ് മാറ്റര്‍ എന്ന് പറഞ്ഞതു കൊണ്ട് മാത്രമായില്ലെന്ന് വിശദീകരിച്ച നാച്വര്‍ മാസിക കുടുതല്‍ അര്‍ത്ഥവത്തായ പ്രവര്‍ത്തനങ്ങള്‍ ഉണ്ടാകേണ്ടതുണ്ടെന്നും പറഞ്ഞു.

ഗവേഷണത്തിലുള്‍പ്പെടെയുള്ള കാര്യങ്ങളില്‍ വംശീയ വിവേചനങ്ങള്‍ക്ക് നാച്വറിന്റെ പ്രവര്‍ത്തനങ്ങളും കാരണമായിട്ടുണ്ടെന്ന് പത്രധിപകുറിപ്പ് സമ്മതിച്ചു. വ്യവസ്ഥാപിതമായ വംശീയതയ്ക്ക് കൂട്ടുപിടിക്കുകയാണ് ശാസ്ത്രം ചെയ്തത്. ആ അനിതീകള്‍ ഇല്ലാതാക്കാന്‍ വലിയ ശ്രമം ആവശ്യമാണെന്നും മാസിക പറഞ്ഞു. ഇത്തരം കാര്യങ്ങളിലെ സമീപനങ്ങളില്‍ മാറ്റമുണ്ടാക്കാന്‍ നല്ല ശ്രമം നടത്തുമെന്നും അവര്‍ പറഞ്ഞു.

ഗവേഷണ മേഖലയില്‍ എങ്ങനെയാണ് വംശീയത പ്രവര്‍ത്തിച്ചതെന്ന് പരിശോധിക്കുന്ന ഒരു പ്രത്യേക പതിപ്പ് ഗസ്റ്റ് എഡിറ്ററിന്റെ നേതൃത്വത്തില്‍ നേച്വര്‍ പുറത്തിറക്കുമെന്നും എഡിറ്റോറിയൽ അറിയിച്ചു. ഇതില്‍ 'നാച്വറി'ന്റെ പ്രവര്‍ത്തനങ്ങളും വിമര്‍ശന ബുദ്ധ്യ പരിശോധിക്കുമെന്നും മാസിക അറിയിച്ചു.


Next Story

Related Stories