TopTop
Begin typing your search above and press return to search.

വെസ്റ്റ് ബാങ്ക് ഇസ്രയേലിനോട് ചേർക്കുന്നത് വൈകുമെന്ന സൂചനയുമായി ഇസ്രയേൽ പ്രധാനമന്ത്രി നെതന്യാഹു

വെസ്റ്റ് ബാങ്ക് ഇസ്രയേലിനോട് ചേർക്കുന്നത് വൈകുമെന്ന സൂചനയുമായി ഇസ്രയേൽ പ്രധാനമന്ത്രി നെതന്യാഹു

ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു തന്റെ വെസ്റ്റ് ബാങ്ക് ഏറ്റെടുക്കൽ പദ്ധതികൾ നടപ്പാക്കാൻ പാടുപെടുകയാണ്. പലസ്തീനികളുടെയും അന്താരാഷ്ട്ര സമൂഹത്തിന്റെയും, സ്വന്തം സർക്കാരില്‍ നിന്നുതന്നെയുമുള്ള ശക്തമായ ചെറുത്തുനില്‍പ്പാണ് ഇന്ന് ആരംഭിക്കേണ്ട ഏറ്റെടുക്കൽ നടപടികള്‍ക്ക് തടസ്സം നില്‍ക്കുന്നത്. ഡൊണാൾഡ് ട്രംപിന്റെ യുഎസ് ഭരണകൂടം ആവിഷ്കരിച്ച സമാധാന പദ്ധതിയുടെ ഭാഗമായി ജൂലൈ 1 മുതൽ ഇസ്രായേൽ കുടിയേറ്റ കേന്ദ്രങ്ങളും ജോർദാൻ താഴ്വരയും പിടിച്ചെടുക്കുന്ന പ്രക്രിയ ആരംഭിക്കുമെന്ന് നെതന്യാഹു പ്രതിജ്ഞ ചെയ്തിരുന്നു.

എന്നാല്‍, യുഎസ് ഉദ്യോഗസ്ഥരുമായി കൂട്ടിച്ചേർക്കൽ ചർച്ചകൾ തുടരുമെന്നാണ് ഇപ്പോള്‍ അദ്ദേഹം പറയുന്നത്. രാജ്യം കൊറോണ വൈറസ് മഹാമാരിക്കെതിരെ പോരാടിക്കൊണ്ടിരിക്കുന്നതിനിടെ കൂട്ടിച്ചേർക്കൽ നടപടികള്‍ ആരംഭിക്കാന്‍ കാത്തിരിക്കണമെന്ന് ഉപ-പ്രധാനമന്ത്രി ബെന്നി ഗാന്റ്സ് പറഞ്ഞതിന് തൊട്ടുപിന്നാലെയാണ് ഈ പരാമർശം.

വെസ്റ്റ് ബാങ്കിന്റെ 30 ശതമാനം പ്രദേശം പിടിച്ചെടുക്കാന്‍ ഇസ്രായേലിനെ അനുവദിക്കുന്ന അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പശ്ചിമേഷ്യന്‍ 'സമാധാന പദ്ധതി' പലസ്തീന്‍ ജനത തള്ളിയിരുന്നു. വെസ്റ്റ് ബാങ്കിന്റെ നാലിലൊന്ന് വരുന്ന ജോര്‍ദ്ദാന്‍ താഴ്വരയും ഇസ്രായേലിന്റെ വിദൂര ജൂത വാസ സ്ഥലങ്ങളും പിടിച്ചെടുക്കുമെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ഈ വര്‍ഷം അധികാരത്തില്‍ വന്ന ഉടന്‍ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍, സുരക്ഷാ ആവശ്യങ്ങള്‍ക്കായി ജോര്‍ദ്ദാന്‍ താഴ്വരയുടെ നിയന്ത്രണം ഇസ്രായേല്‍ നിലനിര്‍ത്തണം എന്ന വാദം അസംബന്ധമാണെന്ന് മുന്‍ ഇസ്രയേല്‍ പ്രധാനമന്ത്രി എഹുദ് ഒല്‍മെര്‍ട്ട് അഭിപ്രായപ്പെട്ടിരുന്നു.

അമേരിക്കയുടെ പദ്ധതിയെ പലസ്തീന്‍ ജനത തള്ളിക്കളഞ്ഞുവെങ്കിലും വെസ്റ്റ് ബാങ്കിലെ പിടിച്ചെടുക്കൽ വിരുദ്ധ പ്രതിഷേധത്തില്‍ വലിയ ബഹുജന പങ്കാളിത്തം പ്രകടമായിരുന്നില്ല. അമേരിക്കന്‍ പദ്ധതി പ്രകാരം പലസ്തീന്‍ നഗരം അതേപടി തുടരുമെങ്കിലും ജോർദാനുമായുള്ള അതിർത്തി ഉൾപ്പെടെ ചുറ്റുമുള്ള പ്രദേശം ഇസ്രായേൽ പിടിച്ചെടുക്കും. യുഎൻ, യുഎസ്, യൂറോപ്യൻ യൂണിയൻ, റഷ്യ എന്നിവര്‍ ഉള്‍പ്പെടുന്ന കൂട്ടായ്മക്ക് തങ്ങള്‍ മറ്റൊരു പദ്ധതി സമർപ്പിച്ചിട്ടുണ്ടെന്ന് പലസ്തീൻ പ്രധാനമന്ത്രി മുഹമ്മദ് ഷട്ടായെ പറഞ്ഞു. അതിന്റെ ഉള്ളടക്കത്തെ സംബന്ധിച്ച് അവ്യക്തത നിലനില്‍ക്കുന്നുണ്ടെങ്കിലും ഇസ്രയേലുമായി ചർച്ച പുനരാരംഭിക്കാൻ തയ്യാറാണെന്ന് പലസ്തീൻ അതോറിറ്റി അറിയിക്കുന്നതായി വിവിധ വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.


Next Story

Related Stories