TopTop
Begin typing your search above and press return to search.

ആൽബർ കാമുവിനെ സോവിയ്റ്റ് ചാര സംഘടന കെജിബി വധിച്ചതോ? വെളിപ്പെടുത്തലുമായി പുസ്തകം

ആൽബർ കാമുവിനെ സോവിയ്റ്റ് ചാര സംഘടന കെജിബി വധിച്ചതോ? വെളിപ്പെടുത്തലുമായി പുസ്തകം

വിഖ്യാത ഫ്രഞ്ച് എഴുത്തുകാരനും നൊബെൽ സമ്മാന ജേതാവുമായ ആൽബർ കാമുവിനെ കെ.ജി.ബി ചാരന്മാർ കൊന്നതാണെന്ന് ഒരു പുതിയ പുസ്തകം. ഇറ്റാലിയൻ എഴുത്തുകാരൻ ജിയോവന്നി കാറ്റെല്ലി തന്റെ സിദ്ധാന്തം ആദ്യമായി അവതരിപ്പിക്കുന്നത് 2011 ലാണ്. അതിനു ശേഷം നടത്തിയ വിശദമായ ഗവേഷണത്തിന്റെ അടിസ്‌ഥാനത്തിലാണ് അദ്ദേഹം 'ദി ഡെത്ത് ഓഫ് കാമസ്' എന്ന പുസ്തകം രചിച്ചിരിക്കുന്നത്. പ്രായം 46 വയസ്സിൽ എത്തി നിൽക്കേയാണ് കാമസ് ഒരു വാഹനാപകടത്തിൽ കൊല്ലപ്പെടുന്നത്. സോവിയറ്റ് വിരുദ്ധ എഴുത്തുകളാണ് അദ്ദേഹത്തിന്റെ മരണത്തിലേക്ക് നയിച്ചതെന്ന് പുസ്തകം ആരോപിക്കുന്നു.

കൊല്ലപ്പെടുന്നതിനും മൂന്നു വർഷം മുൻപാണ് കാമുവിന് നൊബേൽ സമ്മാനം ലഭിക്കുന്നത്. L’Étranger (The utsider), La Peste (The Plague) എന്നീ രചനകൾ മുൻ നിർത്തിയായിരുന്നു പുരസ്കാരം. 'നമ്മുടെ കാലത്തെ മനുഷ്യ മനസാക്ഷിയുടെ പ്രശ്നങ്ങൾ പ്രകാശിപ്പിച്ചതിനാണ്' പുരസ്കാരം നൽകുന്നതെന്ന് അന്ന് നൊബേൽ ജൂറി പറഞ്ഞിരുന്നു.

'കാമു സഞ്ചരിച്ച വാഹനത്തിന്റെ ആക്‌സിൽ പൊട്ടിയാണ് അപകടം സംഭവിച്ചത് എന്നായിരുന്നു ഔദ്യോഗിക വിശദീകരണം. എന്നാൽ 30 അടി വീതിയുള്ള ഒരു നിരന്ന റോഡിൽ, ട്രാഫിക്ക്‌പോലും ഇല്ലാത്ത സമയത്ത്, എങ്ങനെ അത് സംഭവിച്ചു എന്നത് വിദഗ്ധർക്കുപോലും ഇപ്പോഴും പിടികിട്ടിയിട്ടില്ല' എന്ന്‌ 1978-ൽ കാമസിന്റെ ജീവചരിത്രം എഴുതിയ ഹെർബർട്ട് ലോട്ട്മാൻ എഴുതിയിരുന്നു.

1957 മാർച്ചിൽ ഫ്രഞ്ച് പത്രമായ ഫ്രാങ്ക്-ടയൂരിൽ കാമുവിന് പ്രസിദ്ധീകരിച്ച ലേഖനത്തിന് പ്രതികാരമെന്നോണം അദ്ദേഹത്തെ വധിക്കാൻ ഉത്തരവിട്ടത് സോവിയറ്റ് യൂണിയന്റെ ആഭ്യന്തര മന്ത്രിയായിരുന്ന ദിമിത്രി ഷെപിലോവ് ആണെന്ന് കാറ്റെല്ലി പറയുന്നു. 1956 മുതൽ ഹംഗേറിയൻ പ്രക്ഷോഭത്തോടൊപ്പം കാമു പരസ്യമായി നിലകൊള്ളുകയും സോവിയറ്റ് നടപടികളെ നിശിതമായി വിമർശിക്കുകയും ചെയ്തു. അക്കാലത്തെ സോവിയറ്റ് വിരുദ്ധനായി മുദ്രകുത്തപ്പെട്ട റഷ്യൻ എഴുത്തുകാരനായ ബോറിസ് പാസ്റ്റെർനാക്കിനെ അദ്ദേഹം പരസ്യമായി പ്രശംസിക്കുകയും പിന്തുണയ്ക്കുകയും ചെയ്തു.

പ്രശസ്ത ചെക്ക് കവിയും പരിഭാഷകനുമായ ജാൻ സെബ്രാനയുടെ ഡയറിയിക്കുറിപ്പുകളാണ് കാമുവിന്റെ മരണം ഒരപകട മരണമല്ലെന്ന് കൃത്യമായി പ്രതിബാധിക്കുന്നത്. ആ ഡയറിക്കുറിപ്പിൽ പറയുന്ന കാര്യങ്ങൾ ശാസ്ത്രീയമായി വിശകലനം ചെയ്തും, സെബ്രാനയുടെ വിധവയായ മേറിയുമായി അഭിമുഖം നടത്തിയും, പല അഭിഭാഷകരുമായി സംസാരിച്ചുമാണ് കാറ്റെല്ലി പുസ്തകം തയ്യാറാക്കിയിരിക്കുന്നത്.


Next Story

Related Stories