മഹാമാരിക്കാലം ലോകത്തെ വിട്ടൊഴിയുന്നില്ല. കോവിഡിനു പിന്നാലെ മറ്റൊരു വൈറസ് ബാധ കൂടി ശാസ്ത്രജ്ഞര്‍ സ്ഥിരീകരിച്ചിരിക്കുകയാണ്. ഡിസീസ് എക്സ് എന്നാണ് ലോകാരോഗ്യ സംഘടന അതിന് പേര് നല്‍കിയിരിക്കുന്നത്. അപ്രതീക്ഷിതമായി സംഭവിച്ചത് എന്ന അര്‍ത്ഥത്തിലാണ് എക്സ് എന്ന് ചേര്‍ത്തിരിക്കുന്നത്. കോവിഡിനേക്കാള്‍ അപകടകാരിയായ വൈറസാണിതെന്നാണ് ശാസ്ത്രജ്ഞര്‍ നല്കുന്ന മുന്നറിയിപ്പ്.
ആഫ്രിക്കന്‍ രാജ്യമായ കോംഗോ റിപ്പബ്ലിക്കിലെ ഇന്‍ഗെന്‍ഡെയിലാണ് ഡിസീസ് എക്സ് വൈറസ് ബാധ കണ്ടെത്തിയിരിക്കുന്നത്. പനിയും രക്തസ്രാവവുമായിരുന്നു രോഗബാധയുടെ ലക്ഷണങ്ങള്‍. അതിവേഗം പടരാന്‍ ശേഷിയുള്ള വൈറസാണിത്. കൊറോണ വൈറസിനെപ്പോലെ ഡിസീസ് എക്സ് വൈറസിന്റെ ഉത്ഭവവും ജന്തുക്കളില്‍ നിന്നാണെന്നാണ് പ്രാഥമിക നിഗമനം. അതേസമയം, കോവിഡിനേക്കാള്‍ സൂക്ഷിക്കേണ്ടതുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ആഫ്രിക്കന്‍ രാജ്യത്ത് പടര്‍ന്നുപിടിച്ച എബോളയുടെ മരണ നിരക്ക് 50-90 ശതമാനമായിരുന്നു.
'വീണ്ടും പുതിയൊരു വൈറസ് ബാധ കൂടി കണ്ടെത്തിയിരിക്കുന്നു. മനുഷ്യരാശിക്കു തന്നെ ഭീഷണിയാകുന്ന വൈറസുകളുടെ ലോകത്താണ് നാമിപ്പോള്‍. പുതിയ വൈറസ് കോവിഡിനേക്കാള്‍ അപകടകാരിയായേക്കാം' 1976ല്‍ എബോള കണ്ടത്തിയ ശാസ്ത്രജ്ഞന് പ്രഫസര്‍ ജീന്‍ ജാക്വസ് മുയെംബെ തംഫിനെ ഉദ്ധരിച്ച് സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. പുതിയ വൈറസ് ബാധയെക്കുറിച്ചും അവയുടെ പ്രതിരോധത്തെക്കുറിച്ചുമുള്ള പഠനങ്ങള്‍ ആരംഭിച്ചിട്ടുണ്ട്.