TopTop
Begin typing your search above and press return to search.

അമേരിക്കയില്‍ ചരിത്ര ദൗത്യത്തിന്‌ തുടക്കം; ആദ്യ വാക്‌സിന്‍ സ്വീകരിച്ചത് ആരോഗ്യപ്രവര്‍ത്തകയായ സാന്ദ്ര ലിന്‍ഡ്‌സെ

അമേരിക്കയില്‍ ചരിത്ര ദൗത്യത്തിന്‌ തുടക്കം; ആദ്യ വാക്‌സിന്‍ സ്വീകരിച്ചത് ആരോഗ്യപ്രവര്‍ത്തകയായ സാന്ദ്ര ലിന്‍ഡ്‌സെ

ന്യൂയോര്‍ക്കിലെ ലോങ് ഐലന്റില്‍ തീവ്രപരിചരണവിഭാഗത്തിലെ നഴ്‌സ് സാന്ദ്ര ലിന്‍ഡ്‌സെ ആദ്യം വാക്‌സീന്‍ സ്വീകരിച്ചതോടെ അമേരിക്കന്‍ ചരിത്രത്തിലെ ഏറ്റവും വലിയ വാക്‌സിനേഷന്‍ ദൗത്യത്തിനു തുടക്കമായി. മറ്റ് വാക്സിനുകള്‍ സ്വീകരിക്കുന്നത് പോലെയാണ് കൊറോണ വാക്സിന്‍ സ്വീകരിക്കുമ്പോഴും അനുഭവപ്പെട്ടതെന്ന് ലിന്‍ഡ്സെയ് പ്രതികരിച്ചു. വളരെ സന്തോഷവും, ആശ്വാസവും തോന്നുന്നു. ചരിത്രത്തിലെ ഏറ്റവും കാഠിന്യം നിറഞ്ഞ സമയത്തിന്റെ അന്ത്യമാണ് ആരംഭിച്ചത്. ഏറെ സുരക്ഷിതമായ ഫൈസര്‍ വാക്സിന്‍ സ്വീകരിക്കാന്‍ എല്ലാവരും ആത്മവിശ്വാസത്തോടെ മുന്നോട്ടുവരാന്‍ ആവശ്യപ്പെടുകയാണെന്നും ലിന്‍ഡ്സായ് പറഞ്ഞു. കൊറോണ വാക്സിന്റെ ആദ്യ ഡോസ് കുത്തിവെച്ചതിന് പിന്നാലെ അഭിനന്ദനങ്ങള്‍ അറിയിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും രംഗത്ത് എത്തി. ആദ്യമായി വാക്സിന്‍ നല്‍കിയിരിക്കുന്നു. അമേരിക്കയ്ക്കും, ലോകത്തിനും അഭിനന്ദനങ്ങളെന്നും ഡൊണാള്‍ഡ് ട്രംപ് ട്വിറ്ററില്‍ കുറിച്ചു.

ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ആദ്യ ഘട്ടത്തില്‍ വാക്‌സിനുകള്‍ നല്‍കുക. വെള്ളിയാഴ്ചയാണു ഫൈസര്‍- ബയോണ്‍ടെക് വാക്‌സീന്റെ അടിയന്തര ഉപയോഗത്തിനുള്ള അനുമതി യുഎസ് ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷനും യുഎസ് സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോളും നല്‍കിയത്. 16 വയസ്സിനു മുകളിലുള്ളവര്‍ക്കാണ് അനുമതി. അമേരിക്കന്‍ കമ്പനിയായ ഫൈസറും ജര്‍മന്‍ പങ്കാളിയായ ബയോഎന്‍ടെക്കും ചേര്‍ന്നാണ് വാക്‌സിന്‍ വികസിപ്പിച്ചത്. കൊവിഡിന്റെ ലക്ഷണങ്ങളെ 90 ശതമാനം പ്രതിരോധിക്കാന്‍ വാക്‌സിന് ആകുമെന്നും വാക്‌സിന് വലിയ സുരക്ഷാ പ്രശ്‌നങ്ങള്‍ ഇല്ലെന്നുമാണ് റിപോര്‍ട്ടുകള്‍. ആദ്യ ദിനത്തില്‍ 2.9 ദശലക്ഷം ആരോഗ്യ പ്രവര്‍ത്തകര്‍ക്കും വയോജനങ്ങള്‍ക്കും വാക്‌സിന്‍ നല്‍കും.

636 കേന്ദ്രങ്ങളില്‍ വിതരണം ചെയ്യാനുള്ള വാക്‌സീനുമായി മിഷിഗനിലെ ഫൈസര്‍ നിര്‍മാണ കേന്ദ്രത്തില്‍നിന്ന് ഞായറാഴ്ച ആദ്യ ട്രക്ക് പുറപ്പെട്ടു. ഇന്നലെ 150 ആശുപത്രികളില്‍ കുത്തിവയ്പ് ആരംഭിച്ചു. ആദ്യ ഘട്ടത്തില്‍ 30 ലക്ഷം ഡോസാണ് വിതരണം ചെയ്യുക. ഏപ്രിലോടെ 10 കോടി പേര്‍ക്കു നല്‍കുകയാണു ലക്ഷ്യം. ഫൈസര്‍ സിഇഒ ആല്‍ബര്‍ട്ട് ബുര്‍ലയും ആദ്യഘട്ടത്തില്‍തന്നെ വാക്‌സീന്‍ സ്വീകരിക്കും.


Next Story

Related Stories