TopTop
Begin typing your search above and press return to search.

മൃതദേഹങ്ങളുടെ എണ്ണം കൂടുന്നു, രോഗികളെ ചികില്‍സിക്കാനും സൗകര്യങ്ങളില്ല, ന്യൂയോര്‍ക്കില്‍ സ്ഥിതി രൂക്ഷം, യുറോപ്പിലും മരുന്ന് ക്ഷാമം

മൃതദേഹങ്ങളുടെ എണ്ണം കൂടുന്നു, രോഗികളെ ചികില്‍സിക്കാനും സൗകര്യങ്ങളില്ല, ന്യൂയോര്‍ക്കില്‍ സ്ഥിതി രൂക്ഷം, യുറോപ്പിലും മരുന്ന് ക്ഷാമം

കൊറോണ വൈറസ് അതിവേഗം പടരുന്ന അമേരിക്കയില്‍ സ്ഥിതി രൂക്ഷമാകുന്നു. രോഗികളുടെ എണ്ണം അതിവേഗം കൂടുകയും, ചികില്‍സ സൗകര്യങ്ങള്‍ പരിമിതമാകുകയും ചെയ്യുന്ന അവസ്ഥയാണ് അമേരിക്കയിലെ വിവിധ ഭാഗങ്ങളില്‍നിന്ന് റിപ്പോര്‍ട്ട് ചെയ്യുന്നത്. ന്യൂയോര്‍ക്കിലാണ് പ്രതിസന്ധി ഏറ്റവും രൂക്ഷം. ഇന്ന് ന്യൂയോര്‍ക്കില്‍ സംഭവിക്കുന്നത് നാളെ അമേരിയിലെ മറ്റ് പ്രദേശങ്ങള്‍ നേരിടേണ്ടിവരുമെന്ന് ഗവര്‍ണര്‍ ആന്‍ഡ്രു കുആമോ പറഞ്ഞു. അമേരിക്കയില്‍ മരണ സംഖ്യ 5800 കവിഞ്ഞു. ഇന്നലെ 900 പേരാണ് മരിച്ചത്. മരുന്നുകളുടെയും ഉപകരണങ്ങളുടെയും ക്ഷാമമാണ് ഇവിടെ ഏറ്റവും രുക്ഷം. യുറോപ്പിലും അവശ്യമരുന്നുകള്‍ക്ക് വലിയ ക്ഷാമം നേരിടുകയാണ്.

ന്യൂയോര്‍ക്കിലെ ആശുപത്രികളിലെ മോര്‍ച്ചറികള്‍ മൃതദേഹങ്ങള്‍ കൊണ്ട് നിറഞ്ഞിരിക്കയാണെന്ന് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. രാത്രിയും ശ്മശാനങ്ങള്‍ പ്രവര്‍ത്തിക്കുകയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ന്യൂയോര്‍ക്കില്‍ മാത്രം ഇതിനകം 1400 പേരാണ് മരിച്ചത്. മൃതദേഹങ്ങളുടെ എണ്ണം വര്‍ധിച്ചതോടെ സംസ്‌ക്കരിക്കുന്നതിന് അധികൃതര്‍ പുതിയ സ്ഥലങ്ങള്‍ തിരിയുകയാണെന്നും റോയിട്ടേഴ്‌സിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. 'കഴിഞ്ഞ കുറച്ചു ദിവസമായി ഏറ്റവും മോശമായ സാഹചര്യത്തെ നേരിടാന്‍ തയ്യാറെടുക്കുകയായിരുന്നു. ആ അവസ്ഥയിലേക്ക് കാര്യങ്ങള്‍ എത്തുയാണ്.' ന്യൂയോര്‍ക്ക് സ്‌റ്റേറ്റ് ഫ്യൂണറല്‍ അസോസിയേഷന്‍ ഡയറകടര്‍ മൈക്ക് ലാനോറ്റെ പറഞ്ഞു. ഇതിന് പുറമെയാണ് പുതുതായി ആശുപത്രിയിലെത്തുന്ന രോഗികള്‍. ഇവര്‍ക്ക് മതിയായ രീതിയിലുള്ള ചികില്‍സ നല്‍കാന്‍ കഴിയാത്ത സാഹചര്യവും ഉണ്ടെന്ന് അധികൃതര്‍ പറയുന്നു. ഇന്ന് ന്യൂയോര്‍ക്കില്‍ സംഭവിക്കുന്നത് നാളെ അമേരിക്ക മൊത്തത്തില്‍ നേരിടേണ്ടി വരുമെന്ന് ഗവര്‍ണര്‍ ആന്‍ഡ്രു കുആമോ പറഞ്ഞു. ന്യൂയോര്‍ക്കിലെ ആശുപത്രികളില്‍ മെഡിക്കല്‍ ഉപകരണങ്ങളുടെ എണ്ണവും കുറവാണ്. ആറ് ദിവസത്തിനുള്ളില്‍ ന്യൂയോര്‍ക്കില്‍ വെറ്റിലേറ്ററുകള്‍ ഇല്ലാത്ത അവസ്ഥയായിരിക്കുമെന്നും ഗവര്‍ണര്‍ മുന്നറിയിപ്പ് നല്‍കി. മെഡിക്കല്‍ ഉപകരണങ്ങള്‍ എത്തിക്കുന്നത് സംബന്ധിച്ച് ട്രംപ് ഭരണകൂടവും സംസ്ഥാനങ്ങളും തമ്മില്‍ കടുത്ത അഭിപ്രായ വ്യത്യാസം നിലനില്‍ക്കുകയാണ്. അല്‍പം മുമ്പ് നടന്ന വാര്‍ത്താ സമ്മേളനത്തില്‍ മെഡിക്കല്‍ ഉപകരണങ്ങളുടെ ക്ഷാമത്തിന് ട്രംപ് സംസ്ഥാനങ്ങളെ കുറ്റപ്പെടുത്തി. ഉപകരണങ്ങള്‍ ഓര്‍ഡര്‍ ചെയ്യുന്ന ക്ലാര്‍ക്കിന്റെ ജോലി അല്ല ഫെഡറല്‍ സര്ക്കാരിനെന്നും അദ്ദേഹം പറഞ്ഞു. ഇതിനകം 235000 പേരാണ് ഇപ്പോള്‍ അമേരിക്കയില്‍ രോഗ ബാധിതരായിട്ടുള്ളത്.

രോഗത്തിന്റെ പ്രധാന കേന്ദ്രമായ യുറോപ്പിലും മരുന്ന് ക്ഷാമം രൂക്ഷമാണെന്നാണ് റിപ്പോര്‍ട്ട്. അതിവ ഗുരുതരവാസ്ഥയിലുള്ള രോഗികള്‍ക്കുള്ള മരുന്നുകള്‍ രണ്ടാഴ്ചത്തേക്ക് മാത്രമമെ ഉള്ളൂവെന്നാണ് യുറോപ്പിലെ വിവിധ രാജ്യങ്ങളിലെ ആശുപത്രികളില്‍നിന്നുള്ള റിപ്പോര്‍ട്ടുകള്‍ എന്ന് ദി ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്തു. പല ആശുപത്രികളിലും അവശ്യമരുന്നുകള്‍ രണ്ട് ദിവസത്തിനുള്ളില്‍ തീരുമെന്ന് യുറോപ്യന്‍ യൂണിവേഴ്‌സിറ്റി ഹോസ്പിറ്റല്‍ അലൈയന്‍സ് സര്‍ക്കാരുകള്‍ക്ക് മുന്നറിയിപ്പ് നല്‍കി. കഴിഞ്ഞ എട്ട് ദിവസത്തിനുള്ളിലാണ് രോഗികളുടെ എണ്ണം ഇരട്ടിയായതെന്ന് ജോണ്‍ ഹോപകിന്‍സ് സര്‍വകലാശാല വ്യക്തമാക്കി. പത്തുലക്ഷത്തിലധികമാണ് ഇപ്പോള്‍ രോഗികള്‍. ഇതില്‍ 22 ശതമാനമാണ് അമേരിക്കയിലുള്ളത്. 11 ശതമാനം വീതം ഇറ്റലിയിലും സ്‌പെയിനിലുമാണ്. ആകെ രോഗികളുടെ എട്ട് ശതമാനമാണ് ചൈനയിലുള്ളത്. ആകെ രോഗികളില്‍ മരിക്കുന്നവരുടെ എണ്ണത്തിലും വര്‍ധനയുണ്ടാട്ടുണ്ട്. 5 ശതമാനമായി മരണ ശതമാനം വര്‍ധിച്ചിട്ടുണ്ട്. സ്‌പെയിനില്‍ ഇന്നലെ 950 പേരാണ് മരിച്ചത്. രാജ്യത്ത് കൊവിഡ് 19 ബാധിച്ചവരുടെ എണ്ണം 110238ആയി. ഇറ്റലിയില്‍ ഇന്നലെ 760 പേരാണ് മരിച്ചത്. ഇതിനകം ഇവിടെ 13915 പേരാണ് മരിച്ചത്. രോഗത്തെ പൂര്‍ണമായി കിഴടക്കിയെന്ന് കരുതുന്ന ചൈനയില്‍ പുതിയായി 35 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. വിദേശത്തുനിന്ന് എത്തിയവരിലാണ് രോഗം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. റഷ്യയില്‍ രോഗ ബാധ തടയുന്നതിന് നിയന്ത്രണങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കിയിട്ടുണ്ട്. ഫ്രാന്‍സില്‍ ഇന്നലെ മാത്രം 471 പേരാണ് മരിച്ചത്. ഇപ്പോഴത്തെ പ്രതിസന്ധി നേരിടാന്‍ ആഫ്രിക്കയിലെ വികസ്വര രാജങ്ങള്‍ക്ക് വായ്പയില്‍ മോറെട്ടോറിയം പ്രഖ്യാപിക്കണമെന്ന് ഫ്രാന്‍സ് ആവശ്യപ്പെട്ടു.


Next Story

Related Stories