TopTop
Begin typing your search above and press return to search.

ട്വിറ്ററിന് നിരോധനം; നൈജീരിയയില്‍ അരങ്ങേറ്റം കുറിച്ച് ഇന്ത്യയുടെ 'കൂ'

ട്വിറ്ററിന് നിരോധനം; നൈജീരിയയില്‍ അരങ്ങേറ്റം കുറിച്ച് ഇന്ത്യയുടെ കൂ

മൈക്രോബ്ലോഗിംഗ് വെബ്സൈറ്റായ ട്വിറ്ററിന് നിരോധനം ഏര്‍പ്പെടുത്തിയതിന് ശേഷം നൈജീരിയയില്‍ ഇന്ത്യയുടെ കൂ ആപ്പ് അവതരിപ്പിച്ചു.ചട്ടങ്ങള്‍ ലംഘിച്ചുവെന്ന കാരണത്താല്‍ നൈജീരിയ പ്രസിഡന്റ് മുഹമ്മദു ബുഹാരിയുടെ അക്കൗണ്ട് നീക്കം ചെയ്തതിന് പിന്നാലെ നൈജീരിയ ട്വിറ്ററിന് വിലക്കേര്‍പ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ട്വിറ്ററിന് ബദലായി ഇന്ത്യയില്‍ വികസിപ്പിച്ചെടുത്ത മൈക്രോ ബ്ലോഗിങ് പ്ലാറ്റ്‌ഫോമായ 'കൂ' രാജ്യത്ത് അവതരിപ്പിച്ചത്.

രാജ്യത്ത് ട്വിറ്റര്‍ നിരോധിക്കുന്നതിന് കാരണമായ വിഷയം ചര്‍ച്ച ചെയ്യുന്നതിന് കമ്പനി തയാറായിട്ടുണ്ടെന്നും നൈജീരിയന്‍ സര്‍ക്കാര്‍ അറിയിച്ചു. സര്‍ക്കാരുമായി വിഷയം ചര്‍ച്ച ചെയ്യുന്നതിന് ബുധനാഴ്ച രാവിലെ മൈക്രോ ബ്ലോഗിംഗ് പ്ലാറ്റ്ഫോമില്‍ നിന്ന് സന്ദേശം ലഭിച്ചതായി നൈജീരിയയിലെ വാര്‍ത്താ സാംസ്‌കാരിക മന്ത്രി ലായ് മുഹമ്മദ് അബുജയില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

നൈജീരിയയുടെ പരമാധികാരം സര്‍ക്കാരിന് പ്രധാനമാണെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. ട്വിറ്ററിന്റെയും മറ്റ് സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളുടെയും ഔദ്യോഗിക രജിസ്ട്രേഷന്‍ നിര്‍ബന്ധമാണെന്നും മന്ത്രി അറിയിച്ചു. ''നൈജീരിയയില്‍ ട്വിറ്ററിന് ലൈസന്‍സ് ഉണ്ടായിരിക്കണം, കൂടാതെ നൈജീരിയയുടെ വളര്‍ച്ചയ്ക്കോ കോര്‍പ്പറേറ്റ് നിലനില്‍പ്പിനോ വിരുദ്ധമായ പ്രവര്‍ത്തനങ്ങള്‍ക്കായി ട്വിറ്റര്‍ അതിന്റെ പ്ലാറ്റ്‌ഫോം ഉപയോഗിക്കുന്നത് അവസാനിപ്പിക്കണം,'' മുഹമ്മദ് പറഞ്ഞു..

നൈജീരിയയുടെ ബ്രോഡ്കാസ്റ്റിങ് റെഗുലേറ്ററായ നാഷണല്‍ ബ്രോഡ്കാസ്റ്റിംഗ് കമ്മീഷന്‍ എല്ലാ പ്രാദേശിക പ്രക്ഷേപണ കേന്ദ്രങ്ങള്‍ക്കും ട്വിറ്റര്‍ ഉപയോഗം താല്‍ക്കാലികമായി നിര്‍ത്താന്‍ ഉത്തരവിട്ടു. ഈ പശ്ചാത്തലത്തിലാണ് ബെംഗളൂരു ആസ്ഥാനമായുള്ള സ്റ്റാര്‍ട്ടപ്പ് വികസിപ്പിച്ച ഇന്ത്യയുടെ 'കൂ' രാജ്യത്ത് എത്തിയിരിക്കുന്നത്. 'കൂ നൈജീരിയയില്‍ ലഭ്യമാണ്. പ്രാദേശിക ഭാഷകളും അവിടെ ലഭ്യമാക്കാന്‍ ഞങ്ങള്‍ ആലോചിക്കുന്നു. എന്തുപറയുന്നു?' കൂ സഹസ്ഥാപകനും സിഇഒയുമായ അപ്രമേയ രാധാകൃഷ്ണന്‍ ട്വീറ്റ് ചെയ്തു. നൈജീരിയയില്‍ സംസാരിക്കുന്ന ഭാഷകളുടെ സ്‌ക്രീന്‍ഷോട്ടും അദ്ദേഹം പങ്കിട്ടു. മൈനമാര്‍, നമിമ്പിയ, നേപ്പാള്‍, സെനഗല്‍, റുവാണ്ട, ഫിലിപ്പൈന്‍സ്, പെറു, പരാഗ്വേ, എന്നിവിടങ്ങളിലും കൂ ലഭ്യമാണ്.


Next Story

Related Stories