TopTop
Begin typing your search above and press return to search.

തൊട്ടടുത്തുള്ള ഈജിപ്തില്‍ കൊറോണ ബാധിതര്‍ മുന്നൂറിനടുപ്പിച്ച്, ഒരാളില്‍ പോലും രോഗം സ്ഥിരീകരിക്കാതെ ലിബിയ, ഇതിനിടയിലും ആഭ്യന്തര യുദ്ധത്തില്‍ കൊല്ലപ്പെട്ടത് 15 പേര്‍

തൊട്ടടുത്തുള്ള ഈജിപ്തില്‍ കൊറോണ ബാധിതര്‍ മുന്നൂറിനടുപ്പിച്ച്, ഒരാളില്‍ പോലും രോഗം സ്ഥിരീകരിക്കാതെ ലിബിയ, ഇതിനിടയിലും ആഭ്യന്തര യുദ്ധത്തില്‍ കൊല്ലപ്പെട്ടത് 15 പേര്‍

കോവിഡ് മഹാമാരിയായി ലോകത്തെ 184 രാജ്യങ്ങളിലേക്ക് വ്യാപിച്ചപ്പോള്‍ ഒരാള്‍ക്ക് പോലും രോഗം സ്ഥിരീകരിക്കാതെ ആഭ്യന്തര സംഘര്‍ഷങ്ങളില്‍ പെട്ട് ഉഴലുന്ന ലിബിയ. തൊട്ടടുത്തുള്ള ഈജിപ്തില്‍ 285 കേസുകള്‍ സ്ഥിരീകരിച്ചപ്പോഴാണ് ലിബിയയില്‍ നിന്നുള്ള കണക്ക് അവിശ്വസനീയമാകുന്നത്. ലിബിയയുടെ മറ്റ് അയല്‍രാജ്യങ്ങളായ ടുണീഷ്യ 60, അല്‍ജീരിയ 94, ചാഡ് 1 നൈഗര്‍ 1, സുഡാന്‍ 2 എന്നിങ്ങനെയാണ് സ്ഥിതി. തൊട്ടടുത്ത് കിടക്കുന്ന മെഡിറ്ററേനിയന്‍ ദ്വീപ് രാജ്യമായ മാള്‍ട്ടയില്‍ 64 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. അതേസമയം രാജ്യത്തു കൊറോണ പടരുമെന്ന ഭീതി പടര്‍ന്നിട്ടുണ്ടെന്നും കടകളില്‍ അതിന്റെ തിരക്ക് കാണാനുണ്ടെന്നും അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്യുന്നു. രാത്രികാലങ്ങളില്‍ റെസ്റ്റോറന്‍റുകള്‍, കഫേകള്‍ എന്നിവ തുറന്നു പ്രവര്‍ത്തിക്കരുത് എന്ന കര്‍ശന നിര്‍ദേശമാണ് ഗവണ്‍മെന്‍റ് നല്കിയിരിക്കുന്നത്. ആളുകള്‍ വലിയ രീതിയില്‍ ഒത്തുകൂടുന്നത് നിരോധിച്ചിട്ടുണ്ട്. കൂടാതെ മറ്റ് രാജ്യങ്ങളുമായുള്ള അതിര്‍ത്തികള്‍ അടച്ചതായും റിപ്പോര്‍ട്ടുണ്ട്. കൊറോണ വാര്‍ത്തകള്‍ക്കിടയിലും രാജ്യത്ത് ആഭ്യന്തര യുദ്ധം തുടരുന്നതായാണ് റിപ്പോര്‍ട്ട്. രാജ്യതലസ്ഥാനമായ ട്രിപോളിക്കടുത്ത് കഴിഞ്ഞ ദിവസം ഉണ്ടായ സംഘര്‍ഷത്തില്‍ തദ്ദേശീയര്‍ അടക്കം 15 പേര്‍ കൊല്ലപ്പെട്ടു. അതേസമയം സൈനികരെ കിഴക്കന്‍ നഗരമായ ബെങ്ഘാസിയിലേക്ക് എത്തിക്കുക വഴി സിറിയന്‍ എയര്‍ലൈന്‍സ് രാജ്യത്ത് കൊറോണ വ്യാപനത്തിന് ഇടയാക്കുമെന്ന് ഗവണ്‍മെന്‍റ് ആരോപിച്ചു. ലിബിയന്‍ നാഷണല്‍ ആര്‍മി മേധാവി ജനറല്‍ ഖലീഫ ഹഫ്താറാണ് ബെങ്ഘാസി നിയന്ത്രിക്കുന്നത്. കോവിഡ് 19 ഭീഷണിയെ തുടര്‍ന്ന് ട്രിപോളി പിടിച്ചെടുക്കാനുള്ള പോരാട്ടം നിര്‍ത്തിവെക്കുന്നതായി ഹഫ്താര്‍ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു.

റഷ്യന്‍ സ്വകാര്യ സൈനിക കരാറുകരായ വാഗ്നര്‍ ഗ്രൂപ്പില്‍ നിന്നുള്ള സിറിയന്‍ സൈനികരെ ജനറല്‍ ഹഫ്താറെ സഹായിക്കാന്‍ കിഴക്കന്‍ നഗരത്തിലേക്ക് എത്തിക്കുന്നത് സിറിയയുടെ ചാം വിങ്സ് എയറലൈന്‍സാണെന്ന് ഗവണ്‍മെന്‍റ് ആരോപിച്ചു. കൂടാതെ ലെബനനില്‍ നിന്നുള്ള ഹിസ്ബുള്ള, ഇറാന്റെ റവല്യൂഷണറി ഗാര്‍ഡ് എന്നിവയിലുള്ള സൈനികരെയും കൊണ്ടുവരുന്നുണ്ട്. കൊറോണ ഏറ്റവും ഗുരുതരമായി ബാധിച്ചിട്ടുള്ള രാജ്യങ്ങളില്‍ ഒന്നാണ് ഇറാന്‍.


Next Story

Related Stories