TopTop
Begin typing your search above and press return to search.

കൊവിഡ് പ്രതിരോധത്തിന് ക്യൂബന്‍ മാതൃക, ഒരാഴ്ചയായി മരണമില്ല, രോഗികളുടെ എണ്ണത്തിലും കുറവ്

കൊവിഡ് പ്രതിരോധത്തിന് ക്യൂബന്‍ മാതൃക, ഒരാഴ്ചയായി മരണമില്ല, രോഗികളുടെ എണ്ണത്തിലും കുറവ്

കൊറോണ വ്യാപനത്തിന്റെ പ്രധാന കേന്ദ്രമായി ലാറ്റിനമേരിക്ക മാറുമ്പോഴും അത്ഭുതകരമായ നേട്ടമായി ക്യൂബ. കഴിഞ്ഞ ഒരാഴ്ചയായി ക്യൂബയില്‍നിന്ന് കൊറോണ മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

ഇതിനകം ക്യൂബയില്‍ 79 പേരാണ് കൊവിഡ് 19 ബാധിച്ച് മരിച്ചത്. 1900 ആളുകള്‍ രോഗബാധിതരായിട്ടുണ്ട്.
കര്‍ശനമായ നിയന്ത്രണങ്ങളും ഫലപ്രദമായ ആരോഗ്യ സംവിധാനങ്ങളുമാണ് ക്യുബയുടെ അതിജീവനത്തിന് കാരണമെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.
മറ്റ് രാജ്യങ്ങളില്‍ ഗുരുതരവാസ്ഥയിലായ 80 ശതമാനം ആളുകളും മരിക്കുമ്പോള്‍ ക്യൂബയില്‍ സ്ഥിതി നേരെ വ്യത്യസ്തമാണെന്നാണ് പ്രസിഡന്റ് മിഗ്വെയ്ല്‍ ഡിയാസ് കാനെല്‍ പറഞ്ഞു. . ഗുരുതരാവസ്ഥയിലായ 80 ശതമാനം ആളുകളെയും രക്ഷിക്കാന്‍ ക്യൂബയ്ക്ക് കഴിയുന്നുണ്ടെന്ന് അദ്ദേഹം അവകാശപ്പെട്ടു.
കൊറോണയ്ക്ക് ഫലപ്രദമായ രണ്ട് മരുന്നുകള്‍ ഉപയോഗിക്കാന്‍ തുടങ്ങിയതാണ് ക്യൂബയില്‍ രോഗികളുടെ എണ്ണം കുറവാകാന്‍ കാരണമെന്നാണ് സര്‍ക്കാര്‍ അവകാശപ്പെടുന്നത്. ഏപ്രിലോടെയാണ് ഈ മരുന്നുകള്‍ കോവിഡ് രോഗികളില്‍ പ്രയോഗിച്ചു തുടങ്ങിയതെന്നാണ് സര്‍ക്കാര്‍ പറയുന്നത്.
വാതരോഗത്തിനായി ഇപ്പോള്‍ ക്ലീനിക്കല്‍ പരിശോധനയിലുള്ള ഒരു മരുന്നും പ്രത്യേകതരം ആന്റി ബോഡി ശരിരത്തില്‍ ഉത്പാദിപ്പിക്കാന്‍ സഹായിക്കുന്ന മരുന്നുമാണ് കോവിഡ് രോഗികളില്‍ പ്രയോഗിക്കുന്നത്. എന്നാല്‍ ഈ മരുന്നുകളുടെ സുരക്ഷിതത്വത്തെ സംബന്ധിച്ച് കൂടുതല്‍ ഗവേഷണങ്ങള്‍ നടക്കേണ്ടതുണ്ടെന്നാണ് ചില ശാസ്ത്രകാരന്മാര്‍ പറയുന്നത്.
എന്തായാലും ക്യൂബയിലെ മരണമനിരക്ക് ലോകത്തെയും ലാറ്റിനമേരിക്കന്‍ മേഖലയിലേയും ശരാശരിയ്ക്ക് താഴെയാണ്. ക്യൂബയില്‍ മരണനിരക്ക് 4.2 ശതമാനമാണ്. ലോക ശരാശരി6.6 ശതമാനവും ഒരു കോടിയിലേറെയാണ് ക്യൂബയിലെ ജനസംഖ്യ. സമ്പൂര്‍ണ ആരോഗ്യ പദ്ധതി നടപ്പിലാക്കിയതും ഫലപ്രദമായ ആരോഗ്യ സംവിധാനങ്ങളുമാണ് ക്യൂബയുടെ നേട്ടത്തിന് കാരണമായി കണക്കാക്കുന്നത്.
ഏപ്രില്‍ മാസത്തിലാണ് ക്യൂബയില്‍ രോഗാവസ്ഥ ഏറ്റവും കൂടുതലായത്. അന്ന് ദിനംപ്രതി 50 മുതല്‍ 60 വരെ രോഗികള്‍ ഉണ്ടായിരുന്നു എന്നാല്‍ പിന്നീട് ആരോഗ്യ സംവിധാനം നടത്തിയ ഇടപെടലും വ്യാപകമായ ടെസ്റ്റിംങ്ങുമാണ് രോഗികളുടെ എണ്ണം കുറയ്ക്കാന്‍ സഹായിച്ചത്.
കൊറോണ വ്യാപനത്തിന്റെ ആദ്യഘട്ടത്തില്‍ ഇറ്റലിയില്‍ രോഗം നിയന്ത്രണാതീതമായ രീതിയില്‍ പടര്‍ന്നപ്പോള്‍ അവിടെ സഹായവുമായി ക്യൂബന്‍ ആരോഗ്യ സംഘം എത്തിയത് വലിയ വാര്‍ത്തായായിരുന്നു. യൂറോപ്പിലെ മറ്റ് രാജ്യങ്ങള്‍ പോലും ഇറ്റലിയെ സഹായിക്കാന്‍ തയ്യാറാകാതിരുന്ന സമയത്തായിരുന്നു അത്. പിന്നീട് 37 രാജ്യങ്ങൾക്കും സഹായം നൽകാൻ ക്യൂബ തീരുമാനിച്ചിരുന്നു.
ക്യൂബയില്‍ വിപ്ലവം നടന്നതിന് ശേഷം കമ്മ്യൂണിസ്റ്റ് ഭരണകൂടം ഉണ്ടാക്കിയെടുത്ത ആരോഗ്യ സംവിധാനമാണ് ഇപ്പോഴും രാജ്യത്തെ വലിയ കെടുതിയില്‍നിന്ന് രക്ഷിച്ചത്. നേരത്തെ പലപ്പോഴും മറ്റ് രാജ്യങ്ങള്‍ ആരോഗ്യ മേഖലയില്‍ വെല്ലുവിളി നേരിട്ടപ്പോള്‍ ക്യൂബയിലെ ആരോഗ്യ സംഘം സഹായത്തിനെത്തിയിരുന്നു. 2016 ല്‍ പുറത്തിറങ്ങിയ ഒരു പഠനം അനുസരിച്ച് 67 രാജ്യങ്ങളിലായി ഏകദേശം അരലക്ഷത്തോളം ക്യൂബന്‍ ആരോഗ്യ പ്രവര്‍ത്തകര്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇതില്‍ ഏറെയും ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങളില്‍തന്നെയാണ്. ആഫ്രിക്കന്‍ രാജ്യങ്ങളിലും ക്യൂബന്‍ ആരോഗ്യ പ്രവര്‍ത്തകരുടെ നല്ല സ്വാധീനമുണ്ട്.

വിപ്ലാവനന്തരം ചെ ഗുവരേ തയ്യാറാക്കിയ ആരോഗ്യ പദ്ധതിയാണ് ക്യൂബയില്‍ വലിയ മാറ്റങ്ങളുണ്ടാക്കിയത്. അദ്ദേഹത്തിന്റെ ഓണ്‍ റവല്യൂഷണറി മെഡിസിന്‍ എന്ന പ്രഭാഷണം വിപ്ലവനാന്തര സമൂഹത്തിലെ ഡോക്ടര്‍മാരുടെ കടമകള്‍ ഓര്‍മ്മിപ്പിക്കുന്നതാണ്. ആരോഗ്യ മേഖലയെ ദേശസാല്‍ക്കരിച്ചായിരുന്നു ആ മേഖലയിലെ വിപ്ലവകരമായി മാറ്റങ്ങള്‍ ക്യൂബ ഏറ്റെടുത്തത്. 1960 ല്‍ പ്രതിരോധ കുത്തിവെപ്പ് രാജ്യവ്യാപകമാക്കി. 1965 ല്‍ തന്നെ ഗര്‍ഭ ചിദ്രം നിയമവിധേയമാക്കിയ രാജ്യമായിരുന്നു ക്യുബ. എല്ലാവര്‍ക്കും ആരോഗ്യ സംരക്ഷണത്തിനുള്ള അവകാശമുണ്ട്. 'ഭരണകൂടം അത് ഉറപ്പുവരുത്തുന്നു' ക്യൂബന്‍ ഭരണഘടനയില്‍ 1976 ല്‍ എഴുതി ചേര്‍ത്ത വാക്കുകളാണത്. എങ്ങനെ ഇത് ഭരണ കൂടം സാധ്യമാക്കുമെന്നതിന്റെ വിശദാംശങ്ങളും വ്യവസ്ഥ ചെയ്യപ്പെട്ടിട്ടുണ്ട്. ക്യൂബയുടെ ജനസംഖ്യയില്‍ ഡോക്ടര്‍മാരുടെ അനുപാതം വികസിത രാജ്യങ്ങളെക്കാള്‍ മികച്ചതാണ്. 155 രോഗികള്‍ക്ക ഒരു ഡോക്ടര്‍ എന്ന തോതിലാണ് ഇവിടെ ഡോക്ടര്‍മാരെന്നാണ് കണക്കുകള്‍സൂചിപ്പിക്കുന്നത്. കുട്ടികളുടെ മരണനിരക്കും ക്യൂബയില്‍ വളരെ കുറവാണ് . 2012 ലെ കണക്കുപ്രകാരം 1000 ത്തില്‍ 4.83 മാത്രമാണ് ക്യൂബയിലെ ശിശുമരണ നിരക്ക്. 2018 ലെ കണക്കില്‍ ഇന്ത്യയില്‍ ഇത് മൂപ്പതിന് അടുത്താണ്.

ഇങ്ങനെ രാജ്യത്ത് സാര്‍വത്രിക ആരോഗ്യ സുരക്ഷ പദ്ധതികള്‍ ഉറപ്പാക്കുക മാത്രമല്ല, മറ്റ് രാജ്യങ്ങളിലേക്ക് സഹായം നല്‍കിയുമാണ് ക്യൂബന്‍ മാതൃക മുന്നോട്ടുപോകുന്നത്.Next Story

Related Stories