TopTop
Begin typing your search above and press return to search.

വിപ്ലവത്തിൻ്റെ 70ാം വാർഷികത്തിൽ ചൈനയിൽ മദ്യവും ഡ്രോണുമില്ല, വിമർശനങ്ങളും

വിപ്ലവത്തിൻ്റെ 70ാം വാർഷികത്തിൽ ചൈനയിൽ മദ്യവും ഡ്രോണുമില്ല, വിമർശനങ്ങളും

ബലൂണുകൾ, പട്ടങ്ങള്‍, പ്രാവുകൾ, ഡ്രോണുകൾ. മദ്യം... ചൈനയിൽ കമ്മ്യൂണിസ്റ്റ് വിപ്ലവ ഭരണകൂടം നിലവിൽ വന്നതിൻ്റെ 70-ാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി നിരോധിക്കപ്പെട്ട കാര്യങ്ങളില്‍ ചിലത് മാത്രമാണ് ഇവ. ഒക്ടോബർ 1-ന് ചെറിയൊരു വിഘ്നം പോലും ഉണ്ടാവാന്‍ ബീജിംഗ് ആഗ്രഹിക്കുന്നില്ല. വാഹനമോടിക്കുന്നവര്‍ അവരുടെ കാറുകളിലോ ബൈക്കുകളിലോ സ്വന്തമായി ഇന്ധനം നിറയ്ക്കരുതെന്ന് പറഞ്ഞിട്ടുണ്ട്. റേഡിയോ തരംഗങ്ങൾ വഴി പ്രവര്‍ത്തിക്കുന്ന വോക്കി-ടോക്കീ അടക്കമുള്ള ഉപകരണങ്ങളും ഉപയോഗിക്കരുത്. അന്നത്തെ പ്രത്യേക സൈനിക പരേഡിനായുള്ള റിഹേഴ്സല്‍ നടക്കുന്നതിനാല്‍ ടിയാനൻമെൻ സ്ക്വയറിനടുത്ത് താമസിക്കുന്നവർ 'ജനാലകളുടെ അടുത്തേക്ക് പോലും' വരരുതെന്നും കര്‍ട്ടനുകളെല്ലാം അടച്ചിരിക്കണമെന്നും നിർദ്ദേശം നൽകിയിട്ടുണ്ട് എന്ന് ദ ഗാർഡിയൻ റിപ്പോർട്ട് ചെയ്യുന്നു. ഷാങ്‌സി പ്രവിശ്യയിലുള്ള പൊലീസിനും മറ്റ് പൊതു സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കും സെപ്റ്റംബർ 15 മുതൽ ആല്‍ക്കഹോള്‍ കഴിക്കുന്നതിന് വിലക്കേര്‍പ്പെടുത്തിയിരിക്കുകയാണ്.

വിമര്‍ശകര്‍ വിദേശ മാധ്യമങ്ങളോട് സംസാരിക്കരുതെന്ന് ഗവൺമെൻ്റ് കര്‍ശന നിർദേശം നൽകി. ഹോങ്കോങ്ങ് പ്രതിഷേധത്തിന് പിന്തുണ അറിയിച്ച ചിലര്‍ ഒക്ടോബർ 1 കഴിയുന്നതുവരെ അങ്ങോട്ടേക്ക് പോവില്ലെന്ന് ഉറപ്പിച്ചു. രാജ്യത്തെയോ സര്‍ക്കാരിനെയോ പാര്‍ട്ടിയേയോ വിമര്‍ശിക്കുകയോ അപകീര്‍ത്തിപ്പെടുത്തുകയോ ചെയ്യുന്ന ഒന്നും ഓണ്‍ലൈനില്‍ ഇല്ലാതിരിക്കാന്‍ പ്രത്യേക നീരീക്ഷണ സംവിധാനവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.

1989 മുതലാണ് ചൈനീസ് വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി നിയന്ത്രണങ്ങള്‍ കർശനമാക്കേണ്ട അവസ്ഥയുണ്ടാകുന്നത്. 1989 മേയിൽ വിദ്യാർഥികളുൾപ്പെടെ 10 ലക്ഷത്തിലേറെ ചൈനക്കാർ ബീജിങ്ങിലെ ടിയാനൻമെൻ ചത്വരത്തിൽ ജനാധിപത്യപരമായി പ്രതിഷേധിച്ചു. ജനാധിപത്യാവകാശങ്ങളും കമ്യൂണിസ്റ്റ് പാർട്ടി നേതാക്കളുടെ രാജിയും ആവശ്യപ്പെട്ടായിരുന്നു പ്രക്ഷോഭം. മൂന്നാഴ്ച നീണ്ട പ്രക്ഷോഭത്തെ നേരിടാൻ ഗവൺമെൻ്റ് സൈന്യത്തെയിറക്കി. ഔദ്യോഗിക കണക്കുകൾ പ്രകാരം മരിച്ചത് 300 വിദ്യാർഥികൾ മാത്രമായിരുന്നു. പക്ഷെ, മനുഷ്യാവകാശ സംഘടനകള്‍ പറയുന്നത് അന്നവിടെ കൊല്ലപ്പെട്ടത് 8000നും 10,000നും ഇടയ്ക്ക് വിദ്യാർത്ഥികളാണ് എന്നാണ്.

അന്നുമുതല്‍ ഇന്നോളം തോക്കും പട്ടാളവും കര്‍ഫ്യൂവും നിയന്ത്രണങ്ങളുമില്ലാതെ ഒരൊറ്റ വിപ്ളവ വാര്‍ഷികം പോലും ചൈനയില്‍ ഉണ്ടായിട്ടില്ല. ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടി സ്വദേശത്ത് നിന്നും വിദേശത്ത് നിന്നും അസാധാരണമായ വെല്ലുവിളികൾ നേരിടുന്ന സമയത്താണ് ഇത്തവണത്തെ വാര്‍ഷികാഘോഷം. വ്യാപാര യുദ്ധത്തിന്‍റെ ഫലമായി ഉണ്ടായിക്കൊണ്ടിരിക്കുന്ന സാമ്പത്തിക തകര്‍ച്ചയും, ഹോങ്കോംഗ് പ്രക്ഷോഭവും, മറ്റു അസംഖ്യം ദലിത്‌ പിന്നോക്ക പ്രശ്നങ്ങളും ചൈനയെ ലോക രാജ്യങ്ങളില്‍ നിന്നും ഒറ്റപ്പെടുത്തുന്ന സാഹചര്യത്തില്‍ എത്തുന്ന 70-ാം വാര്‍ഷികം എന്തുകൊണ്ടും സമാധാനപരമായിരിക്കണം എന്നത് സര്‍ക്കാരിന്‍റെ ആത്മാഭിമാനത്തിന്‍റെ പ്രശ്നമാണ്. ഏക്കാലത്തേയും പോലെ അടിച്ചമര്‍ത്തലിലൂടെയും മറ്റു നിയന്ത്രണങ്ങളിലൂടെയുമാണ് അത് ഉറപ്പുവരുത്തുന്നത് എന്നതാണ് യാഥാര്‍ത്ഥ്യം.

സൈനിക പരേഡും ചെങ്കൊടിയും പ്രസിഡന്റ് ഷീ ജിൻ‌പിങ് നടത്തുന്ന പ്രസംഗവുമാകും മാധ്യമങ്ങള്‍ നിറയെ. ഒരു ലക്ഷത്തോളം ആളുകൾ ആഘോഷ പരിപാടികളില്‍ നേരിട്ട് പങ്കെടുക്കും. ക്ഷണിക്കപ്പെടാത്തവരും പരിപാടികള്‍ കാണുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ അധികൃതർ 6,20,000 ടെലിവിഷൻ സെറ്റുകൾ വിതരണം ചെയ്തിട്ടുണ്ട്. തെരുവുകളും നഗരങ്ങളുമെല്ലാം അലങ്കരിച്ചു. 'ചൈനീസ് ജനതയുടെ പ്രവർത്തനത്തിൻ്റെ ഫലമാണ് ഇന്നത്തെ ചൈന' എന്നെഴുതിയ ബാനറുകള്‍ പ്രധാന കവലകളിലെല്ലാം സ്ഥാപിച്ചു. അപ്പോഴും ഹോങ്കോങ്ങില്‍ മാത്രം കനലെരിഞ്ഞിട്ടില്ല. കരിമരുന്ന് പ്രയോഗങ്ങളും വലിയ ആഘോഷങ്ങളുമൊന്നുമില്ലാതെ അവര്‍ ഒക്ടോബർ 1 അടയാളപ്പെടുത്തും.


Next Story

Related Stories