TopTop
Begin typing your search above and press return to search.

ഹോങ്കോങ്ങ് പ്രക്ഷോഭം - ഒരാൾ കൂടി കൊല്ലപ്പെട്ടു

ഹോങ്കോങ്ങ് പ്രക്ഷോഭം - ഒരാൾ കൂടി കൊല്ലപ്പെട്ടു

ഹോങ്കോങ്ങില്‍ ചീഫ് എക്സിക്യൂട്ടീവ് കാരി ലാമിന്റെ പൊലീസും ജനങ്ങളും തമ്മിലുള്ള പോരാട്ടം തുടരുകയാണ്. ‘അക്രമം അവസാനിപ്പിക്കണമെന്ന’ ചൈനീസ് പ്രസിഡന്റ് ഷീ ജിൻ‌പിംഗിന്‍റെ ഭീഷണി കലര്‍ന്ന സന്ദേശം വന്ന് മണിക്കൂറുകൾക്കകം ഹോങ്കോങ്ങിൽ നടന്ന പ്രതിഷേധത്തിനിടെ രണ്ടാമത്തെ ആളും കൊല്ലപ്പെട്ടു. പ്രതിഷേധക്കാരും ബീജിംഗ് അനുകൂലികളും തമ്മിലുള്ള ഏറ്റുമുട്ടലിനിടെയാണ് 70 കാരനായ തൂപ്പുകാരന്‍ കൊല്ലപ്പെട്ടത്.

ഹോങ്കോങ് നഗര ഭരണസമിതിയിൽ അംഗങ്ങളായ 3 ജനപ്രതിനിധികളെ അറസ്റ്റ് ചെയ്യുകയും പ്രക്ഷോഭകരെ പൊലീസ് വിരട്ടിയോ ക്കുന്നതിനിടെ ഒരു വിദ്യാർഥി കെട്ടിടത്തിനു മുകളിൽ നിന്നു വീണു മരിക്കുകയും ചെയ്തതോടെ പ്രക്ഷോഭം കൂടുതല്‍ ശക്തമായിരുന്നു. 5 മാസമായി എല്ലാ ശനിയാഴ്ചകളിലും പ്രതിഷേധ റാലികൾ നടത്തിവരുകയാണ്. തിങ്കളാഴ്ച പോലീസ് 21 വയസുകാരനായ വിദ്യാര്‍ത്ഥിയെ വയറ്റിൽ വെടിവച്ചു കൊന്നു. പ്രകടനക്കാരുമായി തർക്കിക്കുന്നതിനിടെ 57 കാരനെ തീകൊളുത്തി. ബുധനാഴ്ച ടിയർഗാസ് തലയില്‍വീണു പരിക്കേറ്റ 15 വയസുള്ള ആൺകുട്ടിയുടെ നില അതീവ ഗുരുതരമായി തുടരുകയാണ്.

‘തീവ്രമായ അക്രമപരമ്പരകള്‍ ഹോങ്കോങ്ങിലെ നിയമവാഴ്ചയേയും സാമൂഹിക ക്രമത്തെയും ഗുരുതരമായി അസ്ഥിരപ്പെടുത്തുന്നതായി’ ചൈനീസ് പ്രീമിയര്‍ പറഞ്ഞു. ബ്രസീലിൽ നടന്ന ഒരു ഉച്ചകോടിയിൽ പങ്കെടുത്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഹോങ്കോങ്ങ് പോലീസിനും, ‘അക്രമാസക്തരായ കുറ്റവാളികളെ’ ശിക്ഷിക്കുന്ന ജുഡീഷ്യറിയ്ക്കും, ചീഫ് എക്സിക്യൂട്ടീവ് കാരി ലാമിനും പൂര്‍ണ്ണ പിന്തുണ നല്‍കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

അദ്ധേഹത്തിന്‍റെ പ്രസ്താവനയോടും ഹോങ്കോങ്ങ് ജനത രൂക്ഷമായാണ് പ്രതികരിച്ചത്. അവര്‍ ചൈനീസ് പതാക കത്തിക്കുകയും റോഡുകൾ ഉപരോധിക്കുകയും ചെയ്തു. പോലീസിനു നേരെ പെട്രോൾ ബോംബ് എറിഞ്ഞു. പോലീസ് ലാത്തിച്ചാര്‍ജും കണ്ണീര്‍ വാതകവും പ്രയോഗിച്ചു. വിദ്യാർത്ഥി പ്രക്ഷോഭകർ സർവ്വകലാശാലകൾക്കുള്ളിൽ തന്നെ ബാരിക്കേഡ് സ്ഥാപിച്ചു. നിരവധി സർവകലാശാലകൾ ക്ലാസുകൾ റദ്ദാക്കിയതിനാൽ യൂറോപ്പ്, ചൈന, തായ്‌വാൻ എന്നിവിടങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികൾ നഗരംവിട്ടു തുടങ്ങി. പ്രൈമറി, സെക്കൻഡറി സ്കൂളുകളിലെ എല്ലാ ക്ലാസുകള്‍ക്കും വെള്ളിയാഴ്ച മുതൽ ഞായറാഴ്ച വരെ അവധിയായിരിക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചിരുന്നു.

കുറ്റവാളികളെ വിചാരണയ്‌ക്കായി ചൈനയ്‌ക്ക് കൈമാറാനുള്ള ബില്ലിനെതിരെ ആരംഭിച്ച പ്രക്ഷോഭമാണ് ഇപ്പോഴും തുടരുന്നത്. ബിൽ പിന്‍വലിച്ചെങ്കിലും ചീഫ് എക്‌സിക്യുട്ടീവ് കാരി ലാം രാജിവെയ്ക്കണമെന്നും പൊലീസ് ക്രൂരതയെക്കുറിച്ച് സ്വതന്ത്ര അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ട് പ്രതിഷേധം തുടരുകയായിരുന്നു. ഇപ്പോഴത് ചൈനയില്‍ നിന്നും കൂടുതല്‍ സ്വാതന്ത്ര്യം ആവശ്യപ്പെടുന്ന തരത്തിലുള്ള പ്രസ്ഥാനമായി പരിണമിച്ചിരിക്കുകയാണ്. ചൈനയുടെ പിന്‍ബലത്തോടെയാണ് കാരി ലാം ഇപ്പോൾ ഭരണം നിലനിര്‍ത്തുന്നത്. ചൈനയുടെ 70-ാം വാർഷികാഘോഷത്തെ ഹോങ്കോങ്ങുകാര്‍ കരിദിനമായി ആചരിച്ച് വ്യാപക പ്രതിഷേധം നടത്തിയിരുന്നു.


Next Story

Related Stories