TopTop
Begin typing your search above and press return to search.

പാരീസ് മേയര്‍ സ്ഥാനാര്‍ത്ഥിയുടെ ലൈംഗിക വീഡിയോ പുറത്തുവിട്ട റഷ്യന്‍ രാഷ്ട്രീയ അഭയാര്‍ത്ഥിയും കാമുകിയും അറസ്റ്റില്‍, സ്വകാര്യതയെ മാനിക്കണമെന്ന് രാഷ്ട്രീയ നേതാക്കള്‍

പാരീസ് മേയര്‍ സ്ഥാനാര്‍ത്ഥിയുടെ ലൈംഗിക വീഡിയോ പുറത്തുവിട്ട റഷ്യന്‍ രാഷ്ട്രീയ അഭയാര്‍ത്ഥിയും കാമുകിയും അറസ്റ്റില്‍, സ്വകാര്യതയെ മാനിക്കണമെന്ന് രാഷ്ട്രീയ നേതാക്കള്‍

പാരീസ് മേയർ സ്ഥാനാര്‍ഥിക്കെതിരെ ലൈംഗിക വീഡിയോ പുറത്തുവിട്ടതുമായി ബന്ധപ്പെട്ട് ഫ്രഞ്ച് പോലീസ് ഒരാളെ അറസ്റ്റു ചെയ്തു. പ്രമുഖ ആക്ടിവിസ്റ്റ് പെറ്റർ പാവ്‌ലെൻസ്‌കിയുടെ കാമുകിയായ അലക്സാണ്ട്ര ഡി ടാഡിയോയാണ് അറസ്റ്റിലായത്. ഇരുവരെയും ശനിയാഴ്ച കസ്റ്റഡിയിലെടുത്തിയിരുന്നെങ്കിലും അറസ്റ്റ് ചെയ്ത വിവരം പോലീസ് ഇന്നലെയാണ് വെളിപ്പെടുത്തിയത്. സ്വകാര്യതയിലേക്ക് കടന്നുകയറുകയും വ്യക്തിയുടെ ചിത്രങ്ങള്‍ അവരുടെ സമ്മതമില്ലാതെ വിതരണം ചെയ്യുകയും ചെയ്തുവെന്നാരോപിച്ചാണ് അറസ്റ്റ്. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണിന്റെ രാഷ്ട്രീയ സഖ്യകക്ഷിയുടെ സ്ഥാനാര്‍ഥിയാണ് ബെഞ്ചമിൻ ഗ്രിവാക്സ്. ഗ്രിവാക്സും ഒരു യുവതിയും തമ്മിലുള്ള സ്വകാര്യ ഫോൺ സന്ദേശങ്ങളും, ഇരുവരുമൊത്തുള്ള സ്വകാര്യ നിമിഷങ്ങള്‍ അടങ്ങിയ ചിത്രങ്ങളും അത്ര പ്രസിദ്ധമല്ലാത്ത ഒരു വെബ്സൈറ്റിലൂടെയാണ് പ്രസിദ്ധീകരിച്ചത്. ടാഡിയോക്കാണ് ആ സ്വകാര്യ വിവരങ്ങള്‍ ലഭിച്ചതെന്നു പാരീസിലെ പ്രോസിക്യൂട്ടർമാരെ ഉദ്ധരിച്ച് ലെ ഫിഗാരോ പത്രം റിപ്പോർട്ട് ചെയ്യുന്നു. വീഡിയോ പോസ്റ്റു ചെയ്തതിനു ഉത്തരവാദി താനാണെന്ന് അവകാശപ്പെട്ടുകൊണ്ട് പാവ്‌ലെൻസ്‌കി നേരത്തെ രംഗത്തെത്തിയിരുന്നു. 2017 ൽ ഫ്രാൻസിൽ അഭയം തേടിയ റഷ്യക്കാരനായ ആക്ടിവിസ്റ്റ് ആണ് അദ്ദേഹം. ഡിസംബർ 31 ന് പാരീസിൽ നടന്ന ഒരു അക്രമത്തെ കുറിച്ചുള്ള പ്രത്യേക അന്വേഷണത്തിന്റെ ഭാഗമായാണ് ഇയാളെ ശനിയാഴ്ച പോലീസ് കസ്റ്റഡിയില്‍ എടുത്തത്. തുടര്‍ന്നാണ്‌ കാമുകിയും കസ്റ്റഡിയില്‍ ആകുന്നത്. കഴിഞ്ഞ വ്യാഴാഴ്ച സോഷ്യൽ മീഡിയയിലൂടെ വളരെ പെട്ടെന്നാണ് ഗ്രിവാക്സിന്‍റെ സ്വകാര്യ നിമിഷങ്ങള്‍ അടങ്ങിയ വീഡിയോ പ്രചരിച്ചത്. ഫ്രാന്‍സിലെ വിവിധ രാഷ്ട്രീയ നേതാക്കള്‍ അതിനെ ശക്തമായി അപലപിച്ചു. ജനങ്ങളുടെ സ്വകാര്യജീവിതത്തെ ബഹുമാനിക്കണമെന്ന് പാരീസ് മേയർ ആൻ ഹിഡാൽഗോ പറഞ്ഞു. തീവ്ര ഇടതുപക്ഷ നേതാവ് ജീൻ ലൂക്ക് മലെൻ‌ചോൺ വീഡിയോ അപകീർത്തികരമാണെന്നാണ് പറഞ്ഞത്.

രാഷ്ട്രീയക്കാരുടെ കാപട്യങ്ങള്‍ തുറന്നുകാട്ടാനാണ് താൻ വീഡിയോ പോസ്റ്റ് ചെയ്തതെന്നായിരുന്നു പാവ്‌ലെൻസ്‌കിയുടെ വിശദീകരണം. വീഡിയോ പുറത്തുവന്നതോടെ മേയർ സ്ഥാനാർത്ഥിത്വം പിൻവലിക്കുന്നതായി ഗ്രിവാക്സ് പ്രഖ്യാപിച്ചു. 'എന്‍റെ കുടുംബം ഒരിക്കലും ഇതര്‍ഹിക്കുന്നില്ല, ആരും ഒരിക്കലും ഇത്തരം ദുരുപയോഗത്തിന് വിധേയരാകരുത്'- അദ്ദേഹം പറഞ്ഞു. ഫ്രഞ്ച് ആരോഗ്യമന്ത്രി ആഗ്നസ് ബുസിനാണ് ഗ്രിവാക്സിന് പകരമായി മത്സരിക്കുന്നത്.


Next Story

Related Stories