TopTop
Begin typing your search above and press return to search.

ജോര്‍ജ് ഫ്ലോയ്ഡ് പ്രക്ഷോഭം: ലണ്ടനില്‍ സ്മാരകങ്ങള്‍‌ 'സംരക്ഷിക്കാന്‍' തീവ്രവലതുപക്ഷം തെരുവില്‍

ജോര്‍ജ് ഫ്ലോയ്ഡ് പ്രക്ഷോഭം: ലണ്ടനില്‍ സ്മാരകങ്ങള്‍‌ സംരക്ഷിക്കാന്‍ തീവ്രവലതുപക്ഷം തെരുവില്‍

ലണ്ടനിൽ ശനിയാഴ്ച നടന്ന അക്രമാസക്തമായ പ്രതിഷേധത്തില്‍‍ പങ്കെടുത്ത നൂറിലധികം പേരെ അറസ്റ്റ് ചെയ്തതായി പോലീസ്. പ്രതിമകളെ സംരക്ഷിക്കാനെന്ന വ്യാജേന ചില തീവ്ര വലതുപക്ഷ പ്രവർത്തകര്‍ കൂടെ തെരുവിലറങ്ങിയതോടെയാണ് പോലീസിന് കൂടുതല്‍ ബലം പ്രയോഗിക്കേണ്ടിവന്നത്. 'വംശീയ ഗുണ്ടകൾക്ക് നമ്മുടെ തെരുവുകളിൽ സ്ഥാനമില്ലെന്ന്' പ്രധാനമന്ത്രി ബോറിസ് ജോൺസൺ പറഞ്ഞു. 2017 ലെ വെസ്റ്റ്മിൻസ്റ്റർ ആക്രമണത്തിൽ കൊല്ലപ്പെട്ട പിസി കീത്ത് പാമറിന്റെ സ്മാരകത്തിന് സമീപം മൂത്രമോഴിച്ച ആള്‍ക്കെതിരെ അന്വേഷണം നടക്കുകയാണ്. ലണ്ടനിലും രാജ്യത്തുടനീളവും ശനിയാഴ്ച സമാധാനപരമായി നിരവധി വംശീയ വിരുദ്ധ പ്രക്ഷോഭങ്ങൾ നടന്നു.

പിസി പാമറിന്റെ സ്മാരകത്തെ അപമാനിച്ചത് തീർത്തും ലജ്ജാകരമാണെന്ന് ആഭ്യന്തര സെക്രട്ടറി പ്രീതി പട്ടേൽ പറഞ്ഞു. ഹീന കൃത്യം നടത്തിയ ആളുടെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ നിന്നും ലഭിച്ചിട്ടുണ്ടെന്നും ലഭ്യമായ എല്ലാ തെളിവുകളും ശേഖരിച്ച് ഉചിതമായ നടപടി സ്വീകരിക്കുമെന്നും മെറ്റ് പോലീസ് കമാൻഡർ ബാസ് ജാവിദ് കൂട്ടിച്ചേർത്തു.

പ്രതിഷേധത്തിന്‍റെ ഭാഗമായി പോലീസിനെ ആക്രമിക്കൽ, ആക്രമണായുധം കൈവശം വയ്ക്കൽ, സമാധാനം ലംഘിക്കൽ, മദ്യപിച്ച് ക്രമക്കേട് കാണിക്കൽ, ക്ലാസ് എ മയക്കുമരുന്ന് കൈവശം വയ്ക്കൽ തുടങ്ങിയ കുറ്റങ്ങൾക്ക് ന്രവധി പേരെ അറസ്റ്റു ചെയ്തതായി സ്കോട്ട്ലൻഡ് യാർഡ് പറഞ്ഞു. 'ഈ മാർച്ചുകളും പ്രതിഷേധങ്ങളും അക്രമാസക്തമാവുകയും നിലവിലെ മാർഗ്ഗനിർദ്ദേശങ്ങൾ ലംഘിക്കുകയും ചെയ്യുന്നു. വംശീയതയ്ക്ക് യുകെയിൽ സ്ഥാനമില്ല. അത് യാഥാർത്ഥ്യമാക്കാൻ ഞങ്ങൾ ഒരുമിച്ച് പ്രവർത്തിക്കണം. എന്നാല്‍ പോലീസിനെ ആക്രമിക്കുന്നത് ഒരു നിലക്കും അംഗീകരിക്കില്ല, നിയമപരമായി നേരിടും' -പ്രധാനമന്ത്രി ബോറിസ് ജോൺസൺ ട്വീറ്റ് ചെയ്തു.

വിൻസ്റ്റൺ ചർച്ചിൽ ഉൾപ്പെടെയുള്ള നേതാക്കളുടെ പ്രതിമ തകർക്കുമെന്ന മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ ഇവയുടെ സംരക്ഷണത്തിനായി തെരുവിലിറങ്ങിയത് പതിനായിരക്കണക്കിന് തീവ്ര വലതുപക്ഷക്കാരാണ്. ഇവർ പൊലീസിനുനേരെ കുപ്പികളും കൊടിക്കമ്പും പടക്കങ്ങളും വലിച്ചെറിഞ്ഞു സംഘര്‍ഷം സൃഷ്ടിച്ചു. ഏറ്റുമുട്ടലിൽ ആറ് പോലീസ് ഉദ്യോഗസ്ഥർക്ക് നിസാര പരിക്കേറ്റു. വൈറ്റ്ഹാളിലെ ശവകുടീര സ്മാരകത്തിനും പാർലമെന്റ് സ്ക്വയറിലെ വിൻസ്റ്റൺ ചർച്ചിലിന്റെ പ്രതിമയ്ക്കും ചുറ്റും നൂറുകണക്കിന് വെള്ളക്കാർ ഒത്തുകൂടി.

കറുത്തവംശക്കാരനായ ജോർജ്‌ ഫ്ലോയിഡിന്റെ കൊലപാതകത്തെതുടർന്ന്‌ പൊലീസിന്റെ വംശീയതയ്‌ക്ക്‌ എതിരെ അമേരിക്കയിൽ ആരംഭിച്ച പ്രക്ഷോഭമാണ് ലണ്ടനിലും കത്തിപ്പടരുന്നത്. ഫ്രാൻസ്‌ തലസ്ഥാനത്ത്‌ അനിഷ്ട സംഭവങ്ങൾ ഒഴിവാക്കാൻ കടകൾ അടയ്‌ക്കണമെന്ന്‌ പൊലീസ്‌ ഉത്തരവിട്ടിരുന്നു. ഓസ്‌ട്രേലിയയിൽ സിഡ്‌നിയിൽ പ്രകടനം നടത്തിയാൽ അറസ്റ്റും പിഴയും ഉണ്ടാകുമെന്ന്‌ ന്യൂ സൗത്ത്‌ വെയിൽസ്‌ പൊലീസ്‌ ഭീഷണിപ്പെടുത്തി. ക്യാനഡയിൽ ആദിവാസിവിഭാഗമായ അത്താബാസ്‌ക ചിപേവ്യൻ ഫസ്റ്റ്‌ നേഷന്റെ തലവൻ അലൻ ആദമിനെ പൊലീസ്‌ നിഷ്ഠുരമായി മർദിച്ചതിനെതുടര്‍ന്ന് പ്രക്ഷോഭം നടക്കുകയാണ്.


Next Story

Related Stories