TopTop
Begin typing your search above and press return to search.

രാഷ്ട്രീയ പ്രതിസന്ധിക്കൊപ്പം പൊലീസ്-സൈനിക സംഘര്‍ഷവും; അനിശ്ചിതത്വങ്ങള്‍ക്കു നടുവില്‍ പാകിസ്താന്‍

രാഷ്ട്രീയ പ്രതിസന്ധിക്കൊപ്പം പൊലീസ്-സൈനിക സംഘര്‍ഷവും; അനിശ്ചിതത്വങ്ങള്‍ക്കു നടുവില്‍ പാകിസ്താന്‍

പ്രധാനമന്ത്രി ഇമ്രാന്‍ ഖാനെ പുറത്താക്കാന്‍ ലക്ഷ്യമിട്ടുള്ള പ്രതിപക്ഷ പ്രതിഷേധത്തിനിടെ പൊലീസ് സൈനിക വിഭാഗങ്ങള്‍ തമ്മിലുള്ള തര്‍ക്കവും രൂക്ഷമായതോടെ സമാനതകളില്ലാത്ത അനിശ്ചിതത്വങ്ങള്‍ക്കു നടുവില്‍ പാകിസ്താന്‍. പാരാമിലിട്ടറി സംഘം ഉന്നത പൊലീസ് ഉദ്യോഗസ്ഥനെ തട്ടിക്കൊണ്ടുപോയതാണ്് പാകിസ്താനെ മുമ്പെങ്ങുമില്ലാത്ത പ്രതിസന്ധികളിലേക്കു തള്ളിവിട്ടത്.

ദക്ഷിണ സിന്ധ് പ്രവിശ്യയിലെ പൊലീസ് ഇന്‍സ്‌പെക്ടര്‍ ജനറല്‍ മുഷ്താഖ് അഹമദ് മഹാറിനെയാണ് റേഞ്ചേഴ്‌സ് എന്നറിയപ്പെടുന്ന പാരാമിലിട്ടറി സംഘം തട്ടിക്കൊണ്ടുപോയത്. പ്രതിപക്ഷ നേതാവായ സഫ്ദര്‍ അവാനെ അറസ്റ്റ് ചെയ്യാനുള്ള ഉത്തരവില്‍ നിര്‍ബന്ധിപ്പിച്ച് ഒപ്പിടുവിക്കാനും സംഘം ശ്രമിച്ചതായി പ്രതിപക്ഷ പാര്‍ട്ടി നേതാവ് ബിലാവല്‍ ഭൂട്ടോ സര്‍ദാരിയുടെ വക്താവ് മുസ്തഫ നവാസ് ഖോഖര്‍ ദുനിയ ടിവിയോട് പറഞ്ഞു. എന്നാല്‍ പ്രശ്‌നത്തില്‍ ഇമ്രാന്‍ ഖാന്‍ സര്‍ക്കാര്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല. അതേസമയം, സൈനിക മേധാവി ഖമര്‍ ജാവേദ് ബജ്‌വ സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടു. പ്രധാനമന്ത്രിയുടെ വക്താവും സംഭവത്തില്‍ പ്രതികരിക്കാന്‍ തയ്യാറായില്ലെന്ന് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നു.

രണ്ടുവര്‍ഷം മുമ്പ് ഇമ്രാന്‍ ഖാന്‍ അധികാരത്തിലേറിയശേഷമുള്ള ഏറ്റവും മോശം സംഭമാണിത്. പാക് ജനതയ്ക്കു മുന്നില്‍ പൊലീസിനെ പരിഹാസ്യരാക്കുന്ന നടപടിയെന്നാണ് ഉദ്യോഗസ്ഥരുടെ പ്രതികരണം. പാകിസ്താന്റെ സാമ്പത്തിക തലസ്ഥാനമെന്ന് അറിയപ്പെടുന്ന കറാച്ചിയില്‍ പൊലീസും സൈന്യവും തമ്മില്‍ ഏറ്റുമുട്ടിയിരുന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ആഭ്യന്തര യുദ്ധത്തിനു സമാനമായ സംഘര്‍ഷത്തില്‍ പത്തോളം കറാച്ചി പൊലീസ് ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടതായും ഇന്റര്‍നാഷണല്‍ ഹെറാള്‍ഡ് റിപ്പോര്‍ട്ട് ചെയ്തിരുന്നു.

ഇമ്രാന്‍ ഖാന്റെ ഭരണത്തിനെതിരെ പ്രതിപക്ഷ പാര്‍ട്ടികള്‍ ഉള്‍പ്പെടെ പ്രതിഷേധം തുടരുന്നതിനിടെയാണ് പൊലീസ്-സൈനിക സംഘര്‍ഷവും രൂക്ഷമായിരിക്കുന്നത്. 11 മുന്‍നിര പ്രതിപക്ഷ പാര്‍ട്ടികളുടെ സഖ്യം രാജ്യവ്യാപക റാലികള്‍ ഉള്‍പ്പെടെ സംഘടിപ്പിക്കുന്നുണ്ട്. രൂക്ഷമാകുന്ന ഭക്ഷ്യക്ഷാമം, പണപ്പെരുപ്പം, രാഷ്ട്രീയത്തിലെ സൈനിക ഇടപെടല്‍ എന്നിവക്കെതിരെയാണ് പ്രതിപക്ഷ പാര്‍ട്ടികളുടെ പ്രതിഷേധം. ഇമ്രാന്‍ ഖാന്‍ പദവിയൊഴിയണമെന്നാണ് ആവശ്യം.

പാകിസ്താന്‍ രൂപീകരിച്ച 1947 മുതല്‍ രാജ്യത്തിന്റെ സുരക്ഷ, ആഭ്യന്തര, വിദേശ നയങ്ങളില്‍ ഉള്‍പ്പെടെ സൈന്യം നിര്‍ണായക പങ്കുവഹിച്ചിരുന്നു. സമീപകാലത്തായി ഇമ്രാന്‍ ഖാന്‍ സര്‍ക്കാറിലും അവരുടെ സ്വാധീനം വര്‍ധിക്കുന്നതായാണ് പ്രതിപക്ഷ പാര്‍ട്ടികളുടെ ആരോപണം. അതേസമയം, പാക് ഭരണഘടന പ്രകാരം, സൈന്യത്തെയോ ജുഡീഷ്യറിയെയോ പരസ്യമായി വിമര്‍ശിക്കാനും സാധിക്കില്ല.


Next Story

Related Stories