TopTop
Begin typing your search above and press return to search.

കൊറോണയുടെ രാഷ്ട്രീയ പ്രത്യാഘാതം, കമ്മ്യുണിസ്റ്റ് നേതാക്കള്‍ക്കെതിരെ നടപടി, ചൈനയിൽ അഭിപ്രായ സ്വാതന്ത്ര്യത്തിനുള്ള ആവശ്യം ശക്തമാകുന്നു

കൊറോണയുടെ രാഷ്ട്രീയ പ്രത്യാഘാതം, കമ്മ്യുണിസ്റ്റ് നേതാക്കള്‍ക്കെതിരെ നടപടി, ചൈനയിൽ അഭിപ്രായ സ്വാതന്ത്ര്യത്തിനുള്ള ആവശ്യം ശക്തമാകുന്നു

ചൈന ഗുരുതരമായ പ്രതിസന്ധിയിലാക്കിയ കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയിലും നടപടി. വൈറസ് ബാധ ഏറ്റവും കൂടുതല്‍ ബാധിച്ച ഹുബൈ, വുഹാന്‍ പ്രവിശ്യകളിലെ കമ്മ്യൂണിസ്റ്റ പാര്‍ട്ടി നേതാക്കളെ മാറ്റി. വൈറസ് ബാധയെക്കുറിച്ചുള്ള വിവരങ്ങള്‍ തുടക്കത്തില്‍ മറച്ചുപിടിച്ചതിനെ തുടര്‍ന്നാണ് സ്ഥിതിഗതികള്‍ കൈവിട്ടുപോയതെന്ന ആക്ഷേപത്തെ തുടര്‍ന്ന് ചൈനയില്‍ അഭിപ്രായ സ്വാതന്ത്ര്യം വേണമെന്ന ആവശ്യം സാമൂഹ്യ മാധ്യമങ്ങളില്‍ ശക്തിപെടുകയാണ്. അതിനിടെ കഴിഞ്ഞ ദിവസങ്ങളില്‍ 13300 പേര്‍ക്ക് പുതുതായ വൈറസ് ബാധയേറ്റതായാണ് റിപ്പോര്‍ട്ട്. വൈറസ് ബാധ ഏറ്റതുമായി ബന്ധപ്പെട്ട നിര്‍വചനത്തില്‍ മാറ്റം വരുത്തിയതാണ് ഇത്രയധികം പേര്‍ രോഗ ബാധിതരാണെന്ന പ്രതീതി ഉണ്ടാക്കിയതെന്നാണ് ലോകാരോഗ്യ സംഘടനയുടെ വിലയിരുത്തല്‍.

ചൈനയെ പിടിച്ചുലച്ച വൈറസ് ബാധയില്‍ മരിച്ചവരുടെ എണ്ണം 1370 കവിഞ്ഞു. വൈറസ് ബാധയേറ്റ് മരിച്ചവരില്‍ രണ്ട് പേരൊഴികെ എല്ലാവരും ചൈനക്കാരാണ്. ഇന്നലെയാണ് ജപ്പാനില്‍ ഒരാള്‍ മരിച്ചത്. വൈറസ് ബാധയെ നിയന്ത്രിക്കുന്നതില്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ തുടക്കത്തില്‍ പരാജയപ്പെട്ടുവെന്ന ആക്ഷേപങ്ങള്‍ക്കിടെ ഹുബൈയിലെയും വുഹാനിലേയും കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നേതാക്കളെ മാറ്റി. പ്രസിഡന്റ് ഷീ ജിന്‍പിംങ് നേരിട്ട് ഇടപെട്ടാണ് പാര്‍ട്ടി നേതാക്കളെ മാറ്റിയതെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. തന്റെ വിശ്വസ്തരെയാണ് പ്രസിഡന്റ് ഷീ ഇപ്പോള്‍ ഈ പ്രദേശങ്ങളിലേക്ക് നിയോഗിച്ചിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. വിഷയം കൈകാര്യം ചെയ്യുന്നതില്‍ സര്‍ക്കാരിനും പാര്‍ട്ടിക്കും ഗുരുതരമായ തെറ്റുകള്‍ പറ്റിയെന്ന് ആക്ഷേപം ശക്തമായിരുന്നു. പ്രാദേശിക നേതാക്കള്‍ക്ക് പുറമെ ഹോങ്കോങ്ങിലെയും മക്കാവുവിലേയും കാര്യങ്ങള്‍ക്കായുള്ള കമ്മ്യൂണിസ്റ്റ് പാര്‍ട്ടി തലവന്മാരേയും മാറ്റിയിട്ടുണ്ട്. വൈറസ് ബാധയുടെ തുടക്കത്തില്‍ അത് സംബന്ധിച്ച വിവരങ്ങള്‍ പ്രാദേശിക ഭരണ നേതൃത്വം മറച്ചുവെച്ചുവെന്ന ആക്ഷേപമാണ് ഇപ്പോള്‍ ശക്തമായിട്ടുള്ളത്. അങ്ങേയറ്റം നിയന്ത്രണ സംവിധാനങ്ങള്‍ക്കിടയയില്‍ പ്രവര്‍ത്തിക്കുന്ന ചൈനയിലെ സോഷ്യല്‍ മീഡിയയില്‍ പോലും രാജ്യത്ത് കൂടുതല്‍ അഭിപ്രായ സ്വാതന്ത്യം ഉണ്ടാകണമെന്ന ആവശ്യം ശക്തമാകുകയാണ്. വൈറസ് ബാധയെക്കുറിച്ച ആദ്യം റിപ്പോര്‍ട്ട് ചെയ്ത ഡോക്ടര്‍ ലി വെന്‍ലിയാങ്ങിന്റെ മരണത്തെ തുടര്‍ന്നാണ് ചൈനയിലെ സംവിധാനങ്ങള്‍ക്കെതിരായ വിമര്‍ശനങ്ങള്‍ ശക്തമായത്. ലി വെന്‍ലിയാങ് മരിച്ച ഫെബ്രുവരി ആറിന് പിപ്പീള്‍സ് ഡെ ഓഫ് ട്രൂത്ത് ആയി ആചരിക്കണമെന്ന ആവശ്യമാണ് ചൈന ഹ്യൂമന്‍ റൈസ്റ്റ്‌സ് ലോയേഴ്‌സ് ഗ്രൂപ്പ് മുന്നോട്ടുവെച്ചിരിക്കുന്നത്. വൈറസ് ബാധയെക്കുറിച്ച് വിവരം പുറത്തുവിട്ട വെന്‍ലിംയാങ്ങിനെ ആദ്യം പൊലീസ് ചോദ്യം ചെയ്യുകയും ഭീതി പരുത്തുന്ന വിവരങ്ങള്‍ പുറത്തുവിട്ടാല്‍ ശക്തമായ നടപടി ഉണ്ടാകുമെന്ന് ഭീഷണിപ്പെടുത്തുകയുമായിരുന്നു. ഇതുകൊണ്ടാണ് അദ്ദേഹം മരിച്ചതിന് ശേഷം പ്രതിഷേധം സാമൂഹ്യ മാധ്യമങ്ങളിലും മറ്റും ശക്തമായത്. പ്രതിഷേധം ശക്തമാകുന്നതിന്റെ പാശ്ചാത്തലത്തിലാണ് ചൈനിസ് പ്രസിഡന്റ് ഷീ ജെന്‍പിങ് നേരിട്ട് കാര്യങ്ങള്‍ വിലയിരുത്തുന്നതായുള്ള ദൃശ്യങ്ങള്‍ പുറത്തുവിട്ടതെന്നാണ് സൂചന. ചൈനീസ് സര്‍ക്കാരിനെതിരെ പ്രവര്‍ത്തിക്കുന്ന അന്താരാഷ്ട്ര എന്‍ജിഒ കളും പുതിയ സംഭവ വികാസത്തോടെ സജീവമായിട്ടുണ്ട്. അമേരിക്ക ആസ്ഥാനമായിട്ടുള്ള ചൈന ചേഞ്ച് എന്ന സംഘടന കൂടുതല്‍ സ്വാതന്ത്ര്യം അനുവദിക്കണമെന്ന ആവശ്യവുമായി രംഗത്തെത്തി. 'കഴിഞ്ഞ മൂന്ന് പതിറ്റാണ്ടേിലേറെ ക്കാലം സുരക്ഷയ്ക്കും സംരക്ഷണത്തിനുവേണ്ടി സ്വാതന്ത്യം വേണ്ടെന്ന് വെയ്ക്കുകയാണ് ജനങ്ങള്‍ ചെയ്തത്. എന്നാല്‍ ഇപ്പോള്‍ ആ സുരക്ഷിതത്വം പോലും ജനങ്ങള്‍ക്ക് ഇല്ലാതായിരിക്കുന്നു' എന്നാണ് സംഘടനയുടെ വെബ്‌സൈറ്റില്‍ പുറത്തുവന്ന പ്രസ്താവനയില്‍ പറയുന്നു. ഇതില്‍ ഒപ്പിട്ടവരില്‍ സിങ്ഗുഹ സര്‍വകലാശാലയിലെ നിയമവിഭാഗം പ്രൊഫസറും ചൈനയിലെ പ്രമുഖ നിയമജ്ഞനുമായ ഷു സാന്‍ഗ്രൂണും ഉള്‍പ്പെട്ടിരുന്നു. ഇപ്പോഴത്തെ പ്രതിസന്ധി രൂക്ഷമാകാന്‍ കാരണം ഷീ ജെന്‍പിംങും അദ്ദേഹത്തിന്റെ കൂടെയുള്ള സംഘവുമാണെന്ന് ഇദ്ദേഹം നേരത്തെ പ്രസ്താവന പുറപ്പെടുവിക്കുകയും ചെയ്തിരുന്നു. പ്രസിഡന്റ് ഷീക്കെതിരെ രൂക്ഷമായ വിമര്‍ശനമാണ് അദ്ദേഹം നടത്തിയത്. വൈറസ് ബാധ നിയന്ത്രണവിധേയമാകാതെ തുടരുന്നതിനിടെ സര്‍ക്കാരിനെതിരായ വികാരം ചൈനയില്‍ ശക്താകുന്നുണ്ടെന്നാണ് സൂചന. ഇത് മറികടക്കാന്‍ കൂടിയാണ് പ്രദേശിക കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നേതാക്കളെ മാറ്റാന്‍ പ്രസിഡന്റ് തയ്യാറായതെന്നാണ് റിപ്പോര്‍ട്ട്. ലോകാരോഗ്യ സംഘടനയുടെ പ്രവര്‍ത്തകര്‍ക്ക് രാജ്യത്ത് പ്രവര്‍ത്തിക്കാന്‍ താല്‍ക്കാലിക അനുമതി നല്‍കിയതും അന്താരാഷ്ട്ര വിമര്‍ശനം തണുപ്പിക്കാന്‍ വേണ്ടിയാണെന്ന സൂചനയുണ്ട്. വൈറസ് ബാധയുടെ ആദ്യഘട്ടത്തില്‍ ലോകാരോഗ്യ സംഘടനാ പ്രവര്‍ത്തകര്‍ക്ക് ചൈനയില്‍ പ്രവര്‍ത്തനത്തിന് നിയന്ത്രണമുണ്ടായിരുന്നു.


Next Story

Related Stories