TopTop
Begin typing your search above and press return to search.

കത്തോലിക്കാ സഭയില്‍ എന്താണ് സംഭവിക്കുന്നത്? മുന്‍ പോപ്പ് ബെനഡിക്ട് 16-മന്റെ വിമര്‍ശനം ഫ്രാന്‍സിസ് മാര്‍പാപ്പയ്‌ക്കെതിരായ പടയൊരുക്കമോ?

കത്തോലിക്കാ സഭയില്‍ എന്താണ് സംഭവിക്കുന്നത്? മുന്‍ പോപ്പ് ബെനഡിക്ട് 16-മന്റെ വിമര്‍ശനം ഫ്രാന്‍സിസ് മാര്‍പാപ്പയ്‌ക്കെതിരായ പടയൊരുക്കമോ?

കത്തോലിക്ക സഭയുടെ ചരിത്രത്തില്‍ 700 വര്‍ഷത്തിന് ശേഷമായിരുന്നു അങ്ങനെയൊരു സംഭവം; പോപ്പ് രാജിവെയ്ക്കുക. ബെനഡിക്ട് 14-ാമന്റെ രാജി സഭയില്‍ സൃഷ്ടിച്ചത് രണ്ട് പോപ്പുമാരെയാണ്. കര്‍ദിനാള്‍ ബെര്‍ഗോഗ്ലിയോ പിന്നീട് പോപ്പായി തെരഞ്ഞെടുക്കപ്പെട്ടു. ലാറ്റിനമേരിക്കയില്‍നിന്നുള്ള ആദ്യ പോപ്പ്. അപ്പോള്‍ ജീവിച്ചിരിപ്പുള്ള മറ്റേ പോപ്പ് എന്ത് ചെയ്യുമെന്നത് വലിയ ചോദ്യമായിരുന്നു. കത്തോലിക്ക സഭ വിശ്വാസികളെ മാത്രമല്ല, അധികാരത്തെക്കുറിച്ചും അതിന്റെ പ്രായോഗിക രീതികളെക്കുറിച്ചുമെല്ലാം താല്‍പര്യമുള്ളവരെയും ആകര്‍ഷിച്ചിരുന്ന വിഷയമായിരുന്നു അത്. എന്നാല്‍ ജീവനോടെയുള്ള വിരമിച്ച പോപ്പ് നിശബ്ദ ജീവിതം പിന്തുടരുമെന്ന വിശദീകരണമാണ് റോമില്‍നിന്നും ഉണ്ടായത്. എന്നാല്‍ അങ്ങനെ നിശബ്ദനായിരിക്കുകയല്ല, ഫ്രാന്‍സിസ് മാര്‍പാപ്പയുടെ പരിഷ്‌ക്കാര ശ്രമങ്ങള്‍ക്കെതിരെ പ്രതിരോധം പണിയാനാണ് 93-കാരനായ ബെനഡിക്ട് ന് 16-മന് താല്‍പര്യം എന്ന് ലോകം തിരിച്ചറിഞ്ഞു തുടങ്ങി. ഇപ്പോള്‍ ജര്‍മ്മന്‍ ഭാഷയില്‍ പുറത്തിറങ്ങിയ അദ്ദേഹത്തിന്റെ ആത്മകഥ ഇതിനകം വിവാദമാകുകയും ചെയ്തു. തന്നെ ചിലര്‍ നിശബ്ദനാക്കാന്‍ ശ്രമിക്കുന്നുവെന്നാണ് അദ്ദേഹം തന്റെ ആത്മകഥയില്‍ ആരോപിച്ചിരിക്കുന്നത്. അത് സഭയില്‍ പരിഷ്‌ക്കാരം നടപ്പിലാക്കാന്‍ ലക്ഷ്യമിടുന്ന ഫ്രാന്‍സിസ് മാര്‍പാപ്പയ്ക്കും അദ്ദേഹത്തെ പിന്തുണയ്ക്കുന്നവര്‍ക്കമെതിരെയാണെന്നാണ് സംശയിക്കപ്പെടുന്നത്.

എഴുന്നൂറ് വര്‍ഷത്തിന് ശേഷമായിരുന്നു കത്തോലിക്ക സഭയില്‍ ഒരു പോപ്പ് രാജിവെയ്ക്കുന്നത്. സാധാരണ, ജീവിതാവസാനം വരെ ആ പദവിയില്‍ തുടരുകയായിരുന്നു പോപ്പുമാരുടേ പതിവ്. ജോണ്‍ പോള്‍ രണ്ടാമന്‍ മരിച്ചതിനെ തുടര്‍ന്ന് മാര്‍പാപ്പയായി തെരഞ്ഞെടുക്കപ്പെട്ട ജര്‍മ്മന്‍കാരനായ കര്‍ദിനാള്‍ റാറ്റ്‌സിംങ്കര്‍ തന്റെ മുന്‍ഗാമിയെ പോലെ കടുത്ത യാഥാസ്ഥിതികനായിരുന്നു. എന്നാല്‍ പിന്‍ഗാമിയായി വന്ന അര്‍ജ്ജന്റീനക്കാരന്‍ കര്‍ദ്ദിനാല്‍ ബെര്‍ഗോഗ്ലിയോയ്ക്ക് പല കാര്യങ്ങളിലും വ്യത്യസ്ത നിലപാടായിരിന്നു. എന്തായാലും പഴയ പോപ്പ് സജീവമായി ഒരു കാര്യത്തിലും ഇടപെടില്ലെന്നായിരുന്നു അക്കാലത്തുണ്ടായിരുന്ന തോന്നല്‍. എന്നാല്‍ സംഗതി അങ്ങനെയല്ലായിരുന്നു. കത്തോലിക്ക സഭ പിന്തുടര്‍ന്നുവന്ന യാഥാസ്ഥിതികതയുടെ പല നിലപാടുകളും കൈയൊഴിഞ്ഞായിരുന്നു ഫ്രാന്‍സിസ് മാര്‍പാപ്പയുടെ മുന്നേറ്റം. അദ്ദേഹം രാഷ്ട്രീയകാര്യങ്ങളില്‍ അഭിപ്രായം പറഞ്ഞപ്പോള്‍ അത് നേരത്തയുള്ള മാര്‍പാപ്പമാര്‍ ചെയ്തതുപോലെ ലോക വ്യാപകമായുള്ള വലതുപക്ഷത്തെ ആയിരുന്നില്ല സന്തോഷിപ്പിച്ചതും ശക്തിപ്പെടുത്തിയതും; മറിച്ച് നീതിക്ക് വേണ്ടി ആഗ്രഹിക്കുന്ന വ്യത്യസ്ത ജാതി, മതസ്ഥരെയായിരുന്നു. അസമത്വം, കാലാവസ്ഥ വ്യതിയാനം, കമ്മ്യൂണിസം, സ്വവര്‍ഗ രതി എന്നിങ്ങനെ സഭ കാലാകാലമായി പുലര്‍ത്തി പോന്ന വലത് യാഥാസ്ഥിതിക സമീപനത്തെ പരസ്യമായി തള്ളിക്കളഞ്ഞു കൊണ്ടായിരുന്നു ഫ്രാന്‍സിസ് മാര്‍പാപ്പയുടെ നിലപാടുകള്‍. 2013 ല്‍ അദ്ദേഹം പറഞ്ഞു: "ഒരാള്‍ സ്വവര്‍ഗ രതിക്കാരനാവട്ടെ. എന്നാല്‍ അദ്ദേഹം ദൈവത്തെ തേടുകയും പരിശുദ്ധമായ ലക്ഷ്യങ്ങളുണ്ടാവുകയും ചെയ്യുന്നെങ്കില്‍ അദ്ദേഹത്തിന്റെ കാര്യത്തില്‍ തീര്‍പ്പ് കല്‍പ്പിക്കാന്‍ ഞാന്‍ ആരാണ്". ലൈംഗിക താല്‍പര്യമെന്തായാലും എല്ലാവരെയും സഹോദരരായി കണാണമെന്ന് അദ്ദേഹം നിരന്തരം അഭ്യര്‍ത്ഥിച്ചു, പ്രസംഗിച്ചു. സ്വവര്‍ഗരതി പാപത്തിന്റെ ലക്ഷണമല്ലെന്ന് ഫ്രാന്‍സിസ് ആവര്‍ത്തിച്ചു. ദൈവവിശ്വാസികളല്ലാത്തവരെക്കുറിച്ചും കമ്മ്യൂണിസ്റ്റുകളെക്കുറിച്ചുമെല്ലാം അദ്ദേഹം അതുവരെ ഒരു പോപ്പില്‍നിന്നും കേള്‍ക്കാത്ത രിതിയിലുള്ള അഭിപ്രായ പ്രകടനങ്ങള്‍ നടത്തി. ഇതിനെതിരെയല്ലാം സഭയില്‍ തന്നെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിട്ടുണ്ടാകാണം. എന്നാല്‍ അത് പ്രതിഫലിച്ചത് സമീപകാലത്തായിരുന്നു. അതാണ് ഇപ്പോള്‍ ബെനഡിക്ട് പതിനാറാമന്റെ നിലപാടായി പുറത്തുവന്നിട്ടുള്ളത്. അതിന്റെ കഥ ഇങ്ങനെ: കഴിഞ്ഞ ഒക്ടോബറില്‍ ആമസോണ്‍ മേഖലയിലുളള ബിഷപ്പുമാരുടെ പ്രത്യേക സിനഡ് ഫ്രാന്‍സിസ് മാര്‍പാപ്പ വിളിക്കുന്നു. അര്‍ജ്ജന്റീനക്കാരന്‍ എന്ന നിലയില്‍ അദ്ദേഹത്തിന് പ്രത്യേക താല്‍പര്യമുള്ള പ്രദേശം. മനുഷ്യാവകാശ ലംഘനങ്ങള്‍, കാലവസ്ഥ വ്യതിയാനം, തദ്ദേശീയ ജനവിഭാഗങ്ങളുടെ പ്രശ്‌നം എന്നിവയാണ് ചര്‍ച്ചയായത്. ഇതൊടൊപ്പം കത്തോലിക്ക സഭയുടെ ഈ മേഖലയിലെ പ്രവര്‍ത്തനങ്ങളും ചര്‍ച്ചയായി. 28 ലക്ഷം ജനങ്ങളുള്ള ഒമ്പത് രാജ്യങ്ങളില്‍നിന്നുള്ളവരാണ് സിനഡില്‍ പങ്കെടുത്തത്. പുരോഹിതന്മാര്‍ വളരെ കുറവായത് കാരണം ഈ മേഖലയില്‍ കാത്തോലിക്ക സഭയുടെ ചില നിബന്ധനകളില്‍ മാറ്റം വരുത്തണമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പയ്ക്ക് മുന്നില്‍ നിര്‍ദ്ദേശങ്ങള്‍ വന്നു. വിവാഹിതരായ ആളുകളെപ്പോലും പുരോഹിതന്മാര്‍ ചെയ്യുന്ന ചില കര്‍മ്മകള്‍ നിര്‍വഹിക്കാന്‍ അനുവദിക്കണമെന്ന നിര്‍ദ്ദേശമാണ് ഉയര്‍ന്നുവന്നത്.

ലോക വ്യാപകമായി തന്നെ ബ്രഹ്മചര്യം പുരോഹിതര്‍ക്ക് ആവശ്യമില്ലെന്ന് വരുത്താനുള്ള പുരോഗമന പക്ഷത്തിന്റെ നീക്കമാണ് ഇതിന്റെ പിന്നിലെന്ന് യാഥാസ്ഥിതിക പക്ഷം നിലപാടെടുത്തു. ഇതിന് മുന്നില്‍നിന്നത് കത്തോലിക്ക സഭയുടെ ചരിത്രത്തില്‍ ഏറ്റവും പ്രായം കുറഞ്ഞ ബിഷപ്പായിരുന്ന, കര്‍ദിനാള്‍ റോബര്‍ട് സാറയായിരുന്നു. (32 -ാം വയസ്സിലാണ് ഇദ്ദേഹം ബിഷപ്പായത്. 1979-ല്‍). റോബര്‍ട് സാറയെ ഫ്രാന്‍സിസ് മാര്‍പാപ്പ വത്തിക്കാനിലെ ഉന്നതമായ പദവികളില്‍ അവരോധിച്ചിരുന്നു. അദ്ദേഹം അവധിയില്‍ പോയി തിരിച്ചെത്തിയതിന് ശേഷം ഫ്രാന്‍സിസ് മാര്‍പാപ്പയുടെ കടുത്ത എതിരാളിയായി മാറുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ട്. ഇതിന് പിന്നില്‍ ബെനഡിക്ട് 16-മന്റെ സ്വാധീനമുണ്ടെന്നാണ് ആരോപണം. കഴിഞ്ഞ ജനുവരിയില്‍, From the Depths of Our Hearts എന്ന പുസ്തകം പുറത്തുവന്നതോടെയാണ് വിവാദം വീണ്ടും സജീവമായത്. കര്‍ദ്ദിനാള്‍ സാറയുടെയും ബെനഡിക്ട് 16-മന്റെയും പേരിലായിരുന്നു പുസ്തകം. ഫ്രാന്‍സിസ് മാര്‍പാപ്പയെ അപകീര്‍ത്തിപെടുത്താന്‍ വേണ്ടിയാണ് ബെനഡിക്ട് 16-മന്‍ പുസ്തകം എഴുതിയതെന്ന ആരോപണം ഉണ്ടായി. വിവാദം രൂക്ഷമായതിനെ തുടര്‍ന്ന് പുസ്തകത്തിന്റെ ഇനിയുള്ള പതിപ്പുകളില്‍നിന്ന് ബെനഡിക്ട് 16-മന്റെ പേരുമാറ്റുമെന്നും അറിയിച്ചു. ഫ്രാന്‍സിസിന്റെ പുരോഗമന നീക്കങ്ങളെ വിമര്‍ശിക്കുന്നതായിരുന്നു പുസ്തകം. പ്രത്യേകിച്ചും വിവാഹിതരെ പുരോഹിതരാക്കുന്ന നിര്‍ദ്ദേശങ്ങള്‍ക്കെതിരെ ആയിരുന്നു അതിലെ നിലപാടുകള്‍. ഇക്കാര്യത്തില്‍ നേരത്തെ ചേര്‍ന്ന സിനഡ് വ്യക്തമായ തീരുമാനം എടുത്തിരുന്നുമില്ല. ഇതിന്റെ തുടര്‍ച്ചയായിട്ടാണ് ബെനഡിക്ട് പതിനാലാമന്റെ പുതിയ പുസ്തകത്തില്‍ ചിലര്‍ തന്നെ നിശബ്ദരാക്കാന്‍ ശ്രമിക്കുന്നുവെന്നും, 'മാനവിക ആശയങ്ങളുടെ മേല്‍ക്കൈയാണ് ക്രൈസ്തവികത നേരിടുന്ന ഏറ്റവും വലിയ ഭീഷണി'യെന്നുമുള്ള വിമര്‍ശനങ്ങള്‍ ഉണ്ടായതെന്നാണ് വിലയിരുത്തപ്പെടുന്നത്.

നിലനില്‍ക്കുന്നതിനെ സംരക്ഷിച്ചുനിര്‍ത്താലാണ് പ്രധാനമെന്ന് വന്നാല്‍ ഒന്നും സംഭവിക്കില്ലെന്നായിരുന്നു ഫ്രാന്‍സിസ് മാര്‍പാപ്പ് പറഞ്ഞത്. ചാരത്തില്‍നിന്ന് തീ ഉണ്ടാകണമെങ്കില്‍ ഒരു പ്രവര്‍ത്തി വേണം. തീ സ്വയം ഉണ്ടാകുന്നതല്ല; അദ്ദേഹം ഒരിക്കല്‍ പറഞ്ഞു. ഫ്രാന്‍സിസ് മാര്‍പാപ്പയ്‌ക്കെതിരെ ഇറ്റലിയിലെ തന്നെ തീവ്ര വലതുപക്ഷം യാഥാസ്ഥിതികരുമായി ചേര്‍ന്ന് നടത്തുന്ന നീക്കങ്ങളുടെ കഥകളും ഇപ്പോള്‍ പുറത്തുവരുന്നുണ്ട്. അമേരിക്കയിലെ വത്തിക്കാന്‍ പ്രതിനിധിയായിരുന്ന കാര്‍ലോ മരിയോ വിഗാനോയെ ഫ്രാന്‍സിസ് മാര്‍പാപ്പ് പിന്‍വലിച്ചിരുന്നു. ഇതിന് ശേഷം അദ്ദേഹം മാര്‍പാപ്പയുടെ രാജി ആവശ്യപ്പെട്ട് എഴുതിയ കത്തൊക്കെ അദ്ദേഹത്തിനെതിരായ വലിയ നീക്കത്തിന്റെ ഭാഗമായിട്ടാണെന്നാണ് കണക്കാക്കപ്പെടുന്നത്. മാറ്റത്തോടുള്ള രണ്ട് വീക്ഷണ പോരാട്ടങ്ങളെ സഭ എങ്ങനെ മറികടക്കുമെന്നത് പ്രധാനമാണ്.


Next Story

Related Stories