ന്യൂസീലന്‍ഡിലെ ജസീന്ത ആന്‍ഡേന്‍ മന്ത്രിസഭയില്‍ ഇന്ത്യന്‍ സാന്നിധ്യമായി മലയാളി വനിത. ലേബര്‍ പാര്‍ട്ടി എംപിയായ പ്രിയങ്ക രാധാകൃഷ്ണനാണ് സുപ്രധാന വകുപ്പുകളുമായി മന്ത്രിസഭയില്‍ പ്രവേശിച്ചിരിക്കുന്നത്. കഴിഞ്ഞ മന്ത്രിസഭയില്‍ മന്ത്രിയായിരുന്ന ജെന്നി സെയില്‍സയുടെ പേഴ്സണല്‍ സെക്രട്ടറിയായിരുന്നു പ്രിയങ്ക രാധാകൃഷ്ണന് ഇത്തവണ സമൂഹിക വികസനം, യുവജനക്ഷേമം, സന്നദ്ധമേഖല എന്നീ വകുപ്പുകളുടെ ചുമതലയാണ് മന്ത്രി സഭയില്‍ വഹിക്കുന്നത്.
മൂന്ന് വകുപ്പുകളുടെ മന്ത്രിസ്ഥാനവും മറ്റൊരു വകുപ്പിന്റെ സഹമന്ത്രിസ്ഥാനവും എംപിയായി രണ്ടാം തവണ തന്നെ ലഭിക്കുന്നു എന്ന പ്രത്യേകതയും പ്രിയങ്ക രാധാകൃഷ്ണനുണ്ട്. ലേബര്‍ പാര്‍ട്ടി സര്‍ക്കാരിന്റെ രണ്ടാമത്തെ ടേമില്‍ അസിസ്റ്റന്റ് സ്പീക്കര്‍ പദവിയും വഹിച്ചിരുന്നു.
എറണാകുളം പറവൂര്‍ സ്വദേശിയാണ് പ്രിയങ്ക രാധാകൃഷ്ണന്. പറവൂര്‍ മാടവനപ്പറമ്പ് രാമന് രാധാകൃഷ്ണന് - ഉഷ ദമ്പതികളുടെ മകളായ പ്രിയങ്ക 14 വര്‍ഷമായി ലേബര്‍ പാര്‍ട്ടി പ്രവര്‍ത്തകയാണ്. ക്രൈസ്റ്റ് ചര്‍ച്ച് സ്വദേശിയും ഐടി ജീവനക്കാരനുമായ റിച്ചാര്‍ഡ്സണാണു ഭര്‍ത്താവ്.
പ്രിയങ്ക രാധാകൃഷ്ണന് പുറമേ ന്യൂസിലാന്‍ഡ് എംപിയായി മറ്റൊരു ഇന്ത്യക്കാരനും തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ഹിമാചല്‍പ്രദേശ് സ്വദേശിയായ 33 കാരന് ഗൗരവ് ശര്‍മ്മ ലേബര്‍ പാര്‍ട്ടി എം.പിയായി പാര്‍ലമെന്റിലെത്തിയിരിക്കുന്നത്. ഹാമില്ട്ടണ് വെസ്റ്റില്‍ നിന്നാണ് അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ളത്. 1996ന് ശേഷം ആദ്യമായി ഒരു പാര്‍ട്ടി ന്യൂസിലാന്‍ഡില്‍ ചരിത്രവിജയം സ്വന്തമാക്കിയിടത്താണ് ഇന്ത്യക്കാര്‍ക്കും മലയാളികള്‍ക്കും അഭിമാനാര്‍ഹമായ നേട്ടം കൈവരുന്നത്.