TopTop
Begin typing your search above and press return to search.

ഡെമോക്രാറ്റ് സ്ഥാനാര്‍ത്ഥി ബേണി സാന്‍ഡേഴ്സിന് കാസ്ട്രോ പ്രേമമെന്ന് വിമര്‍ശനം, ഒരു 'കൊലയാളി സ്വേച്ഛാധിപതി'ക്ക് താന്‍ പ്രണയ ലേഖനം എഴുതാറില്ലെന്ന് ട്രംപിനെ ഉന്നം വെച്ച് മറുപടി

ഡെമോക്രാറ്റ് സ്ഥാനാര്‍ത്ഥി ബേണി സാന്‍ഡേഴ്സിന് കാസ്ട്രോ പ്രേമമെന്ന് വിമര്‍ശനം, ഒരു കൊലയാളി സ്വേച്ഛാധിപതിക്ക് താന്‍ പ്രണയ ലേഖനം എഴുതാറില്ലെന്ന് ട്രംപിനെ ഉന്നം വെച്ച് മറുപടി

താനൊരു 'ഡെമോക്രാറ്റിക് സോഷ്യലിസ്റ്റ്' ആണെന്നാണ് പ്രസിഡണ്ട് തെരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റ് സ്ഥാനാര്‍ത്ഥികളില്‍ ഏറെ മുന്നിലുള്ള ബേണി സാന്‍ഡേഴ്സ് എപ്പോഴും ആവര്‍ത്തിക്കാറ്. ഈ സോഷ്യലിസ്റ്റ് അവകാശ വാദം സാന്‍ഡേഴ്സിന് കൂടുതല്‍ തലവേദന സൃഷ്ടിക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ ദിവസം സി ബി എസ് ചാനലിന് നല്കിയ അഭിമുഖത്തിലെ ചില പരാമര്‍ശങ്ങളും അതിനെതിരെ ഉയര്‍ന്ന വിമര്‍ശനങ്ങളും അതാണ് സൂചിപ്പിക്കുന്നത്.

അന്തരിച്ച ക്യൂബന്‍ പ്രസിഡണ്ട് ഫിഡല്‍ കാസ്ട്രോയെക്കുറിച്ചും ക്യൂബയെ കുറിച്ചുമുള്ള പരാമര്‍ശങ്ങളാണ് ചര്‍ച്ചയായിരിക്കുന്നത്. കാസ്ട്രോയുടെ സ്വേച്ഛാധിപത്യ ഭരണത്തെ അപലപിക്കുമ്പോഴും അയാള്‍ നല്ല ചില കാര്യങ്ങള്‍ ചെയ്തു എന്നാണ് സാന്‍ഡേഴ്സ് അഭിപ്രായപ്പെടുന്നത്. പ്രത്യേകിച്ചും ക്യൂബയിലെ സാക്ഷരതാ പദ്ധതി. "അതൊരു മോശം കാര്യമാണോ? ഫിഡല്‍ കാസ്ട്രോ ആണ് ചെയ്തത് എന്നതുകൊണ്ട് അങ്ങനെ പറയാമോ?" സാന്‍ഡേഴ്സ് ചോദിക്കുന്നു. ക്യൂബയില്‍ നിന്നും പലായനം ചെയ്തു അമേരിക്കയിലെ സൌത്ത് ഫ്ലോറിഡയില്‍ താമസിക്കുന്ന നിരവധി ക്യൂബക്കാരില്‍ ഈ പ്രസ്താവനകള്‍ അസ്വസ്ഥത ഇളക്കിവിട്ടിട്ടുണ്ട്. "ഞാന്‍ ശരിക്കും അപമാനിക്കപ്പെട്ടിരിക്കുന്നു."ഫ്ലോറിഡയിലെ ഡെമോക്രാറ്റിക് ഹിസ്പാനിക് കൊക്കസിന്‍റെ അദ്ധ്യക്ഷന്‍ ലൂര്‍ദ് ഡയസ് പറഞ്ഞതായി ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഇന്ന് സൌത്ത് കരോളീനയില്‍ നടന്ന ഡെമോക്രാറ്റ് സംവാദത്തില്‍ സാന്‍ഡേഴ്സ് തന്റെ നിലപാട് കുറച്ചുകൂടി വ്യക്തമാക്കി. ലോകം മുഴുവനുമുള്ള സ്വേച്ഛാധിപത്യ ഭരണകൂടങ്ങളെ താന്‍ എതിര്‍ക്കുന്നു. അതേസമയം തന്റെ ക്യൂബ പ്രേമത്തെ പ്രതിരോധിക്കാന്‍ ക്യൂബയുടെ നേട്ടങ്ങളെ കുറിച്ച് മുന്‍പ് ബറാക്ക് ഒബാമ ഇതേ അഭിപ്രായം പറഞ്ഞതായി ചൂണ്ടിക്കാണിക്കുകയും ചെയ്യുന്നു. അതിനു തെളിവായി ഒബാമയുടെ പ്രസംഗത്തിന്റെ ഒരു വീഡിയോ സാന്‍ഡേഴ്സ് ട്വിറ്ററില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. "ഞാന്‍ കാസ്ട്രോയോട് പറഞ്ഞിട്ടുണ്ട്. യുവാക്കളെ വിദ്യാഭ്യാസം ചെയ്യിക്കുന്നതില്‍ നിങ്ങളെ ഏറെ മുന്നോട്ട് പോയിട്ടുണ്ട്. അതോടൊപ്പം തന്നെ ആരോഗ്യ മേഖലയിലും. ദരിദ്ര രാജ്യമായ ക്യൂബയിലെ ആയുര്‍ ദൈര്‍ഘ്യം അമേരിക്കയ്ക്ക് തുല്യമാണ്" അര്‍ജന്റീനയില്‍ വെച്ചു ഒബാമ പറയുന്ന വീഡിയോയാണ് സാന്‍ഡേഴ്സ് പോസ്റ്റ് ചെയ്തിരിക്കുന്നത്.

<blockquote class="twitter-tweet"> <p lang="en" dir="ltr">"I said this to President Castro in Cuba. Look you"ve made great progress in educating young people...Medical care. The life expectancy of Cubans is equivalent to the United States despite it being a very poor country because they have access to health care." – President Obama <a href="https://t.co/pKDzvo3YpO">pic.twitter.com/pKDzvo3YpO</a></p>— Bernie Sanders (@BernieSanders) <a href="https://twitter.com/BernieSanders/status/1232496655754240003?ref_src=twsrc^tfw">February 26, 2020</a> </blockquote> <script async src="https://platform.twitter.com/widgets.js" charset="utf-8"></script>

ബര്‍ലിങ്ടണ്‍, വേര്‍മൌണ്ട് മേയര്‍ ആയിരുന്നപ്പോള്‍ കമ്യൂണിസ്റ്റ് രാജ്യങ്ങള്‍ സന്ദര്‍ശിച്ചതിനെയും കാസ്ട്രോ ഭരണകൂടത്തെ കുറിച്ചുള്ള തന്റെ പ്രസ്താവനയെയും സ്വേച്ഛാധിപത്യ ഭരണാധികാരികളെ പിന്തുണയ്ക്കുന്ന ഡൊണാള്‍ഡ് ട്രംപിന്റെ നടപടിയുമായാണ് സാന്‍ഡേഴ്സ് താരതമ്യം ചെയ്യുന്നത്. "ഉത്തര കൊറിയന്‍ പ്രസിഡണ്ട് കിം ജോങ് ഉന്‍ നല്ല സുഹൃത്താണെന്ന് ഞാന്‍ കരുതുന്നില്ല. ഒരു കൊലയാളി സ്വേച്ഛാധിപതിക്ക് ഞാന്‍ പ്രണയ ലേഖനം എഴുതാറില്ല. റഷ്യന്‍ പ്രസിഡണ്ട് വ്ലാഡിമിര്‍ പൂട്ടിന്‍ എന്റെ ഏറ്റവും അടുത്ത ചങ്ങാതിയല്ല." സി ബി എസിന്റെ 60 മിനുറ്റ് പരിപാടിയില്‍ ബേണി സാന്‍ഡേഴ്സ് പറഞ്ഞു. അതേ സമയം സൌത്ത് കരോളീന സംവാദം ആരോപണ പ്രത്യാരോപണങ്ങള്‍ കൊണ്ട് ശബ്ദമുഖരിതമായി. ബേണി സാന്‍ഡേഴ്സ് എടുക്കുന്ന സോഷ്യലിസ്റ്റ് സമീപനങ്ങള്‍ ഏറെ വിമര്‍ശനം നേരിട്ടെങ്കിലും പ്രസിഡണ്ട് സ്ഥാനാര്‍ഥികളില്‍ സാന്‍ഡേഴ്സ് ഏറെ മുന്നിലാണ്.


Next Story

Related Stories