TopTop
Begin typing your search above and press return to search.

ജോ ബൈഡൻ; ഡെമോക്രാറ്റുകളിലെ 'റിപ്പബ്ലിക്കൻ'; വൈറ്റ് ഹൗസിലേയ്ക്കുള്ള വരവ് ഇങ്ങനെ; പുതിയ അമേരിക്കന്‍ പ്രസിഡന്റിനെക്കുറിച്ച് അറിയേണ്ടതെല്ലാം

ജോ ബൈഡൻ; ഡെമോക്രാറ്റുകളിലെ റിപ്പബ്ലിക്കൻ; വൈറ്റ് ഹൗസിലേയ്ക്കുള്ള വരവ് ഇങ്ങനെ; പുതിയ അമേരിക്കന്‍ പ്രസിഡന്റിനെക്കുറിച്ച് അറിയേണ്ടതെല്ലാം

2020ല്‍ ഡെമോക്രാറ്റിക്ക് പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥിയാകാനുള്ള മത്സരത്തില്‍ ജോ ബൈഡന്റെ പ്രധാന എതിരാളി നിലവില്‍ യുഎസ് രാഷ്ട്രീയത്തിലെ ഏറ്റവും പ്രശസ്തനായ സോഷ്യലിസ്റ്റ് ബേണി സാന്‍ഡേഴ്‌സായിരുന്നു. 2016ല്‍ ഡെമോക്രാറ്റിക്ക് നോമിനേഷനായുള്ള മത്സരത്തില്‍ ഹിലരി ക്ലിന്റനോട് തോറ്റുപോയ ബേണി സാന്‍ഡേഴ്‌സ് ഇത്തവണ ജോ ബൈഡനുമായുള്ള മത്സരത്തില്‍ ജയിക്കാനാകില്ലെന്ന് ഉറപ്പിച്ചതോടെ പിന്മാറി. കഴിഞ്ഞ വര്‍ഷം ഡെമോക്രാറ്റിക്ക് പാര്‍ട്ടിയുടെ നോമിനേഷന്‍ നേടാന്‍ ഏറ്റവും സാധ്യത കല്‍പ്പിക്കപ്പെട്ടിരുന്ന നേതാവായി മുന്‍ വൈസ് പ്രസിഡന്റായ ബൈഡന്‍ രംഗത്തെത്തിയത് മുതല്‍ ആക്രമണവുമായി പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് രംഗത്തെത്തിയിരുന്നു.

ജോ ബൈഡനും മകന്‍ ഹണ്ടര്‍ ബൈഡനുമെതിരെ ബുറിസ്മ എന്ന എനര്‍ജി കമ്പനിയിലെ സാമ്പത്തിക ക്രമക്കേടുമായി ബന്ധപ്പെട്ട് അന്വേഷണം നടത്താന്‍ ഉക്രൈന്‍ പ്രസിഡന്റ് വൊളോദിമിര്‍ സെലിന്‍സ്‌കിയ്ക്ക് മേല്‍ ട്രംപ് സമ്മര്‍ദ്ദം ചെലുത്തിയെന്ന വിവരങ്ങള്‍ യുഎസ്സില്‍ വലിയ പൊട്ടിത്തെറിയുണ്ടാക്കി. 2016ലെ തിരഞ്ഞെടുപ്പ് ഫലം ഹിലരിക്കെതിരെയും ട്രംപിന് അനുകൂലവുമാക്കാന്‍ റഷ്യയുടെ ഇടപെടലുണ്ടാക്കിയ ആരോപണത്തില്‍ അന്വേഷണം നേരിട്ട ട്രംപിന്, മറ്റൊരു വിദേശരാജ്യത്തിന്റെ ഇടപെടല്‍ കൂടി അദ്ദേഹം ആവശ്യപ്പെട്ടു എന്ന ഗുരുതര ആരോപണമായിരുന്നു ഇത്. ട്രംപിന്റെ എല്ലാ ആക്രമണങ്ങളുടേയും മുനയൊടിച്ച ബൈഡന്‍ ഇപ്പോള്‍ വൈറ്റ് ഹൗസില്‍ എത്തിയിരിക്കുന്നു. ജോര്‍ജ്ജിയയിലും പെന്‍സില്‍വാനിയയിലും മുന്നേറ്റമുണ്ടാക്കിയതോടെ യുണൈറ്റഡ് സ്‌റ്റേറ്റ്‌സ് ഓഫ് അമേരിക്കയുടെ 46ാമത് പ്രസിഡന്റായി 2021 ജനുവരിയില്‍ ജോസഫ് റോബിന്‍ടെ ബൈഡന്‍ ജൂനിയര്‍ എന്ന ജോ ബൈഡന്‍ അധികാരമേല്‍ക്കും.

വൈറ്റ് ഹൗസിലേയ്ക്കുള്ള മൂന്നാമത്തെ പോരാട്ടമാണ് ജോ ബൈഡനിത്. പ്രസിഡന്റാകാന്‍ ജോ ബൈഡന്‍ ആദ്യം നാമനിര്‍ദ്ദേശം നല്‍കിയത് 1988ല്‍ തന്റെ 46ാം വയസ്സിലാണ്. എന്നാല്‍ ഡെമോക്രാറ്റ് നോമിനേഷന് വേണ്ടിയുള്ള മത്സരത്തില്‍ ജയിക്കാന്‍ ബൈഡന് കഴിഞ്ഞില്ല. നോമിനേഷന്‍ നേടിയ മൈക്കള്‍ ഡുക്കാക്കിസ്, റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി ജോര്‍ജ്ജ് ബുഷ് സീനിയറിനോട് പരാജയപ്പെടുകയും ചെയ്തു. അന്ന് ഡെമോക്രാറ്റിക്ക് നോമിനേഷന്‍ നേടുകയും റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥിയോടുള്ള മത്സരത്തില്‍ ജയിക്കുകയും ചെയ്തിരുന്നെങ്കില്‍ ജോണ്‍ എഫ് കെന്നഡി കഴിഞ്ഞാല്‍ അമേരിക്കയുടെ ഏറ്റവും പ്രായം കുറഞ്ഞ പ്രസിഡന്റ് ആയി ജോ ബൈഡന്‍ മാറുമായിരുന്നു. എന്നാല്‍ ബൈഡന്റെ കാത്തിരിപ്പ് നീണ്ടു. 2008ല്‍ ബൈഡന്‍ രണ്ടാം തവണ പ്രസിഡന്റാകാനുള്ള മത്സരത്തിനിറങ്ങി. എന്നാല്‍ ഡെമോക്രാറ്റിക്ക് നോമിനേഷനുള്ള അന്തിമ പോരാട്ടം ബറാക്ക് ഒബാമയും ഹിലരി ക്ലിന്റനും തമ്മിലായിരുന്നു. ഇതില്‍ ഒബാമ ജയിച്ച് സ്ഥാനാര്‍ത്ഥിയായി; യുഎസ് പ്രസിഡന്റുമായി. ജോ ബൈഡന്‍ വൈസ് പ്രസിഡന്റും ഹിലരി ക്ലിന്റന്‍ വിദേശകാര്യ സെക്രട്ടറിയുമായി. 2008ലും 2012ലും വൈസ് പ്രസിഡന്റായ ബൈഡന്‍ ഇത്തവണ യുഎസ്സിന്റെ പ്രഥമ പൗരനാകുകയാണ്.

മധ്യവർഗക്കാരുടെ പ്രതിനിധി എന്ന നിലയിൽ 'മിഡിൽ ക്ലാസ് ജോ' എന്നാണ് ജോ ബൈഡനെ യുഎസ് മാധ്യമങ്ങൾ വിശേഷിപ്പിക്കുന്നത്. 1942 നവംബര്‍ 20ന് പെന്‍സില്‍വാനിയയിലെ സ്‌ക്രാന്‍ടണിലാണ് ജോ ബൈഡന്റെ ജനനം. കത്തോലിക്ക സമുദായക്കാരായ മാതാപിതാക്കളുടെ മൂത്ത മകനായി. ഡെലാവെയറിലും ക്ലേമോണ്ടിലുമായി സ്‌കൂള്‍ വിദ്യാഭ്യാസം. 1965ല്‍ യൂണിവേഴ്‌സിറ്റി ഓഫ് ഡെലാവെയറില്‍ നിന്ന് ഹിസ്റ്ററിയിലും പൊളിറ്റിക്കല്‍ സയന്‍സിലുമായി ഡബിള്‍ ബി എ ബിരുദം. 1968ല്‍ സിറാകോസ് യൂണിവേഴ്‌സിറ്റി കോളേജ് ഓഫ് ലോയില്‍ നിന്ന് നിയമബിരുദം. അതേവര്‍ഷം വില്‍മിംഗ്ടണില്‍ പ്രാദേശിക റിപ്പബ്ലിക്കന്‍ പാര്‍ട്ടി നേതാവായിരുന്ന വില്യം പിക്കറ്റിന്റെ നിയമ സ്ഥാപനത്തില്‍ പ്രവര്‍ത്തിക്കാന്‍ തുടങ്ങിയതോടെയാണ് ബൈഡന്റെ സജീവ രാഷ്ട്രീയ ബന്ധങ്ങള്‍ തുടങ്ങുന്നത്. അന്ന് റിപ്പബ്ലിക്കന്‍ പാര്‍ട്ടിയോട് താല്‍പര്യമുണ്ടായിരുന്നതായി ബൈഡന്‍ പിന്നീട് പറഞ്ഞു. എന്നാല്‍ റിപ്പബ്ലിക്കന്‍ പ്രസിഡന്‌റ് സ്ഥാനാര്‍ത്ഥിയായിരുന്ന റിച്ചാര്‍ഡ് നിക്‌സണെ, ബൈഡന് ഒട്ടും താല്‍പര്യമില്ലായിരുന്നു. 1969ല്‍ ബൈഡന്‍ ഡെമോക്രാറ്റ് ബന്ധമുള്ള നിയമ സ്ഥാപനത്തിന്റെ ഭാഗമായി. ഇതോടെ ഡെമോക്രാറ്റിക്ക് പാര്‍ട്ടിയുമായി അടുത്തു. റിപ്പബ്ലിക്കന്‍ ശക്തി കേന്ദ്രത്തില്‍ നിന്ന് ഡെമോക്രാറ്റ് സ്ഥാനാര്‍ത്ഥിയായി കൗണ്ടി കൗണ്‍സിലിലേയ്ക്ക് ജയിച്ചു. 1972 വരെ ഇതില്‍ അംഗമായി തുടര്‍ന്നു. 1972 ജോ ബൈഡന്റെ ജീവിതത്തിലെ വലിയ നേട്ടത്തിന്റേയും അതിനേക്കാള്‍ വലിയ നഷ്ടത്തിന്റേയും വര്‍ഷമായിരുന്നു.

റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ സിറ്റിംഗ് സെനറ്റര്‍ ജെ കാലെബ് ബോഗ്‌സിനെ പരാജയപ്പെടുത്തി സെനറ്റിലേയ്ക്ക് തിരഞ്ഞെടുക്കപ്പെടുമ്പോള്‍ ബൈഡന് പ്രായം 30 വയസ്സ്. യുഎസ്സ് ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ആറാമത്തെ സെനറ്ററായി ബൈഡന്‍. ബൈഡന്‍ ജയിക്കുമെന്ന് ഡെമോക്രാറ്റിക്ക് പാര്‍ട്ടിയടക്കം ആരും പ്രതീക്ഷിച്ചിരുന്നില്ല. വിയറ്റ്നാം യുദ്ധത്തില്‍ നിന്ന് യുഎസ് പിന്മാറണം, പരിസ്ഥിതി, പൗരാവകാശം, കൂടുതല്‍ തുല്യതയുള്ള നികുതി, മെച്ചപ്പെട്ട ആരോഗ്യരക്ഷാ സംവിധാനം - ഇതെല്ലാമായിരുന്നു ബൈഡന്റെ ആവശ്യങ്ങളും പ്രധാന പ്രചാരണ വിഷയങ്ങളും. 50.5 ശതമാനം വോട്ട് നേടി ബൈഡന്‍ സൈനറ്റിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടു. എന്നാല്‍ ഈ സന്തോഷം തല്ലിക്കെടുത്തുംവിധം ആ വര്‍ഷം ഡിസംബര്‍ 18ന് ദുരന്തം ബൈഡനെ തേടിയെത്തി. ഭാര്യ നീലിയ ഹണ്ടറും ഒരു വയസ്സുണ്ടായിരുന്ന മകള്‍ ഏയ്മിയും ഒരു കാറപകടത്തില്‍ മരിച്ചു. മറ്റ് രണ്ട് മക്കള്‍ - ബ്യൂവും ഹണ്ടറും പരിക്കുകളോടെ രക്ഷപ്പെട്ടു. കുട്ടികളുടെ കാര്യങ്ങള്‍ നോക്കുന്നതിനായി സെനറ്റ് അംഗത്വം രാജി വയ്ക്കുന്നതിനെപ്പറ്റി ബൈഡന്‍ ആലോചിച്ചു. എന്നാല്‍ ഡെമോക്രാറ്റ് നേതാവ് മൈക്ക് മാന്‍സ്ഫീല്‍ഡിന്റെ പ്രേരണയില്‍ ഇതില്‍ നിന്ന് പിന്മാറി. 1973 ജനുവരിയിൽ ഡെലാവയറിൽ നിന്നുള്ള സെനറ്റ് അംഗമായിരുന്ന ബൈഡൻ 2009 വരെ സെനറ്റിൽ തുടർന്നു. 1975ൽ പരിചയപ്പെട്ട ജിൽ ട്രേസി ജേക്കബുമായുള്ള വിവാഹം 1977ൽ നടന്നു. ഈ ബന്ധത്തിൽ ആഷ്ലി ബ്ലേസർ എന്ന മകളുണ്ട്.

മുന്‍ യുഎസ് പ്രസിഡന്റ് ആയിരുന്ന ഡെമോക്രാറ്റ് നേതാവ് ജിമ്മി കാർട്ടർക്കൊപ്പം ജോ ബൈഡൻ

1981ല്‍ സെനറ്റ് ജുഡീഷ്യറി കമ്മിറ്റി അംഗമായി.1987 മുതൽ 95 വരെ കമ്മിറ്റി ചെയർമാനായിരുന്നു.1974ൽ, ഭാവി വാഗ്ദാനങ്ങളായ 200 വ്യക്തികളില്‍ ഒരാളായി ടൈം മാഗസിന്‍ ജോ ബൈഡനെ തിരഞ്ഞെടുത്തു. അതേസമയം ആരോഗ്യരക്ഷ അടക്കമുള്ള വിഷയങ്ങളില്‍ ലിബറല്‍ നിലപാടുകളുള്ള താന്‍ ഗര്‍ഭഛിദ്രത്തെ എതിര്‍ക്കുന്ന യാഥാസ്ഥിതികനാണെന്ന് 1974ല്‍ ഒരു അഭിമുഖത്തില്‍ ബൈഡന്‍ പറഞ്ഞിരുന്നു. സ്വവര്‍ഗ ലൈംഗികബന്ധങ്ങളുടെ കാര്യത്തിലും റിപ്പബ്ലിക്കന്മാരുടേതിന് സമാനമായ യാഥാസ്ഥിതിക നിലപാടുകളാണ് ബൈഡനുണ്ടായിരുന്നത്. യുഎസ് ആര്‍മിയില്‍ ഹോമോസെക്ഷ്വലുകളെ ഉള്‍പ്പെടുത്തുന്നതിനെതിരെ 1993ല്‍ ജോ ബൈഡന്‍ വോട്ട് ചെയ്തു. സ്വവര്‍ഗ വിവാഹങ്ങള്‍ തടയുന്ന ഡിഫന്‍സ് ഓഫ് മാര്യേജ് ആക്ടിന് അനുകൂലമായി 1996ല്‍ ജോ ബൈഡന്‍ വോട്ട് ചെയ്തു. 2005ൽ ഒബെർഗ്ഹെൽ വേഴ്സസ് ഹോഡ്ജ്സ് എന്ന കേസിൽ ഈ നിയമം ഭരണഘടനാവിരുദ്ധമാണെന്ന് യുഎസ് സുപ്രീം കോടതി വിധിച്ചിരുന്നു. എന്നാല്‍ പിന്നീട് സ്വവര്‍ഗബന്ധങ്ങളെ അനുകൂലിക്കുന്ന പുരോഗമന നിലപാടിലേയ്ക്ക് ബൈഡന്‍ മാറി. 2012ല്‍ ലോസ് ഏഞ്ചലസില്‍ ചേര്‍ന്ന ഹ്യൂമണ്‍ റൈറ്റ്‌സ് കാംപെയിനില്‍ പങ്കെടുത്ത് സംസാരിച്ച ജോ ബൈഡന്‍ തൊഴിലിടങ്ങളില്‍ ലൈംഗിക ന്യൂനപക്ഷ വിഭാഗങ്ങള്‍ നേരിടുന്ന വിവേചനം പൈശാചികമാണെന്ന് അഭിപ്രായപ്പെട്ടു. സ്വവര്‍ഗവിവാഹങ്ങളെ അനുകൂലിക്കുന്ന നിലയിലേയ്ക്ക് ബൈഡന്‍ മാറി.

1994 ദ ക്രൈം ബില്‍, ഫെഡറല്‍ അസോള്‍ട്ട് വെപണ്‍സ് ബാന്‍ ബില്‍, വയലന്‍സ് എഗെയ്ന്‍സ്റ്റ് വിമന്‍സ് ബില്‍ തുടങ്ങിയവ കൊണ്ടുവന്നതില്‍ വലിയ പങ്കാണ് ജോ ബൈഡനുള്ളത്. ദീര്‍ഘകാലം സെനറ്റ് ഫോറിന്‍ റിലേഷന്‍സ് കമ്മിറ്റി അംഗമായി പ്രവര്‍ത്തിച്ച ജോ ബൈഡന്‍ 1997ല്‍ പ്രസിഡന്റ് ബില്‍ ക്ലിന്റനൊപ്പം ബോസ്‌നിയ സന്ദര്‍ശിച്ച യുഎസ് സംഘത്തിലുണ്ടായിരുന്നു.

2001 സെപ്റ്റംബർ 11ന് ന്യൂയോർക്കിലെ വേൾഡ് ട്രേഡ് സെന്ററിനും വാഷിംഗ് ടൺ ഡിസിക്ക് സമീപമുള്ള പെന്റഗൺ ആസ്ഥാനത്തിനും നേരെയുണ്ടായ ഭീകരാക്രമണങ്ങൾക്ക് പിന്നാലെ അൽ ക്വയ്ദ ഭീകരരെ വേട്ടയാടിപ്പിടിക്കാൻ അന്നത്തെ യുഎസ് പ്രസിഡന്റ് ജോർജ്ജ് ഡബ്ല്യു ബുഷ് പ്രഖ്യാപിച്ച അഫ്ഗാനിസ്താൻ അധിനിവേശത്തെ ജോ ബൈഡൻ ശക്തമായി പിന്തുണച്ചു. എന്ത് സംഭവിച്ചാലും നമ്മളത് ചെയ്യണമെന്നാണ് ഈ ഡെമോക്രാറ്റ് നേതാവ് അന്ന് ആവശ്യപ്പെട്ടത്. വിയറ്റ്നാം അധിനിവേശത്തിനെതിരായ നിലപാടായിരുന്നില്ല അഫ്ഗാൻ യുദ്ധത്തിൽ ജോ ബൈഡന്. ഗൾഫ് യുദ്ധത്തിനും എതിരായിരുന്നു ജോ ബൈഡന്റെ നിലപാട്. ഇതുകൊണ്ട് തന്നെ 1992ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ നിന്ന് ബൈഡൻ വിട്ടുനിന്നു. പിന്നീട് 2008ലെ തിരഞ്ഞെടുപ്പിൽ താൻ മത്സരിക്കുമെന്ന പ്രഖ്യാപനവുമായി 2007ലാണ് ജോ ബൈഡൻ രംഗത്തെത്തിയത്.

2002ല്‍ യുഎസ്സിന്റെ ഇറാഖ് അധിനിവേശത്തിന് അനുമതി നല്‍കുന്ന ഓതറൈസേഷന്‍ ഫോര്‍ യൂസ് ഓഫ് മിലിട്ടറി ഫോഴ്‌സ് എഗൈന്‍സ്റ്റ് ഇറാഖ് എന്ന പ്രമേയത്തിന് അനുകൂലമായി ബൈഡന്‍ വോട്ട് ചെയ്തു. ഇക്കാലത്ത് സെനറ്റ് ഫോറിന്‍ റിലേഷന്‍സ് കമ്മിറ്റി ചെയര്‍മാനായിരുന്നു ബൈഡന്‍. വന്‍ നശീകരണ ശേഷിയുള്ള രാസായുധങ്ങള്‍ അടക്കമുള്ളവ സദ്ദാം ഹുസൈന്റെ പക്കലുണ്ടെന്ന് പറഞ്ഞുള്ള വ്യാജ റിപ്പോര്‍ട്ടുകളുടേയും പ്രൊപ്പഗാണ്ടയുടേയും തണലിലായിരുന്നു 2003 ആദ്യം യുഎസ് സൈന്യം ഇറാഖിനെ ആക്രമിച്ചത്. ബൈഡന്‍ പിന്നീട് ഇറാഖ് യുദ്ധത്തിന്റെ വിമര്‍ശകരിലൊരാളായി മാറി. എന്നാല്‍ യുഎസ് സൈന്യം ഇറാഖില്‍ നിന്ന് പിന്മാറണമെന്ന ആവശ്യത്തെ പിന്തുണച്ചതുമില്ല. കൂടുതല്‍ അന്താരാഷ്ട്ര സൈന്യങ്ങളെ ഉള്‍ക്കൊള്ളിച്ചുള്ള യുദ്ധത്തിനായിരുന്നു ബുഷ് ഭരണകൂടം ശ്രമിക്കേണ്ടത് എന്നായിരുന്നു ജോ ബൈഡന്റെ ആദ്യ നിലപാട്. 2006 ആയപ്പോളേക്കും ഈ നിലപാട് മാറ്റിയ ബൈഡന്‍ 2007 ആയപ്പോള്‍ ഇറാഖിലെ യുഎസ് സേനാ വിന്യാസത്തെ വിമര്‍ശിച്ചുതുടങ്ങി. രണ്ടാം ലോകയുദ്ധത്തിന് മുമ്പ് ഹിറ്റ്‌ലറെ പ്രീണിപ്പിച്ചിരുന്ന പാശ്ചാത്യ നേതാക്കളെ പോലെയാണ് ഡെമോക്രാറ്റ് നേതാക്കള്‍ എന്ന് അഭിപ്രായപ്പെട്ട ജോര്‍ജ്ജ് ഡബ്ല്യു ബുഷിനെ കടുത്ത വാക്കുകളുപയോഗിച്ചാണ് ബൈഡന്‍ വിമര്‍ശിച്ചത്. ഇതിൽ ബൈഡൻ പിന്നീട് ഖേദം പ്രകടിപ്പിച്ചു.

ഇറാഖ് യുദ്ധത്തിനെതിരായ പ്രചാരണത്തിലാണ് ബൈഡന്‍ 2008ലെ തിരഞ്ഞെടുപ്പില്‍ കേന്ദ്രീകരിച്ചത്. വിദേശകാര്യ സെക്രട്ടറിയായേക്കുമെന്ന പ്രചാരണങ്ങളെ തള്ളിയ ബൈഡന്‍ പ്രസിഡന്റ് എന്ന ലക്ഷ്യം മാത്രം കണ്ടു. ഒബാമയ്ക്ക് ഭാവിയില്‍ ചിലപ്പോള്‍ പ്രസിഡന്റാകാന്‍ കഴിഞ്ഞേക്കുമെന്നും ഇപ്പോല്‍ അതിന് സമയമായില്ലെന്നുമാണ് 2007ല്‍ ബൈഡന്‍ പറഞ്ഞത്. വിദേശനയത്തിലെ തന്റെ അനുഭവസമ്പത്ത് വിവരിച്ചാണ് ഒബാമയുമായി ബൈഡന്‍ സ്വയം താരതമ്യപ്പെടുത്തിയത്. അനുഭവപരിചയമില്ലാത്ത, ട്രെയിനിംഗ് ആവശ്യമുള്ള ഒരാള്‍ക്ക് നേരിട്ട് പ്രസിഡന്റാകാന്‍ കഴിയില്ല എന്ന് ഒബാമയെ കുറച്ചുകണ്ട് ബൈഡന്‍ പറഞ്ഞു. വിദേശനയം സംബന്ധിച്ച തന്റെ ആശയങ്ങളെ ഒബാമ കോപ്പിയടിച്ചതായും ഡെമോക്രാറ്റ് നോമിനേഷന് വേണ്ടിയുള്ള മത്സരത്തിനിടെ ബൈഡന്‍ പരിഹസിച്ചു. എന്നാല്‍ ഒബാമയ്ക്കും ഹിലരിക്കും മുന്നില്‍ ബൈഡന് പിടിച്ചുനില്‍ക്കാനായില്ല. ഡെമോക്രാറ്റ് സ്ഥാനാര്‍ത്ഥികള്‍ക്ക് വേണ്ടിയുള്ള നാഷണല്‍ പോള്‍സില്‍ ഒറ്റ അക്കത്തിന് മീതെ പിന്തുണ നേടാനും ബൈഡനായില്ല. മുന്നോട്ടുപോകാനാവില്ലെന്ന് തിരിച്ചറിഞ്ഞ ബൈഡന്‍ മത്സരരംഗത്ത് നിന്ന് പിന്‍വാങ്ങി. ഒബാമയ്ക്ക് കീഴില്‍ വൈസ് പ്രസിഡന്റാകാനൊരുങ്ങി. 2008 ഓഗസ്റ്റില്‍ വൈസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ചു. 2009 മുതല്‍ 2017 വരെ യുഎസ് വൈസ് പ്രസിഡന്റായി.


രണ്ട് മാസം കൂടുമ്പോളെന്നവണ്ണം വൈസ് പ്രസിഡന്റ് ബൈഡന്‍ ഇറാഖ് സന്ദര്‍ശിച്ചു. അഫ്ഗാന്‍ നയത്തിലും മാറ്റം വരുത്താന്‍ ഒബാമയെ ബൈഡന്‍ പ്രേരിപ്പിച്ചു. 'ജോ, ഇറാഖിന്റെ കാര്യം നിങ്ങള്‍ നോക്കിക്കോളൂ' എന്ന് ഒബാമ പറഞ്ഞതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. 2010ലെ ബൈഡന്റെ ഇറാഖ് സന്ദര്‍ശനം പാര്‍ലമെന്റ് തിരഞ്ഞെടുപ്പില സ്ഥാനാര്‍ത്ഥികളില്‍ പലരേയും തിരികെ കൊണ്ടുവരാന്‍ ഗവണ്‍മെന്റിനെ പ്രേരിപ്പിച്ചു. 2011ല്‍ ഇറാഖില്‍ നിന്നുള്ള യുഎസ് സേനാ പിന്മാറ്റത്തിലേയ്ക്ക് കാര്യങ്ങളെത്തി. ഒസാമ ബിന്‍ ലാദനെ വധിക്കാനുള്ള 2011 മേയിലെ ദൗത്യത്തെ ജോ ബൈഡന്‍ എതിര്‍ത്തിരുന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ദൗത്യം പരാജയപ്പെട്ടാല്‍ 2012ല്‍ ഒബാമയുടെ റീ ഇലക്ഷന്‍ സാധ്യതകളെ ഇത് ബാധിക്കുമെന്ന് പറഞ്ഞാണ് ബൈഡന്‍ എതിര്‍പ്പുയര്‍ത്തിയത്. ഏതായാലും പാകിസ്താനിലെ അബോട്ടാബാദില്‍ ഒളിച്ചുതാമസിച്ചിരുന്ന ലാദനെ യുഎസ് കമാന്‍ഡോകള്‍ കൊല്ലുന്ന രംഗം പ്രസിഡന്റ് ഒബാമയും വിദേശകാര്യ സെക്രട്ടറി ഹിലരി ക്ലിന്റനും മറ്റ് ഉന്നത ഉദ്യോഗസ്ഥര്‍ക്കുമൊപ്പമിരുന്ന് വൈറ്റ് ഹൗസിലെ മുറിയില്‍ ബൈഡനും ലൈവായി കണ്ടു.

ബൈഡനും ഒബാമയും തമ്മില്‍ തിരഞ്ഞെടുപ്പ് കാലത്ത് രൂക്ഷമായ വാക്‌പോരുണ്ടായി. പരസ്പരം വിമര്‍ശിച്ചു. ബൈഡന്‍ ഒരു വിഡ്ഢിത്തരം എത്ര തവണ പറയുമെന്ന് ഒബാമ ചോദിച്ചിരുന്നു. ബൈഡന്‌റെ അബദ്ധ പ്രസ്താവനകളെ ജോ ബോംബ്‌സ് എന്ന് വിളിച്ചാണ് ഒബാമയുടെ കാംപെയിന്‍ ടീം കളിയാക്കിയത്. ഇതേ ഒബാമയാണ് ട്രംപിനെതിരെ ബൈഡന് വേണ്ടി വാശിയോടെ ഇത്തവണ പ്രചാരണരംഗത്തുണ്ടായിരുന്നത്. യുഎസ്സിലെ ആദ്യ റോമൻ കാത്തലിക്ക് ആയ വൈസ് പ്രസിഡന്റായി ജോ ബൈഡൻ. പാരീസ് കാലാവസ്ഥാ ഉടമ്പടിയിൽ വീണ്ടും യുഎസ് ഭാഗമാകണമെന്ന് വാദിക്കുന്നയാളാണ് ജോ ബൈഡൻ. 2050-നകം കാർബൺ പുറന്തള്ളൽ പൂർണമായും ഒഴിവാക്കാൻ യുഎസ്സിന് കഴിയണമെന്നാണ് ബൈഡന്റെ നിലപാട്. കുടിയേറ്റക്കാരോടും ഉദാരസമീപനമാണ് ജോ ബൈഡൻ പുലർത്തുന്നത്. ട്രംപിന്റെ കുടിയേറ്റ വിരുദ്ധനയം തിരുത്തുമെന്ന് ഉറപ്പ് നൽകിയ ജോ ബൈഡൻ, ഇന്ത്യൻ വംശജയായ വൈസ് പ്രസിഡന്റ് സ്ഥാനാർത്ഥി കമല ഹാരിസിലൂടെ ഇന്ത്യക്കാരുടെ പിന്തുണ നേടാൻ ശ്രമിച്ചിരുന്നു. മെക്സിക്കോ അതിർത്തിയിലെ ട്രംപിന്റെ വിവാദ മതിൽനിർമ്മാണ പദ്ധതിയെ ബൈഡൻ രൂക്ഷമായി വിമർശിച്ചിരുന്നു. ജമ്മു കാശ്മീരിലെ മനുഷ്യാവകാശ ലംഘനങ്ങളേയും ഇന്ത്യയുടെ പൗരത്വ ഭേദഗതി നിയമത്തേയും (സിഎഎ) ദേശീയ പൗരത്വ പട്ടികയേയും (എന്‍ആര്‍സി) ജോ ബൈഡൻ വിമര്‍ശിച്ചിരുന്നു.

ഒരു മധ്യവർത്തി ഡെമോക്രാറ്റ് ആയാണ് ജോ ബൈഡൻ വിലയിരുത്തപ്പെടുന്നത്. അതേസമയം പല വിഷയങ്ങളിലും റിപ്പബ്ലിക്കന്മാരുടേതിന് സമാനമായ നിലപാടാണ് ബൈഡൻ സ്വീകരിച്ചത്. ലൈംഗികമായി ചൂഷണം ചെയ്യുന്നതും അപമര്യാദയോടെയുള്ളതുമായ പെരുമാറ്റം, സമ്മതമില്ലാതെ ശരീരത്തിൽ സ്പർശിക്കൽ തുടങ്ങിയ ആരോപണങ്ങൾ ബൈഡനെതിരെ പലപ്പോളും വന്നിട്ടുണ്ട്. നെവാഡയിലെ അസംബ്ലി വുമൺ ലൂസി ഫ്ളോർസ് അടക്കമുള്ള സ്ത്രീകളാണ് ജോ ബൈഡനെതിരെ ആരോപണങ്ങളുന്നയിച്ചത്. സുപ്രീം കോടതി ജഡ്ജിയായി പ്രസിഡന്റ് ജോര്‍ജ്ജ് ബുഷ് സീനിയര്‍ നോമിനേറ്റ് ചെയ്ത ക്ലാരന്‍സ് തോമസ്സിനെതിരെ ഓക്ലഹോമ യൂണിവേഴ്‌സിറ്റിയിലെ പ്രൊഫസറായ അനീറ്റ ഹില്‍ ലൈംഗികാതിക്രമ പരാതി നല്‍കിയിരുന്നു. സെനറ്റ് ജുഡീഷ്യല്‍ കമ്മിറ്റി ചെയര്‍മാനെന്ന നിലയില്‍ ഈ വിഷയം ബൈഡന്‍ കൈകാര്യം ചെയ്ത രീതി വിമര്‍ശനമുയര്‍ത്തിയിരുന്നു.

ഇത്തവണ തിരഞ്ഞെടുപ്പില്‍ കോവിഡ് മാനദണ്ഡങ്ങള്‍ കാറ്റില്‍പ്പറത്തിയുള്ള പ്രസിഡന്റ് ട്രംപിന്റെ റാലികള്‍ക്ക് വിരുദ്ധമായിരുന്നു ജോ ബൈഡന്റെ പ്രചാരണപരിപാടികള്‍. അതീവഗുരുതരമായ കൊറോണ വൈറസ് സാഹചര്യത്തില്‍ ഉത്തരവാദിത്വമുള്ള നേതാവ് പ്രവര്‍ത്തിക്കേണ്ടത് എങ്ങനെ എന്നത് സംബന്ധിച്ച് ഒരു മാതൃക ജനങ്ങള്‍ക്ക് മുന്നില്‍ അവതരിപ്പിക്കാന്‍ ജോ ബൈഡന്‍ ശ്രമിച്ചിരുന്നു. അമേരിക്കന്‍ ചരിത്രത്തിലെ ഏറ്റവും മികച്ച വൈസ് പ്രസിഡന്റ് എന്നാണ് ബൈഡനെ, ഒബാമ വിശേഷിപ്പിച്ചത്. ഒബാമയുടെ അഫോര്‍ഡബിള്‍ കെയര്‍ ആക്ടും സാമ്പത്തിക പ്രതിസന്ധി മറികടക്കാനുള്ള പാക്കേജും ഉള്‍പ്പടെയുള്ളവ നടപ്പാക്കുന്നതില്‍ ബൈഡന്‍ പങ്കുവഹിച്ചു. ഒബാമയുമായുള്ള ബന്ധം ശക്തമാക്കിയതിലൂടെ ആഫ്രിക്കന്‍ - അമേരിക്കന്‍ സമൂഹത്തിന്റെ പിന്തുണ വലിയ തോതില്‍ നേടാന്‍ ജോ ബൈഡന് കഴിഞ്ഞു.


Next Story

Related Stories