TopTop
Begin typing your search above and press return to search.

രാജാവിന്റെ അധികാരം കുറയ്ക്കണം, തായ്‌ലന്‍ഡില്‍ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭം; നേതാക്കളില്ലാതെ യുവാക്കൾ തെരുവിൽ

രാജാവിന്റെ അധികാരം കുറയ്ക്കണം, തായ്‌ലന്‍ഡില്‍ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭം;  നേതാക്കളില്ലാതെ യുവാക്കൾ തെരുവിൽ

തായ്‌ലന്‍ഡില്‍ സര്‍ക്കാര്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. രാജാവ് മഹാ വിജിരലോംഗ്‌കൊറനും പ്രധാനമന്ത്രി പ്രയുത് ചാന്‍-ഒഖയ്ക്കുമെതിരെ മൂന്ന് മാസമായി നടക്കുന്ന പ്രതിഷേധങ്ങളെ തുടര്‍ന്ന് അഞ്ച് പേരില്‍ കൂടുതല്‍ പേര്‍ ഒത്തുകൂടുന്നത് സര്‍ക്കാര്‍ നിരോധിച്ചിരിക്കുകയാണ്. മുന്‍ ജുണ്ട നേതാവായിരുന്ന പ്രയുത് സര്‍ക്കാരിനെതിരെ പ്രതിഷേധങ്ങള്‍ നടത്തുന്നത് കഴിഞ്ഞ വര്‍ഷം കോടതി നിരോധിച്ചതോടെയാണ് സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭങ്ങള്‍ ശക്തമായത്. കോവിഡ് 19 വ്യാപനം തടയുന്നതിന്റെ ഭാഗമായി നിര്‍ത്തി വച്ച പ്രതിഷേധങ്ങള്‍ പിന്നീട് ഇക്കഴിഞ്ഞ ജൂലൈയിലാണ് പുനരാരംഭിച്ചത്. പ്രയുതനെ സ്ഥാനത്ത് നിന്നും നീക്കം ചെയ്യണമെന്നാണ് പ്രതിഷേധക്കാരുടെ പ്രധാന ആവശ്യം.

രാജഭരണം അവസാനിപ്പിക്കണമെന്ന ആവശ്യം പ്രതിഷേധക്കാര്‍ക്ക് ഇല്ലെങ്കിലും ഭരണ സംവിധാനത്തില്‍ നവീകരണം വേണമെന്ന് അവര്‍ ആവശ്യപ്പെടുന്നുണ്ട്. സെപ്ംബറില്‍ നടന്ന പ്രതിഷേധത്തില്‍ പതിനായിരക്കണക്കിന് ആളുകളാണ് പങ്കെടുത്തത്. പൊതുപ്രവര്‍ത്തകര്‍ക്ക് നേരെയുള്ള അക്രമങ്ങള്‍ സര്‍ക്കാര്‍ അവസാനിപ്പിക്കണമെന്നാണ് മറ്റൊരു ആവശ്യം. ഇന്നലെ വരെയും പ്രതിഷേധങ്ങള്‍ അനുവദിക്കുമെന്നും എന്നാല്‍ നിയമലംഘനം അനുവദിക്കില്ലെന്നുമാണ് സര്‍ക്കാര്‍ അറിയിച്ചിരുന്നത്. എന്നാല്‍ രാജ്ഞി സുതിദയുടെ വാഹനവ്യൂഹം ആള്‍ക്കൂട്ടം ഉപരോധിച്ചതോടെ ഈ നിലപാടില്‍ പെട്ടെന്ന് മാറ്റമുണ്ടാകുകയായിരുന്നു.

ബാങ്കോക്കില്‍ അഞ്ച് പേരില്‍ കൂടുതല്‍ ഒത്തുചേരുന്നത് നിരോധിച്ച സര്‍ക്കാര്‍ സമരക്കാരുമായി ബന്ധമുള്ള ആരെയും അറസ്റ്റ് ചെയ്യാന്‍ പോലീസിന് അുവാദമുണ്ടെന്നും അറിയിച്ചു. സര്‍ക്കാര്‍ ഹൗസിന് മുന്നില്‍ സമരം ചെയ്തിരുന്നവരെ ഒഴിവാക്കിയ പോലീസ് മൂന്ന് നേതാക്കളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. അതേസമയം പ്രതിഷേധങ്ങളെക്കുറിച്ച് പ്രതികരിക്കാന്‍ രാജകുടുംബം തയ്യാറായിട്ടില്ലെന്ന് ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

ഭൂരിഭാഗവും വിദ്യാര്‍ത്ഥികളും ചെറുപ്പക്കാരും പങ്കെടുക്കുന്ന സമരത്തിന് നിലവില്‍ നേതാക്കന്മാര്‍ ആരുമില്ല. ജൂലൈയില്‍ ആരംഭിച്ച പ്രതിഷേധത്തിന് നേതൃത്വം നല്‍കിയ ഫ്രീ യൂത്ത് മൂവ്‌മെന്റും യുണൈറ്റഡ് ഫ്രണ്ട് ഓഫ് തമ്മസത്ത് ആന്‍ഡ് ഡെമോണ്‍സ്‌ട്രേഷനും ഇപ്പോള്‍ പ്രതിഷേധത്തിന് മുന്‍നിരയില്‍ ഉള്ളത്. ബാങ്കോക്ക് തമ്മസത്ത് സര്‍വ്വകലാശാലയിലെ വിദ്യാര്‍ത്ഥികളുടെ പ്രസ്താനമാണ് യുണൈറ്റഡ് ഫ്രണ്ട് ഓഫ് തമ്മസത്ത് ആന്‍ഡ് ഡെമോണ്‍സ്‌ട്രേഷന്‍. രാജഭരണ നവീകരണത്തിന് ആവശ്യപ്പെടുന്നത് ഇവരാണ്. ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ ബാഡ് സ്‌കൂളേഴ്‌സ് എന്ന സംഘവും സമരത്തിനുണ്ട്. വിദ്യാഭ്യാസ പരിഷ്‌കരണമാണ് ഇവര്‍ ആവശ്യപ്പെടുന്നത്. സമരക്കാരില്‍ ഒട്ടുമിക്ക പേരും മുപ്പത് വയസ്സ് പൂര്‍ത്തിയാകാത്തവരാണ്. പ്രധാനപ്പെട്ട നേതാക്കന്മാരില്‍ ഒരാളായ മനുഷ്യാവകാശ പ്രവര്‍ത്തകനും അഭിഭാഷകനുമായ അര്‍ണോന്‍ നമ്പയാണ് കൂട്ടത്തിലെ ഏറ്റവും മുതിര്‍ന്ന ആളുകളില്‍ ഒരാള്‍. അദ്ദേഹത്തിന് 36 വയസ്സായി.

2017ല്‍ രാജാവിന്റെ ഭരണഘടനാ അധികാരങ്ങള്‍ വര്‍ധിപ്പിച്ച നടപടി പുനപ്പരിശോധിക്കണമെന്നാണ് സമരക്കാരുടെ മറ്റൊരു ആവശ്യം. മഹാ വിജിരലോംഗ്‌കൊറന്‍ അധികാരമേറ്റതിന് പിന്നാലെയായിരുന്നു രാജാവിന്റെ ഭരണഘടനാ അധികാരങ്ങള്‍ വര്‍ധിപ്പിച്ചത്. 1932ലാണ് തായ്‌ലാന്‍ഡില്‍ പൂര്‍ണ്ണ രാജഭരണം ഇല്ലാതായത്. രാജകുടുംബം സൈന്യവുമായി അടുത്ത ബന്ധം പുലര്‍ത്തുന്നത് ജനാധിപത്യ വിരുദ്ധമാണെന്ന് സമരക്കാര്‍ പറയുന്നു. അധികാരം തന്റെ കൈകളില്‍ നിലനിര്‍ത്താനാണ് കഴിഞ്ഞ വര്‍ഷം തെരഞ്ഞെടുപ്പിന് ശേഷം രാജാവ് പ്രയുതിനെ അധികാരമേല്‍പ്പച്ചതെ് അവര്‍ വിമര്‍ശിക്കുന്നു. അതേസമയം 2014ലെ സൈനിക അട്ടിമറിയ്ക്ക് നേതൃത്വം കൊടുത്ത പ്രയുത് പറയുന്നത് തെരഞ്ഞെടുപ്പ് സത്യസന്ധമായിരുന്നു എന്നാണ്.

രാജാവിന്റെ ധൂര്‍ത്തിനെക്കുറിച്ചും ജീവിത ശൈലിയെക്കുറിച്ചും വിമര്‍ശനം ഉയരുന്നുണ്ട്. ജീവിതത്തില്‍ ഏറിയ പങ്കും യൂറോപ്പില്‍ ചെലവഴിക്കുന്ന അദ്ദേഹം കഴിഞ്ഞ വര്‍ഷം നാലാമത്തെ വിവാഹം കഴിച്ചിരുന്നു.

സെക്ഷന്‍ 112 അനുസരിച്ചാണ് തായ്‌ലന്‍ഡ് രാജകുടുംബം സംരക്ഷിക്കപ്പെടുന്നത്. രാജാവിനെയോ രാജ്ഞിയെയോ അനന്തരവകാശികളെയോ അധിക്ഷേപിക്കുന്നതോ ഭീഷണിപ്പെടുത്തുന്നതോ പതിനഞ്ച് വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണെന്ന് ഈ വകുപ്പില്‍ പറയുന്നു. രാജാവ് ദയാലുവായതിനാല്‍ ഈ നിയമം അധികം ഉപയോഗിച്ചിട്ടില്ലെന്നാണ് പ്രയുത് പറയുന്നത്. എന്നാല്‍ അടുത്തകാലത്ത് നിരവധി സാമൂഹിക പ്രവര്‍ത്തകരെയും സര്‍ക്കാരിന്റെ വിമര്‍ശകരെയും രാജ്യദ്രോഹ കുറ്റവും മറ്റ് കമ്പ്യൂട്ടര്‍ കുറ്റകൃത്യങ്ങളും ചുമത്തി അറസ്റ്റ് ചെയ്തിട്ടുണ്ടെന്ന് മനുഷ്യാവകാശ പ്രവര്‍ത്തകര്‍ പറയുന്നു. എന്നാല്‍ തങ്ങള്‍ എതിരാളികളെ ലക്ഷ്യമിടുന്നില്ലെന്നും നിയമം നടപ്പാക്കേണ്ടത് പോലീസിന്റെ ചുമതലയാണെന്നും സര്‍ക്കാര്‍ പറയുന്നു.


Next Story

Related Stories