TopTop
Begin typing your search above and press return to search.

അമേരിക്കയ്ക്ക് കനത്ത തിരിച്ചടി, ഇറാൻ ആക്രമിച്ചത് യുഎസിന്റെ പശ്ചിമേഷ്യൻ നീക്കങ്ങളുടെ കേന്ദ്രം

അമേരിക്കയ്ക്ക് കനത്ത തിരിച്ചടി, ഇറാൻ ആക്രമിച്ചത് യുഎസിന്റെ പശ്ചിമേഷ്യൻ നീക്കങ്ങളുടെ കേന്ദ്രം

ഇറാഖിലെ യുഎസ് സൈന്യത്തിന്റെ രണ്ട് സൈനിക താവളങ്ങള്‍ക്കു നേരെ ഇറാന്‍ നടത്തിയ മിസൈലാക്രമണത്തില്‍ 80 അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതായാണ് ഏറ്റവും പുതിയ റിപ്പോർട്ട് . ഇറാനിയന്‍ മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 200 ഓളം പേര്‍ക്ക് പരിക്കേറ്റിട്ടുമുണ്ടെന്നും റിപ്പോർ‍ട്ട് ചൂണ്ടിക്കാട്ടുന്നു. ബുധനാഴ്ച പുലര്‍ച്ചെയോടെയായിരുന്നു ഇറാഖിലെ അല്‍ അസദ്‌, ഇര്‍ബില്‍ എന്നീ യുഎസ് സൈനിക കേന്ദ്രങ്ങള്‍ക്ക് നേരെ ആക്രമണമുണ്ടായത്. അല്‍ അസദ്‌ താവളത്തിന് നേരെയാണ് പ്രധാനമായും ആക്രമണമുണ്ടായത്. 15 മിസൈലുകളാണ് ഇറാന്‍ പ്രയോഗിച്ചത്. ഇറാന്‍ പുറത്തുവിട്ട കണക്കുകള്‍ സ്ഥിരീകരിക്കുന്നതാണെങ്കില്‍ രണ്ടാം ലോക മഹായുദ്ധത്തിന് ശേഷം അമേരിക്കന്‍ സൈന്യം നേരിടുന്ന ഏറ്റവും വലിയ തിരിച്ചടികളിലൊന്നാണിത്.

ജനറല്‍ മേജര്‍ ഖാസിം സുലൈമാനിയടക്കമുള്ളവരെ വ്യോമാക്രമണത്തില്‍ യുഎസ് കൊലപ്പെടുത്തിയതിന് പ്രതികാരമായിട്ടായിരുന്നു ഇറാന്റെ സൈനിക നടപടി. പക്ഷേ ഇതിനായി എന്തുകൊണ്ട് ഐൻ അൽ അല്‍ അസദ്‌ എയർ ബേസ് തിരഞ്ഞെടുത്തു എന്നത് വലിയ ചോദ്യമാണ്. പടിഞ്ഞാറൻ ഇറാഖിലെ അൽ അൻബർ ഗവർണറേറ്റിലാണ് ഐൻ അൽ അല്‍ അസദ്‌ എന്ന സൈനിക താവളം സ്ഥിതിചെയ്യുന്നത്. ഇറാഖ് സായുധ സേനയും അമേരിക്കൻ സായുധ സേനയും ഇറാഖിലെ ബ്രിട്ടീഷ് സായുധ സേനയും ഈ താവളം ഉപയോഗിക്കുന്നുണ്ട്. എന്നാൽ ബാഗ്ദാദാദിൽ അമേരിക്ക നടത്തിയ ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ യുഎസ് സൈന്യത്തെ തിരിച്ച് വിളിക്കാൻ ഇറാഖ് പാർലമെന്റ് ആവശ്യപ്പെട്ടതിന് പിന്നാലെയായിരുന്നു ആക്രമണം.

ഐൻ അൽ അല്‍ അസദ്‌

കഴിഞ്ഞ രണ്ട് വർഷത്തിനിടെ 2018 ലെ ക്രിസ്മസ് രാത്രിയിലുൾപ്പെടെ യുഎസ് പ്രസിഡന്റ് ഡൊണൾഡ് ട്രംപും വൈസ് പ്രസിഡന്റ് മൈക്ക് പെൻസും അപ്രതീക്ഷിത സന്ദർശനങ്ങൾ നടത്തിയ സൈനിക താവളമാണ് ഐൻ അൽ അല്‍ അസദ്‌. ഇറാഖ് സ്വാതന്ത്ര്യകാലത്ത് ഇറാഖിലെ രണ്ടാമത്തെ വലിയ സൈനിക സൈനിക കേന്ദ്രമായിരുന്നു ഇത്. 2010 ജനുവരി വരെ അങ്ങനെ തുടർന്നു.പിന്നീട് പല സൈനിക വിഭാഗങ്ങൾ മാറി ചുമതല വഹിച്ചുവന്നു.

ഇതിന് പിന്നാലെയാണ് 26 ഡിസംബർ 2018 ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും ഭാര്യ മെലാനിയയും സൈനികരെ താവളം സന്ദർശിക്കുന്നത്. ശേഷം 2019 നവംബർ 23 ന് വൈസ് പ്രസിഡന്റ് മൈക്ക് പെൻസും ഭാര്യ കാരനും ‌ സൈന്യത്തെ സന്ദർശിച്ചു. അത്രത്തോളം സുരക്ഷിതമെന്ന് യുഎസ് കരുതുന്ന സ്ഥലമാണ് ഐൻ അൽ അല്‍ അസദ്‌.

ഏറെ തന്ത്ര പ്രധാനമാണ് സൈനിക താവളം സ്ഥിതിചെയ്യുന്ന സ്ഥലം. ബാഗ്ദാദിന് പടിഞ്ഞാറ് 100 മൈൽ (160 കിലോമീറ്റർ) പടിഞ്ഞാറും ഖാൻ അൽ ബാഗ്ദാദി ഗ്രാമത്തിന് 5 മൈൽ (8.0 കിലോമീറ്റർ) പടിഞ്ഞാറുമായി സുന്നി അൽ അൻബർ ഗവർണറേറ്റിലെ ഹൗത്ത് ജില്ലയിലാണ് ഈ താവളം സ്ഥിതി ചെയ്യുന്നത്. ഖാദിസിയ എയർബേസ് എന്നായിരുന്നു ഈ താവളത്തിന് ആദ്യം പേര് നൽകിയിരുന്നത്. അൽ-ഖാദിസിയ യുദ്ധത്തെ പരാമർശിച്ച് കൊണ്ടായിരുന്നു ആ പേര് വന്നത്. 1967 ലും 1973 ലും നടന്ന അറബ്-ഇസ്രയേൽ യുദ്ധത്തിന് ശേഷമാണ് 1975 ൽ എയർബേസ് ആരംഭിക്കുന്നത്. പ്രോജക്റ്റ് "സൂപ്പർ ബേസ്" എന്ന പദ്ധതിയിൽ ഉൾപ്പെടുത്തി ഇറാഖിൽ നിർമ്മിച്ച അഞ്ച് പുതിയ വ്യോമ താവളങ്ങളിലൊന്നാണ് ഖാദിസിയ എയർ ബേസ്.

ഇറാഖ് സർക്കാരും യുഗോസ്ലാവിയൻ കമ്പനികളുടെയും സംയുക്ത കൺസോർഷ്യം 1981 നും 1987 നും ഇടയിലാണ് കേന്ദ്രം പൂർത്തിയാക്കുന്നത്. രണ്ട് യുഗോസ്ലാവ് സർക്കാർ ഏജൻസികൾ പദ്ധതിക്ക് നേതൃത്വം നൽകി. 280,000,000 യുഎസ് ഡോളർ ചിലവിൽ തയ്യാറാക്കിയ ഖാദിസിയ എയർ ബേസിൽ‌ 5,000 പേർക്ക് താമസമുൾപ്പെടെയുള്ളസൗകര്യങ്ങൾക്ക് പുറമെ സൈനിക സൗകര്യങ്ങൾ (സൈനിക വിമാനത്താവളം, ഉദ്യോഗസ്ഥർക്കും ഉപകരണങ്ങൾക്കുമുള്ള അഭയകേന്ദ്രങ്ങൾ, ഷെൽട്ടറുകൾ, സൈനിക ബാരക്കുകൾ) എന്നിവയും ഉള്‍പ്പെടുന്നു. 2003 ലെ ഇറാഖ് അധിനിവേശത്തിന് മുമ്പ്, ഇറാഖ് വ്യോമസേനയുടെ മൂന്ന് യൂണിറ്റുകൾ ഈ താവളത്തിലുണ്ടായിരുന്നു. അധിനിവേശം ആരംഭിച്ചയുടനെ ഇത് ഉപേക്ഷിക്കപ്പെട്ടു. തുടക്കത്തിൽ ഇത് ഒബ്ജക്ടീവ് വെബ്‌സ്റ്റർ എന്നറിയപ്പെട്ടിരുന്ന കേന്ദ്രം പിന്നീട് അൽ അസദ് എയർബേസ് എന്ന് പുനർനാമകരണം ചെയ്യപ്പെട്ടു, അറബിയിൽ "സിംഹം" എന്നാണ് ഇതിന് അർത്ഥം.

എല്ലാ ദിവസവും നൂറുകണക്കിന് ഇന്ധന, വിതരണ ട്രക്കുകൾ കടന്നുവരുന്ന പ്രദേശത്താണ് അൽ അസദ് എയർ ബേസ്. ജോർദാനിൽ നിന്ന് പുറത്തുവരുന്ന അപകടകരമായ റൂട്ടുകളിൽ പ്രാധാന്യമർപ്പിക്കുന്നതും വലിയ ഇന്ധന കയറ്റുമതി നടക്കുന്ന പ്രദേശങ്ങളിൽ ഒന്നുമാണിത്. ഐസ്ഐഎസ് ഉൾ‌പ്പെടെയുള്ള സംഘങ്ങൾക്ക് പിടികൊടുക്കാതെ സുരക്ഷിതമായി എണ്ണ നീക്കത്തിന് വഴിയൊരുങ്ങുന്ന മേഖല. ഇതിൻ ചുക്കാൻ പിടിച്ചിരുന്നത് ഐൻ അൽ അല്‍ അസദ്‌ എയർ ബെയ്സ് കേന്ദ്രീകരിച്ചായിരുന്നു.

ഇറാഖിലെ അമേരിക്കൻ സൈനികരെ സന്ദർശിക്കുന്നവർക്ക് ഒരു പൊതു ലക്ഷ്യസ്ഥാനമായിരുന്നു ഈ താവളം. അൽ അസാദിന് സമീപമുള്ള പട്ടണങ്ങളും റൂട്ടുകളും ഇറാഖിലെ മറ്റെവിടെയും പോലെ അപകടകരമാണ്. പക്ഷേ താരതമ്യേ വിമാനമാർഗ്ഗം എളുപ്പത്തിൽ എത്തിച്ചേരാവുന്ന ഒരിടം കൂടിയാണിത്. എന്നാൽ പലസമയത്തും താവളത്തിന് പരോക്ഷമായ ആക്രമണങ്ങളും നേരിടേണ്ടി വന്നിട്ടുണ്ട്.

ഇര്‍ബില്‍

സിറിയൻ അതിർത്തിയോട് ചേർന്ന് കിടക്കുന്ന ഇർബിൽ ക്യാംപ് കേന്ദ്രീകരിച്ചായിരുന്നു ഇസ്ലാമിക് സ്റ്റേറ്റ് നേതാവായ അബുബക്കർ അൽ ബാഗ്ദാദിയുടെ മരണത്തിലേക്ക് നയിച്ചു ഓപ്പറേഷൻ നടന്നത്. അതുകൊണ്ട് തന്നെ ഇറാഖ് കേന്ദ്രീകരിച്ച് യുഎസ് നടത്തുന്ന പശ്ചിമേഷ്യൻ‌ നീക്കങ്ങളുടെ സുപ്രധാന കേന്ദ്രമായിരുന്നു ഐൻ അൽ അല്‍ അസദും, ഇര്‍ബിലും. ഇത് തന്നെയായിരിക്കണം തങ്ങളുടെ തിരിച്ചടിക്ക് ഈ രണ്ട് കേന്ദ്രങ്ങളെ തിരഞ്ഞെടുത്തതിന് കാരണമായിട്ടുള്ളത്.

പശ്ചിമ ഇറാഖിലെ അല്‍-അസാദ് സൈനിക താവളത്തില്‍ പ്രാദേശിക സമയം പുലര്‍ച്ചെ 1.20നാണ് ഇറാന്‍ മിസൈല്‍ ആക്രമണം നടത്തിയത്‌. അതേ സമയം ഇറാഖില്‍ തങ്ങളുടെ താവളങ്ങള്‍ക്ക് നേരെ നടന്ന ആക്രമണത്തിലുണ്ടായ നാശനഷ്ടത്തിന്റെ വ്യാപ്തി യുഎസ് ഇതുവരെ പുറത്ത് വിട്ടിട്ടില്ല.

ഇറാഖിലെ സൈനിക കേന്ദ്രങ്ങളിലെ ഇറാന്‍ ആക്രമണം സ്ഥിരീകരിച്ച അമേരിക്കൻ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് 'എല്ലാം നന്നായി പോകുന്നു'വെന്നായിരുന്നു പ്രതികരിച്ചത്. ആക്രമണത്തിന്റെ നാശനഷ്ടം വിലയിരുത്തുകയാണ്. നാളെ പ്രതികരിക്കും. അമേരിക്കന്‍ സൈന്യം ഏറ്റവും ശക്തരാണെന്ന് ട്രംപിന്റെ മുന്നറിയിപ്പും ട്വീറ്റിലുണ്ട്.


Next Story

Related Stories