TopTop
Begin typing your search above and press return to search.

കുടിയൊഴിപ്പിക്കപ്പെട്ടവർ 50.8 ദശലക്ഷം, 'സ്വന്തം രാജ്യത്ത് അഭയാർത്ഥികളാവുന്നവര്‍' ആഗോളതലത്തിൽ വർദ്ധിക്കുന്നു

കുടിയൊഴിപ്പിക്കപ്പെട്ടവർ 50.8 ദശലക്ഷം, സ്വന്തം രാജ്യത്ത് അഭയാർത്ഥികളാവുന്നവര്‍ ആഗോളതലത്തിൽ വർദ്ധിക്കുന്നു

ലോകത്തെ വിവിധ രാജ്യങ്ങളിൽ ആഭ്യന്തര അഭയാർത്ഥികളുടെ എണ്ണത്തിൽ വൻ വർദ്ധനയെന്ന് കണക്കുകൾ. കഴിഞ്ഞ വര്‍ഷം മാത്രം ലോകമെമ്പാടും മൊത്തം 50.8 ദശലക്ഷം ആളുകൾ ആഭ്യന്തരമായി പലായനം ചെയ്തതായി പഠനം. ഇത് എക്കാലത്തെയും ഉയർന്ന നിരക്കാണ്, 2018-നെ അപേക്ഷിച്ച് 10 ദശലക്ഷം കൂടുതൽ. നോർവീജിയൻ അഭയാർത്ഥി കൗൺസിലിന്റെ ഇന്റേണൽ ഡിസ്‌പ്ലേസ്‌മെന്റ് മോണിറ്ററിംഗ് സെന്റർ (IDMC) പ്രസിദ്ധീകരിച്ച വാർഷിക സ്ഥിതിവിവരക്കണക്കുകൾ പ്രകാരം 2019 അവസാനത്തോടെ 45.7 ദശലക്ഷം ആളുകൾ 'സ്വന്തം രാജ്യത്ത് അഭയാർഥികളായി മാറി' (കുടിയൊഴിപ്പിക്കപ്പെട്ടു) വെന്നാണ് പറയുന്നത്.

61 രാജ്യങ്ങളില്‍ തുടര്‍ന്നുകൊണ്ടിരിക്കുന്ന ആഭ്യന്തര കലഹങ്ങളാണ് പ്രധാന കാരണം. 96 രാജ്യങ്ങളിലുള്ള 5.1 ദശലക്ഷം ആളുകൾ കൂടി പ്രകൃതി ദുരന്തങ്ങളാൽ കുടിയൊഴിപ്പിക്കപ്പെട്ടു. ഈ ദുരന്ത യാഥാര്‍ഥ്യം ഈ വര്‍ഷമെങ്കിലും കൂടുതൽ ആഗോള ശ്രദ്ധ നേടുമെന്ന് പ്രതീക്ഷിക്കുന്നതായി ഐഡിഎംസി ഡയറക്ടർ അലക്സാണ്ട്ര ബിലാക്ക് പറയുന്നു. പ്രശ്‌നം പരിഹരിക്കുന്നതിനും ദീർഘകാല പരിഹാരങ്ങൾ കണ്ടെത്തുന്നതിനുമായി യുഎൻ ഉന്നതതല പാനൽ കഴിഞ്ഞ ഒക്ടോബറിൽതന്നെ രൂപീകരിച്ചിരുന്നു. ഫെബ്രുവരിയിൽ അവര്‍ ആദ്യ യോഗം ചേർന്നിട്ടുമുണ്ട്.

'ആഭ്യന്തര പലായനമെന്ന ദുരിതത്തില്‍ നിന്നും ഈ വര്‍ഷമെങ്കിലും ജനങ്ങളെ കരകയറ്റണമെന്നായിരുന്നു ആഗ്രഹം. പക്ഷെ, കൊവിഡ് എല്ലാ പ്രതീക്ഷളും തെറ്റിച്ചു. ആഗോള ശ്രദ്ധ ഇപ്പോള്‍ അതില്‍ മാത്രമാണ്' എന്ന് ബിലാക്ക് കൂട്ടിച്ചേര്‍ത്തു. ചൊവ്വാഴ്ച പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ, കഴിഞ്ഞ വർഷം ആഭ്യന്തരമായി പലായനം ചെയ്യേണ്ടിവന്നവരില്‍ ഭൂരിഭാഗവും ദരിദ്ര രാജ്യങ്ങളിലാണെന്ന് വ്യക്തമാക്കുന്നു. ഏറ്റവും കൂടുതൽ സബ്-സഹാറൻ ആഫ്രിക്കയിലാണ് രേഖപ്പെടുത്തിയിട്ടുള്ളത്‌. പ്രധാനമായും സൊമാലിയയിലും ദക്ഷിണ സുഡാനിലും നടന്നുകൊണ്ടിരിക്കുന്ന സംഘർഷമാണ് ലക്ഷക്കണക്കിന് ആളുകളെ അവരുടെ വീടുകളിൽ നിന്ന് പുറത്താക്കിയതെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

തെക്ക്, കിഴക്കൻ ഏഷ്യ, പസഫിക് എന്നിവിടങ്ങളിൽ ഉഷ്ണമേഖലാ കൊടുങ്കാറ്റും മൺസൂൺ മഴയും ദശലക്ഷക്കണക്കിന് ആളുകളെ വീടുവിട്ടിറങ്ങാന്‍ നിര്‍ബന്ധിതരാക്കി. ഇന്ത്യ, ഫിലിപ്പീൻസ്, ബംഗ്ലാദേശ്, ചൈന എന്നീ രാജ്യങ്ങളിൽ കുറഞ്ഞത് 4 ദശലക്ഷം പേരെങ്കിലും ഇത്തരത്തില്‍ പലായനം ചെയ്യപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ വർഷാവസാനത്തോടെ വീശിയടിച്ച ഇഡായി, കെന്നത്ത് എന്നീ ചുഴലിക്കാറ്റുകളുടെ ഫലമായി വീടുവിട്ടിറങ്ങിയ 130,000 ത്തിലധികം ആളുകൾ ഇപ്പോഴും നാട്ടിലേക്ക് മടങ്ങിയിട്ടില്ല.


Next Story

Related Stories