TopTop
Begin typing your search above and press return to search.

പ്രസിഡന്റ് തിരഞ്ഞെടുപ്പിലെ റഷ്യന്‍ അട്ടിമറി - മുന്‍ ഉപദേഷ്ടാവ് റോജര്‍ സ്‌റ്റോണിന്റെ ജയില്‍ ശിക്ഷ ട്രംപ് ഇളവ് ചെയ്തു

പ്രസിഡന്റ് തിരഞ്ഞെടുപ്പിലെ റഷ്യന്‍ അട്ടിമറി - മുന്‍ ഉപദേഷ്ടാവ് റോജര്‍ സ്‌റ്റോണിന്റെ ജയില്‍ ശിക്ഷ ട്രംപ് ഇളവ് ചെയ്തു

2016ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ഉണ്ടായതായി ആരോപിക്കപ്പെടുന്ന റഷ്യന്‍ ഇടപെടലുമായി ബന്ധപ്പെട്ട കേസില്‍ മുന്‍ ഉപദേഷ്ടാവ് റോജര്‍ സ്‌റ്റോണിന്റെ ജയില്‍ശിക്ഷ, യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഇളവ് ചെയ്തു. 40 മാസം തടവുശിക്ഷയാണ് (മൂന്ന് വര്‍ഷവും നാല് മാസവും) 67കാരനായ റോജര്‍ സ്‌റ്റോണിന് വിധിച്ചിരിക്കുന്നത്. ജയിലിലടക്കുന്നത് നീട്ടണമെന്ന് ആവശ്യപ്പെട്ട് റോജര്‍ സ്‌റ്റോണ്‍ ആവശ്യപ്പെട്ടെങ്കിലും വാഷിംഗ്ടണ്‍ കോടതി ഇത് തള്ളുകയാണുണ്ടായത്. യുഎസ് കോണ്‍ഗ്രസിനോട് നുണ പറഞ്ഞ് തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിച്ചു, തെളിവ് നശിപ്പിച്ചു. സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ചു തുടങ്ങിയ കുറ്റങ്ങള്‍ സ്‌റ്റോണിന് മേല്‍ ആരോപിക്കപ്പെടുന്നു. പ്രസിഡന്റ് തിരഞ്ഞെടുപ്പിലെ റഷ്യന്‍ ഇടപെടലുമായി ബന്ധപ്പെട്ട് കുറ്റക്കാരനെന്ന് കണ്ടെത്തുന്ന ആറാമത്തെ ട്രംപ് അനുയായി ആണ് റോജര്‍ സ്‌റ്റോണ്‍.

അടുത്ത ചൊവ്വാഴ്ച ജോര്‍ജ്ജിയയിലെ ജീസപ്പിലുള്ള ഫെഡറല്‍ ജയിലിലേയ്ക്ക് പോകേണ്ടതായിരുന്നു റോജര്‍ സ്‌റ്റോണ്‍. റോജര്‍ സ്‌റ്റോണ്‍ രാജ്യത്തെ ഇടതുപക്ഷക്കാരും അവരുടെ മാധ്യമ കൂട്ടാളികളും ചേര്‍ന്ന് സൃഷ്ടിച്ച റഷ്യന്‍ ഇടപെടല്‍ തട്ടിപ്പുകഥയുടെ ഇരയാണ് എന്ന് വൈറ്റ് ഹൗസ് പ്രസ്താവനയില്‍ അഭിപ്രായപ്പെട്ടു. ട്രംപിനെ പ്രസിഡന്റ് സ്ഥാനത്ത് നിന്ന് പുറത്താക്കാനാണ് ഇത് പടച്ചുവിട്ടത്. ട്രംപിനെതിരെ തെളിവൊന്നുമില്ലാത്തതിന്റെ മോഹഭംഗം തീര്‍ക്കാന്‍ സ്‌പെഷല്‍ കോണ്‍സല്‍ റോബര്‍ട്ട് മുള്ളറിന് കീഴിലുള്ള സംഘം സ്‌റ്റോണിനെതിരെ കുറ്റം ചുമത്തുകയായിരുന്നുവെന്ന് വൈറ്റ് ഹൗസ് ആരോപിച്ചു. പരാജയപ്പെട്ട അന്വേഷണത്തിന്റെ നിരാശ തീര്‍ക്കാനും വാര്‍ത്തയുണ്ടാക്കാനും വേണ്ടി റോജര്‍ സ്‌റ്റോണിന് മേല്‍ കുറ്റം ചാര്‍ത്തുകയാണ് - പ്രസ്താവനയില്‍ വൈറ്റ് ഹൗസ് കുറ്റപ്പെടുത്തി.

റോജര്‍ സ്‌റ്റോണിന്റെ വീട്ടില്‍ പുലര്‍ച്ചെ നടത്തിയ റെയ്ഡ് സംബന്ധിച്ച് എഫ്ബിഐ സിഎന്‍എന്നിന് വിവരം നല്‍കിയിരുന്നതായി വൈറ്റ് ഹൗസ് ആരോപിച്ചു. അറസ്റ്റ് ഷൂട്ട് ചെയ്യാന്‍ സിഎന്‍എന്‍ സംഘം അതിരാവിലെ സ്റ്റോണിന്റെ വീടിന് മുന്നിലെത്തിയിരുന്നു. ഈ കേസില്‍ മറ്റ് പലരോടുമെന്നപോലെ വളരെ മോശമായാണ് സ്‌റ്റോണിനോട് പെരുമാറിയത്. എന്നാല്‍ ഇപ്പോള്‍ റോജര്‍ സ്‌റ്റോണ്‍ സ്വതന്ത്രനായിരിക്കുന്നു - വൈറ്റ് ഹൗസ് പറയുന്നു. റോജര്‍ സ്‌റ്റോണിന് ശിക്ഷാ ഇളവ് നല്‍കുന്ന സൂചന ട്രംപ് മാസങ്ങളായി നല്‍കുന്നുണ്ട്. വ്യാഴാഴ്ച രാത്രി ഫോക്‌സ് ന്യൂസ് ഇന്റര്‍വ്യൂവിലും ട്രംപ് ഇക്കാര്യം സൂചിപ്പിച്ചിരുന്നു.


Next Story

Related Stories