TopTop
Begin typing your search above and press return to search.

പുടിന് 2036 വരെ പ്രസിഡന്റായി തുടരാം - നിയമ ഭേദഗതിക്ക് 77 ശതമാനം റഷ്യക്കാരുടെ പിന്തുണ

പുടിന് 2036 വരെ പ്രസിഡന്റായി തുടരാം - നിയമ ഭേദഗതിക്ക് 77 ശതമാനം റഷ്യക്കാരുടെ പിന്തുണ

വ്‌ളാദിമിര്‍ പുടിന് 2036 വരെ പ്രസിഡന്റായി തുടരാന്‍ അനുമതി നല്‍കുന്ന നിയമഭേദഗതിക്ക് അനുകൂലമായി 76.9 ശതമാനം റഷ്യക്കാര്‍ വോട്ട് ചെയ്തു. ഭരണഘടനാഭേദഗതിക്ക് പിന്തുണ തേടിയുള്ള വോട്ടെടുപ്പ് ഏഴ് ദിവസം നീണ്ടു. 65 ശതമാനം പേരാണ് വോട്ട് ചെയ്തത് എന്ന് റഷ്യന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. ഈ വോട്ടെടുപ്പ് വെറും തട്ടിപ്പാണെന്നും പൊതുജനാഭിപ്രായം പ്രതിഫലിപ്പിക്കുന്നില്ലെന്നും പുടിന്റെ കടുത്ത വിമര്‍ശകനായ അലക്‌സി നവാലി അഭിപ്രായപ്പെട്ടു. ഭരണഘടനാ ഭേദഗതി റഷ്യന്‍ പാര്‍ലമെന്റ് നേരത്തെ പാസാക്കിയിരുന്നു. ഭേദഗതി ചെയ്ത ഭരണഘടനയുടെ പുസ്തകങ്ങള്‍ ബുക്ക് ഷോപ്പുകളിലെത്തിയിരുന്നു. അതേസമയം ജനപിന്തുണ ഇതിനാവശ്യമാണെന്ന് പുടിന്‍ പറഞ്ഞിരുന്നു. ഇതിനാലാണ് ഹിതപരിശോധന നടത്തിയത്.

മിനിമം പെന്‍ഷന്‍ ഉറപ്പുവരുത്തല്‍, സ്വവര്‍ഗ വിവാഹം നിരോധിക്കല്‍ തുടങ്ങിയവയെല്ലാം പുതിയ നിയമ ഭേദഗതികളുടെ ഭാഗമായി വന്നിട്ടുണ്ട്. പുടിന്റെ നിലവിലെ കാലാവധി അവസാനിക്കുന്നത് 2024ലാണ്. പുതിയ നിയമ ഭേദഗതിയോടെ 2030ലും 2036ലും പുടിന് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ മത്സരിക്കാം. വോട്ടെടുപ്പിന്റെ അവസാനദിവസം ദേശീയ അവധിയായി പ്രഖ്യാപിക്കുകയും വോട്ടര്‍മാര്‍ക്ക് പാരിതോഷികങ്ങള്‍ നല്‍കുകയും ചെയ്തിരുന്നു. അപ്പാര്‍ട്ട്‌മെന്റുകളും കാറുകളും പണവും വാഗ്ദാനം ചെയ്തു. നേരത്തെ ഹിതപരിശോധന ഏപ്രില്‍ 22ന് നടത്താനാണ് തീരുമാനിച്ചിരുന്നത്. കൊറോണ വൈറസ് വ്യാപനം മൂലം ഇത് മാറ്റിവയ്ക്കുകയായിരുന്നു. നിലവില്‍ കേസുകളുടെ എണ്ണം നിയന്ത്രിക്കാന്‍ സാധിച്ചതായി അധികൃതര്‍ അവകാശപ്പെടുന്നു. റഷ്യയ്ക്ക് സ്ഥിരതയും സുരക്ഷയും സമൃദ്ധിയും ഉറപ്പുവരുത്താന്‍ ഭേദഗതികള്‍ അനിവാര്യമായിരുന്നു എന്ന് പുടിന്‍ അഭിപ്രായപ്പെട്ടു.

2000 മുതല്‍ റഷ്യയില്‍ അധികാര നേതൃത്വത്തിലുണ്ട് വ്‌ളാദിമിര്‍ പുടിന്‍. പ്രസിഡന്റായും ആറ് വര്‍ഷം പ്രധാനമന്ത്രിയായും. 2000 മുതല്‍ 2006 വരെ പ്രസിഡന്റായിരുന്ന പുടിന്‍ 2006ല്‍ ദിമിത്രി മെദ്‌മെദേവിനെ പ്രസിഡന്റാക്കി പ്രധാനമന്ത്രിയായി മാറി. 2012ല്‍ വീണ്ടും പ്രസിഡന്റായി. 2018ലും പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. പുടിന് 2024 വരെ കാലാവധിയുണ്ടായിരുന്നു. മരിക്കുന്നത് വരെ രാജ്യത്തിന്റെ പ്രസിഡന്റായി തുടരാനുള്ള ശ്രമങ്ങളാണ് പുടിൻ നടത്തുന്നത് എന്ന ആരോപണമുയർന്നിട്ടുണ്ട്. പലരും വോട്ടെടുപ്പ് ബഹിഷ്കരിക്കാൻ ആഹ്വാനം നൽകിയിരുന്നു. പ്രതിപക്ഷം പ്രതിഷേധവുമായി രംഗത്തുണ്ടെങ്കിലും അവര്‍ക്കിടയില്‍ തന്നെ ഭിന്നതയുണ്ട്. മോസ്‌കോയിലും സെന്റ് പീറ്റേഴ്‌സ്ബര്‍ഗിലുമൊന്നും ചെറിയ പ്രതിഷേധങ്ങളല്ലാതെ, കാര്യമായി എതിര്‍പ്പൊന്നും ഉയര്‍ന്നില്ലെന്ന് വാര്‍ത്താ ഏജന്‍സിയായ എ എഫ് പി റിപ്പോര്‍ട്ട് ചെയ്യുന്നു.

ആളുകള്‍ ഒന്നിലധികം വോട്ട് ചെയ്യുന്നു, തൊഴിലുടമകള്‍ വോട്ട് ചെയ്യാന്‍ ജീവനക്കാര്‍ക്ക് മേല്‍ സമ്മര്‍ദ്ദം ചെലുത്തുന്നു തുടങ്ങി നിരവധി പരാതികളും ആരോപണങ്ങളും ഉയര്‍ന്നിരുന്നു. അതേസമയം ഇത്തരത്തില്‍ യാതൊരു പ്രശ്‌നവുമില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മീഷണര്‍ എല്ല പാംഫിലോവ പറഞ്ഞു. ഈയടുത്ത മാസങ്ങളില്‍ നടന്ന അഭിപ്രായ വോട്ടെടുപ്പുകള്‍ വ്യക്തമാക്കിയത് പുടിന്റെ ജനപിന്തുണ കുറഞ്ഞിട്ടുണ്ടെന്നാണ്. 60 ശതമാനം പിന്തുണയാണ് ജൂണിലെ കണക്കനുസരിച്ച് പുടിനുള്ളത്. 20 ശതമാനം പിന്തുണ ഇടിഞ്ഞു.


Next Story

Related Stories