TopTop
Begin typing your search above and press return to search.

സ്വവർഗ്ഗ ലൈംഗികത കുറ്റകരം തന്നെ, നിയമം അസാധുവാക്കാനുള്ള ശ്രമം തള്ളി സിംഗപ്പൂർ ഹൈക്കോടതി

സ്വവർഗ്ഗ ലൈംഗികത കുറ്റകരം തന്നെ, നിയമം അസാധുവാക്കാനുള്ള ശ്രമം തള്ളി സിംഗപ്പൂർ ഹൈക്കോടതി

സിംഗപ്പൂരില്‍ സ്വവർഗ്ഗ ലൈംഗികതയെ കുറ്റമായി കാണുന്ന നിയമം അസാധുവാക്കാനുള്ള ശ്രമം കോടതി തള്ളി. കൊളോണിയൽ കാലഘട്ടത്തിലെ നിയമം ഭരണഘടനാ വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി മൂന്ന് സ്വവർഗ്ഗാനുരാഗികള്‍ നല്‍കിയ അപ്പീലാണ് ഹൈക്കോടതി നിരസിച്ചത്. കോടതി വിധി എൽജിബിടി കമ്യൂണിറ്റിയുടെ അവകാശങ്ങള്‍ക്കായി പോരാടുന്ന സംഘടനകള്‍ക്ക് കനത്ത തിരിച്ചടിയായി.

സിംഗപ്പൂരിലെ പൊതു വികാരവും വിശ്വാസവും കാത്തു സൂക്ഷിക്കേണ്ടത് പ്രധാനമാണെന്നായിരുന്നു ജഡ്ജിയുടെ പ്രതികരണം. സെക്ഷൻ 377 എ പ്രകാരം പൊതുസ്ഥലത്ത് വെച്ചോ സ്വകാര്യ സ്ഥലത്തുവെച്ചോ സ്വവർഗരതിയിൽ ഏര്‍പ്പെടുന്നത് സിംഗപ്പൂരില്‍ രണ്ട് വർഷം വരെ തടവ് ശിക്ഷ ലഭിച്ചേക്കാവുന്ന ക്രിമിനല്‍ കുറ്റമാണ്.

കോടതിവിധിയില്‍ താൻ വളരെ നിരാശനാണെന്ന് കോടതിക്ക് പുറത്ത് സംസാരിച്ച പരാതിക്കാരിലൊരാളുടെ അഭിഭാഷകൻ എം. രവി പറഞ്ഞു. 'മന: സാക്ഷിയെ ഞെട്ടിക്കുന്ന ഏകപക്ഷീയമായ വിധിയാണ്' കോടതിയുടെ ഭാഗത്തുനിന്നും ഉണ്ടായിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. 2014-ലും സ്വവർഗ്ഗാനുരാഗ ദമ്പതികളുടെ ശ്രമം അപ്പീൽ കോടതി നിരസിച്ചിരുന്നു.

2018 ൽ സമാനമായ നിയമം റദ്ദ് ചെയ്യാന്‍ ഇന്ത്യന്‍ സുപ്രീം കോടതിയുടെ തീരുമാനം വന്നതോടെയാണ് സിംഗപ്പൂരിലെ എൽജിബിടി അവകാശ പ്രസ്ഥാനങ്ങള്‍ വീണ്ടും ശക്തി പ്രാപിക്കുന്നത്. 1938 ൽ ബ്രിട്ടീഷ് കൊളോണിയൽ ഭരണാധികാരികൾ ആദ്യമായി അവതരിപ്പിച്ച സെക്ഷൻ 377 എ പ്രകാരം അപൂര്‍വ്വം കേസുകളെ രെജിസ്റ്റര്‍ ചെയ്യപ്പെടാറൊള്ളൂ. എന്നാൽ നിലവിലെ പ്രധാനമന്ത്രി ഉൾപ്പെടെയുള്ള സിംഗപ്പൂരിലെ പ്രമുഖ രാഷ്ട്രീയ നേതാക്കൾ അത് നീക്കം ചെയ്യുന്നതിന് എതിരാണ്. നിലവിൽ 70 രാജ്യങ്ങൾ സ്വവർഗ്ഗ ലൈംഗികതയെ കുറ്റമായി കണക്കാക്കുന്നുണ്ട്.


Next Story

Related Stories