TopTop
Begin typing your search above and press return to search.

ഇറാനിലെ കൊലപാതകം, അമേരിക്കയ്ക്ക് തിരിച്ചടി, സുലൈമാനിയെ വധിച്ചതില്‍ പങ്കില്ലെന്ന ഇസ്രായേല്‍, സാംസ്‌ക്കാരിക കേന്ദ്രങ്ങള്‍ ആക്രമിച്ചാല്‍ പിന്തുണയ്ക്കില്ലെന്ന് ബ്രിട്ടന്‍

ഇറാനിലെ കൊലപാതകം, അമേരിക്കയ്ക്ക് തിരിച്ചടി, സുലൈമാനിയെ വധിച്ചതില്‍ പങ്കില്ലെന്ന ഇസ്രായേല്‍, സാംസ്‌ക്കാരിക കേന്ദ്രങ്ങള്‍ ആക്രമിച്ചാല്‍ പിന്തുണയ്ക്കില്ലെന്ന് ബ്രിട്ടന്‍

ഇറാനില്‍ ജനറല്‍ കാസ്സെം സുലൈമാനിയുടെ കൊലപാതകത്തെ തുടര്‍ന്നുള്ള സംഭവത്തില്‍ ഏറ്റവും അടുത്ത സഖ്യകക്ഷികളുടെ പോലും പിന്തുണ തേടുന്നതില്‍ അമേരിക്ക പരാജയപ്പെടുന്നു. സുലൈമാനിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് ഇസ്രായേലിനെ വലിച്ചിഴക്കേണ്ടെന്ന് അമേരിക്കയുടെ ഏറ്റവും അടുത്ത വിശ്വസ്തരില്‍ ഒരാളായി കരുതുന്ന പ്രധാനമന്ത്രി ബഞ്ചമീന്‍ നെതന്യാഹു പറഞ്ഞു. സംയമനം പാലിക്കണമെന്ന് ആവശ്യപ്പെട്ട് സൗദി പ്രതിരോധ മന്ത്രി ഖാലിദ് ബിന്‍ സുല്‍മാന്‍ വാഷിംങ്ടണിലെത്തി. സുലൈമാനിയുടെ കൊലപാതകം സംബന്ധിച്ച തീരുമാനം അമേരിക്കയുടെ മാത്രമാണെന്നും നാറ്റോയുടെതല്ലെന്ന് സംഘടനയുടെ സെക്രട്ടറി ജനറല്‍ ജെന്‍സ് സ്‌റ്റോള്‍റ്റെന്‍ ബര്‍ഗ് പറഞ്ഞു. അതിനിടെ ഇറാഖില്‍നിന്ന് പിന്‍വാങ്ങുന്നത് സംബന്ധിച്ച് അമേരിക്കന്‍ ഭരണകൂടത്തില്‍ ആശയക്കുഴപ്പമെന്ന് സൂചന. പിന്‍മാറാനുള്ള നടപടികള്‍ തുടങ്ങിയെന്ന് ഇറാഖിലെ സൈന്യം അറിയിച്ചതിന് തൊട്ടുപിന്നാലെ നിലപാടിനെ തള്ളിപ്പറഞ്ഞ് പ്രതിരോധ വകുപ്പ് രംഗത്തെത്തി.

ഇസ്രായേല്‍ പ്രധാനമന്ത്രി ബഞ്ചമീന്‍ നെതന്യാഹുവിന്റെ പ്രസ്താവന അമേരിക്കയ്ക്ക് വലിയ തിരിച്ചടിയാണ്. ഇറാന്റെ കടുത്ത ശത്രുവായിട്ടുപോലും , സുലൈമാനിയുടെ കൊലപാതകത്തെ പിന്തുണയ്ക്കാന്‍ ഇസ്രായേല്‍ തയ്യാറായില്ലെന്നതാണ് ശ്രദ്ധേയം. മന്ത്രിസഭയുടെ സുരക്ഷ സമിതിയുടെ യോഗത്തിന് ശേഷമാണ് നെതന്യാഹു കൊലപാതകത്തില്‍ ഇസ്രയേലിനെ വലിച്ചിഴക്കേണ്ടെന്ന് വ്യക്തമാക്കിയത്. അത് അമേരിക്ക ആസൂത്രണം ചെയ്ത സംഭവമാണ്. ഇസ്രായേലിന്റതല്ലെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. പൊതുവില്‍ പശ്ചിമേഷ്യയിലെ നീക്കങ്ങള്‍ ഇസ്രായേലും അമേരിക്കയും സംയുക്തമായാണ് കൈകൊള്ളാറുള്ളത്. ഇറാന്റെ മറ്റൊരു എതിരാളി സൗദി അറേബ്യയും സ്ഥിതിഗതികള്‍ ശാന്തമാക്കണന്നെ നിലപാടാണ് സ്വീകരിച്ചിട്ടുള്ളത്. ഇക്കാര്യം ആവശ്യപ്പെടാന്‍ പ്രതിരോധ മന്ത്രി ഖാലിദ് ബിന്‍ സല്‍മാന്‍ അമേരിക്കയിലെത്തി. അമേരിക്കയ്ക്ക് മറ്റൊരു വലിയ തിരിച്ചടിയായത് നാറ്റോ രാജ്യങ്ങളുടെ നിലപാടാണ്. നാറ്റോയോ ഐഎസ്‌ഐഎസിനെതിരായ കൂട്ടായ്മയോ അല്ല സുലൈമാനിയെ കൊലപെടുത്താന്‍ തീരുമാനിച്ചതെന്ന് സംഘടനയുടെ സെക്രട്ടറി ജനറല്‍ ജെന്‍സ് സ്റ്റോള്‍ട്ടന്‍ബര്‍ഗ് പറഞ്ഞു. എന്നാല്‍ ഇറാന്‍ ഭീകര പ്രവര്‍ത്തനങ്ങള്‍ക്ക് കൂട്ടുനില്‍ക്കുകയാണെന്നും നാറ്റോ ചൂണ്ടിക്കാട്ടി. സ്ഥിതിഗതികള്‍ വഷളാവാതിരിക്കാനുള്ള നടപടികള്‍ സ്വീകരിക്കണമെന്നും നാറ്റോ ആവശ്യപ്പെട്ടു. അതിനിടെ യുഎന്‍ ജനറല്‍ അസംബ്ലിയില്‍ പങ്കെടുക്കാന്‍ ഇറാന്‍ വിദേശകാര്യമന്ത്രിക്ക് അമേരിക്ക വിസ നിഷേധിച്ചു. ഫോറിന്‍ പൊളിസി മാഗസിനാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. യുഎന്‍ കീഴ് വഴക്കങ്ങള്‍ക്ക് എതിരാണിതെന്നാണ് കണക്കാക്കുന്നത്. എന്നാല്‍ ഇതേക്കുറിച്ച് അമേരിക്ക ഇതുവരെ പ്രതികരിച്ചിട്ടില്ല. കഴിഞ്ഞ ദിവസം ഇറാഖില്‍നിന്ന് പിന്‍വാങ്ങണമെന്ന് യുഎസ് സേനയോടുള്ള പാര്‍ലമെന്റിന്റെ നിര്‍ദ്ദേശവും അമേരിക്കയില്‍ ആശയക്കുഴപ്പമുണ്ടാക്കുന്നതായി സൂചന. ഇറാഖില്‍നിന്ന പിന്‍വാങ്ങാനുള്ള നടപടികള്‍ ആരംഭിച്ചതായി സൈന്യം പ്രതിരോധവകുപ്പിന് കത്തു നല്‍കി. എന്നാല്‍ തൊട്ടുപിന്നാലെ അമേരിക്കയുടെ പ്രതിരോധ വകുപ്പ് ഇതിനെ തള്ളി പറഞ്ഞ് രംഗത്തെത്തുകയും ചെയ്തു. അമേരിക്കയുടെ നിലപാടുമായി ചേര്‍ന്ന് പോകുന്നതല്ല, സൈന്യം നല്‍കിയ കത്തെന്ന് പ്രതിരോധ വകുപ്പ് പറഞ്ഞു. ഇറാഖില്‍നിന്ന് പിന്‍വാങ്ങുന്നത് സംബന്ധിച്ച് ഒരു തീരുമാനവും എടുത്തിട്ടില്ലെന്നും പ്രതിരോധ വകുപ്പ് അറിയിച്ചു. അബദ്ധത്തിലാണ് കത്ത് പുറത്തുവിട്ടതെന്ന് ജോയിന്റ് ചീഫ് ഓഫ് സ്റ്റാഫ് ജനറല്‍ മാര്‍ക്ക് മില്ലെ പറഞ്ഞു. ഇറാഖില്‍നിന്ന് അമേരിക്കന്‍ സൈന്യം പിന്‍വാങ്ങാന്‍ തീരുമാനിച്ചാല്‍ അത് ഇറാന്റെ വലിയ രാഷ്ട്രീയ വിജയമായാണ് വ്യാഖ്യാനിക്കപ്പെടുക ഇറാന്‍ പ്രതികരിച്ചാല്‍ അവിടുത്തെ സാസ്‌ക്കാരിക കേന്ദ്രങ്ങള്‍ തകര്‍ക്കുമെന്ന ട്രംപിന്റെ പ്രസ്താവനയും അമേരിക്കയ്ക്ക് തിരിച്ചടിയായി. വിശ്വസ്ത അനുയായി ആയിരുന്ന ബ്രിട്ടന്‍ ഇതിനെതിരെ രംഗത്തുവന്നു. സാംസ്‌ക്കാരിക കേന്ദ്രങ്ങള്‍ ആക്രമിക്കപ്പെട്ടാല്‍ അത് അന്താരാഷ്ട്ര കരാറുകളുടെ ലംഘനമായിരിക്കുമെന്നും അത്തരമൊരു നീക്കത്തെ പിന്തുണയ്ക്കില്ലെന്നും ബ്രീട്ടീഷ് വിദേശകാര്യ സെക്രട്ടറി ഡൊമനിക്ക് റാബ് പറഞ്ഞു. സുലൈമാനിയെ കൊലപ്പെടുത്തിയ അമേരിക്കയ്ക്ക് മരണം വിധിക്കണമെന്ന് ആവശ്യപ്പെട്ട് ഇറാനില്‍ വന്‍ പ്രകടനങ്ങള്‍ തുടരുകയാണ്. പതിനായിരങ്ങളാണ് അമേരിക്കന്‍ വിരുദ്ധ പ്രകടനത്തില്‍ പങ്കെടുക്കുന്നത്.


Next Story

Related Stories