TopTop
Begin typing your search above and press return to search.

അന്ത്യവിധി നാളിൽ സ്വർഗം വാഗ്ദാനം ചെയ്ത പുരോഹിതൻ കൊറോണ രോഗിയെ പങ്കെടുപ്പിച്ച് ശുശ്രൂഷ നടത്തി; കൊറിയയിൽ 4,335 കൊറോണ കേസുകൾ

അന്ത്യവിധി നാളിൽ സ്വർഗം വാഗ്ദാനം ചെയ്ത പുരോഹിതൻ കൊറോണ രോഗിയെ പങ്കെടുപ്പിച്ച് ശുശ്രൂഷ നടത്തി; കൊറിയയിൽ 4,335 കൊറോണ കേസുകൾ

ചൈന കഴിഞ്ഞാൽ ഏറ്റവും കൂടുതൽ കൊറോണ ബാധ റിപ്പോർട്ട് ചെയ്യപ്പെട്ട രാജ്യം ദക്ഷിണ കൊറിയയാണ്. ഇന്നുമാത്രം (02-03-2020) 599 കൊറോണ കേസുകളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. ഇതോടെ രാജ്യത്ത് ആകെ കൊറോണ കേസുകളുടെ എണ്ണം 4,335 ആയി ഉയർന്നു. രാജ്യത്താകെ 26 മരണങ്ങൾ സംഭവിച്ചതായാണ് വിവരം. വൈറസ് പകർച്ച ഇത്രയും കൂടാൻ കാരണമായത് ഷിനാചിയോഞ്ചി ചർച്ച് ഓഫ് ജീസസ് എന്ന സഭയുടെ ഉത്തരവാദിത്വമില്ലാത്ത നീക്കങ്ങളാണെന്ന് സർക്കാരിന് വെളിപ്പെട്ടിട്ടുണ്ട്. ഇവർ സർക്കാർ നൽകിയ നിർ‌ദ്ദേശങ്ങൾ പാലിക്കാതെ വലിയ പ്രാർത്ഥനായോഗങ്ങൾ വിളിച്ചു ചേർക്കുകയായിരുന്നു. സഭയുടെ ഈ നടപടി രാജ്യത്ത് വലിയ പ്രതിഷേധമുണ്ടാക്കിയിട്ടുണ്ട്. ഇന്ന് ഈ സഭയുടെ അധ്യക്ഷനായ വീ മാൻ ഹീ ഒരു വാർത്താ സമ്മേളനം വിളിച്ചു ചേർക്കുകയുണ്ടായി. വാർത്താ സമ്മേളനത്തിനിടയിൽ അദ്ദേഹം താണുകുമ്പിട്ട് മാപ്പ് ചോദിക്കുകയുമുണ്ടായി. താൻ ദിവ്യശക്തിയുള്ളയാളാണെങ്കിലും ചിലപ്പോഴെല്ലാം കൈവിട്ടു പോകുന്നുവെന്ന് അദ്ദേഹം അവകാശപ്പെട്ടു. സ്വയംപ്രഖ്യാപിത മിശിഹായായാണ് ലീ മാൻ ഹീ അറിയപ്പെടുന്നത്.

വൈറസ്സിനെ ഓടിക്കാൻ താൻ ആവുംവിധം ശ്രമിച്ചെന്നാണ് ലീ മാൻ ഹീ പറയുന്നത്. "ഇത് സംഭവിക്കുമെന്ന് ഞാൻ പ്രതീക്ഷിച്ചിരുന്നില്ല. എന്റെ സ്വപ്നത്തിൽപ്പോലും ഞാൻ കരുതിയിരുന്നില്ല," അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. ലീ വാർത്താസമ്മേളനം നടത്തുമ്പോൾ പുറത്ത് ജനങ്ങൾ പ്രതിഷേധ മുദ്രാവാക്യങ്ങൾ വിളിക്കുന്നുണ്ടായിരുന്നു. ലീ മാൻ ഹീ ഇടക്കിടെ തേങ്ങിക്കൊണ്ടാണ് കാര്യങ്ങൾ വിശദീകരിച്ചത്. സർക്കാരും ജനങ്ങളും തങ്ങളോട് ക്ഷമിക്കണമെന്നും എല്ലാത്തരത്തിലും തങ്ങൾ സർക്കാരിനോട് സഹകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

അതെസമയം സ്വയംപ്രഖ്യാപിത മിശിഹായ്ക്കെതിരെ സർക്കാർ കൊലക്കേസ് ചുമത്തി അന്വേഷണം ആരംഭിക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. സഭയുടെ എല്ലാ നേതാക്കൾക്കെതിരെയും അന്വേഷണം വരും. സിയോൾ സെൻട്രൽ ഡിസ്ട്രിക്ട് പ്രൊസിക്യൂട്ടേഴ്സ് ഓഫീസിൽ നഗരത്തിന്റെ അധികൃതർ പരാതി നൽകിക്കഴിഞ്ഞതായി അറിയുന്നു.

സ്ഥിതിഗതികൾ ഏറെ വഷളായിട്ടുണ്ടെന്ന് സിയോൾ നഗരത്തിന്റെ മേയർ പാർക്ക് വോൻ സൂൺ പറയുന്നു. ഇപ്പോൾ ലീ മാൻ ഹീ എവിടെപ്പോയെന്നും അദ്ദേഹം കഴിഞ്ഞദിവസം ഫേസ്ബുക്കിൽ ചോദ്യമുന്നയിക്കുകയുണ്ടായി.

ഈ സഭയ്ക്ക് ബ്രാഞ്ചുള്ള കൊറിയൻ നഗരം ദേയ്ഗുവിൽ മാത്രം 3000 കൊറോണ കേസുകളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. ഇവിടെ നടന്ന ശുശ്രൂഷാ ചടങ്ങിൽ രണ്ടുതവണ കൊറോണവൈറസ് പൊസിറ്റീവ് ടെസ്റ്റ് ചെയ്ത ഒരു വ്യക്തി പങ്കെടുക്കുകയുണ്ടായി. 61 വയസ്സുള്ള ഒരു സ്ത്രീയാണ് ചടങ്ങിൽ പങ്കെടുത്തത്. ഇതാണ് ഇത്രയധികം കൊറോണ കേസുകളുണ്ടാകാൻ കാരണമായത്.

വളരെ ഗൂഢമായി പ്രവർത്തിക്കുന്ന സഭയാണ് ഷിനാചിയോഞ്ചി ചർച്ച് ഓഫ് ജീസസ്. ഇക്കാരണത്താൽ തന്നെ ഇവരുടെ നീക്കങ്ങൾ അത്രപെട്ടെന്ന് പൊതുജനങ്ങളുടെ കണ്ണിൽപ്പെടില്ല. അധികാരികളും വിവരങ്ങളറിയാൻ താരതമ്യേന വൈകും. ഇവരുടെ ആരാധനകൾ നടക്കുക അടച്ചിട്ട മുറികളിൽ രഹസ്യമായാണ്. 88 വയസ്സുള്ളയാളാണ് ഇവരുടെ നേതാവായ ലീ മാൻ ഹീ. 'വാഗ്ദത്ത പുരോഹിതൻ' എന്നാണ് ഇയാളെ ആരാധകർ വിളിക്കുന്നത്. അന്ത്യവിധിനാളിൽ ഇദ്ദേഹം ഒറ്റയ്ക്ക് 144,000 ആളുകളെ സ്വർഗത്തിലേക്ക് കൊണ്ടുപോകുമെന്ന് വാഗ്ദാനം ചെയ്തിട്ടുണ്ട്.

25 ലക്ഷം ജനങ്ങളാണ് ദെയ്ഗു നഗരത്തിലുള്ളത്. 260,000 ആളുകളിൽ പരിശോധന നടത്താനുള്ള പ്രയത്നത്തിലേക്ക് സർക്കാർ നീങ്ങിക്കഴിഞ്ഞിട്ടുണ്ട്.


Next Story

Related Stories