TopTop
Begin typing your search above and press return to search.

സ്പെയിൻ പൊതുതിരഞ്ഞെടുപ്പ്: നാലാം തവണയും സോഷ്യലിസ്റ്റുകൾക്ക് മുന്നേറ്റം

സ്പെയിൻ പൊതുതിരഞ്ഞെടുപ്പ്: നാലാം തവണയും സോഷ്യലിസ്റ്റുകൾക്ക് മുന്നേറ്റം

സ്പെയിനില്‍ നാലുവർഷത്തിനിടെ നടക്കുന്ന നാലാമത്തെ പൊതുതിരഞ്ഞെടുപ്പിലും കൂടുതല്‍ സീറ്റുകള്‍ നേടി ഭരണ കക്ഷിയായ സ്പാനിഷ് സോഷ്യലിസ്റ്റ് വർക്കേഴ്സ് പാർട്ടിക്ക് (പി.എസ്.ഒ.ഇ.) ഒന്നാമതെത്തി. പക്ഷെ, ഇത്തവണയും അവര്‍ക്ക് ഭൂരിപക്ഷം നേടാന്‍ കഴിഞ്ഞിട്ടില്ല. കഴിഞ്ഞ ഏപ്രിലിൽ നടന്ന തിരഞ്ഞെടുപ്പിലും ഏറ്റവും വലിയ ഒറ്റക്കക്ഷിയായെങ്കിലും ഭൂരിപക്ഷം തെളിയിക്കാനാകാതെ വന്നതോടെയാണ് വീണ്ടും പൊതുതിരഞ്ഞെടുപ്പ് നടത്തേണ്ടിവന്നത്.

കേവലഭൂരിപക്ഷത്തിന് 176 സീറ്റുകള്‍ വേണം. 120 സീറ്റുകൾ നേടിയാണ് പി.എസ്.ഒ.ഇ. ഒന്നാമതെത്തിയത്. എന്നാല്‍, ഏപ്രിലില്‍ 123 സീറ്റുകള്‍ അവര്‍ക്ക് ലഭിച്ചിരുന്നു. യാഥാസ്ഥിതിക പീപ്പിൾസ് പാർട്ടി (പിപി) കഴിഞ്ഞ തവണത്തെ അപേക്ഷിച്ച് മെച്ചപ്പെട്ട പ്രകടനം കാഴ്ചവെച്ചു. 87 സീറ്റുകളാണ് അവര്‍ നേടിയത്. 52 ​​സീറ്റുകള്‍ നേടിയ വോക്സ് പാര്‍ട്ടിയാണ് മൂന്നാം സ്ഥാനത്ത്. കാറ്റലോണിയയിൽ സ്വാതന്ത്ര്യപ്രക്ഷോഭം നടക്കുന്നതാണ് തീവ്രവലതുപക്ഷ കക്ഷിയായ വോക്സ് പാർട്ടിക്ക് നേട്ടമായത്. ഏപ്രിലില്‍ 57 സീറ്റുകൾ നേടി മികച്ച പ്രകടനം കാഴ്ചവെച്ച സിറ്റിസണ്‍സ് പാര്‍ട്ടി ഇത്തവണ വെറും 10 സീറ്റാണ് നേടിയത്.

ജനങ്ങളുടെ നിരാശയും നിസ്സംഗതയുമാണ് പോളിംഗില്‍ പ്രതിഫലിച്ചതെന്ന് വിലയിരുത്തുന്നു. കഴിഞ്ഞ തവണത്തെ പോളിംഗ് ശതമാനം 75.5 ആയിരുന്നു. ഇത്തവണ 69.9 ശതമാനമായി കുറഞ്ഞു. സ്പെയിനിലെ രാഷ്ട്രീയ പ്രതിസന്ധിക്ക് അടുത്തകാലത്തൊന്നും ഒരു പരിഹാരം കാണാന്‍ കഴിഞ്ഞേക്കില്ലെന്നാണ് ഈ ഫലം സൂചിപ്പിക്കുന്നത്. രാഷ്ട്രീയ കുതിരക്കച്ചവടത്തിന് വീണ്ടും സാധ്യതയേറി.

സോഷ്യലിസ്റ്റ് നേതാവ് പെഡ്രോ സാഞ്ചെസ് ആക്ടിങ് പ്രധാനമന്ത്രിയായി തുടരുകയാണ്. ഒരു പുരോഗമന ഗവൺമെന്റ് രൂപീകരിക്കാനാണ് താൻ ഉദ്ദേശിക്കുന്നതെന്നും, ദയവുചെയ്ത് അതിനു തടസ്സം നില്‍ക്കരുതെന്നും അദ്ദേഹം പ്രതിപക്ഷത്തോട് ആവശ്യപ്പെട്ടു. 'സ്പെയിനിലെ രാഷ്ട്രീയ പ്രതിസന്ധിക്ക് അറുതിവരുത്താന്‍ ബാക്കിയുള്ള രാഷ്ട്രീയ പാർട്ടികൾക്കും ഉത്തരവാദിത്തം ഉണ്ടെന്നും അതു ചെയ്യാനുള്ള മാന്യത കാണിക്കണമെന്നും' അദ്ദേഹം പറഞ്ഞു. എന്നാല്‍ പന്ത് ഇപ്പോഴും സാഞ്ചസിന്റെ കോർട്ടില്‍ തന്നെയാണെന്ന് പി‌പി നേതാവ് പാബ്ലോ കാസഡോ പറയുന്നു. 'അദ്ദേഹത്തിന്‍റെ നിര്‍ദ്ദേശങ്ങള്‍ എന്താണെന്ന് അറിയാന്‍ കാത്തിരിക്കുകയാണ് ഞങ്ങള്‍. അതിനുശേഷം ഞങ്ങളുടെ ഉത്തരവാദിത്തം ഞങ്ങൾ നിറവേറ്റും. സ്പെയിനിന് എക്കാലവും പ്രതിസന്ധിയില്‍ തന്നെ തുടരാന്‍ കഴിയില്ല' – അദ്ദേഹം വ്യക്തമാക്കി.


Next Story

Related Stories