TopTop
Begin typing your search above and press return to search.

ഏഷ്യയിലെ ലാസ് വെഗാസാക്കി മക്കാവുവിനെ മാറ്റിയ സ്റ്റാന്‍ലി ഹോ എന്ന പഴയ മണ്ണെണ്ണ വില്‍പ്പനക്കാരന്‍ അന്തരിച്ചു

ഏഷ്യയിലെ ലാസ് വെഗാസാക്കി മക്കാവുവിനെ മാറ്റിയ സ്റ്റാന്‍ലി ഹോ എന്ന പഴയ മണ്ണെണ്ണ വില്‍പ്പനക്കാരന്‍ അന്തരിച്ചു

മണ്ണെണ്ണ വ്യാപാരിയില്‍ നിന്ന് മക്കാവുവിലെ ചൂതാട്ട സാമ്രാജ്യത്തിന്റെ അധിപനായി സ്റ്റാന്‍ലി ഹോ അന്തരിച്ചു. 98 വയസ്സായിരുന്നു. യുഎസ്സിലെ ലാസ് വേഗാസ് കഴിഞ്ഞാല്‍ ലോകത്തെ ഏറ്റവും അറിയപ്പെടുന്ന ചൂതാട്ട കേന്ദ്രമായി ചൈനീസ് ദ്വീപ് ആയ മക്കാവുവിനെ വളര്‍ത്തിയത് സ്റ്റാന്‍ലി ഹോ ആണ്. ചൂതാട്ട രാജാവ് (King of Gambling) എന്നാണ് സ്റ്റാന്‍ലി ഹോ അറിയപ്പെട്ടിരുന്നത്. ഹോങ്കോങ്ങിലെ ഹോസ്പിറ്റലിലാണ് അന്ത്യം. സ്റ്റാന്‍ലിയുടെ കുടുംബമാണ് മരണവാര്‍ത്ത അറിയിച്ചത്.

1961ല്‍ മൊണോപൊളി ലൈസന്‍സ് നേടിയതിന് ശേഷം മക്കാവുവിലെ ചൂതാട്ടത്തില്‍ സ്റ്റാന്‍ലി ആധിപത്യം സ്ഥാപിച്ചു. സ്റ്റാന്‍ലിയുടെ എസ് ജെ എം ഹോള്‍ഡിംഗ്‌സ് ലിമിറ്റഡ്, 10 ചതുരശ്ര മൈല്‍ വിസ്തൃതിയുള്ള മക്കാവു ദ്വീപില്‍ 20 കാസിനോകളാണ് (ചൂതാട്ട കേന്ദ്രങ്ങള്‍) നിയന്ത്രിക്കുന്നത്. സ്റ്റാന്‍ലി ഹോയ്ക്ക് നാല് സ്ത്രീകളിലായുള്ള 17 മക്കള്‍ തമ്മിലുള്ള സംഘര്‍ഷം ഇവരുടെ വ്യവസായത്തെ ഉലച്ചിരുന്നു. നാല് ഗ്രൂപ്പുകളായാണ് സ്റ്റാന്‍ലിയുടെ കമ്പനികള്‍ പ്രവര്‍ത്തിക്കുന്നത്. നാല് ഗ്രൂപ്പുകളിലുമായുള്ളവര്‍ ചേര്‍ന്നാണ് മരണ വിവരം അറിയിച്ചത്. 2018ല്‍ 96ാം വയസ്സ് വരെ സ്റ്റാന്‍ലി ഹോ ബിസിനസ് കാര്യങ്ങള്‍ ശ്രദ്ധിച്ചിരുന്നു. 2011ല്‍ എസ് ടി ഡി എമ്മിലെ 32 ശതമാനം ഓഹരികള്‍ സംബന്ധിച്ച് തര്‍ക്കമുണ്ടായി.

ഒരു വിനോദ സഞ്ചാര ദ്വീപ് എന്ന നിലയില്‍ നിന്ന് ഏഷ്യയിലെ ലാസ് വേഗാസ് ആക്കി മക്കാവുവിനെ മാറ്റിയത് സ്റ്റാന്‍ലി ഹോ ആണ്. ചൈനീസ് മെയിന്‍ലാന്‍ഡില്‍ വിലക്കിയിരുന്ന കാസിനോകള്‍ പോര്‍ച്ചുഗീസ് കോളനി ആയിരുന്ന മക്കാവുവില്‍ അനുവദിച്ചിരുന്നു. ഇത് സ്റ്റാന്‍ലി ചൂഷണം ചെയ്തു. മക്കാവുവിനപ്പുറം വളര്‍ന്ന സ്റ്റാന്‍ലി ഹോങ്കോങ്ങില്‍ വീടും ഓഫീസ് കെട്ടിടങ്ങളുമുണ്ടാക്കി. 1984ല്‍ പോര്‍ച്ചുഗലില്‍ കാസിനോ നടത്താനുള്ള ലൈസന്‍സ് സ്റ്റാന്‍ ലി ഹോ നേടി. 2000ല്‍ ഉത്തരകൊറിയന്‍ തലസ്ഥാനമായ പ്യോങ് യാങ്ങില്‍ കാസിനോ തുറക്കാന്‍ 30 മില്യണ്‍ ഡോളര്‍ ചെലവഴിച്ചു.

2001ല്‍ സ്റ്റാന്‍ലി ഹോയുടെ മക്കാവു കുത്തക അവസാനിച്ചു. 1999ലാണ് പോര്‍ച്ചുഗലില്‍ നിന്ന് മക്കാവുവിനെ ചൈന വാങ്ങിയത്. കാസിനോ ലൈസന്‍സുകള്‍ ലഭിച്ച് മറ്റ് മത്സരാര്‍ത്ഥികളും രംഗത്തെത്തിയത് സ്റ്റാന്‍ലി ഹോയ്ക്ക് വലിയ വെല്ലുവിളിയായി. ഷെല്‍ഡന്‍ ആന്‍ഡേഴ്‌സന്‌റെ ലാസ് വേഗാസ് സാന്‍ഡ്‌സ് ആന്‍ഡ് വിന്‍ഡ് റിസോര്‍ട്‌സ് ലിമിറ്റഡ് അടക്കമുള്ളവ. ലാസ് വേഗാസിനേയും മറികടന്ന് ലോകത്തെ ഏറ്റവും വലിയ ചൂതാട്ടകേന്ദ്രമായി മക്കാവു വളര്‍ന്നു. ചൈനയുടെ സാമ്പത്തികവളര്‍ച്ചയില്‍ ഇത് നിര്‍ണായക പങ്ക് വഹിച്ചു. ലോകത്തെ ഏറ്റവും വലിയ ഗേമിംഗ് ഹബ് ആയി മക്കാവു മാറിയപ്പോള്‍, മക്കാവുവിനെ ലോകമറിയുന്ന ചൂതാട്ട കേന്ദ്രമാക്കി മാറ്റിയ സ്റ്റാന്‍ ലി പിന്നോട്ടുപോക്കും തുടങ്ങി.

1921ല്‍ ഹോങ്കോങ്ങിലെ ഒരു സമ്പന്ന കുടുംബത്തില്‍ ജനിച്ച സ്റ്റാന്‍ലി ഹോ 21ാം വയസ്സിലാണ് മക്കാവുവിലെത്തിയത്്. രണ്ടാം ലോകയുദ്ധത്തില്‍ ജപ്പാന്‍ സൈന്യം, ബ്രിട്ടീഷ് കോളനിയായിരുന്ന ഹോങ്കോങ്ങ് പിടിച്ചെടുത്തതിലൂടെ ഹോയുടെ കുടുംബം സാമ്പത്തികമായി തകര്‍ന്നിരുന്നു. മണ്ണെണ്ണ മുതല്‍ വിമാനങ്ങള്‍ വരെയുള്ളവയുടെ വില്‍പ്പനയുമായി സ്റ്റാന്‍ലി ഹോ ബന്ധപ്പെട്ടു. ആ സമയം മക്കാവു, മത്സ്യബന്ധനത്തിലും വെടികെട്ടിനുള്ള സാധനങ്ങള്‍ നിര്‍മ്മിക്കുന്നതിലുമായിരുന്നു പ്രധാനമായും ശ്രദ്ധിച്ചിരുന്നത്. ബാല്‍റൂം ഡാന്‍സറും ഹോങ്കോങ്ങ് ടെന്നീസ് ചാമ്പ്യനുമായിരുന്നു സ്റ്റാന്‍ലി ഹോ. 2008ലെ ബീജിങ്ങ് ഒളിംപിക്‌സില്‍ ദീപശിഖയേന്തി. 2014ല്‍ ചൈനീസ് ഗവണ്‍മെന്റ് തുടങ്ങിയ അഴിമതിവിരുദ്ധ പരിപാടിയുടെ ഭാഗമായുള്ള നടപടികള്‍ മക്കാവുവിലെ കാസിനോകളുടെ വരുമാനം കുറച്ചു. കൊറോണ വൈറസ് വ്യാപം വരുമാനത്തില്‍ 97 ശതമാനം ഇടിവാണുണ്ടാക്കിയത്. ചൈനീസ് ചൂതാട്ടക്കാര്‍ക്ക് യാത്ര ചെയ്യാന്‍ അനുമതി നല്‍കിയിരുന്നില്ല.

1960കളുടെ അവസാനം സ്റ്റാന്‍ലി ഹോ സ്ഥാപിച്ച കാസിനോ ലിസോബയാണ് മക്കാവുവിലേയ്ക്ക് ഏഷ്യയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന്് സന്ദര്‍ശകരെ ആകര്‍ഷിച്ചത്. മക്കാവു ദ്വീപ് പതിയെ ഗാംഗ് വാറുകളിലേയ്ക്ക് നീങ്ങി. ക്രിമിനല്‍ സംഘങ്ങളെ ഹോ പ്രോത്സാഹിപ്പിക്കുന്നതായി ഗേമിംഗ് റെഗുലേറ്റര്‍മാര്‍ കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു. അതേസമയം ചൈനീസ് ഗവണ്‍മെന്റുമായി അടുത്ത ബന്ധമുണ്ടാക്കാന്‍ സ്റ്റാന്‍ലി ഹോയ്ക്ക് കഴിഞ്ഞു.


Next Story

Related Stories